2025, നവംബർ 1, ശനിയാഴ്‌ച

ഒരു പുഴ

വിനോദയനം  3

.......എന്നെ പോലെ തിരിച്ചു  നടന്ന എല്ലാ  ഉടലുകൾക്കും... 
....... ഞാൻ തിരിഞ്ഞടുത്തു  നിന്നും നേരെ നടന്നു പോയ ആത്മാക്കൾക്കും......

ഒരു പുഴ, 

ഒരുപാടുറവകൾ,
പല അരുവികൾ 
ചേർന്നതാണ്.

പലയിടങ്ങളിലൂടെ 
ഒഴുകിയെത്തി
പുഴയായൊഴുകുമ്പോൾ
പേരായി,ആൾക്കാരായി.

പുഴയുടെ നോവറിയാത്തവർ
ഇരുകരകളിലും നിന്നിരുന്നവർ
പുകഴ്ത്തി, ഇകഴ്ത്തി, 
അത്ഭുതാഹ്ളദാരവങ്ങളൊഴുക്കി

തുടിപ്പുകളിലുടലുകളിൽ
വേരുകളിലാഴങ്ങളിൽ
നോവിൻ മഴുവേറവേ
ലോകം നേർത്തു നേർത്തു
തന്നിലേക്ക് ചുരുങ്ങി ചുരുങ്ങി 
നിസ്സഹായതയുടെ 
നെരിപ്പോടിൽ 
നീറിയമർന്നൂർന്നൊരു
നൊടിയിടന്നേരത്താൽ
പുഴയപ്രത്യക്ഷമാകേ.
ആന്തലായുർന്ന നിലവിളി
ചുട്ടുപൊള്ളിച്ചിരുകരകളും
വീണ്ടു കീറുന്നു
ശൂന്യത, പുഴയില്ലെന്നറിവ്
ഇരുകരകളിലും നനവറ്റ് പോകെ
വറ്റിയ ഉറകളുടെ 
ഊഷരഹൃദയങ്ങളിൽ 
ഉറവയടച്ച കരിങ്കൽ 
പാളികൾ നാവാടുന്നത് 
കാണാതിരിക്കാൻ കാലം 
കണ്ണു പൊത്തും

പുഴയോർമ്മകൾ മാത്രമായി
നാളെകളിൽ പൊഴിഞ്ഞടരും
പുഴ നാളെ പ്രത്യക്ഷമാകുമെന്ന് 
ഇരു കരകൾ കരുതും.

കരുതും പോലല്ല കാലമെന്ന
തിരിച്ചറിവിൽ കരകളിൽ 
കാടുകയറും
പിന്നെ.. പിന്നെ 
പുഴയിലേക്ക് കാടിറങ്ങും....
മെല്ലെമെല്ലെ 
പുഴയൊരു കാടു പിടിച്ച 
ഓർമ്മകൾ മാത്രമാകും....

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

ഒരു പുഴ

വിനോദയനം  3 .......എന്നെ പോലെ തിരിച്ചു  നടന്ന എല്ലാ  ഉടലുകൾക്കും...  ....... ഞാൻ തിരിഞ്ഞടുത്തു  നിന്നും നേരെ നടന്നു പോയ ആത്മാക്കൾക്കും.........