2015, ഓഗസ്റ്റ് 5, ബുധനാഴ്‌ച

മലമുകളിലെ തെളിനീര്‍ച്ചാലുകള്‍.... ഭാഗം 4

അയ്യപ്പന്‍റെമ്പലം കഴിഞ്ഞു താഴേക്ക് വീട്ടിലേക്കുള്ള ഒതുക്ക് കല്‍പടവുകളില്‍ പാദത്തിന്‍റെ മുൻവശമൂന്നി ചാടി ചാടി ഇ റങ്ങുമ്പോഴേ കേട്ടു; വീട്ടില്‍ നിന്നാരോ ഉച്ചത്തില്‍ സംസാരിക്കുന്നു.... ഒന്ന് നിന്ന് ചെവി വട്ടം പിടിച്ചു നോക്കി.... മാമാനല്ല ...... മാമന്‍ ഒരിക്കലും ഉയര്‍ന്ന ശബ്ദത്തില്‍ സംസാരിക്കാറില്ല.....

                               വീട്ടിലേക്കുള്ള വളവ് തിരഞ്ഞപ്പോള്‍ കണ്ടു . ചുറ്റും ഇരുള്‍ ചൂഴ്ന്ന്,വരാന്തയില്‍ മാത്രം വീഴുന്ന വെളിച്ചത്തില്‍  അവിടം, ഒരു നാടകം നടക്കുന്ന സ്റ്റേജ് കുറച്ച് ദൂരെ.... മൈതാനത്തിന്‍റ അങ്ങേ അറ്റത്ത് നിന്ന് കാണുന്ന കാഴ്ച പോലുണ്ടായിരുന്നു.... ജീവിതനാടത്തിലെ വരാനിരിക്കുന്ന ദുരന്തത്തിലേക്കുള്ള വഴിത്തിരിവായിരുന്നു അതെന്ന്  .... അപ്പോഴെനിക്കറിയില്ലായിരുന്നു....

സോഫയില്‍ ഇരുന്നു സംസാരിക്കുന്ന വ്യക്തി മാമന് അഭിമുഖമായി ഇരിക്കുന്നത് കൊണ്ട് ; അയാളുടെ പിന്‍വശം മാത്രമേ കാണൂ. കുളി കഴിഞ്ഞു ലുങ്കിയുടുത്ത് ഭാവഭേദമില്ലാതെ അയാളെ നോക്കിയിരിക്കുന്ന മാമനേ എനിക്കുകാണാം.... മാമി കട്ടിലപ്പടി ചാരിനിന്ന് ആംഗ്യവിക്ഷേപങ്ങളോടെ ചര്‍ച്ചയില്‍ പങ്കെടുക്കുന്നു. കാഴ്ച്ച കാണാമെങ്കിലും .... ശബ്ദം കേള്‍ക്കാമെങ്കിലും; സംഭാഷണം വ്യക്തമല്ല.കാരണം,അമ്പലത്തില്‍ നിന്ന് .....അയ്യപ്പനേ കാട്ടിലേക്ക് പറഞ്ഞയിക്കേണ്ട അനിവാര്യതയേ പറ്റി ....മന്ത്രി രാജ്ഞിക്ക് ബോധവത്കരണം നടത്തുന്ന ഗായകന്‍ പാടി പറയുന്നതാണ് കൂടുതല്‍ തീവ്രതയോടെ കേള്‍ക്കുന്നത്...

" മച്ചൂ....ആരാണ‍ത്...."

ചോദിക്കുന്നതിനൊപ്പം തിരിഞ്ഞു നോക്കി ശൂന്യം .... ഇരുട്ടല്ലാതെ മറ്റാരുമില്ല പുറകിൽ. പൊടി പോലുമില്ല കണ്ടുപിടിക്കാന്‍ ... നിമിഷനേരം കൊണ്ട് അപ്രത്യക്ഷനാവാന്‍ ഇവനാര് മുതുകാടിന്‍റെ ശിഷ്യനോ...???? അപ്പോഴെനിക്ക് അപകടം മണത്തു.... കൂടെ ആരെങ്കിലും ഉള്ളപ്പോള്‍  അപകടം വന്ന് തലക്കടിച്ചാലേ  അറിയുകയുള്ളൂ.... എന്നാല്‍ ഒറ്റക്കാവുമ്പോള്‍ എത്ര ദൂരത്തുള്ള അപയവും തിരിച്ചറിയും.....ഇനി ഇവിടെ മുതൽ ഞാനൊറ്റക്കാണ് എന്ന തിരിച്ചറിവ് എന്നില്‍ ധൈര്യം വളര്‍ത്തുകയായിരുന്നു.....

ഗേറ്റിങ്കല്‍ എത്തിയപ്പോള്‍ സംഭാഷണം വ്യക്തമായി. എനിക്കു തിരിഞ്ഞ് മാമന് നേരെയിരിക്കുന്ന വ്യക്തി അന്തരീക്ഷത്തിലേക്ക് കൈകളെറിഞ്ഞ് ക്രോധാവേശത്തോടാണ് സംസാരിക്കുന്നത്.....

"എവനാര്... ചൊല്ലുവിളിയില്ലാതെ വളന്നവനേ പറഞ്ഞ് വിടണം "

പടികേറി വരാന്തയില്‍ എത്തിയപ്പോള്‍ ആളെ മനസ്സിലായി പൂനന്‍ നായര്‍.... മച്ചുവിന്‍റെ മാമന്‍.... എന്നെ കണ്ടിട്ട് ഭാവം മാറിയെങ്കിലും നിമിഷനേരം പഴയ ഭാവത്തിലെത്തി തീപിടിച്ച വാക്കുകള്‍ തുപ്പി......

"വളത്തുദോഷം വന്നവന് ബന്ധക്കാരും, സ്വന്തക്കാരും വേണ്ട.....അങ്ങനൊള്ളവന്‍ നല്ല പിള്ളകളെ കൂടെ നശിപ്പിക്കും"

മാമനുള്ളതു കൊണ്ട് സംയമനം പാലിച്ചു കൊണ്ട് റൂമില്‍ പോയി കുളിക്കാന്‍ തോര്‍ത്തുമെടുത്ത് വാരാന്തയിലൂടെ മുറ്റത്തേക്കിറങ്ങവേ അയാളെന്നേ വീണ്ടും വെറി പിടിപ്പിച്ചു.....

"പോണതു കണ്ടാ ... വെട്ടുക്ടാ നോക്കണപോലെ ചെറഞ്ഞോണ്ട്.... മക്കളെ വളത്താനറിയാത്തവന്‍ വളത്തിയാ ഇങ്ങനെയിരിക്കും...."

              അണപൊട്ടാന്‍ കാത്തു        നില്‍ക്കുന്ന രോഷമുണ്ടായിരുന്നെങ്കിലും
മാമന്‍ മുന്നിലുള്ളതു കൊണ്ട് കടുത്ത വാക്കുകള്‍ വീഴാതെ ഞാൻ പറഞ്ഞു.....

"എന്നെ എന്തുവേണമെങ്കിലും പറഞ്ഞോ..... പക്ഷേ എന്‍റെ അച്ഛനേയും അമ്മയേയും പറ്റി പറഞ്ഞാല്‍ എന്‍റെ കൈ അറിയാതെ പൊങ്ങും .... അതേത് ദൈവംതമ്പുരാനായാലും ശരി"

ഞാൻ വീട്ടില്‍ കയറിയ ശേഷം; അതുവരെ കട്ടില ചാരി നിശബ്ദയായി നിന്നിരുന്ന മാമി ദേഷ്യത്തോടെ എന്‍റെ നേരെ ചാടി

"നീയെന്തര് വര്‍ത്താനം പറേണത്.... വയസ്സിന് മൂത്തോര്വാട് ഇങ്ങനെയാണാ സംസാരിക്കണത്....."

അതിനിടക്ക് മാമന്‍ ചാടിയെണീറ്റു എന്നോടായി പറഞ്ഞു.....

"അപ്പി .... പ്പോ ..... പോയി കുളീര് .. "
മന്ദഹാസം മൊട്ടിട്ടു നില്‍ക്കുന്ന ആ മുഖത്ത് നിറയെ സ്നേഹമാണ്...... പിന്നൊരക്ഷരം പറയാതെ കുളിമുറിയിലേക്ക് നടന്നു.....

                         തലയില്‍ കൂടി വെള്ളമൊഴിക്കുമ്പോള്‍ ശരീരം തണുക്കുമ്പോഴും; മനസ്സ് ചുട്ടു നീറുകയായിരുന്നു..... ഇന്നത്തേ പകലു തന്ന അനുഭവങ്ങൾ , കഥകൾ എല്ലാം കൂടി എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു..... വെള്ളം എത്ര കോരിയൊഴിച്ചിട്ടും മതിയാവില്ലെന്നു തോന്നി ..... വെള്ളംനിലത്തു വീണുടയുന്ന ഇടവേളകളിൽ വരാന്തയിലെ തകര്‍ക്കലുകള്‍ കാതില്‍ വീഴുന്നുണ്ടായിരുന്നു..... കുളി കഴിഞ്ഞു തോര്‍ത്തുമ്പോഴും, വരുമ്പോഴും തീരുമാനം എടുക്കാന്‍ പറ്റാതെ ഞാൻ വല്ലാതെ വീഷമിക്കുകയായിരുന്നു. മുടി ചീകാന്‍ നേരം കണ്ണാടിയിലേക്കു നോക്കുമ്പോള്‍; മനസാക്ഷി എന്നോട് ചോദിക്കുന്ന പോലെ തോന്നി

"വിനു .... ഇനിയെന്തിനു താമസം "

വരാന്തയില്‍ നിന്ന് ശബ്ദമുണ്ട്.... പക്ഷേ.... സംഭാഷണങ്ങളായി എന്നിലേക്ക് വരുന്നില്ല കാരണം ...... ഞാൻ എന്നിലേക്ക് ചുരുങ്ങി പിന്നെ പറന്ന് വ്യാപിക്കാന്‍ ഒരുങ്ങുകയായിരുന്നു......

"മോനേ......"

കയറി ഇറങ്ങി കയറിയുള്ള അച്ഛന്റെ വിളി കേട്ട് ഞെട്ടിപ്പോയി.... കണ്ണാടിയിലെ പ്രതിബിംബത്തിന് അച്ഛന്റെ രൂപം ..... കള്ള കൊശവാ..... അച്ഛൻ സ്നേഹം കൊണ്ട് ഉപദേശിക്കാന്‍ തുടങ്ങുമ്പോഴോ... വഴക്കു പറയുമ്പോഴോ തുടങ്ങുന്നത് ഈ വാക്കില്‍ നിന്നായിരിക്കും..... അച്ഛൻ കുറഞ്ഞിട നിര്‍ത്തി തുടര്‍ന്നു

"കള്ള കൊശവാ.... നിന്നോട് ഞാൻ പറഞ്ഞിട്ടില്ലേ.... നിനക്കു തീരുമാനമെടുക്കാന്‍ കഴിയാത്ത സമയം .... ധൈര്യപൂര്‍വ്വം കണ്ണടച്ച് നീ നിന്‍റെ മനസാക്ഷിയോട് ചോദിക്കുക .... ഉത്തരം നിന്നെ തേടിയെത്തി നിന്‍റെ മുന്നില്‍ ഉത്തരവ് കാത്ത് നില്‍ക്കും.... പിന്നെയാണ് നീ ഭയപ്പെടേണ്ടത് ..... ഒരിക്കലെടുത്ത തീരുമാനത്തില്‍ നിന്ന് പിന്തിരിയുന്നത് ഭീരുവാണ് ..... അതാണ് ഭയപ്പെടേണ്ടത്...... "

ഒന്നല്ല ഒരുപാട് തവണ കേട്ടിട്ടുള്ള ഈ ഉപദേശമാണ് എന്നെ നയിക്കുന്നത്.... ഉത്തരം കിട്ടിയ ഞാൻ ..... തീരുമാനം പെട്ടെെന്നടുത്തു... മച്ചു കൂടെയൊല്ലാത്തതു കൊണ്ടു തന്നെ എന്‍റെ ഭാഗം ന്യായീകരിക്കേണ്ടത് ഞാൻ മാത്രമാണ്; അതുവേണ്ടെന്ന് തോന്നി.... ഇതിനിടക്ക് ന്യായീകരണം കൊണ്ട് പ്രയോജനം ഇല്ല..... ശിക്ഷ വിധിച്ച് നടപ്പിലാക്കാനിരിക്കുന്നവരോട് അപ്പിലിന് പ്രസക്തിയില്ല.... എന്നെ ഇവിടെ തടഞ്ഞ് നിര്‍ത്തുന്ന ഒന്ന് മാമനാണ്..... മാമന് എന്നെ മനസ്സിലാക്കാൻ കഴിയും. ഞാനെണീറ്റ് ബാഗൊരുക്കാന്‍ തുടങ്ങി.....തീരുമാനത്തിന്‍റെ വ്യക്തതയില്‍ ഞാൻ തിരിച്ച് വര്‍ത്തമാനത്തിലേക്കെത്തുകയായിരുന്നു..... പൂനന്‍ നായരുടെ ശബ്ദമാണ് ഉണര്‍ത്തിയത് ....ആദ്യം പറഞ്ഞതൊന്നും എന്‍റെ തലയിൽ കയറില്ലെങ്കിലും അവസാന വാചകം ; വേദനയുണ്ടാക്കി കൊണ്ടാണ് ചെവി തുളച്ചു കയറിയത്....

"എന്തരായാലും അളിയാ അവനെ പറഞ്ഞുവിടണം ..... വച്ചോണ്ടിരുന്നാ പറ്റൂല്ലാ...."

മാമിയുടെ പ്രകടനം പണ്ടും എനിക്കെതിരായിരുന്നെന്ന് മറ്റു പലരും പറഞ്ഞ് എനിക്കറിയാമായിരുന്നെങ്കിലും ഒരിക്കലും നേരെ നേരെ എന്നോടോ, എന്നെ ചൊല്ലി  മാമനോടൊ കാണിച്ചു കണ്ടിട്ടില്ല..... പക്ഷേ ഇന്ന് ആങ്ങളെ ഞാൻ ആക്രമിച്ചു എന്നുള്ളത് കൊണ്ടോ...?,ആങ്ങളയുടെ പിന്‍ബലമുള്ളതുകൊണ്ടോ മാമിയുടെ പ്രകടനം അതിരു വിട്ടു....

" കൂട്ടുകെട്ടിയാ ചൂട്ടുകെട്ടും .... എന്‍റെ മക്കവിടില്ലാത്തത് നന്നായി.... ഇല്ലെങ്കീ... എന്‍റെ മക്കളും ചീത്തയായേനെ...."

"ഛീ... നിര്‍ത്തെടീ...... " മാമനാണ്

കസേര തെറിച്ചുപോയി ചുമരിലടിച്ചു നിലത്തു വീണശബ്ദത്തിനു ഇടവേളക്കു ശേഷം മാമന്‍റെ സ്വരം കൂടുതൽ മുറുക്കത്തോടെ കേട്ടു

"നട്ടെല്ലില്ലാത്താ പെണ്ണാളന്മാരെ പറ്റി വിസ്തരിക്കണ്ടാ.... ചൊല്ലുവിളിയില്ലാതെ വളരാന്‍ വിനൂനെ വളത്തിയത് നീയ്യാ ഞാനാ അല്ല .... എന്‍റെ അളിയനാ അറിയാ നിനക്ക്.... അവനെന്തെരെങ്കിലും ചെയ്തിട്ടോണ്ടേ കാരണോം കാണും..... "

മാമന്‍ കുറെക്കാലം ഗള്‍ഫിലായിരുന്ന കാലത്ത് മക്കളെ രണ്ടുപേരേയും നോക്കി വളര്‍ത്തിയത്  മാമിയും ആങ്ങളയായ പൂനന്‍ നായരും കൂടിയായിരുന്നു.... അതുകൊണ്ട് തന്നെ തന്‍റെ മക്കള്‍ ചുണകെട്ടവന്മാരായി പോയെന്ന് മാമന്‍ രഹസ്യമായി പറയാറുണ്ടെങ്കിലും ഇത്ര പരസ്യമായി പറയുന്നത് ആദ്യമാണ്.....  

കുറച്ച് നേരത്തേക്ക് മണ്ണട്ടകളുടേയും രാചിവീടുകളുടേയും കരച്ചിലും പിന്നെ കലുങ്കിന് താഴെ പറക്കെട്ടിലേക്ക് അരുവി തലക്കുത്തിവീണ് മരിക്കുന്ന ശബ്ദവും കേള്‍ക്കാം........

"ഇപ്പം....എന്തര് വേണം .... ഞാനവനോട് ചോദിക്കാം"

  കലഹം ഒഴിവാക്കാൻ വേണ്ടിയാവണം മാമന്‍ സമനില വീണ്ടെടുത്ത് സമവായത്തിലെത്തി  മക്കളേ എന്നും വിളിച്ച് വാതില്‍ക്കലെത്തിയ മാമന്‍ യാത്രക്കൊരുങ്ങി ഷൂ കെട്ടി കൊണ്ടിരിക്കുന്ന എന്നെ കണ്ട് വല്ലാതെയായി.... ലെയ്സ് കെട്ടി നിവര്‍ന്ന നിന്ന ഞാൻ മാമന്‍റെ മുഖത്ത് നോക്കി ..... സ്വതവേ വെളുത്ത മുഖം കോപത്തിന്‍റെ ചെന്തീനാളങ്ങള്‍ കത്തുന്നതിനാലാവണം വല്ലാതെ ചുവന്നു തുടുത്തിട്ടുണ്ടായിരുന്നു..... നോക്കി നില്‍ക്കെ ആ മുഖത്ത് സ്നേഹം വന്ന് നിറയുന്നുണ്ടായിരുന്നു.... പിന്നവിടെ സങ്കടക്കാറ് നിറഞ്ഞ് പെയ്യാന്‍ വെമ്പി നിന്നു...... എന്തൊക്കെയോ പറയാൻ വന്ന മാമന്‍റെ ചുണ്ടുകൾ വാക്കുകളുടെ മരണപ്പിടച്ചില്‍ പോലെ വിറക്കുന്നുണ്ടായിരുന്നു.... ഒന്നും പറയാതെ മാമന്‍ തിരിച്ചു പോയി.....

മൂകത തളകെട്ടി കിടക്കുന്ന നിശബ്ദ വിറങ്ങലിച്ച് കിടക്കുന്ന വാന്തയിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ പൂനന്‍ നായർ കുനിഞ്ഞിരിക്കുന്നു... എന്നെയൊന്ന് നോക്കിയ ശേഷം പിന്നെ ഇരുള്‍ നോക്കി നില്‍ക്കുന്ന മാമി ...... മാമന്‍ തൊഴിച്ചെറിഞ്ഞ കസേര ടീപ്പോക്ക് സമീപം ചുമരോട് ചേര്‍ന്ന് ചരിഞ്ഞ് കിടക്കുന്നു..... മാമനോട് യാത്ര പറയാന്‍ വാരാന്തയുടെ പടിഞ്ഞാറ് കോണിലെ റൂമിനടുത്തേക്ക് നടക്കാന്‍ തുടങ്ങുമ്പോഴേക്കും മാമന്‍ വാതില്‍ക്കല്‍ ഷര്‍ട്ടിന്‍റെ ബട്ടന്‍സ് ഇട്ടു കൊണ്ട് പുറത്ത് വന്നു.....

ചെറിയ കുട്ടിയായിരുന്നപ്പോള്‍ കൈ പിടിച്ച് നടത്തിച്ചപോലെ മാമനെന്‍റെ കൈപിടിച്ചു കൊണ്ട് പറഞ്ഞു

"വാടാ മക്കളെ....."

..........തുടരും..........

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...