2025, ജൂലൈ 27, ഞായറാഴ്‌ച

തൂണു പോലൊരിടം

ബാല്യത്തിലൊരുപാടു കളിവീടു
കെട്ടി കളിച്ചതിനാലാവണം
പെരുത്തു  മൂപ്പെത്തിയപ്പോൾ
സ്വന്തമെന്നൂറ്റത്തിനൊരു തുണ്ടു
ഭൂമിയ്ക്കുടയോനല്ലാതെ പോയ്

കരവാരമുടയോനില്ലാത്ത നായക്ക്
എന്തിനു തോൽവാർ
എന്തിനു ചങ്ങല

തറവാട്ടു മഹിമയുടെ കടുങ്കെട്ടഴിച്ചു
കുടഞ്ഞൊരുഞ്ഞൊടിയിട കൊണ്ടു 
ഭാരമൊഴിഞ്ഞു,ദുഃഖമൊഴിഞ്ഞു.

പേരിനപ്പുറം ചേർത്ത
ചില്ലക്ഷരത്തിലെൻ കാലുടക്കി
കാൽ വലിച്ചെടുക്കുകിൽ 
എരിയ ദുർഗന്ധം വമിക്കുമോ-
ർമ്മകൾ നുരയ്ക്കുന്നു
പുഴുക്കളരിക്കുന്നു.

ഭാഗം കിട്ടിയ ശനിദശ
നിന്തിക്കയറാനാഞ്ഞു ശ്രമിക്കേ
അന്ധൻ ദൈവം ആർത്തു
ചിരിച്ചു മലവെള്ളത്തിനു
മട വെട്ടുന്നു.

തോറ്റവൻ്റെ പുച്ഛചിരിയിൽ 
ദൈവം  മാനം കെട്ടു നിൽക്കെ,
ഉത്തരദിക്കിലെ നക്ഷത്രം 
മിന്നി മിന്നി കത്തി 
കണ്ണു തുറക്കുന്നു.
മുട്ടവിളിക്കിലെ  പടുതിരിയായി 
കിനിഞ്ഞിറങ്ങിയ  വെട്ട-
മതെങ്കിലും ദിശയില്ലത്തവനുറ്റം 
കൊള്ളാനത് ധാരാളം 

എന്നെങ്കിലുമൊരുനാൾ
ഭൂമിയിൽ നിന്നും ആകാശത്തിലേക്ക് 
തൂണു പോലിരിടം നാട്ടണം.
അവിടെയെൻ്റെ പേരെഴുതി വയ്ക്കണം 
ചില്ലക്ഷരങ്ങളിൽ വീണു 
ഹൃദയരക്തം വാർന്നിടാത്ത
മധുരമുള്ളൊരു പേര് 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

തൂണു പോലൊരിടം

ബാല്യത്തിലൊരുപാടു കളിവീടു കെട്ടി കളിച്ചതിനാലാവണം പെരുത്തു  മൂപ്പെത്തിയപ്പോൾ സ്വന്തമെന്നൂറ്റത്തിനൊരു തുണ്ടു ഭൂമിയ്ക്കുടയോനല്ലാതെ ...