നാലുവരിക്കവിത തന്നാൽ
അച്ചടിമഷിയിൽ പുരട്ടി,
മനോജ്ഞമാംത്താളാൽ
ചേർത്തൊരുപുസ്തകത്തിൻ
രണ്ടു കോപ്പി തന്നേക്കാം.
വാഗ്ദാനപ്പെരുമഴയിൽ
നനഞ്ഞൊട്ടു പുളകിതനായി
മനോരഥത്തിലേറവേ...
ഓർമ്മവച്ചിത്രനാളും
കപിയായിരുന്നവനൊറ്റ
നാളിൽ കവിയായി
തീർന്നതിലദ്ഭുതം വിടർന്നു
നരജന്മം പെടാപ്പാടിൽ
കെട്ടിയാടും നാളൊന്നിൽ
പൊടുന്നനെ കവിയായി
അവരോധിച്ചീടവേ,
കപിചേഷ്ടകളാകെ മറച്ചിട്ടാടീടാം
നവ കവിജന്മക്കോലമാലോലം
കവിയാകനെന്തേ വേണ്ടു
ന്നോർത്തുള്ള വേപുഥയിൽ,
വാക്കുകൾ വെന്തു ചുട്ടു-
പൊള്ളുന്ന മൂശയെ നോക്കി
നെടുവീർപ്പിട്ടു നിന്നീടിൽ.
ആളുമഗ്നിയിൽ നിന്നും
മാറ്റേറും വാക്കുകൾ
ശോണിതാഭയിൽ
വരമായി ലഭിക്കാൻ
അഞ്ജലിബദ്ധൻ
ഹൃദയമുരുകി തേങ്ങിയിട്ടും
അക്ഷരങ്ങൾ അലക്ഷ്യ
താളബോധത്തിൻ്റെ ലഹരിയിൽ
അലസമാം ചുവടുമായി
വിചിത്രനൃത്തം ചവിട്ടുന്നു.
വരണ്ട പുഴയുടെ
മാർത്തടത്തിൽ
കുഴികളിലൊട്ടു വറ്റിയ
നീർരാശി പോലെ;
തളം കെട്ടിയ,നിർജ്ജീവ
വാക്കുകൾ അർത്ഥമില്ലാതെ
കെട്ടിക്കിടക്കുന്നു.
വളയത്തിലൂടെ ചാടി-
പ്പഠിച്ചൊരു വാനരൻ
ഒട്ടുമമാന്തമില്ലാതെ
ചമയ്ക്കുന്നു
നാലല്ല,എട്ടല്ല
നാൽപതോളം വരി
വൃത്ത താളനിബദ്ധത്തിൽ
അർത്ഥമൊത്തു
വരുംവണ്ണത്തിലൊരു
വരിയെഴുതാനാവാതെ
വാക്കുകൾ കൂട്ടിയിട്ടൊരു
മുറിയൻ കവിതയുടെ
ഈറ്റുനോവാൽ ഒത്തിരി
ഉലാത്തിയത് കൊണ്ട്
കാൽനോവിനുണ്ട്
ഇത്തിരി ശമനം.
കവികൾ സാഗരംപോൽ
ചമയ്ക്കുന്നു കവിതകൾ
പ്രണയം ഇഷ്ടവിഷയം
ചിലർക്ക് ,കടൽ,
വേറൊൾക്ക്, സ്ത്രീ
മറ്റൊരാൾക്ക്, എഴുതന്നവനും
വായിക്കുന്നവനും
മനസ്സിലാവാത്തത്
ചിലർക്ക് പഥ്യം.
കരളാൽ കവിത
എഴുതാൻ കഴിയാത്ത
മർക്കടൻ
കവിക്കുപ്പായമൂരി
അടിക്കുപ്പായത്തിൽ
തിരുകി നടക്കുന്നു.
നടക്കും വഴിയിൽ
ഇങ്ങനെ പിറുപിറുക്കും.
നാലുവരിക്കവിതയ്ക്ക്
നാലുവാക്കിണങ്ങിവരേണം
നാലുപേർക്ക് രുചിയേറ്റും
നാലു നല്ലവാക്ക്തന്നെ വേണം.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ