2015, മേയ് 29, വെള്ളിയാഴ്‌ച

മലമുകളിലെ തെളിനീര്‍ച്ചാലുകള്‍......ഭാഗം 2

മല കയറി ,മുകില്‍ തൊട്ടു,അലറിപ്പൊളിച്ച് ...മലയിറങ്ങുമ്പോള്‍ സൂര്യനും ചൂടായിരുന്നു എനിക്കും ചൂടായിരുന്നു ...സൂര്യനും ദേഷ്യമായിരുന്നു.........       എനിക്കും ദേഷ്യമായിരുന്നു......

                   മൂന്നടി വീതിയോളം വരുന്ന ;ഈ വരണ്ട വേനലിലും നല്ല ഒഴുക്കുള്ള നീര്‍ച്ചോല...... കുറച്ച് താഴെ നിന്ന് നോക്കുമ്പോള്‍....നീര്‍ച്ചോലയുടെ കുസൃതി കാണാം ഒരു സ്ഥലത്ത് കൊച്ചു ജലപാതം സൃഷ്ടിച്ചു മുങ്ങുന്ന ചങ്ങാതി ഇനിയൊരു പാറക്ക് മറവിലൂടെ മുങ്ങാം കുഴിയിട്ടുവന്ന് ....ഉയര്‍ന്ന് പൊങ്ങി മറ്റൊരു വെള്ളച്ചാട്ടമുണ്ടാക്കി നുരഞ്ഞ് പൊങ്ങി കളകളാരവം മുഴക്കി താഴേയ്ക്ക് കുത്തിയൊഴുകി ഇടതുവശം മുങ്ങി കാണാതായി പിന്നെ നേര്‍രേഖയില്‍ വന്ന് പിന്നീട് വലതു വശം ചേര്‍ന്ന് കാണാതാവുകയും ചെയ്യുന്ന കുസൃതി കുടുക്ക.....

                       അരുവിക്ക് ഇരുവശത്തും രണ്ടരയടി വീതിയുള്ള ഉരുളൻ കല്ലുകളാല്‍ പടികളൊരുക്കിയ നടപ്പാത ....പാത കയ്യാലയില്‍ അവസാനിക്കുമ്പോള്‍ ....കയ്യാലയുടെ മുകളില്‍ നിന്ന് മുറ്റം ആരംഭിക്കുന്നു.....മുറ്റത്തിന്‍റെ അങ്ങേ വശം ഒതുക്കമുള്ള ആഢംഭരമില്ലാത്ത കൊച്ചു വീടുകൾ....ചില വീടുകൾ പാറക്ക് മുകളിൽ എടുത്തു വച്ച കളി വീടുകൾ പോലെയായിരുന്നു......

                        ഓരോ വീടിനു മുന്നിലും അരുവിയിലേക്കിറങ്ങുവാന്‍ ചെറിയ കടവുകള്‍.....

 പ്രകൃതി ഒരുക്കിയ ഇന്ദ്രജാലം... 

വീടുകൾക്ക് മുന്നില്‍  പലരും നിന്ന് സംസാരിക്കുന്നു...ചിലർ ഞങ്ങളെ കാണുമ്പോള്‍ അടക്കം പറയുന്നു....പലരേയും കണ്ടെങ്കിലും ......മനസ്സില്‍ പ്രണയത്തിന്‍റെ മഴവില്ല് വിരിയിച്ച പേരറിയാത്ത എന്‍റെ സ്വപ്നസുന്ദരിയെ മാത്രം കാണാനായില്ലല്ലോ.....എന്നത് ഒരു ദേഷ്യമായി എന്നി ഒരുക്കൂടുകയായിരുന്നു ....വല്ലാത്തൊരു വെറുപ്പ് എനിക്കു തോന്നി.....

                  താഴെ നിന്നാരോ കയറി വരുന്നു.....വളരെ അനായാസം കയറി വരുന്നു .........പകുതിയിൽ മേലെ ഇറങ്ങി കഴിഞ്ഞു  ഞങ്ങള്‍. ....ഇനി അടിപ്പിച്ചു വീടുകൾ ആണ്....

                             കയറി വരുന്നയാള്‍ അടുത്തെത്തി ...ചെന്നിനരച്ച് കഷണ്ടി കയറിയ വെയിലേറ്റ് കരുവാളിച്ച മുഖം...... ..ഞനൊതുങ്ങി നിന്നു മുന്‍വൈരാഗ്യമുള്ളതുപോലെ അയാളുടെ ചുമല്‍ കൊണ്ട് എന്‍റെ ചുമലില്‍ ഒറ്റയിടി ....സമനില വീണ്ടെടുത്ത് തിരിഞ്ഞു നിന്നപ്പോള്‍ മച്ചു എന്നെ പിടിച്ചു വലിക്കുകയായിരുന്നു....


"നില്ലടാ അവിടെ" ......ഒരലര്‍ച്ച .....   

     അതുവരെ   ആ  നാട്ടില്‍  എനിക്കൊരിക്കലും മറ്റുള്ളവരെ കൊണ്ട് പറയിപ്പിക്കേണ്ടി വന്നിട്ടില്ല.... 


"നീയ്യൊക്കെ ദെവസോം മല കയറുന്നണ്ടല്ലോ.... ആരെ പെഴപ്പിക്കാനാടാ തായോളി"

              വള്ളുവനാടന്‍ ശൈലിയിൽ നിന്നും മദ്ധ്യ കേരളത്തിലെ മലയാളത്തിൽ നിന്നും വേണ്ടത് എടുത്ത് പെരുപ്പിച്ച എന്‍റെ സ്വന്തം ശൈലിയിൽ ആ പദം എന്നും കെട്ടതായിരുന്നു....അതുവരെ എനിക്കുള്ളില്‍ ഒളിപ്പിച്ച തെമ്മാടി പുറത്ത് ചാടി..... 


"പെഴപ്പിക്കാന്‍ നിന്‍റെ മകളെ ഇറക്കി വിടടാ നാറീ....." 

                      ഞാനയാളുടെ കോളറിനു പിടിച്ചു വലിച്ചു ....  ആക്രമണം  തീരെ പ്രതീക്ഷിക്കാത്ത അയാള്‍ വീണു പോയി... ശരിക്കും ഭയന്നിരുന്നു..... ..... ഭയന്നു നില്‍ക്കുന്ന അയാളെ തള്ളി മാറ്റുന്ന ചില സ്ത്രീ നിഴലുകൾ.... തിരിഞ്ഞു നടന്നു തുടങ്ങിയ എന്നെ അയാൾ വീണ്ടും ചൊടിപ്പിച്ചു.... 


"നീ കിഷങ്കുട്ടീരാ ചേഴക്കാരനല്ലേ...." 

                                           അമ്മ വീടിന്റെ ബലത്തേക്കാള്‍....അച്ഛൻ വീടിന്റെ പെരുമ രക്തത്തിൽ കുടിയിരിക്കുന്ന അഹങ്കാരത്തിലാണ്...അയാള് കേറി കൊട്ടിയത്...അതെന്‍റെ നിയന്ത്രണം തകര്‍ത്തു അല്ലെടാ ഞാൻ മണിനായരുടെ മകനാണ് എന്നലറി കൊണ്ട് അയാളുടെ കഴുത്തിന് പിടിക്കുമ്പോഴേക്കും...ഒരു പെണ്‍കുട്ടി ഞങ്ങള്‍ക്കിടയില്‍ കയറി.....എനിക്ക് പിന്‍തിരിഞ്ഞു നില്‍ക്കു പെണ്‍കുട്ടിയുടെ വശത്തിലൂടെ അയാളെ പിടിക്കാന്‍ ശ്രമിച്ച എനിക്കു നേരെ പെണ്‍ക്കുട്ടി തിരിഞ്ഞു....

                        അതവളായിരുന്നു ..... എന്‍റെ കൈക്ക് ബലം കുറഞ്ഞ പോലെ തോന്നി ....അയാളെ വിട്ട് നടന്ന് തുടങ്ങിയ എന്നെ അയാൾ പ്രകോപിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ അയാളെ വേണ്ടച്ഛാ .....എന്നും പറഞ്ഞ് അയാളെ തടയുന്നത് കേട്ടിട്ടും തിരിഞ്ഞു നടക്കാനാണ് തോന്നിയത്.....

          കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ കണ്ടു മച്ചു തലക്ക് കൈയ്യും കൊടുത്തിരിക്കുന്നു...എനിക്ക് മുന്നില്‍ നടക്കുന്ന മച്ചുവിനോട്.... എനിക്കെന്തോ ദേഷ്യമാണ് തോന്നിയത്....
                        ഒരു സ്വപ്നമാണ് വീണുടഞ്ഞത്.....നേരെചൊവ്വേ...മാമനോട് പറഞ്ഞ് അച്ഛനേയും അമ്മയേയും വിളിച്ചു വരുത്തി പെണ്ണു ചോദിച്ച്...അവളേയും കൂട്ടി ജീവിതത്തിന് അര്‍ത്ഥമുണ്ടാക്കാമെന്ന സ്വപ്നമാണ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നത്.... ഭയമല്ല ഒരു തരം മരവിപ്പാണ് തോന്നിയത്.....

                       രണ്ടെണ്ണം വിട്ട് മൂരി നിവര്‍ത്തിയപ്പോഴാണ് പ്രമോദണ്ണന്‍റെ വാക്കുകളോര്‍ത്തത് ...

".ആറു പെഗ്ഗിന് തീരാത്തതിനപ്പുറമുള്ള ടെന്‍ഷനുകള്‍ നമ്മളെടുക്കുന്നില്ല അല്ലെടോ....വിനോദ്...."

                           മൂന്നാമത്തേതിന് കൈകൊടുത്ത് കുറച്ച് കഴിഞ്ഞു മച്ചുവിന്‍റെ നാവിന് ബലം കിട്ടി അണ്ണാക്കിലിറങ്ങിയ നാവിന്റെ പുറത്തേക്ക് വരവിന് പാതയൊരുക്കാനെന്ന വണ്ണം മച്ചു മുരടനക്കി....ഞാൻ നോക്കി മച്ചു താമര പോല്‍ വിരിഞ്ഞിരിക്കുന്നു.....

 "മച്ചമ്പി അയാക്ക് നിന്നോടല്ല ദ്യാഷ്യം.....മച്ചമ്പി അത് പ്രശ്ശനവാക്കണ്ടാ കേട്ടാ....."


"എടേയ് കിഷങ്കുട്ടീര ചേഴക്കാരാ (ശേഷക്കാരന്‍ ....അനന്തരവന്‍)നീ പൂനന്‍ നായരെ തല്ലിയാ....."

കള്ളുകാരന്‍ കന്നാസിനേക്കാള്‍ വലിയ വായ തുറന്നു..... അവന്‍റെ ചപ്പടാച്ചി മോന്തക്ക് ഒരു തേമ്പ് കൊടുക്കാനാണ് തോന്നിയത്.....അതടക്കി ഞാൻ ചോദിച്ചു..... 


"ആരെ തല്ലിയെന്ന്" 


"പൂനന്‍ നായരെ.....(ഭുവനന്‍ നായര്‍)യെവന്‍റെ ഒറ്റ മാമന്‍" 

മച്ചുവിനെ ചൂണ്ടി അയാളത് പറഞ്ഞപ്പോള്‍ ഞെട്ടിയത് ഞാനായിരുന്നു..... 


"ഓ.... നിനക്കറിയൂലെ നിങ്ങള് സ്വന്തക്കാര് തന്നെടേയ്.... യെവന്‍റെ ഒറ്റ മാമനാണ് പൂനന്‍ നായര്...."


തെല്ലിട നിര്‍ത്തി അയാൾ തുടര്‍ന്നു ....ഞാൻ അമ്പരപ്പിലായിരുന്നു ....ഇതൊന്നും എന്നോട് പറയാത്തതെന്തേ എന്ന ചോദ്യത്തോടെ മച്ചമ്പിയെ നോക്കി... കള്ള്കാരന്‍ എന്നോടായി പറഞ്ഞു.....


"അപ്പീ ......നീ കേട്ടാ....യെവനെ പൂനന്‍നായര്ക്കാണേ കണ്ണെടുത്താ കണ്ടൂടാ.....യെവന്‍ അയാളെ മോളെ സ്നേഹിക്കണ്....ലവളും യെവനെന്നു വച്ചാ ജീവനാണ്... കൊച്ച് ...യെവനെപ്പം വിളിച്ചാലും എറങ്ങിവരും ...അത്രയും ജീവനാണ് കേട്ടാ...." 


               എന്‍റെ തലയ്ക്കാരോ കൂടം കൊണ്ട് അടിച്ചമാതിരി തോന്നി...ചുറ്റുമുള്ള കാഴ്ചകൾ മങ്ങി.....പ്രപഞ്ചം കീഴ്മേല്‍ മറിഞ്ഞപോലെ.....മഞ്ഞു പാളികള്‍ക്കപ്പുറം നിഴലുകൾ ചലിക്കുന്ന പോലെ ....എന്‍റെ ഇന്ദ്രീയ ബന്ധങ്ങറ്റു.....(തുടരും)

2015, മേയ് 14, വ്യാഴാഴ്‌ച

മലമുകളിലെ തെളിനീര്‍ ചാലുകൾ

രാവിലെ ഹോട്ടല്‍റൂമില്‍ നിന്നിറങ്ങുമ്പോഴെ ഉറപ്പിച്ചതാണ് സിഗരറ്റ് വാങ്ങിവച്ചില്ലെങ്കില്‍ വലിമുട്ടും.... ബുദ്ധിയുടേതും സമയത്തിന്‍റേതും...
               ഇന്നലെ സൈറ്റില്‍ ടൂള്‍സ് ഇറക്കാന്‍ പോകുമ്പോഴെ കണ്ടതാണ് അവസാനത്തെ പെട്ടിക്കട കഴിഞ്ഞാല്‍ പിന്നെ കാട് തുടങ്ങുകയായ് .പിന്നെ രണ്ടു കിലോമീറ്റർ കഴിഞ്ഞാൽ 1928 -ല്‍ ബ്രിട്ടീഷുകാർ നിര്‍മ്മിച്ച ബംഗ്ലാവ് അവിടെയാണ്  നമ്മുടെ യുദ്ധം...
വാഹനമില്ല...മനുഷ്യനില്ല..

                                   പെട്ടിക്കടക്ക് മുന്നിലെത്തിയപ്പോഴെ മറന്നുപോയ പരിചിതമായ ഒരു ഗന്ധം മൂക്കിനു മുന്നിലൂടെ പറന്നു പോയി...മൂന്നാം ദിവസമാണ് ഗന്ധത്തിന്‍റെ ഉറവിടം കണ്ണ് കണ്ടുപിടിച്ച ഉടനെ നാവു ചിലച്ചു
"ഇത് വാസന പുകയില അല്ലേ?..."
"അത്ന്നേ സാതനം"വയസ്സനപ്പൂപ്പന്‍ കടക്കാരന്‍റെ ആടുന്ന പല്ലിനിടയിലൂടെ വന്നതും വാസന പുകയിലയുടെ മണം....
ഹോ!!! പെരുത്തു കയറി മേലാകെ...അന്‍മ്പത് രൂപക്ക് മുറുക്കാനും വാങ്ങി കാട്ടിലൂടെ ഒറ്റക്ക് നടക്കുമ്പോള്‍ കാലടിന്‍റെ വന്യതയേക്കാള്‍ എന്നെ മത്തുപിടിപ്പിച്ചത് വാസന പുകയിലയുടെ മണമായിരുന്നു....

                      എന്‍റെ ജീവിതയാത്രയിലെ ബാല്യത്തിന്‍റെ ഓര്‍മ്മകള്‍ തുടങ്ങുത് തിരുവനന്തപുരത്ത് വച്ചാണ്.... എല്ലാ സ്കൂളവധി ദിവസവും വൈകുന്നേരം അച്ഛൻ ഞങ്ങളെ എവിടെയെങ്കിലും കൊണ്ട് പോകുമായിന്നു.... കോവളം, ശംഖുമുഖം,കാഴ്ച ബംഗ്ലാവ്,സര്‍ക്കസ്സ്,സിനിമ,മ്യൂസിയം..... അങ്ങനെയുള്ള യാത്രയിൽ കൂടുതലും പോയിരുന്നത് ശംഖുമുഖത്തായിരുന്നു....അവിടെ ഒരു വീടുണ്ടായിരുന്നു.....ആ വീടുമായുള്ള ബന്ധം മനസ്സിലായത് ഇരുപത്തിരണ്ട് വര്‍ഷത്തിനു ശേഷം മുപ്പതാമത്തെ വയസ്സിലാണ്....ആ വീടിനുമുന്നില്‍ ഒരു പെട്ടിക്കടയുണ്ടായിരുന്നു....മുന്നിലേക്ക് ചെറിയൊരു ചായ്പ് ... വെളുത്ത മണല്‍വിരിപ്പിനപ്പുറം കടൽ.... അലയൊതുങ്ങാത്ത കടൽ.....ആ കടയും വാസന പുകയിലയുടെ ഗന്ധവും ഒഴിച്ച് വേറൊന്നും എന്‍റെ ഒര്‍മ്മയില്‍ ഇല്ല....വാസന പുകയിലയുടെ ഗന്ധമാസ്വദിച്ച് പഞ്ചാര മണല്‍ വാരിക്കളിക്കുന്ന കുറുമ്പന്‍ എന്‍റെയുള്ളിലുണ്ട്.....

                   നാലും കൂട്ടി മുറുക്കി നിലമ്പൂര്‍ കാട്ടില്‍ ബ്രിട്ടീഷുകാർ നിര്‍മ്മിച്ച ഈ പ്രേതബംഗ്ലാവിന്‍റെ വാരന്തയില്‍  അലറി പെയ്യുന്ന മഴയിൽ കാടുനോക്കി കിടക്കുമ്പോള്‍.... വാസന പുകയിലയുടെ മന്ദാരം ഞാനസ്വദിക്കുകയായിരുന്നു......
"മച്ചമ്പി എന്തര്  വിശേഷങ്ങള്"വട്ടമുഖത്ത് നിറഞ്ഞ ചിരിയും അലസനടപ്പുമായ് ബിജു മച്ചു ഹൃദയത്തില്‍ നിന്നിറങ്ങി വന്നു...പൊട്ടിച്ചിരിച്ചു കൊണ്ടാണല്ലോ മച്ചു ഹൃദയത്തിലേക്ക് കയറി പോയതും
"എന്തര് കെടപ്പ് ഇത്..... വാ മച്ചമ്പി നമ്മക്ക് ലവിടെ വരെ പോവാം....."ബിജു ഇറങ്ങി നടന്നു കഴിഞ്ഞു...കൂടെയെത്താന്‍ ഞാനും ഇറങ്ങി നടന്നു....മച്ചു ഇപ്പോള്‍ അലസതയില്ലാതെ ഭംഗിയായി നടക്കുന്നു....ഞാൻ ധൃതിയില്‍ നടന്നാണ് മച്ചുവിനൊപ്പം എത്തിയത്

               ഇപ്പോള്‍ മഴയില്ല....
"ഞാനെവിടെയാ??" ഞാൻ മച്ചുവിനെ നോക്കി.....
"മറന്നു പോയ മച്ചമ്പി നമ്മള് ആറുകാണി എത്തി"മച്ചു മനം മയക്കുന്ന ചിരിയോടെ പറഞ്ഞു
           ആറുകാണി....കേരള-തമിഴ്‌നാട് അതിര്‍ത്തി ഒരു കൈത്തോട് രണ്ടു സംസ്ഥാനങ്ങളെ നിര്‍വചിക്കുന്ന സ്ഥലം .....എന്‍റെ അമ്മവീട്..... കാട്ടാക്കട,കൂട്ടപ്പൂ,ചെമ്പകപ്പാറ(ആറുകാണി കേരളത്തിലെ ചെമ്പകപ്പാറയാണ്)വലിയ മാമന്‍റെ മരണമറിഞ്ഞ് അമ്മൂമ്മയേയും കൂട്ടി ബസ്സുകയറുമ്പോള്‍ അച്ഛൻ വഴി പറഞ്ഞുതന്നതാണ്.......
        ചെമ്പകപ്പാറ ....നെയ്യാര്ഡാമിന്‍റെ കിഴക്കനതിരുപ്പറ്റി തമിഴ്നാട്ടില്‍ ലയിക്കുന്ന സ്ഥലം വടക്കനതിര് ഭീകരനായ കൊണ്ടകെട്ടിമല... മലയുടെ താഴ്വാരം ജനവാസം കൂടുതല്‍ .....മലമുകളിലും താമസമുണ്ട്.ആറാം വയസ്സിലെ അവ്യക്ത ബാല്യത്തിന്‍റെ ഒര്‍മ്മകളുമായി പതിനേഴാം വയസ്സില്‍‍ മൂത്ത മാമന്‍റെ മരണമറിഞ്ഞു വന്നതാണ്.....രണ്ടാമത്തെ ഓര്‍മ്മ...
             പിന്നീട് പന്ത്രണ്ട് വര്‍ഷത്തിനു ശേഷം ഒരു നീണ്ടയാത്രയുടെ അവസാനം ചെന്നെത്തിയത് ആറുകാണിയിലാണ്....അന്ന്  വെളുക്കെ ചിരിച്ചു കൊണ്ട് കൈ പിടിച്ച് ഹൃദയത്തിലേക്ക് ഇടിച്ചു കയറിയതാണ് മച്ചമ്പി(മച്ചുനന്‍,മാമന്‍റെ മകന്‍)ബിജു .....മാമന്‍റെ ചേച്ചിയുടെ മകന്‍....ഞങ്ങള്‍  സംസാരിച്ച് അടുക്കുകയായിരുന്നു ....ഒരേ ചിന്തകള്‍....ഒരേ ഇഷ്ടങ്ങള്‍....കൊണ്ടകെട്ടി മലയുടെ താഴെ ഒരു വീട്ടില്‍ നിന്നും കേറ്റിയിരുന്ന നാടന്‍വാറ്റിന്‍റെ ചൂടില്‍ വീണുരുകിയൊലിച്ച വാക്കുകളില്‍ കണ്ണീരുപ്പുണ്ടായിരുന്നു....ജീവിതത്തോടുള്ള അമര്‍ഷമുണ്ടായിരുന്നു.....
              അപ്പോഴാണ് ഞാനറിഞ്ഞത്...ബിജുവിന്‍റെ കുടുംബം ഇവിടെ നിന്നും ശംഖുമുഖത്തേക്ക് പറിച്ചു നട്ടതാണെന്നും
               പണ്ട് ഞാറാഴ്ചകളില്‍ വീട്ടിലേക്ക് വന്നിരുന്ന ആറുവയസ്സുകാരന്‍ കുറുമ്പന്‍ ഞാനാണെന്നറിഞ്ഞപ്പോള്‍....
"മച്ചമ്പി അത് നീയ്യാടേയ്...."എന്നെ ഉടുമ്പടക്കം കെട്ടിപ്പിടിച്ചപ്പോള്‍ മച്ചുവിന്‍റെ ഹൃദയസ്പന്ദനം ഞാനെന്‍റെ ഹൃദയം കൊണ്ട് തൊട്ടറിയുകയായിരുന്നു....എന്തൊക്കെയൊ തിരിച്ച് കിട്ടുകയായിരുന്നു എനിക്ക്......
         വൈകുന്നേരം രണ്ടെണ്ണം വീശി ഞങ്ങള്‍ മലകയറും.... മുകളിൽ ഇരുന്ന് ഞങ്ങള്‍ സംസാരിക്കും....കഥകൾ  പറയും .....സ്വപ്നം പങ്കുവക്കും

ഒറ്റപ്പെടലിന്‍റ കയത്തില്‍ നിന്നും
ഇഷ്ടപ്പെടലിന്‍റെ പച്ചതുരുത്തു കയറുകയായിരുന്നു ഞങ്ങള്‍

       തിരിച്ചിറങ്ങി രണ്ടെണ്ണം കൂടി വീശി ഞങ്ങള്‍ റോഡിലൂടെ നടക്കും...പരിചയക്കാരും ബന്ധുക്കളൊ ആരെങ്കിലും കണ്ടാല്‍ മച്ചുവിനോടു ചോദിക്കും
"ആര് മക്കളെ ഇത്"
"ഇത് കിഷന്‍ കുട്ടി കൊച്ചച്ഛന്‍റെ സവോരിരെ(സഹോദരി) മോന്‍....ബാംഗ്ലൂരിലെ...."മച്ചു
"ഓ തന്നെ.....നീ രാധേരാ മോനാ!!??.......മക്കളെ നീയെന്നെ അറിയാമോ.....എന്‍റെ കൈ പിടിക്കുമ്പൊഴെ ഞാൻ ചൂളാൻ തുടങ്ങും....മച്ചു അപ്പോള്‍ വിദഗ്ദ്ധമായ് രക്ഷിക്കും കാരണം നാടന്‍ മണം കിട്ടിയാല്‍ പണിപാളും.....

            രാവിലെ ഞാനും മച്ചുവും ഒരു സര്‍ക്കീട്ട് പതിവാണ്... അപ്പോള്‍ കൊണ്ടകെട്ടി മലയില്‍ നിന്നും വലതു വശത്തെ വഴിയിലൂടെ ഒരു പെണ്‍കുട്ടി ഇറങ്ങി വരും... ഒതുക്കവും ഭംഗിയും ഒന്നിച്ചു കൂടുന്നത് ജീവിതത്തില്‍ ഒരിക്കല്‍ കണ്ടതവിടെയാണ്.....ഇടക്കെപ്പൊഴൊക്കെ ഒരു നോട്ടം കിട്ടും......

എനിക്കു കല്യാണം കഴിക്കാനായി എന്നു തോന്നി തുടങ്ങിയ കാലം.....

         എന്നും മല കേറുമ്പോള്‍ എന്‍റെ വലതു വശത്തു വഴി കേറാനുള്ള  ശ്രമം മച്ചു സുന്ദരമായി പൊളിച്ചടുക്കും.....പിന്നെ ഇടതു വശം വഴി കൊണ്ട് പോകും....അങ്ങനെ ആ കൈകളിൽ നീല ഞരമ്പുകൾ ഉള്ള സുന്ദരിയുടെ വീട് എനിക്കു ബാലി കേറാ മലയായി തുടര്‍ന്ന് വന്നു......

              ഒരു ദിവസം ബന്ധുവീട്ടിലെ കല്യാണപ്പരിപാടി കഴിഞ്ഞു കുറച്ചു വിദേശികളെ അകത്തു കടത്തിയാണ് ഞങ്ങള്‍ വന്നത്.... എന്നിട്ടും സ്വദേശിയെ കൈവിടരുത് മഹാത്മജിയുടെ ആഹ്വാനം കൈവിടാത്ത ഞങ്ങൾ വീരഭദ്രനേയും സേവിച്ചു...പിന്നെ നടന്നത് വയറില്‍ നടന്നത് ക്വിറ്റ് ഇന്ത്യ സംഭവമായി ചരിത്രത്തിൽ രേഖപ്പെടുത്തി മച്ചു.... മച്ചുവിന്‍റെ തൊണ്ടയുടെ വാഷര്‍ പോയതാണൊ....മച്ചുവിന്‍റെ വായില്‍ നിന്ന് പൂക്കുറ്റി കത്തിയാതാണോ എന്നും മറ്റും ഇന്നും സി .ബി.ഐ അന്വേഷണം നടത്തികൊണ്ടിരിക്കുന്നു.... എന്തായാലും മച്ചു രണ്ടു വീരഭദ്രനെ കൂടെ വിസ്തരിച്ച് വിഴുങ്ങി ഭൂമിയിലേക്ക് ഇറങ്ങി വന്നു.... വന്ന വഴി കൈയോടെ ഞാൻ മലമുകളിലേക്ക് ആനയിച്ചു .....ഇടതുവശം വിട്ട് വലതുവശത്ത് കൂടെ  മച്ചു ആട്ടിന്‍കുട്ടിയായ് കൂടെ കയറി.. ഗ്രഹണിപ്പിള്ളേര്‍ക്ക് ചക്കക്കൂട്ടാന്‍ കിട്ടിയ ആവേശത്തില്‍ ഞാനും................(തുടരും)

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...