2020, സെപ്റ്റംബർ 4, വെള്ളിയാഴ്‌ച

മേഘങ്ങൾ കാത്തിരുന്നു

(നാൾവഴി താളിൽ പതിനഞ്ച് വർഷം മുമ്പ് കോറിയിട്ടത് ) 

മരണത്തിലേക്കുള്ള ടിക്കറ്റാണ് ജനനം "

അകത്തെ വെള്ളത്തിന്റെ ചൂടിൽ തണുപ്പ് തേടി  സൗപർണ്ണിക നദിയിൽ മുങ്ങി ഞാൻ  നിവർന്നപ്പോൾ ചുറ്റും ശ്രദ്ധയോടെ കേട്ടിരിക്കുന്ന തീർത്ഥാടകരോടായി സന്യാസവേഷധാരി പറയുന്നത്  കേട്ടു

"അപ്പോ പിന്നെ ജീവിതമോ" 

അസ്ഥാനത്തുള്ള എന്റെ ചോദ്യം കേട്ടാവണം   താടിയും മുടിയും നീട്ടി വളർത്തിയ മുഖത്ത് തീക്ഷ്ണമായ കണ്ണുകൾ കൊണ്ട് ചുഴിഞ്ഞു നോക്കി കൊണ്ടാ മനുഷ്യൻ എനിക്ക് നേരെ തിരിഞ്ഞു.കൊല്ലൂർ മൂകാംബികയിൽ സൗപർണ്ണികയുടെ തീരത്ത്  ചുറ്റും ഇരുന്നവരോട് ഭക്തി മാർഗ്ഗം  സംസാരിക്കുകയായിരുന്ന ഒരു യുവാവായ സന്യാസ വേഷധാരിയോടാണ്  എന്റെ ചോദ്യം കുടത്തിലെ ഭൂതം കണക്കെ ഞാൻ തുറന്ന് വിട്ടത്. അകം പുറം വെള്ളത്തിൽ മുങ്ങിയ എന്റെ ഉള്ളിൽ ഭക്തി ഇല്ലെന്ന തിരിച്ചറിവ് അയാൾക്ക് ഉള്ളത് കൊണ്ടാവണം കുറച്ചു കൂടി സൗമ്യനായി അയാൾ ചോദിച്ചത്.

"എന്താണ് താങ്കൾ ഉദ്ദേശിക്കുന്നത്...?"

അയാളുടെ സൗമ്യമായ ചോദ്യം  എന്നിൽ കോപം നിറച്ചെങ്കിലും ഒരു നിമിഷത്തിന്റെ സമചിത്തതയോടെ തിളച്ചു മറിയുന്ന ഉന്മത്തതയിൽ ഞാനെന്റെ ചോദ്യം ഇങ്ങനെ തൊടുത്തു

"താങ്കൾ പറഞ്ഞത് പോലെ മരണത്തിലേക്കുള്ള ടിക്കറ്റാണ്  ജനനമെങ്കിൽ  ജീവിതം കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് "

ഒരു നിമിഷത്തിന് ഇട നൽകാതെ അദ്ദേഹം മറുപടി തന്നു.

"മരണാനന്തര ജീവിതത്തിന്  സ്വർഗ്ഗ, നരകങ്ങളിലേക്കുള്ള യാത്രക്ക് വേണ്ട സ്വരുക്കൂട്ടലാണ് ജീവിതം....' 

"സ്വർഗ്ഗവും, നരകവും മതത്തിന്റെ സൃഷ്ടിയല്ലേ...?
മതം മനുഷ്യന്റെയും .... അപ്പോൾ ഭക്തിയും, വിശ്വാസവും, ദൈവവും  എല്ലാം  മനുഷ്യനെ ചങ്ങലകളിൽ ബന്ധിച്ച് നിർത്താനുള്ള  വെറും തട്ടിപ്പുകളല്ലേ...."

"സ്വാമി എങ്ങോട്ടേക്കാണ്" എന്ന് അദ്ദേഹം

"ഞാൻ സ്വാമിയല്ല...."

"സാരമില്ല.... താങ്കളെങ്ങോട്ടേക്കാണ്"

"പ്രത്യേകിച്ച് ഒരു ലക്ഷ്യമില്ല. ഇവിടെ എത്തണമെന്ന് തോന്നി വന്നു . നാളെ വേറൊരു സ്ഥലം തോന്നുമ്പോൾ അങ്ങോട്ടേക്ക്..."കൈവെള്ളയിൽ വെള്ളം കോരിയെടുത്ത് മുകളിലേക്ക് എറിയുമ്പോൾ തിരികെ വീഴുന്ന വെള്ളത്തിൻറെ സ്ഫടിക ഗോളങ്ങളെ നോക്കി കൊണ്ട് ഞാൻ പറഞ്ഞു

"ഒരു ലക്ഷ്യവുമില്ലാത്ത നിങ്ങളെ ഇവിടെ എത്തിച്ചത് ദേവി തന്നെയാണ്.... അതോർത്തോളൂ... " നീണ്ട മുടിയൊതുക്കി കൊണ്ട് അയാളെന്നെ നോക്കി പറഞ്ഞു.

ഇന്ന് ഈ വാക്ക് രണ്ടാമത്തെ ആളാണ് പറയുന്നതെന്ന് പുച്ഛത്തോടെ ചിരിച്ചു കൊണ്ടോർത്തു....എന്നിലെ ചിരി കണ്ടാവണം മടിയിൽ വച്ചിരുന്ന തോൾസഞ്ചി  തോളിലേക്ക്   തൂക്കി കൊണ്ടയാൾ തട്ടി കുടഞ്ഞു എണീറ്റു.അരയോളം വെള്ളത്തിൽ നിന്നിരുന്ന എന്നോടയാൾ ഒരു രഹസ്യമെന്നോണം  മെല്ലെ പറഞ്ഞു.

""ഇത് സൗപർണികയാണ് ഔഷധഗുണമുള്ള വെള്ളമാണ്."

അയാളോട് തെല്ലുറക്കെ തന്നെ  ഞാൻ പറഞ്ഞു

"ഉള്ളിലുള്ളതും ഔഷധമൂല്യം നിറഞ്ഞതാണ്"പിന്നെ ഞാൻ കൂട്ടിച്ചേർത്തു

"താങ്കൾക്ക് സമയമുണ്ടെങ്കിൽ വന്നോളൂ.... ഈ കാട്ടിലൂടെ മുകളിലേക്ക് നടന്നു ഹർഷണ കുണ്ട് വരെ പോകാൻ  ഞാൻ റെഡിയാണ്"

ചിരിച്ചു കൊണ്ട് തിരിഞ്ഞ അയാളുടെ മുഖത്തും ആശ്ചര്യം നിറഞ്ഞിരുന്നു ...

"ഇവിടെ ഉള്ളവർക്ക് അറിയാത്ത കാര്യമാണിത് .... ഇതിനു മുമ്പ് ഇവിടെ വന്നിട്ടുണ്ടല്ലേ...."ചിരി മായാതെ അയാൾ ചോദിച്ചു .

"ഇല്ല... ആദ്യമായാണ് വരുന്നത്...."

വിശ്വാസം വരാത്ത കണ്ണുകൾ കൊണ്ടയാൾ  എന്നെ വീണ്ടുമുഴിഞ്ഞ്  "സന്ധ്യ ദർശനത്തിന് കാണാം..." എന്നും പറഞ്ഞയാൾ നടന്നു....

ദർശനവും  പ്രാർത്ഥനയും അജണ്ടയിൽ ഇല്ലാത്തതിനാൽ സൗപർണ്ണികയിലേക്ക് മലർന്നൊന്ന് മലക്കം മറിഞ്ഞു.ഒരു തയ്യാറെടുപ്പുകൾ ഇല്ലാത്ത യാത്രയിൽ ഇവിടെ എത്തിച്ചേരുമെന്ന് തീരെ പ്രതീക്ഷിച്ചില്ല. ഇനിയെന്ത് എന്ന ചോദ്യം  മുന്നിലിങ്ങനെ തല ചൊറിഞ്ഞു ആജ്ഞ കാത്ത് നിൽക്കുന്നു.സൗപർണ്ണികക്ക് കുറുകെയും വിലങ്ങനേയും നീന്തി ശരീരവും മനസ്സും തണുത്തപ്പോൾ മെല്ലെ കരക്ക് കയറി.സൗപർണ്ണിക നദിക്ക് മരങ്ങൾ തണൽ വിരിച്ചിരിക്കുന്നു. തെളിനീരൊഴുകുന്നു. നവരാത്രി കാലമായതിനാൽ തിരക്ക് കൂടുതലാണ്. ജനങ്ങൾ ഒരുപാട് ചുറ്റുമുണ്ടായിരുന്നെങ്കിലും ഞാൻ ഒറ്റയ്ക്കായിരുന്നു.കളിപ്പാട്ടം എവിടെയോ കൈമോശം വന്ന കുട്ടിയുടെ  വൃഥ എന്നെ ബാധിച്ചിരുന്നു. തല തുവർത്തി അപ്പോൾ വാങ്ങിയൊരു മുണ്ടും ഉടുത്ത്, ഒരു കവറിൽ ഷർട്ടും പാന്റ്സും മടക്കി വച്ച് നടന്നപ്പോൾ പ്രത്യേകിച്ച് ലക്ഷ്യമുണ്ടായിരുന്നില്ല. 

              മണിക്കൂറുകൾ നീണ്ട ക്യൂ നിൽക്കുമ്പോഴും അകത്തെതെന്ത് എന്ന   കൗതുകത്തിനപ്പുറം വേറൊന്നുമില്ലായിരുന്നു.ഏറെ മണിക്കൂറിലെ കാത്തിരിപ്പിനൊടുവിൽ കൊടിമരത്തിനടുത്ത് വരെ എത്തിയപ്പോഴേക്കും ക്ഷമ എന്നെയും കൊണ്ട് ഹിമാലയം കയറിയിരുന്നു.പിന്നെയും കാത്തിരിപ്പ്. ഏതാണ്ട് ഈ   സമയം വാദ്യമേളത്തോടെ ഒരു വിഗ്രഹവും പരികർമ്മികളും ആ ഭയങ്കരമായ തിരക്കിനെ വകഞ്ഞുമാറ്റി കടന്നുപോയപ്പോൾ അമ്മേ.... ദേവി... വിളികളാൽ അന്തരീക്ഷം മുഖരിതമായി. ഒന്ന് കാലുറപ്പിച്ച് നിർത്താൻ പണിപ്പെട്ടു. എന്റെ അപാരമായ ശ്രദ്ധ ഉടുത്തിരുന്ന മുണ്ടിലും പിന്നെ എന്റെ സ്ഥാപനജംഗമ വസ്തുക്കൾ അടങ്ങിയ പേഴ്സിലുമായിരുന്നു. അതെങ്ങാനും ആൾക്കൂട്ടം ചവിട്ടി പറിച്ചാൽ എന്റെ ജന്മം പാഴായി പോകും. അത് കൊണ്ട് തന്നെ വിഗ്രഹ പ്രദിക്ഷണം കഴിഞ്ഞു ജനത്തിരമാല ഒതുങ്ങിയപ്പോൾ മുണ്ടിനെ വരുതിയിൽ നിർത്തി, പേഴ്സിന് സംരക്ഷണം ഒരുക്കി  ആരോടെന്നില്ലാതെ ഞാൻ ചോദിച്ചു 

"എന്താണത്......?????"

"മൂകാംബിക ദേവിയാണ് ആ പോയത്...." പിറകിൽ നിന്നും ആരോ പറഞ്ഞു

"ദേവിയുടെ ഏത് ഭാവമാണ് പ്രതിഷ്ഠ...." മുഖം തിരിക്കാതെ എന്റെ അടുത്ത ചോദ്യം തൊടുത്തു

"ഏത് ദേവിയേ ആണോ തേടി വന്നത് ആ ദേവിയെ ഇവിടെ കിട്ടും...."

ഉത്തരം പെട്ടെന്ന് തന്നെ പിറകിൽ നിന്നും വന്നു . ഇത്തവണ തിരിഞ്ഞു നോക്കാതിരിക്കാൻ ആയില്ല. രാവിലെ സൗപർണ്ണികയിൽ കണ്ട ആ മനുഷ്യൻ എന്നെ നോക്കി ചിരിക്കുന്നു. നിരയൊത്ത തിളങ്ങുന്ന  പല്ലുകൾ ആ മങ്ങിയ വെളിച്ചത്തിലും  ആ ചിരിക്ക് സൗന്ദര്യം പകർന്നിരുന്നു..

"ദർശനം കഴിഞ്ഞോ.....??" അയാളെന്നോട് ചോദിച്ചു....

ഇല്ലെന്ന് പറഞ്ഞപ്പോൾ അയാളെന്നേയും കൂട്ടി നടന്ന്  ക്യൂവിൽ എത്തിച്ചു.ദർശനം കഴിഞ്ഞു. വീണ്ടും കൊടിമര ചുവട്ടിൽ എത്തിയപ്പോൾ അയാളെന്നോട് ചോദിച്ചു 

"എന്താണ് പ്രാർത്ഥിച്ചത്....?"

"ഒന്നും പ്രാർത്ഥിക്കാനില്ലായിരുന്നു...." 

ആ ഉത്തരം പ്രതീക്ഷിച്ച പോലെ അയാൾ പറഞ്ഞു 

"സാരമില്ല.... നാളെ നിർമ്മാല്യം തൊഴുമ്പോൾ പ്രാർത്ഥിച്ചോളൂ.... അമ്മ വിളിച്ചു വരുത്തിയ ആളല്ലേ.... ഏതോ ആവശ്യം നിവർത്തിച്ചു തരാനാവും...."

"നിർമ്മാല്യത്തിനൊന്നും ഞാനുണ്ടാവില്ല.... ഇപ്പോ തന്നെ തിരിക്കാനാണ് തീരുമാനം ...."

"ശാന്തതയുടേയും ഭകതിയുടേയും സംഗമമാണ് നിർമ്മാല്യം.....  പിന്നെ അമ്മയുടെ സവിധം ഒരുക്കുന്ന  സമാധാനം അറിയാൻ നിർമ്മാല്യം തൊഴുതോളൂ...." 

ഏറേ പറയാൻ നിൽക്കാതെ നടന്നു നീങ്ങിയ എന്നോടയാൾ വീണ്ടും പറഞ്ഞു 

"നാളെ നിർമ്മാല്യത്തിന് കാണാം...."

സ്ഫടിക കുപ്പി കാലിയാവുന്നത് വരെ ഒറ്റ മുഖമുള്ളൊരു ഗുഹയ്ക്കുള്ളിലായിരുന്നു ഞാൻ. ലഹരി നുരയുന്ന അരണ്ട വെളിച്ചത്തിൽ നിന്നും ഇറങ്ങി വരുമ്പോഴേക്കും ഇരുട്ട് കരിമ്പടം കൊണ്ട് കുടജാദ്രി മലകളെ പുതച്ചിരുന്നു. അകം പുറം നിശബ്ദതക്ക് കൂടൊരുക്കിയ  രാത്രി, ഒരു പക്ഷിയെ പോലെ ഇരുട്ടിനെ തുറിച്ച് നോക്കിയിരുന്നു. എനിക്കു പോകേണ്ട വഴിയിൽ അരണ്ട വെളിച്ചം വീഴ്ത്തുന്ന വഴിവിളക്കുകൾ മുനിഞ്ഞു കത്തുന്നുണ്ട്.ഞാൻ വന്നിറങ്ങിയ ബസ്സ്റ്റാൻഡും ഇരുട്ടിൽ ഉറക്കം തൂങ്ങുന്നുണ്ട്.ഒരു സിഗരറ്റിന് തീ കൊളുത്തി പുക വലിച്ചു വിട്ടു നടക്കുമ്പോൾ ഞാൻ ജീവിതത്തിന്റെ ആകസ്മികമികതയെ കുറിച്ച് ചിന്തിച്ചു. പ്രതീക്ഷിക്കാതെ ഇവിടെ എത്തിയ എന്റെ യാത്രയെ മനസ്സിലാവാതെ ഞാൻ സത്രത്തിലെ എന്റെ മുറിയുടെ വാതിൽ വലിച്ചടച്ച് മനസ്സിനെ ഇരുട്ടറയിൽ ബന്ധിച്ചു ഉറക്കത്തെ വിളിച്ചു വരുത്താൻ ശ്രമിച്ചു.എന്നിൽ നിന്നും കുടഞ്ഞു മാറി എനിക്ക് ചുറ്റും ഉണർന്നിരിക്കുന്ന നിദ്രയേ പ്രാപിക്കാനാവാതെ ഞാൻ കിതച്ചു.

  നന്നെ വെളുപ്പിന് എണീറ്റു കുളി കഴിഞ്ഞ് നിർമ്മാല്യത്തിന് വരി നിൽക്കുമ്പോഴും ഇന്നലത്തെ അയാളെ തേടുന്നതിനൊപ്പം അയാൾ പറഞ്ഞ ശാന്തതയും തേടുകയായിരുന്നു. നിർമ്മാല്യം കഴിഞ്ഞു ശ്രീ കോവിലിന് പിന്നിൽ കുടജാദ്രി മലയുടെ ഭാഗത്തേക്ക് നോക്കി നിൽക്കുമ്പോൾ അർക്കദേവൻറെ പ്രഭാത രശ്മികളാൽ അലംകൃതമായ മനോഹരമായ ആകാശ കാഴ്ച മനസ്സിനെ തണുപ്പിച്ചു. കുറച്ചിടക്ക് ശേഷം അവിടം വിട്ടു പോരുമ്പോൾ ബസ്സിന്റെ ജാലകത്തിനപ്പുറം മേഘങ്ങൾ കൈ തൊടാവുന്ന അകലത്തിൽ വന്ന് ഓർമ്മിപ്പിച്ചു 

"നീ ഇപ്പോഴും ഒന്നും പ്രാർത്ഥിക്കാതെയാണ് പോകുന്നതെന്ന്...."

കാടിന്റെ കാളിമയിലേക്ക്  മേഘം വീണിറങ്ങി അലിഞ്ഞു ചേരുമ്പോൾ തുടർച്ചയെന്നോണം പറഞ്ഞു

"ഇനിയും നീ വരേണ്ടി വരും ..... "  അത് അയാളുടെ ശബ്ദം ആയിരുന്നു....

2020, മേയ് 28, വ്യാഴാഴ്‌ച

തണ്ടൊടിഞ്ഞ താമര.....

ഞാനിങ്ങനെ മേല്പോട്ട് നോക്കി നിൽക്കുമ്പോൾ നിങ്ങൾ വിചാരിക്കും അടുത്ത വ്യോമാക്രമണത്തിന് റഡാറിനെ പറ്റിക്കാൻ മേഘങ്ങളെ നിരീക്ഷിക്കുകയാണെന്ന്......

അല്ലാന്ന് പറഞ്ഞാൽ പിന്നെ നിങ്ങളു പറയും  തലയിൽ വീഴാൻ പാകത്തിന്  ഇടിത്തീ വരുന്നോന്ന് നോക്കുകയാണോന്ന്....

നോ..... നെവർ...... ( ചുമ്മാ പറഞ്ഞതാ..... വല്ല ഇടിത്തീം വന്നാലോ)

മൈ ഡിയേഴ്സ് ആന്റ് ഡിയറീസ്, ഇറ്റീസ് എ സ്റ്റോറി......

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏപ്രിൽ, മെയ്, ജൂൺ മാസങ്ങൾ എന്റെ ജീവിതത്തിന്റെ ഗതി അടിപടലെ മാറ്റും വിധത്തിൽ എന്തെങ്കിലും സംഭവങ്ങൾ സ്പോൺസർ ചെയ്യും.....  സംഭവം ഉൽക്കപോലെ വന്നു പതിച്ചാൽ,  നാടൻ പട്ടിക്ക് ഏറു കൊണ്ട കണക്കാണ്....  മോങ്ങിക്കൊണ്ടൊന്നു കറങ്ങി, കിളിപോയി ഒരു പോക്കാണ് ....  റുട്ട് മാപ്പോ, ഗൂഗിൾ മാപ്പോ ഇല്ലാത്തതിനാൽ കുറച്ചൊരു പാച്ചിൽ നടത്തിയിട്ടേ ....... ആക്ച്വലി എന്താണ് സംഭവിച്ചത് എന്നാലോചിക്കാറുള്ളൂ......

നിനച്ചിരിക്കാത്ത നേരത്ത് ചിലത് വന്നെത്തുന്നത് പല രൂപത്തിൽ ആണ്...
കഴിഞ്ഞ വർഷം രണ്ടു വിമാനയാത്രേം കഴിഞ്ഞ്  ജീവിതത്തിൽ പെണ്ണുമ്പിള്ളയും  പണവുമായുള്ള അന്തർധാര സജീവമാക്കിയില്ലെങ്കിൽ വചനവും, സുവിശേഷവുമല്ല  നല്ല കീർത്തനങ്ങൾ കേൾക്കാൻ സാദ്ധ്യതയുണ്ടെന്ന്  നിരീക്ഷണങ്ങളിൽ നിന്നും കണ്ടുപിടിച്ച സമയം.....

ഞാനുമൊരു ശാസ്ത്രഞ്ജനാണ് ..... നാസയിൽ വിളിച്ചതാ പോയില്ല....
കാരണം....

"അറിയാത്തവരുടെ നാട്ടിൽ 
പെരുമാളാകുന്നതിലും നല്ലത്
സ്വന്തം നാട്ടിൽ ,തെണ്ടിക്കൂട്ടത്തിൽ
ഒരാളാവുകയല്ലേ നല്ലൂ"

കവിവചനം..... കവിവചനം......അദ്ദാണ്.....

അപ്പോൾ പറഞ്ഞു വന്നത്.....

മേലോട്ട് നോക്കി നിക്കണത് ചുമ്മാതല്ല..... മുകളിൽ കുറച്ചു കശ്മലന്മാർ ജോലി ചെയ്യുന്നുണ്ട്.....  
ഒരുപാട് അപകടങ്ങൾ പതിയിരിക്കുന്ന തൊഴിലാണിത് , പ്രത്യേകിച്ച് മുകളിൽ വർക്ക് ചെയ്യുമ്പോൾ..... ആ സമയത്ത് ജോലി പറഞ്ഞു ചെയ്യിപ്പിക്കുന്നതിനൊപ്പം അപകടം ഇല്ലാതെ ചെയ്യിക്കുക എന്നൊരു ഉത്തരവാദിത്വം കൂടിയുണ്ട്....

ഈ ഗുരുത്വാകർഷണ ബലം എന്ന് പറയുന്നത് , മുകളിൽ നിന്ന് താഴേക്ക് വീഴ്ത്തുന്നതാണെന്ന്, മേലെ ജോലി ചെയ്യുമ്പോൾ ആൾക്കാർ മറന്നു പോകും....
അത് ആത്മവിശ്വാസം ആണ്..... പക്ഷേ ചില നേരങ്ങളിൽ കഴുകനേ പോലെ അപകടം നമ്മേ കൊത്തിപ്പറിക്കും..... അപകടം എത്തുന്നവരേക്കും നമുക്ക്  നമ്മേ വിശ്വാസം ആയിരിക്കും

കഴിഞ്ഞ വർഷം ഇതേ ദിവസമാണ്  എന്നിലേക്കൊരു അഗ്നി പാശം പോലെ 
ദുർവിധി എത്തിയത്....

2018 മെയ് 28.....

ഒരുപൈപ്പ് ലൈൻ വാൽവ് തേടിപൊയ ഞാൻ മുകളിൽ നിന്ന്  താഴേക്ക് വീണു.....

നട്ടെല്ലിന്റെ രണ്ടു കശേരുക്കളും , വലത്തെ ഇടുപ്പെല്ലും  തകർന്നു.....
അന്ന് വരെയുണ്ടായിരുന്ന ജീവിതം തകർന്നു... സ്വപ്നം തകർന്നു....

ഇപ്പോഴും എന്റെ ഉറക്കത്തെ ആ വീഴ്ച, ഞെട്ടി ഉണർത്താറുണ്ട്.....

കാലുകളിലൂടെ ഒരു വിറയൽ നട്ടെല്ലിലൂടെ കയറി തലച്ചോറിലെത്തും .....
തൊണ്ടയിൽ ഒരു തീകമ്പും കൊണ്ട് കരച്ചിലെത്തും 
കണ്ണിൽ നിന്നാദ്യത്തേ നീരുറവ  ചാലു കീറുമ്പോഴേക്കും  ഞെട്ടിയുണരും....
ഇന്നും വേദന പടർത്തുന്ന ഇടുപ്പെല്ലിലൂടെ ഒരു തീനാമ്പ് നട്ടെല്ലിലേക്ക് ഉരുണ്ടു കയറി, തകർന്ന കശേരുക്കളിൽ നോവിൻറെ വിഷപല്ലാഴ്ത്തുന്നതറിയും ..... 
ഒന്നു തൊട്ടാൽ തിരിച്ചറിയാതെയുള്ള ഇടുപ്പെല്ലിൻറെ തുടക്കത്തിലേ മരവിപ്പ് മനസ്സിലേക്ക് മെല്ലെ ഇരുളു പരത്തും.....
വേദന ഒരു നെടുവീർപ്പായ് തീരുന്നതു വരെ ശ്വാസം പിടിച്ചു നിർത്താൻ ശ്രമിക്കും.....
ചിലപ്പോൾ മാത്രം ഒരിറ്റു കണ്ണീർ വികൃതശബ്ദത്തിനൊപ്പം പുറത്ത് വന്നു പോകും......

നട്ടെല്ലിനെ തകർത്ത് കൊണ്ടരപകടം ജീവിതത്തിൽ പ്രതീക്ഷിച്ചിരുന്നില്ല ഞാൻ..... അതുകൊണ്ട് തന്നെയാവണം കുറച്ചേറെ തളർന്നു പോയതും....

ചേർത്ത് പിടിച്ചു എന്നെ സ്വന്തം കാലിൽ നിൽക്കാൻ സഹായിച്ചവർ ഏറെയാണ്......
സ്വന്തം വിയർപ്പ് കൊണ്ടുണ്ടാക്കിയ സമ്പാദ്യത്തിൽ നിന്ന് ഒരു മടിയും കൂടാതെ ഒരു പങ്കെനിക്ക് തന്നവർ.....
പകരം വയ്കാനില്ലാത്ത സ്നേഹത്തിന് എന്തു വിളിക്കണമെന്നറിയില്ല....
ഇനിയും നേരിൽ കാണാൻ കഴിയാത്ത സ്നേഹസൗധങ്ങൾ......

കുട്ടത്തിനാവുമെന്ന് കൂടെ ചേർത്ത് പിടിച്ചവർ......
വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞവൻ.....

ഇന്നും മെസ്സേജിനും, ഫോൺ കോളിനുപ്പുറത്ത് സ്നേഹംകൊണ്ട് കാത്തിരിക്കുന്ന കുറച്ചു പേർ........ 
എന്റെ മനസ്സിന്റെ വേറാരും എത്താത്ത ചില്ല് കൂട്ടിലാണ് നിങ്ങളുടെ സ്ഥാനം

2020, ഏപ്രിൽ 17, വെള്ളിയാഴ്‌ച

അപ്പു..... നിനക്കായ്


ഏപ്രിൽ 18  2011 

എന്റെ ജീവിതത്തിന് പുതിയ അർത്ഥം കൈവന്നു ദിവസം.  ഈ കോവിഡിന്റ കാലത്തും  കുടുംബത്തോടൊപ്പമില്ലെന്നത്  വേവലാതികൾ ഏറെയുണ്ടാക്കുന്നുണ്ട്.  ദാ... വീണ്ടും ഒരു ഏപ്രിൽ വരുമ്പോൾ  മൂത്ത മകൻ അപ്പുവിൻറെ അടുത്ത് ഇല്ലാത്തത് എന്നെ ഏറേ വേദനിപ്പിക്കുന്നുണ്ട്.അപ്പു ...നിനക്കറിയോ..... നിന്നെ അച്ഛന് ഒരുപാടിഷ്ടമാണ് . എനിക്കറിയാം  എന്നിലെ  അച്ഛന് ബാല്യമാണിപ്പോഴും. എന്നിലെ അച്ഛൻ ജനിച്ചതും കരഞ്ഞും നിലത്ത് നീന്തിയും മുട്ടുകുത്തി നടന്നതും നിന്നതും നടന്നതും വളരുന്നതും നിന്നിലൂടെയാണ്. വെയിലേറ്റ് കരിഞ്ഞ ജീവിതത്തിലേക്ക് വന്ന വസന്തമാണ് നീ. ആരോടും പങ്കു വയ്കാത്ത ഇഷ്ടമാണ് നീ.കന്നഡത്തിൽ ഒരു ചൊല്ലുണ്ട്
            നോഡി തിലീ ബേക്കൂ
            മാഡി കലീ ബേക്കൂ
നോക്കി പഠിക്കുക, ചെയ്തു പഠിക്കുക  എന്നർത്ഥം
എന്റെ അച്ഛനിൽ നിന്നും ഒരച്ഛൻ എങ്ങനെയാവണമെന്ന്  കണ്ട് പഠിച്ചപ്പോൾ, കൊച്ചു കൊച്ചു തിരുത്തലോടെ നിയെന്നെ ഒരച്ഛൻ എങ്ങിനെ ആവണമെന്ന് ചെയ്തു പഠിപ്പിക്കുകയാണ്.അമിത പ്രതീക്ഷ ഭാരമില്ലാത്ത ബാല്യം നിനക്ക്  തരാനായെന്ന് ഞാൻ കരുതുന്നു.കൗമാരം കാണാവുന്ന അകലത്തിൽ എത്തി നിൽക്കുന്ന ഈ വേളയിൽ,  അപ്പൂ ....  നീയെന്നെ കെട്ടി പിടിച്ചു മറിയുമ്പോഴും എന്റെ കൈയിൽ തല വച്ചെന്നെ കെട്ടി പിടിച്ചു കിടക്കുമ്പോഴും  ഇതെല്ലാം പറയണമെന്ന് തോന്നാറുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ നിന്നോപ്പം ഞാൻ വളരാത്തത് കൊണ്ടാവണം ഇതൊന്നും പറയാൻ ആവാറില്ല. ഇത് നിന്നോടാരും പറഞ്ഞു തരാൻ വഴിയില്ല.നീയെന്നെങ്കിലും മലയാളം പഠിക്കുന്നയന്ന് വായിക്കാൻ വേണ്ടി അച്ഛനിതൊരടുത്ത് സൂക്ഷിക്കും. 
       

           എങ്ങിനെ തുടങ്ങണമെന്ന് അറിയാത്ത അവസ്ഥയാണ്. ചിലപ്പോഴൊക്കെ ഇത്തരം സന്ദർഭങ്ങളിൽ വല്ലാതെ വിഷമം തോന്നാറുണ്ട്. പലപ്പോഴും സാഹചര്യങ്ങൾക്കനുസരിച്ച്  മനസ്സിനെ മാറ്റിയെടുക്കാൻ സാധിക്കാത്ത സമയങ്ങളിലാണ് പിടി വിടാതെ നമ്മളിലേക്ക്  നിരാശ വന്നു കയറുക. ഇതിലും വലിയ സന്ദർഭങ്ങളെ ചുമ്മാ പുല്ല് പോലെ നേരിട്ടിട്ട്   ഇവിടെ എത്തിയിട്ടു അന്ധാളിച്ചു എന്നുള്ളത്  ഒരു കുറവാകുന്നു. ഏതായാലും ഒരു കാര്യം ഉറപ്പാണ് ഈ കാലവും കടന്ന് പോകും. 

    അപ്പോ പിന്നെ മാറ്ററിലേക്ക് വരാം. അങ്ങനെ മുപ്പത്  കഴിഞ്ഞ് മൂക്കിൽ പല്ലു വരാൻ തുടങ്ങിയ കാലത്താണ് ഞാനും പെണ്ണ് കെട്ടിയത്. ഏതായാലും പെണ്ണ് കെട്ടിയ സമയം വളരെ ബെസ്റ്റ് ആയതുകൊണ്ട് തന്നെ നട്ടംതിരിഞ്ഞു തെണ്ടലിന് അല്ലലില്ലാത്ത അവസ്ഥയായിരുന്നു.  ഏതായാലും റിസപ്ഷൻ കഴിഞ്ഞു വന്നതിന്റെ  പിറ്റേന്ന് നമ്മൾ തൊഴിലാളി ജീവിതത്തിന്  വീണ്ടും തിരി നീട്ടി തന്നെ കൊളുത്തി. ജീവിതത്തിന്  പുതിയ തലങ്ങളിലേക്ക് വഴിതെളിയുന്ന സമയം. കാര്യം കുറേക്കാലം നമ്മൾ ഊരുതെണ്ടി ജോലി ചെയ്തെങ്കിലും ആരോടെന്നില്ലാത്ത ദേഷ്യം അല്ലാതെ വേറൊന്നും സമ്പാദ്യം ഇല്ല. കല്ല്യാണത്തിന് മുമ്പ് വീട്ടിലുള്ളവർ ചുമ്മ ചിമിട്ടാൻ വന്നാൽ, ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ബാഗെടുത്ത് തോളത്തിട്ടു പീച്ഛേ മൂഡ് അടിച്ചൊരു പോക്കാണ്. അവസാനം വീട്ടുകാര് പൊന്നേ പൂവേ കരളേ എന്നുപറഞ്ഞ് വിളിക്കുമ്പോൾ അഞ്ചാറു മാസം കഴിയുമ്പോൾ പല്ലിളിച്ചു തിരിച്ചുവരും.
      
       എന്നാൽ കല്യാണം കഴിഞ്ഞതോടെ കഥമാറി മാറി.  എന്നെ കാത്തിരിക്കുന്ന പെണ്ണൊരുത്തി ബിരിയാണിയും ഉണ്ടാക്കി (അവൾ കഞ്ഞി വെച്ചാലും അത് ബിരിയാണി തന്നെയാണ്. അത് എനിക്ക് മാത്രമല്ല ഏത്  പെണ്ണ് കെട്ടിയവനും ആദ്യം അങ്ങനെ തന്നെയാണ്) കാത്തിരിക്കുമ്പോൾ വീട്ടുകാര് മോണക്കിട്ടു കുത്തി  ദേഷ്യം പിടിച്ചാലും ചുമ്മാ ചിരിച്ചു കൊണ്ടിരിക്കും. ചുരുക്കത്തിൽ  ദേഷ്യം പുറത്ത് റോഡിൽ വച്ചിട്ടാണ് വീട്ടിലോട്ട് കയറുക. ബിരിയാണി കിട്ടാതിരിക്കരുതല്ലോ. വീരപുരുഷൻറെ അങ്കപ്പാടിൻറെ അടയാളമായ കോപം അണ്ടർവെയർ വള്ളിപോലെ കൂട്ടിക്കെട്ടി ഉള്ളിൽ തിരുകിയാണ് വീടിന്റെ പടി കയറുക. പുരുസിങ്കത്തിൽ കോപതാപത്തിൻറെ ഡിഗ്രി  കുറയുന്നത്  ലോകത്തിൽ ആദ്യം കണ്ടുപിടിക്കുന്നത് സ്വന്തം ഭാര്യയുടെ അമ്മായിഅമ്മ ആയിരിക്കും. അതായത് സ്വന്തം അമ്മ തന്നെ.ഉടൻ തന്നെ മാതാശ്രീ അതിർത്തി കടന്ന്  ബോംബാണോ മിസൈലാണോന്ന് തിരിച്ചറിയാത്ത വിധത്തിൽ പൊട്ടിക്കും 'ചെക്കന്റ
 ദേഷ്യത്തിന് കുറവുണ്ട്'

     കാര്യങ്ങൾ ഇങ്ങനെ ചെറു തോതിൽ കൊച്ചുകൊച്ചു രസവും രസക്കേടുകളുമായി  ജീവിതം മുന്നോട്ടു പോകുമ്പോൾ.രണ്ടു മൂന്ന് മാസം കഴിയുമ്പോൾ ചുറ്റിയവരുടേയും പറ്റിയവരുടെ നോട്ടം പെണ്ണിന്റെ കണ്ണിലും മുഖത്തുമാവും.രാത്രി കെട്ടിപ്പിടിച്ചുറങ്ങിയ ക്ഷീണത്തിൽ രാവിലെ പാല് വാങ്ങാൻ പോകുമ്പോൾ ഒരു കാര്യവുമില്ലാതെ ഒരു ചോദ്യം വരും "എന്താ ഒരു ക്ഷീണം" ഞാൻ  കൂടെയുള്ളപ്പോഴാണ്  ഈ ചോദ്യം വരുന്നതെങ്കിൽ  ഞാൻ അവളുടെ മുഖത്തേക്ക് നോക്കും. ദാണ്ടെ ഇപ്പം വരെ വെടിചില്ലുമാതിരി നിന്നവൾക്ക്  എന്താണ് ക്ഷീണമെന്ന സന്ദേഹത്തിലാവും ഞാൻ.ഉടൻ തന്നെ ഉത്തരവാദിത്വമുള്ള കെട്ടിയോനായി വേവലാതിയോടെ  ക്ഷീണമുണ്ടോന്നു ചോദിക്കുമ്പോഴേക്കും നാണം കൊണ്ട് ചുവന്ന മുഖവും കുനിച്ചവൾ നടക്കാൻ തുടങ്ങും. പിന്നാലെ ചെന്നു കൈക്ക് പിടിച്ച് നിർത്തി ക്ഷീണമുണ്ടോന്ന് ചോദിക്കുമ്പോഴാണ് അവര് ചോദിച്ചതിൻറെ  അർത്ഥം വേറെയാണെന്ന് എന്റെ  മണ്ടക്ക് കൊട്ടി ലവള് പറേണത്.
വണ്ടിയിറക്കിയതേയുള്ളു ലോഡ് കേറ്റിയോന്നറിയാനാ ആൾക്കാർക്ക് ധൃതി. ഐക്യരാഷ്ട്രസഭയുടെ തലവന്റെ പേരും, പ്രകാശവർഷത്തിൻറെ കണക്കും, തമോഗർത്തത്തിൻറെ  മാസ്പിണ്ഡവും, ഉസൈൻ ബോൾട്ടിൻറെ സ്പോൺസർമാരുടെ പേര് വരേയ്ക്കും അറിയുന്ന ഞാൻ ഇവളുടെ ലോകപരിചയത്തിൻറെ മുന്നിൽ തോറ്റമ്പും.

അഞ്ചാറ് മാസം കൈയ്യും മെയ്യും മറന്നുള്ള പ്രയത്നം ഫലം കാണാതെ  ചെറിയൊരു വിഷമാവസ്ഥയിലൂടെ കടന്ന് പോകുമ്പോൾ, ക്ഷീണം കാണാൻ മുഖത്ത് നോക്കിയവരുടെ നോട്ടം പാവം പെണ്ണിന്റെ വയറിലെത്തും. പെണ്ണൊന്നു മിനുങ്ങി എന്നല്ലാതെ വേറൊരു മാറ്റം ഇല്ലെന്ന് കണ്ടാൽ ആവലോടെ ആരായും വിശേഷമൊന്നുമില്ലേന്ന് .വിശേഷമുണ്ടായി കാണാൻ ധൃതി ഉള്ളവരേക്കാൾ ധൃതിയാണ്, വീശേഷമുണ്ടായാലും അശേഷം വിശേഷമില്ലാത്ത നാട്ടാർക്ക്.പിന്നൊരു മൂന്നു മാസം കഴിഞ്ഞിട്ടും  പ്രത്യേകിച്ച് ഒരു വിശേഷവും കാണാനില്ല എന്നുള്ള അവസ്ഥ ആകുമ്പോൾ ചോദ്യം നേരിട്ടാവും,  ചിലപ്പോൾ അപ്പോൾ അച്ഛനമ്മമാരുടെ മുന്നിൽ വച്ചു ചോദിക്കും വിശേഷമൊന്നുമില്ലേന്ന്. തെളിഞ്ഞു സുന്ദരമായി കിടന്ന് നീലാകാശം മെല്ലെ കറുക്കാൻ  തുടങ്ങും. കല്യാണിച്ച ഉടനെ മകൻറെ കുഞ്ഞിനെ വാരിയെടുക്കാൻ വെമ്പൽകൊണ്ടു നിൽക്കുന്ന അമ്മായിയമ്മ അമ്മ  ഇത് കേൾക്കുമ്പോൾ എരിപൊരി കേറും. ഒരാവശ്യവുമില്ലാതെ എവിടെയോ കിടക്കുന്ന ചന്ദ്രീകേടെ  മകൻ കെട്ടി രണ്ടാമാസത്തിൽ   ഭാര്യയെ ഗർഭിണിയാക്കിയ കഥ അടക്കത്തിൽ അടുക്കളയിലിരുന്ന്  ചുമ്മ നാട്ടുവർത്താനം   വായിക്കാൻ വന്ന റീഡർ കുശലിക്കും. ഇതെല്ലാം കേട്ട്  കൊമ്പിൽ കയറിയ പെറ്റ തള്ള നെടുവീർപ്പിട്ടു  ചെറിയോരു ബിഡി പടക്കം പൊട്ടിക്കും. "ചന്ദ്രികേടെ ഭാഗ്യം" ഇത് കേട്ട് കെറുവിച്ച് മരുമോള് അരച്ചോണ്ടിരുന്ന മിക്സി നിർത്തി രണ്ടു പച്ചമുളക് കൂടുതലിട്ടരക്കും. ഇതെല്ലാം കണ്ട് ആനന്ദഭൈരവി രാഗത്തിൽ ന്യൂസ് റീഡർ ഇറങ്ങി നടക്കും. വൈകുന്നേരം വീട്ടിൽ ചെന്നു കയറുമ്പോൾ  മൊത്തം ഭീകരതയാണ്.ഇപ്പോ പൊട്ടും മുല്ലപ്പെരിയാർ ഈ മട്ടിൽ പെണ്ണുമ്പിള്ള. ബീഡിപടക്കമെറിഞ്ഞു  ഗ്രൈനേഡ് പൊട്ടിച്ച അമ്മ ഞാനൊന്നുമറിഞ്ഞില്ല എന്ന ഭാവത്തിൽ റ്റി വി കാണുന്നു. ഞാൻ ശാന്തി തീരം തേടി യാത്രയായി.l
         
       എനിവേ കാലം അതിന്റെ സൈക്കിളോടിച്ച് പോകുന്ന കൂട്ടത്തിൽ ഞങ്ങളും ലിഫ്റ്റടിച്ച് കേറി പോകുമ്പോൾ രണ്ടായിരത്തിപത്ത് ജനുവരിയിൽ പിതാജി വക കോളൊന്ന് എന്റെ ഫോണിൽ മുട്ടി വിളിച്ചു.  അമ്മ ചിക്കൻഗുനിയ പിടിപെട്ടു അഡ്മിറ്റാണെന്ന്. ബാംഗ്ലൂർ റ്റൂ വയനാട് ഫ്ലൈറ്റ് സർവീസ് അത്യാവശ്യമാണെന്ന് പ്രധാൻമന്ത്രിക്ക് കത്തെഴുതാൻ തീരുമാനിച്ചു കൊണ്ട് പച്ച വണ്ടി കേറി അമ്മയുടെ സവിധത്തിൽ വിത്ത് ഭാര്യയോടെ എത്തി.മെല്ലെ മെല്ലെ ചിക്കൻ ഗുനിയാ കാലത്തിൽ നിന്നും ചിക്കൻ കബാബ് കാലത്തിലേക്ക് അമ്മ എത്തി. അതിനിടയിൽ കുഞ്ഞൊരു ജോലിയുമായി കേരളത്തിലൊതുങ്ങാനുള്ള ശ്രമവും ഒരു മാതിരി വിജയിച്ചു.ഒളിഞ്ഞും തെളിഞ്ഞും വീണ്ടും വിശേഷമില്ലേ എന്ന ചോദ്യം തലപൊക്കി തുടങ്ങുന്ന കാലം. ചെറിയൊരു കുസൃതി ഒളിപ്പിച്ച നാണത്താൽ ഭാര്യാവ് ചെറു സംശയ തുമ്പ് നീട്ടിതന്നു. ഉള്ളിലൊരു കടലിളകി തുടങ്ങിയെങ്കിലും  ഉറപ്പിക്കാനാവാതെ മനസ്സ് കുഴങ്ങി. എന്റെ സ്റ്റേഷൻ വിട്ട തിരിഞ്ഞുകളി കണ്ടാവണം.  വഴി സ്വന്തം ഭാര്യ നൂലിൽ കെട്ടി എന്റെ മണ്ടത്തലയിൽ ഇറക്കി തന്നു. ഇവൾക്ക് ഇതിനു മാത്രം ബുദ്ധിയോ എന്നതിശയപ്പെട്ടു നേരെ മീനങ്ങാടിക്ക് വച്ചു പിടിച്ചു,     സംഭവം വാങ്ങി തിരിച്ചു വന്നു. പ്രഗ്നൻസി ചെക്കിംഗ് സ്ടിപ്പിൽ  തെളിയാൻ തുടങ്ങിയ രണ്ടാം വര എന്നെ ആഹ്ലാദത്തിന്റെ കൊടുമുടി  കേറ്റി.  ജീവിതത്തിൽ ആദ്യമായി അവളുടെ ശരീരം ഇളക്കാതെ കെട്ടിപ്പിടിച്ചു, മനസ്സ് കൊണ്ട് ഇറുകെ പുണർന്നു. 

                    ആദ്യം തന്നെ അടുക്കളയിൽ ചന്തയിൽ നിന്ന് കൊണ്ടു വന്ന മീനിൻറെ ചന്തം നോക്കിയരിക്കുന്ന  അമ്മയോടായി പരാക്രമം. ആശുപത്രിയിൽ പോയി കാര്യം സ്ഥിതീകരിക്കാതെ തന്റെ ഭാര്യ ഗർഭിണിയാണെന്ന് പറയുന്ന മകനെ പാണ്ടി ലോറി തട്ടി നട്ടിളകിയോ എന്ന സംശയത്തിൽ നോക്കി. മീൻ വാങ്ങാൻ മീനങ്ങാടിക്ക് പോയവൻ  വട്ടായോ എന്നായി ആശങ്ക. അച്ഛനെ പുത്രനായ ഞാൻ പിതാവാകാൻ പോകുന്ന വാർത്ത ഒരു ചളിപ്പുമില്ലാതെ അവതരിപ്പിച്ചു. തുടർന്ന് അമ്മായിയപ്പൻ/അമ്മ എന്റെ സ്വന്തം പെങ്ങൾ/അളിയൻ തുടങ്ങിയവർക്ക് കോളുകൾ പറത്തി. ബ്രേക്ക് പൊട്ടിയ വണ്ടി ചുരമിറങ്ങിയ അവസ്ഥായായിരുന്നു എന്റേത്. അന്നടിച്ച കള്ളിന്റെ ലഹരി ഇന്നും വിട്ടിട്ടില്ല. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ. എന്റെ പ്രിയതമയെ  ഇന്നലെ വരെ കണ്ടതിനേക്കാൾ സ്നേഹം  പിന്നെബഹുമാനം പിന്നെന്തെക്കയോ പറഞ്ഞറിയിക്കാൻ കഴിയാത്ത കഴിയാത്ത എന്തോ ഒന്ന് അവളെ ഇന്ന് കാണുമ്പോൾ തോന്നുന്നു. 
            കാലത്തിന് അതിവേഗ ചക്രങ്ങളായിരുന്നു. മാസങ്ങൾ തോറുമുള്ള ചെക്കപ്പ്. കാത്തിരിപ്പിന്റെ വശ്യത. ഇത്രമാത്രം മനോഹരമായ കാത്തിരിപ്പ് വേറൊന്നില്ല. അവളുടെ ഓരോ ചുവടിലും കണ്ണെത്താൻ വേണ്ടി അങ്ങേയറ്റം ശ്രദ്ധിച്ചു. ഓരോ ചെക്കപ്പിനും കൂടെയെത്താനും ശ്രമിച്ചു.
 
അങ്ങനെ ഏപ്രിൽ പതിനേഴ് രണ്ടായിരത്തി പതിനൊന്ന്.
ഇനിയും തന്നിരിക്കുന്ന ഡേറ്റിലേക്ക് പത്ത് ദിവസത്തെ ദൂരം. പതിനെട്ടിനുള്ള ചെക്കപ്പിന് വീട്ടിൽ നിന്ന് ആരെങ്കിലും കൂട്ടി പോകൂ എന്ന് ശട്ടം കെട്ടി ഡേറ്റിന് രണ്ടു ദിവസം മുമ്പെത്താമെന്നും പറഞ്ഞു തിരിച്ചു പോകാൻ ഒരുങ്ങി കൊണ്ടിരിക്കുമ്പോഴേ പെണ്ണുമ്പിള്ള പൊട്ടാൻ പാകാത്തിനുള്ള മുല്ലപ്പെരിയാറും കൊണ്ട് നിൽക്കുന്നു. കാര്യം കടിഞ്ഞൂലാണെങ്കിലും നമ്മളിലൂടെയാവണം കാര്യങ്ങൾ എന്നൊരു ആഗ്രഹമുള്ളത് കൊണ്ട് ഒരാഴ്ച കാലത്തെ ജോലി മുന്നിൽ കണ്ടായിരുന്നു പോക്ക്. പക്ഷേ പെണ്ണ് ചിണുങ്ങി നിൽക്കുമ്പോൾ പോകാൻ കഴിയാതെ ചഞ്ചലനായി ഞാനും. അവസാനം നാളത്തെ ടെസ്റ്റിന് ശേഷം പോകാമെന്ന സമാധാന കരാറിൽ ഒപ്പ് വച്ച ശേഷം ഡ്രസ്സഴിച്ചു വച്ചു. 


ഏപ്രിൽ പതിനെട്ട് രണ്ടായിരത്തി പതിനൊന്ന്

രാവിലെ എന്നത്തേയും പോലെ അയാൾക്ക് മുന്നേ എണീറ്റ് റെഡിയായി കാത്തിരുന്നു. പതിവിലും വൈകി എണീറ്റ  ചങ്ങാതി മുഖം തരാതെ ബാത്ത് റൂമിലേക്ക് നടന്നു. അത്യാവശ്യം കാറും കോളും കൊണ്ട അന്തരീക്ഷമാണ്.അതിന് വേണ്ടി ഞാനൊന്നും ഇന്നലെ രാത്രി പറഞ്ഞതായി ഓർക്കുന്നില്ല.അവസാനം ഞാനിന്നു പോകുന്നതിന്റെ  എഫക്റ്റാണെന്ന് കരുതി സമാധാനിച്ചു. സാധാരണയേക്കാൾ സമയമെടുത്താണ് കുളിച്ചതും, ഒരുങ്ങിയതും, കഴിച്ചതുമെല്ലാം. ടെസ്റ്റ് കഴിഞ്ഞ് കൊണ്ടവന്നാക്കിയിട്ട് പുറപ്പെടേണ്ട ഞാൻ ക്ഷമയുടെ നെല്ലിപ്പലക കണ്ടുതുടങ്ങി. എങ്കിലും എന്നാലാവുന്ന ശാന്തതയിൽ ഞാൻ അടുത്തിരുത്തി കുറച്ചു കഴിപ്പിച്ചു.ഏകദേശം പതിനൊന്നു മണി കഴിഞ്ഞു രണ്ടാളും കൂടി ഇറങ്ങി. ഇ എസ്സ് ഐ ഹോസ്പിറ്റലിലേക്ക് നടക്കാവുന്ന ദൂരമേ ഉള്ളൂ എങ്കിലും ഞാൻ ഓട്ടോ വിളിക്കാൻ തുടങ്ങിയപ്പോൾ തടഞ്ഞു കൊണ്ട് പ്രതി പറഞ്ഞു. വേണ്ട വിന്വേട്ടാ നടക്കാമെന്ന്. ഡോക്ടറും പറഞ്ഞതാണ്  നടക്കണമെന്നത് എന്നവൾ പറഞ്ഞപ്പോൾ അപ്പോൾ കൂടുതൽ തർക്കിക്കാൻ നിന്നില്ല. എൻറെ കയ്യിൽ കൈകോർത്ത് പിടിച്ചു കൊണ്ട്  ചേർന്നു നടന്നു. കൂടുതൽ സംസാരിക്കാറുള്ള പ്രതി മൂകമായി നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാൻ കൂടുതൽ സംസാരിച്ചു കൊണ്ടിരുന്നു. 


         ഹോസ്പിറ്റൽ കാണാവുന്ന ദൂരത്തിൽ എത്തിയപ്പോഴാണ് പ്രതി പറയുന്നത് രാവിലെ മുതൽ വെള്ളം പോലെ പോയിത്തുടങ്ങിയിട്ടുണ്ടെന്ന്. 
..........നിന്ന നിൽപ്പിൽ തലയിൽ ശക്തമായ അടി കിട്ടിയത് പോലെ തോന്നി ........
കണ്ണിൽ ഒരു നിമിഷം ഇരുട്ട് കേറി. ഞാൻ ചുറ്റും നോക്കി ഞങ്ങൾ രണ്ടാളുമല്ലാതെ കണ്ണെത്തും ദൂരത്ത് വേറാരുമില്ല.പകച്ച് പോയ നിമിഷം. എനിക്കറിയാം ആമ്നിയോട്ടിക്ക്  വാട്ടർ ലീക്കായി കൂടുതൽ കോംപ്ലിക്കേഡായി പിറന്ന കുട്ടിയാണ് ഞാൻ. അച്ഛൻ പറഞ്ഞ അറിവുകളാണ്  കൂടുതൽ. ഒരു നിമിഷം കൊണ്ട്  കാര്യഗൗരവം തിരിച്ചറിഞ്ഞു. ഇതാ ഈ നിമിഷത്തിലും ഞാനൊറ്റയാണ് നേരിട്ടേ പറ്റൂ.   കാറു കൊണ്ട മോന്തയും താങ്ങി നിൽക്കുന്നവളെ കണ്ടപ്പോൾ കത്തിക്കയറിയ ദേഷ്യം പരമാവധി മറച്ച് പിടിച്ചു ശ്രമിച്ചു തോറ്റു കൊണ്ടവളോട് ചോദിച്ചു .... 'നിൻറെ പെറ്റമ്മ തന്നെയല്ലേ അവര്.... വരുമ്പോഴെങ്കിലും അവരോട് ഒന്ന് പറഞ്ഞു കൂടെ ഇങ്ങനാണെന്ന്'.... സഹായത്തിനു ആരേ വിളിക്കണമെന്നറിയാതെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ഒരു സെക്കന്റിന് ശേഷം ദൈവത്തിന് തന്നെ ഫോൺ ചെയ്തു. ഫോണെടുത്ത അച്ഛൻ കാര്യങ്ങൾ അന്വേഷിച്ച ശേഷം എന്തുചെയ്യണമെന്ന് വടി വ്യക്തമാക്കി തന്നു. അവസാനം ഒറ്റ വാക്കും ഡോക്ടർ എന്തു പറയുന്നുവോ അതനുസരിക്കുക നിന്റെ സംഭാവന വേണ്ടാന്ന്..... അടി പൊളി തന്ത.... മകനേ അപ്പോഴും കൊട്ടി ഒരു കൊട്ട്..... എവിടെയോ പോയിരുന്ന ധൈര്യം തിരിച്ചു വന്നു കേറി. വഴികാട്ടാൻ അച്ഛനുണ്ടെന്നത് ആത്മവിശ്വാസം കേറ്റി. ഏറെ വർഷം മുമ്പ് അച്ഛൻ നേരിട്ട സാഹചര്യം അച്ഛന്റെ ബലത്തിൽ മകൻ നേരിടുന്നു.അച്ഛൻ ദൈവമാകുന്നത് തൊട്ടറിഞ്ഞ നിമിഷം. പിന്നൊരാൾക്കും ഫോൺ ചെയ്തില്ല. 

     ഹോസ്പിറ്റലിൽ ഡോക്റ്റുടെ ചെക്കിംഗിന് ശേഷം ഒരു ലിസ്റ്റുമായി ഡോക്ടർ വെളിയിൽ വന്നു പറഞ്ഞു. സിസേറിയൻ വേണം ഈ മരുന്നുകൾ വേഗം വേണം.  ചിറകുകൾ മുളച്ച വേഗം. മരുന്നെത്തിച്ചു. രജിസ്ട്രേഷൻ ചെയ്തു. ഡോക്ടറുടെ നിർദേശങ്ങൾക്ക് ചെവിയെത്തിച്ചു. ഒറ്റക്കായ പടയാളിയെ പോലെ പൊരുതാനുള്ള ആവേശം കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പറപ്പിക്കുകയായിരുന്നു ബ്ലഡിനുള്ള ഏർപ്പാട് ചെയ്തു തിരിച്ചു വരുമ്പോൾ പ്രസവ വാർഡിന് മുമ്പിൽ കട്ടിളയിൽ പിടിച്ചു മൊത്തം പച്ചയിൽ പൊതിഞ്ഞ കാർമേഘം നിറഞ്ഞ മുഖവും,പൊട്ടിവീഴാൻ തുളുമ്പുന്ന കണ്ണുമായി നിൽക്കുന്നു.മഴയിൽ കുതിർന്ന് വിറക്കുന്ന പക്ഷിക്കുഞ്ഞ്.ഹോസ്പിറ്റൽ ആണെന്നോ വരാന്തയാണെന്നോ നോക്കിയില്ല കെട്ടിപ്പിടിച്ചു. മെല്ലെ മെല്ലെ ധൈര്യം പകർന്നു. വീൽ ചെയറും കൊണ്ട് അറ്റൻൻറർ വന്നപ്പോൾ പ്രതിയെ  വളരെ മെല്ലെ പിടിച്ചു അതിലിരുത്തി വീൽചെയർ തള്ളാൻ തുടങ്ങിയ അവരെ മാറ്റി ഞാൻ തന്നെ തള്ളി ഓപ്പറേഷൻ തീയ്യറ്ററിന് അടുത്ത് എത്തിച്ചു.  പിന്നെ അവളുടെ കാതിൽ പറഞ്ഞു നീ വരും വരെ ഞാനിവിടെ തന്നെ കാണും.....

       ഓപ്പറേഷൻ തീയറ്ററിൻറെ വാതിലടഞ്ഞു. അവളുടെ വീട്ടിൽ നിന്നും അവരിപ്പോഴെത്തും. ഒരു ഗർഭകാലം അവൾ വയറ്റിലും ഞാൻ മനസ്സിലും ചുമന്നതിൻറെ അവസാനരംഗമാണിത്. മനസ്സിൽ അച്ഛനെയോർത്തു. അദ്ദേഹം മനസാന്നിദ്ധ്യത്തോടെയാവണം ഇതിനേക്കാൾ വലിയ സാഹചര്യം നേരിട്ടിട്ടുള്ളത്.  പ്രതിയെ കുറിച്ചോർത്തു. കൂടെ ഈ സമയത്ത് ഞാനുണ്ടാവാൻ കാരണമായ അവളുടെ  പരിഭവത്തേ ഓർത്തു. സിസേറിയനുള്ള സമ്മതപത്രം ഒപ്പിടുമ്പോഴും മനസ്സ് കൈവിട്ടു പോകാതിരിക്കാൻ കാരണം. പ്രതിസന്ധികളിൽ പതറാത്ത മനോധൈര്യം തന്നെയായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കിയെടുക്കാൻ  പാടുപെട്ടു.

"പ്രതിമയുടെ  ഭർത്താവാണോ...."
മുന്നിലൂടെ കടന്നു പോയ മനുഷ്യൻ ഒന്ന് നിന്ന് എന്നോട് ചോദിച്ചു.അതെയെന്ന് തലയാട്ടി ഞാൻ.  പേടിക്കേണ്ട സിസേറിയൻ കഴിഞ്ഞു അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു . സമയം 12:22. ആൺകുട്ടി.പറഞ്ഞ വാക്കുകൾ ശരിക്കും മനസ്സിലാവാതെ മന്ദബുദ്ധിയേ പോലെ ഞാൻ ചിരിച്ചു. ഡോക്റ്റർക്ക് നന്ദി പറഞ്ഞു. വേറെന്തെങ്കിലും ചോദിക്കും മുമ്പേ അയാൾ പോയിരുന്നു. അമ്മായിയപ്പനും മറ്റും വന്ന് ചോദിച്ചതിന് ആ ഡോക്ടർ പറഞ്ഞത് പോലെ തന്നെ ഇവരോടും പറഞ്ഞു. തീയേറ്ററിൻറെ വാതിൽ തുറന്നു തുണിയിൽ പൊതിഞ്ഞ കുഞ്ഞുമായി നേഴ്സ് വന്നു. വന്നപാടെ കുഞ്ഞിനെ അമ്മായിയമ്മ വാങ്ങി. തൊട്ടു പിന്നാലെ  പ്രതിയേയും കൊണ്ട് വന്നു . ഞാനവളുടെ അടുത്ത് ചെന്ന് കൈ പിടിച്ചു.  കൺ തുറന്നെന്നെ നോക്കി അനസ്തേഷ്യയുടെ  മയക്കത്തിൽ സ്പഷ്ടമല്ലാതെ പറഞ്ഞു. ആൺകുട്ടിയാണ് വിന്വേട്ടാ.... ഞാനവളുടെ മുഖത്ത് തലോടി കൊണ്ട് ചോദിച്ചു നീ കണ്ടോ.... കണ്ടെന്ന് മൂളി കൊണ്ട് തലയാട്ടി. പിന്നെ എന്നോട് ചോദിച്ചു വിന്വേട്ടൻ കണ്ടോന്ന്. അവിടെ ഒരു സീനുണ്ടാക്കാനുള്ള അവസ്ഥയല്ലാത്തതിനാൽ  മിണ്ടിയില്ല ഞാൻ കണ്ടോളാമെന്നു പറഞ്ഞു. പ്രതിയെ വാർഡിലേക്ക് കൊണ്ട് പോയപ്പോൾ ഞാൻ മെല്ലെ അവനടുത്തേക്ക് നടന്നു. എന്റെ മകനടുത്തേക്ക്.....

          ഇതാ .... ഇവിടെ നിന്നും പുതിയ അധ്യായം തുടങ്ങുകയാണ്. മനസ്സ് കൊണ്ട് ഏറേ കാത്തിരുന്നു കിട്ടിയതാണിവനേ. കൈയ്യിലെടുക്കുമ്പോൾ ഉണ്ടായ വികാരത്തെ ഇന്നും വാക്കുകൾ കൊണ്ട് വരയ്ക്കാനാവില്ല. കണ്ണുകളടച്ച്  ചുണ്ടുകൾ കൂട്ടി വച്ചുറങ്ങുന്ന സൈഡിലേക്ക് ചരിഞ്ഞിരിക്കുന്ന മുഖം  വല്ലാതെ സംശയിപ്പിച്ചു. മെല്ലെ തുണിയൊന്നു നീക്കി ആ മുഖമൊന്നു ശരിക്കു കണ്ടപ്പോൾ സംശയമില്ലാതെ തെളിഞ്ഞത് ക്ലീൻഷേവ് ചെയ്ത അച്ഛന്റെ മുഖമാണ്. വിനൂ നക്ഷത്രം ചിത്തിരയാണ് അമ്മയിയച്ഛൻ പറഞ്ഞു. അത് ഗംഭീരം.... എന്റെ അച്ഛനും ചിത്തിരയാണ്.ഒരു കാത്തിരിപ്പിനൊടുവിൽ കിട്ടിയ സമ്മാനമാണിത്.സമ്മാനം ഇരട്ടി മധുരത്തോടെ കിട്ടി. ഞാനവൻറെ ചെവിയിൽ ആരും കേൾക്കാതെ പറഞ്ഞു

.......താങ്ക്സ് അപ്പൂ......

2020, മാർച്ച് 25, ബുധനാഴ്‌ച

ഒരിക്കൽ കൂടി

അച്ചുവും, അപ്പുവും,കുഞ്ചുവും


കൺപോളകളിൽ പാടകെട്ടിയ ഉറക്കത്തിന്റെ ഉടുമുണ്ട് വലിച്ചുകീറി സൂര്യന് മുന്നിൽ നഗ്നനായി നിർത്തിയത്  സ്വന്തം  ഭാര്യാവിൻറെ പ്രഭാതഭേരിയായിരുന്നു. രണ്ടുമൂന്നു ദിവസം ഉറക്കമില്ലാത്ത യാത്രയുടെ അവസാനത്തിൽ ക്ഷീണം താരാട്ട് പാടി ഉറക്കിയതായിരുന്നു.കുറഞ്ഞത് ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന തിന്നുക ഉറങ്ങുക, ഉറങ്ങുക തിന്നുക പരിപാടിയിലൂടെ ക്ഷീണം തീർത്തു തടി വെടിപ്പാക്കി എടുക്കാനുള്ള ഭഗീരഥ പ്രയത്നം. ആ ഉറക്കത്തേയാണ് സ്വന്തം ഭാര്യ ഉപ്പൂറ്റി വിണ്ടുകീറിയ ചിരവ നാക്ക് പോലുള്ള കാലാൽ ചവിട്ടിപ്പായിച്ചത്.ഭേരി അടുത്ത വീട്ടിലെ അക്കയോടാണ്. ദൈവത്തിന്റെ മഹത്വമാണ് പ്രഘോഷണ വിഷയം.ബെസ്റ്റ് വിഷയം....

            കണ്ണ് മെല്ലെ തുറന്നു. ജനലൽ തുറന്നിട്ടിരുന്നു.ആ വഴിയാണ് സൂര്യൻ കേറി വിലസുന്നത്.ദിഗംമ്പര വേഷത്തിലുള്ള ഞാനെണീറ്റു മൂരി നിവർത്തി. ഇത്രയും പ്രായമായിട്ടും ഈ ചെക്കന് നാണം വന്നില്ലല്ലോന്നോർത്ത് സൂര്യൻ  മേഘങ്ങളിൽ മുഖം മറച്ചു. ഉടുമുണ്ട്  തപ്പിയെടുത്ത് തട്ടിക്കുടഞ്ഞുടുത്തു.  വയറ് കിടന്ന് പൈക്കീഞ്ചോ അടിക്കുന്നുണ്ട്.പല്ല് തേച്ചാൽ ഇരട്ടിയാവുന്ന വിശപ്പിനെ കുറിച്ച് ആലോചിച്ചപ്പോൾ അവളേയും ദൈവത്തേയും വലിച്ച് വാരി നിലത്തടിക്കാൻ തോന്നി.കാരണം ഭേരി മാത്രമേ കാണൂ. അടുക്കളയിൽ ഒന്നും ഉണ്ടാവില്ല.യാത്ര പോകുന്നതിനു മുമ്പ് സ്റ്റൗ കത്തിച്ചതാണ്. വിശക്കുന്നവന് മുമ്പിൽ അപ്പമായി ദൈവം പ്രത്യക്ഷപ്പെടുമെന്ന ബൈബിൾ വചനം ഞാൻ വെറുതെ ഓർത്തു. ചുമ്മാ.... ഒരു രസത്തിന്... 

ജോലി റിസൈൻ ചെയ്തു, ഇനിയെന്ത് എന്ന മട്ടിൽ ഫാനും നോക്കി കിടക്കുമ്പോൾ.  ചിന്തകൾ കാലു വെന്ത നായയെ പോലെ അന്തമില്ലാതെ പായുന്ന നേരം. ഫാൻ കറങ്ങുന്നതിനേക്കാൾ മൂളിച്ചയിൽ തലക്കുള്ളിലൊരു വണ്ട് മുരണ്ടു പറക്കുന്നുണ്ട്. ചിന്തകൾ കാടും കയറി നിബിഡ വനങ്ങളായി.വനത്തിനുള്ളിൽ നിന്നും വാടക,ലോൺ തുടങ്ങിയ സിംഹങ്ങൾ വന്ന് അലറി.അടിവയറ്റിൽ നിന്നും  ഹോമകുണ്ഡത്തിൽ നിന്നും തെള്ളിപ്പൊടി വാരിയെറിഞ്ഞ പോലെ ആളിക്കത്തി.മൂട്ടില് മുള വച്ച് കുത്തിയ പോലെ അറിയാതെ കസേരേന്ന് രണ്ടു പ്രാവശ്യം പൊങ്ങി ചാടി. അത്യാവശ്യം രണ്ടു മൂന്നാസനങ്ങൾ സ്കൂളു വഴി പഠിപ്പിച്ചത് കാണിച്ചു ആസനപ്പായ എന്നെ കൊണ്ട് വാങ്ങിപ്പിച്ച മൂത്ത പുത്രൻ ഞാൻ കസേരയിൽ ഇരുന്നു കാണിച്ച ആസനക്രിയ്യ കണ്ട് സകൂതം നോക്കി.കൊള്ളാമല്ലോ അച്ഛന്റെ  കസേരാസനമെന്ന് അത്ഭുതത്തോടെ വാ പിളർത്തി നിന്നു. 

                         ഇങ്ങനെ ജീവിതം മരുഭൂമിയിലെ ചൂട് പോലെ വളരെ സുഖ സമ്പൂർണ്ണമായി മുന്നോട്ട് പോകുന്ന  കാലത്താണ്, പെണ്ണുമ്പിള്ള വഴി ബന്ധുക്കാരൻറെ ഫാര്യവ് വക ഫോൺ കോളൊന്ന് മിന്നൽ പോലെ പറന്നിറങ്ങിയത്.  ടിയാത്തിയുടെ കത്തിയും കുശലവും കഴിഞ്ഞു ടിയാത്തി അവരുടെ സ്വന്തം ടിയാന്  ബാറ്റൺ കൈമാറി. അപ്പോഴാണ് ഇപ്പോൾ തന്നെ ലവര്  സ്നേഹം മൂത്ത് വിളിച്ചതിന്റെ കാര്യം തിരിഞ്ഞത്. പത്തഞ്ഞൂറ് കിലോമീറ്റർ അകലെയുള്ള ക്ഷേത്രദർശനം നടത്താൻ പോകുന്നു. ടിയാനും ടിയാന്റെ സ്വന്തം ഭാര്യയും മക്കളെയുപേക്ഷിച്ച്, മൈസൂരും ചുറ്റുവട്ട ജില്ലകളിലുള്ള സകല ദൈവങ്ങളുമായുള്ള കണക്ഷൻ കട്ടാക്കി അഞ്ഞൂറ് കിലോമീറ്റർ ദൂരത്തുള്ള ദൈവവുമായി പുതിയ കണക്ഷൻ സ്ഥാപിക്കാനുള്ള ആപ്ലിക്കേഷൻ കൊടുക്കാൻ പോകുന്നു,..... കൂടെ വരണം പോലും. അടിപൊളി.... പണിയില്ലാത്തവന്  പുലിപ്പാലിൽ കിട്ടിയ പണി.

കണവനായ എന്റെ എല്ലൊടിഞ്ഞതും,എല്ലൊടിഞ്ഞിട്ടും തീരാത്ത അഹങ്കാരത്തിൻ പുറത്ത് ജോലി രാജിവെച്ച് ഫാനും നോക്കി കിടക്കുന്നതും, പണ്ടേപ്പോലെ വിളിച്ചാൽ വിളിപ്പുറത്തുള്ള, ചുറ്റി നിൽക്കുന്ന അമ്പലങ്ങളിലെ ദൈവങ്ങളുടെ പവറ് കമ്മിയായോ എന്ന്  പ്രതിമ എന്നു പേരുള്ള  എന്റെ സ്വന്തം ഭാര്യ പ്രതി, പ്രതിമ പോലെ  ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ്  ഈ ഫോൺ കോൾ ഇടിത്തീയായി വന്നതെന്ന് എനിക്ക് മനസ്സിലായി. ദൈവവിളിയായി ഇതിനെ കാണണമെന്നും ദൈവം തന്നെയാണ് അവരെ കൊണ്ട് വിളിപ്പിച്ചതെന്നും, അല്ലെങ്കിൽ ഇത്രയും കാലം ഇല്ലാതെ അവർ ഇപ്പോൾ തന്നെ അമ്പലത്തിൽ പോകാൻ വിളിക്കേണ്ട കാര്യമില്ലെന്നും, അത് കൊണ്ട് ദൈവം അവരെ കൊണ്ട് വിളിപ്പിച്ചതാണെന്നും  ഫോൺ കട്ട് ചെയ്തു പെണ്ണൊരുത്തി കട്ടായം മൊഴിഞ്ഞു. കാശില്ലാത്തതാവുമ്പോൾ അപ്പോഴപ്പോൾ കരുതൽ ധനമെടുക്കാൻ സ്വന്തം റിസർവ് ബാങ്ക് ഇല്ലാത്തതിനാൽ, കളസം കീറീ നിൽക്കുമ്പോൾ  സ്വന്തം ഭാര്യക്ക് വന്ന ഈ ദൈവവിളി ഞാനും ദൈവവും തമ്മിലുള്ള ശത്രുത വീണ്ടും കൂട്ടി.

ദൈവം പോലുമറിയാതെ  ഞാൻ ഭാര്യാവുമായി നയതന്ത്ര ചർച്ച നടത്തി നോക്കി.പത്തഞ്ഞൂറു കിലോമീറ്റർ ചുറ്റി പോയി ആ ദൈവത്തേ കാണുന്നതിനേക്കാൾ നമ്മുടെ ചുറ്റുവട്ടത്തുള്ള ടോപ്പ് ദൈവങ്ങളുമായി ഒരു കൂടികാഴ്ച നടത്തുന്നത് നന്നായിരിക്കും. അത് മാത്രമല്ല ബുധൻ വ്യാഴത്തിന്റെ മേലെ വന്നതിനാലും, ശുക്രനിൽ ശനിയുടെ അപഹാരമുള്ളതിനാലും ശനിയുടെ മൂലസ്ഥാനം പോക്കറ്റിലേക്ക് മാറിയതിനാലും ഇപ്പോൽ മൈസൂരിലെ ദൈവങ്ങളുടെ പവ്വർ കഴിഞ്ഞ മാസത്തേക്കാൾ  ഇരട്ടി ആയതിനാൽ ദർശനം ഇവിടം ഉത്തമം.

കേട്ടതിൽ തത്ക്ഷണം പെമ്പിള ചീറി......

."ഇത്രയൊക്കെ ആയിട്ടും സകല ദൈവങ്ങളേയും  ചീത്ത വിളിക്കുന്ന സ്വഭാവം നിർത്താറായില്ലേ മനുഷ്യാ.... ഈ മനുഷ്യൻ എന്ന് നന്നാവും ദൈവമേ..... "

ഇനി എന്തെങ്കിലും പറയാൻ നിന്നാൽ 'കഥ കന്തലാവും' എന്ന തമിഴ് മൊഴിയോർത്തു കൊണ്ട്  കൂടുതൽ പറയാൻ നിൽക്കാതെ ദൈവത്തെ കാണാനുള്ള ബഡ്ജറ്റും ഇട്ട്  പാസാക്കുകയും ചെയ്തു. ഉടനടി അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുത്രന്മാക്ക് മൂന്നുദിവസം സ്കൂളിൽ പോകുന്നതിന്  അവധി പ്രഖ്യാപിച്ചു.പ്രഖ്യാപനം കേട്ട് സ്കൂൾ വിരോധികളായ എന്റെ രണ്ട് സന്താനങ്ങൾ തുള്ളിച്ചാടി ആർപ്പുവിളിച്ചു. അവധി പ്രഖ്യാപനം നടത്തിയ അമ്മക്ക് നന്ദിയോടെ സ്നേഹത്തോടെ 'കീ ജയ് 'വിളിച്ചു. തന്തയെന്ന പരിഗണനയിലും, സമാധാനമായി കേട്ടു നിന്നതിനാലും രണ്ടു 'കീ ജയ് 'എനിക്കും കിട്ടി.

      ഭാണ്ഡം മുറുക്കി പുറപ്പെടാൻ നിൽക്കുമ്പോൾ  ദാണ്ടേ വരുന്നു വേറൊരു കുരിശ്. അമ്മായിയപ്പനും അമ്മായി അമ്മയും കൂടെ വരുന്നെന്ന്. അടുത്ത ജംഗ്ഷനിൽ മുറുക്കാൻ വാങ്ങാൻ പോകണമെങ്കിലും ഓട്ടോ വിളിക്കാൻ പറയുന്ന അമ്മായിയമ്മയും അമ്മായിയപ്പനും. ഒരോട്ടോയിൽ അമ്മായിയമ്മ കയറിയാൽ പാവം തോട്ടി പോലുള്ള അമ്മായിയച്ചൻ ചുരുണ്ടു മടങ്ങി കയറിയിരുന്നാൽ പിന്നാർക്കുമില്ല സ്ഥലം,അതാണവരുടെ ഭൂമിശാസ്ത്രം. ഇവരുടെ വരവ് തീരുമാനമായതോടെ നൂറിൽ പിടിക്കാൻ ഉറപ്പിച്ചിരുന്ന സ്പീഡ് പൂജ്യം വെട്ടിക്കുറച്ചു പത്തിലേക്ക് മാറ്റി.ഇട്ട ബഡ്ജറ്റ് കമ്മി ബഡ്ജറ്റായി. മൊത്തത്തിൽ വെരി ഹാപ്പിയായി. അടിയന്തരമായി  ഞാനും പെണ്ണുമ്പിള്ളേം മീറ്റിങ്ങ് കൂടി രണ്ടു മൂന്ന് കാര്യങ്ങൾ പാസാക്കി.ഒന്ന്,ഒന്നോ രണ്ടോ ദിവസത്തേക്കുള്ള  പഴം, പച്ചക്കറി, ചപ്പാത്തി  തുടങ്ങിയവ കരുതുക. 

 യാത്ര പുറപ്പെടുന്നതിൻറെ തലേദിവസം രാത്രിയാണ് അടുത്ത ബോംബ് പൊട്ടിയത്. ശ്രീമതിയുടെ അനിയത്തിയുടെ മൂത്ത പുത്രനും കൂടെ വരുന്നുണ്ടെന്ന്. പേര് അച്ചു. ഓൾറെഡി രണ്ട് ന്യൂക്ലിയർ ബോംബ് കൊണ്ടു നടക്കുന്നവന് ഒരു ഹൈഡ്രജൻ ബോംബ് ഫ്രീ കിട്ടിയ അവസ്ഥയായി എന്റേത്.

എന്തായാലും വലിയ കുഴപ്പമില്ലാതെ സിഗന്ദൂരെത്തി കുളി കഴിഞ്ഞ് ദൈവത്തേ കാണാനുള്ള ക്യൂവിൽ എന്റെ രണ്ടേണ്ണത്തിനെ അണ്ടർ കസ്റ്റഡിയിലൊതുക്കി നിൽക്കുമ്പോഴാണ് ചില സംശയങ്ങൾ മുള പൊട്ടിയത്.അതേറയും  ഈ ദൈവത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാനുള്ള അടക്കാനാവാത്ത അഭിവാജ്ഞയുടെ പുറത്താണെങ്കിൽ എന്റെ പെണ്ണുമ്പിള്ളക്ക് ശുദ്ധ പോക്രിത്തരമായാണ്  തോന്നിയത്. അവളെന്നോട് പലപ്പോഴും കണ്ണുരുട്ടി കാണിച്ചു.എന്നിട്ടും അനിർഗ്ഗളം പ്രവഹിച്ച സംശയസരണി അവൾ നുള്ളി നിർത്തി.

      അവസാനം ദൈവത്തിന് മുന്നിൽ പെണ്ണുമ്പിള്ള കണ്ണടച്ച് പ്രാർത്ഥിക്കുന്നതിന് കാവലായി കവചമായി നിന്ന് കൊണ്ട് മുന്നിൽ നിന്ന രണ്ട് കൊച്ചു സൂര്യന്മാരെ  വായുവിൽ നിർത്തി ദൈവത്തിന് അവരെ കാണാൻ അവസരമുണ്ടാക്കി കൊടുത്തു.അതിനിടക്ക് കിട്ടിയ ഗ്യാപ്പിൽ ഞങ്ങൾക്ക് മുന്നിൽ  ദൈവവുമായിട്ട് ഡയറക്റ്റ് കോൺടാക്റ്റ് വരത്തക്കവണ്ണം എന്റെ രണ്ടു സൂര്യന്മാരേ ഞാൻ  നിർത്തി. അതിന് ശേഷം ദൈവത്തിന്റെ കാന്തിയെ പറ്റി പോക്കറ്റിൽ രണ്ടു കൈയ്യുമിട്ട് ഒരു വിഹക വീക്ഷണം നടത്തവേ, തൊഴുതു നിന്ന ശ്രീമതി ഇടങ്കണ്ണിട്ട് എന്നെയൊന്നു നോക്കി. ഇവിടെ വന്നിട്ടെങ്കിലും കൈകൂപ്പി പ്രാർത്ഥിക്ക് മനുഷ്യാന്നും പറഞ്ഞു ആറടി ഉയരത്തിലുള്ള  എന്നെ നാലരയടി ഉയരത്തിലുള്ള ലവള് മുട്ടുകൈ വച്ച് പൊക്കിളിന് താഴെ ഒറ്റത്തട്ട്....

നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു.... കണ്ണിൽ
നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു...... മുന്നിൽ 
നവരാത്രി കൽമണ്ഡപമൊരുങ്ങി.....

ദൈവമേ....... ദൈവത്തിന് നല്ല ബുദ്ധി വരണേന്ന് അപ്പോ തന്നെ പ്രാർത്ഥിച്ചു..... ആരായാലും പ്രാർത്ഥിക്കും, അതായിരുന്നു പ്രയോഗം.

  ക്ഷേത്രദർശനം കഴിഞ്ഞ് കഴിഞ്ഞ തിരിച്ചു പുറപ്പെടാൻ നിൽക്കുമ്പോഴാണ് വേറൊരു ബോർഡ് പെണ്ണുമ്പിള്ള യുടെ ശ്രദ്ധയിൽപ്പെട്ടത് മൂകാംബിക 55 കിലോമീറ്റർ മീറ്റർ. ഉടനേ ബന്ധുക്കളെല്ലാം ചേർന്നു അടിയന്തര യോഗം കൂടി തീരുമാനമെടുക്കുകയും റൂട്ട് മാപ്പ് തിരുത്തി യാത്ര മൂകാംബിക വഴി കൂടി ആക്കുകയും ചെയ്തു. മോങ്ങാനിരുന്ന പട്ടിയുടെ  തലയിൽ തേങ്ങാ വീണ സ്ഥിതിയായി. മൂകാംബികയോട് എനിക്കുള്ള സോഫ്റ്റ്‌ കോർണർ കൂടി മനസ്സിലാക്കിയാണ് സ്വന്തം ഭാര്യാവ് ഈ പദ്ധതി ആവിഷ്കരിച്ചത്.( ആ കഥ പിന്നെ പറയാം)

സൗപർണികയിലെ കുളിയും മൂകാംബിക ദർശനം കഴിഞ്ഞു യാത്ര ഹട്ടിയങ്കഡി  വഴി പോകണം എന്ന് കരുതിയെങ്കിലും സമയക്കുറവുമൂലം വെട്ടിക്കുറച്ചു. ട്രെയിൻ സമയത്തിന് തൊട്ടു മുമ്പാണ് കുന്താപുരം  റെയിൽവേ സ്റ്റേഷനിൽ എത്തിയത്.  മൈസൂരിലേക്കുള്ള ടിക്കറ്റെടുക്കുമ്പോൾ കശപിശ തന്നെ നടന്നൂ.  ഒരു കൺഫ്യൂഷനിലാൽ ഉണ്ടായ  വാക്ക് തർക്കത്തേ കുറിച്ച് സംസാരിച്ചു കൊണ്ട് ഞാനും ഭാര്യയും ലഗേജുമായി മുന്നോട്ടു നടന്നു. ഞങ്ങൾക്ക് മുന്നേ കൈകോർത്തു പിടിച്ചു കൊണ്ട് അപ്പുവും കുഞ്ചുവും. ഞങ്ങൾക്ക് പിന്നിലായി പ്രതിയുടെ ബന്ധുക്കളായ ദമ്പതികളും. അവർക്ക് പിന്നിലായി പ്രതിയുടെ അച്ഛനുമമ്മയും നടന്നുവരുന്നുണ്ട്. അനാവശ്യമായി റെയിൽവേ ഉദ്യോഗസ്ഥരുമായി ഉണ്ടായ കശപിശ ഒരുതരം മരവിപ്പാണ് മനസ്സിൽ ഉണ്ടാക്കിയത് അതുകൊണ്ടുതന്നെ ഞാനും പ്രതിയും സംഭവത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട്  റെയിൽവേ സ്റ്റേഷൻ അങ്ങേയറ്റത്തെക്ക് ഞങ്ങൾ നടന്നെത്തി. ഞങ്ങൾക്ക് പിന്നിൽ മറ്റുള്ളവരും.ട്രെയിൻ ഏതാനും നിമിഷങ്ങൾക്കുള്ളിൽ വരുമെന്ന് എന്ന അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ കേട്ടൂ.

എല്ലാവരുടെയും ബാഗ് ഒരിടത്തേക്ക് ഒതുക്കിവെച്ച്  മക്കളോട് രണ്ടാളും ട്രെയിനിലേക്ക് വളരെ പെട്ടെന്ന് കയറാനും, കൂടെ തന്നെ നിൽക്കണം എന്ന് പറയുകയും ചെയ്തു. അതിനുശേഷമാണ് ആണ് ഞാൻ അച്ചുവിനോട് ഇതുതന്നെ പറയാൻ വേണ്ടി തിരിഞ്ഞത്.
ഒറ്റ നോട്ടത്തിൽ കാണാത്തതിനാൽ കുറച്ചു മാറി നിൽക്കുന്ന അമ്മായിയപ്പനും അമ്മായിയപ്പനുമടുത്തേക്കും നോക്കി  കണ്ടില്ല. കണ്ണെത്തുന്ന ദൂരേയ്ക്ക് അച്ചുവിനെ കണ്ടില്ല. ഒരാന്തലോടെ ഞാൻ എല്ലാവരോടുമായി ഉറക്കെ ചോദിച്ചു  '"അച്ചു എവിടേന്ന്"'......   ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു ഇപ്രാവശ്യം മിസ്സിംഗ്  എന്റെ കൈക്കുമ്പിളിൽ നിന്നാണെന്ന്.

ബാഗവിടെയിട്ട് അപ്പോൾതന്നെ ഞാൻ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് ഓടാൻ തുടങ്ങി. ഓട്ടോയിൽ നിന്നും അവന്റെ കൈ പിടിച്ചിറക്കിയത് ഞാനാണ്. എനിക്ക് നല്ല ഓർമ്മയുണ്ട്.  പിന്നെ കൗണ്ടറിന് അടുത്തേക്ക്  നടന്നുവന്ന  അവനെ അമ്മായിയമ്മ  പിടിച്ചു മാറ്റുന്നതും നല്ല ഓർമ്മയുണ്ട്.  അതിനുശേഷം കൗണ്ടറിൽ നടന്ന കശപിശക്ക് ശേഷം ഞങ്ങൾ  അതേപ്പറ്റി സംസാരിച്ചു നടന്നു വരികയാണുണ്ടായത്. ഞാൻ കരുതിയത് എപ്പോഴും പോലെ അമ്മൂമ്മയും അപ്പൂപ്പനും അവനെ നോക്കുന്നുണ്ടെന്നാണ്. പിന്നീട് അവനെ ഞാൻ  അന്വേഷിക്കുന്നത് പ്ലാറ്റ്ഫോമിന് അങ്ങേത്തലയിൽ ചെന്നാണ്.

 കാരണങ്ങൾ പലതുണ്ട്. ഒന്ന് എന്റെ മക്കൾ ആയതു കൊണ്ടാവണം എന്റെ വീട്ടിലും ഭാര്യയുടെ വീട്ടിലും എന്റെ മക്കൾ രണ്ടാം സ്ഥാനക്കാരായിരുന്നു. പലപ്പോഴും അത് നേരിട്ട് കാണുമ്പോഴും കഴിയുന്നത്ര ക്ഷമിച്ചിരിക്കുന്നു അതുകൊണ്ട് തന്നെയാണ് ആരുടെ കൂടെയും എൻറെ മക്കളെ ഞാനെവിടേയും വിടാത്തത്. 
ഈ യാത്രയിലും പലവുരു ഇതുണ്ടായെങ്കിലും  സൗപർണികയിൽ വച്ച് നടന്ന സംഭവത്തോട്  ഞാൻ പൂർണ്ണമായും കുറച്ചു ദൂരത്തേക്ക് മാറി. അതുകൊണ്ട് തന്നെയാണ് കൂടുതൽ അച്ചുവിനെ ശ്രദ്ധിക്കാതിരുന്നതിനുള്ള കാരണം. വേണ്ടതിൽ കൂടുതൽ അളവിൽ അപ്പൂപ്പനും അമ്മൂമ്മയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ ഈ സമയത്ത്  എൻറെ മനസ്സിൽ അതൊന്നും അല്ലായിരുന്നു. എന്റെ കുഞ്ഞിനെ കാണാതായ  വേവലാതിയോടെ  ഞാനോടിയത്. തീവണ്ടി വളവു തിരിഞ്ഞു വരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. എൻറെ മനസ്സ് വല്ലാതെ നിലവിളിക്കുണ്ടായിരുന്നു.അവനെ ശ്രദ്ധിക്കാതിരുന്ന നിമിഷത്തെ ശപിച്ചു. എന്റെ ചിറകിനടിയിൽ നിന്നും  ഞാനറിയാതെ അവൻ   ഉതിർന്നു വീണത് എന്നെ ചുട്ടു നീറ്റി. എന്റെ ദേഹമാസകലം പുകയുന്നത് പോലെ,എന്നെ നാലുപാടും നിന്ന് എന്തോ കൂർത്ത നഖങ്ങൾ കൊണ്ട് മാന്തിപ്പൊളിക്കുന്നത് പോലെ തോന്നി.

എൻട്രൻസിനടുത്തേക്ക്  ഞനോടി എത്തുമ്പോൾ അച്ചുവിന്റെ   കൈപിടിച്ച്  ആരോ ഒരാൾ പുറത്തേക്ക് നടക്കുന്നു. യാതൊരു ഭാവഭേദവുമില്ലാതെ,കരച്ചിലില്ലാതെ അങ്കലാപ്പില്ലാതെ അവൻ അയാളോടൊപ്പം പോകുന്നു.  ആ പോക്ക് കണ്ടതും അന്നേരം വരെ എന്റെ മനസ്സിൽ തോന്നിയതിന് നേരെ എതിരാണ് തോന്നിയത്. സങ്കടത്തിനു പകരം കോപമാണ് ഇരച്ചുകയറിയത്. കൈ നിവർത്തി ചെക്കന്റെ ചന്തിക്ക് ഒറ്റ പെട കൊടുത്തു. ഇടതുകൈകൊണ്ട് ചന്തി തടവി നിൽക്കുന്ന അവനെ ചെവിയിൽ പിടിച്ചു എന്നിലേക്ക്  അടുപ്പിച്ചു. ഈ സമയം കൊണ്ട് തന്നെ അവനെ പുറത്തേക്ക് കൊണ്ടു പോയ ആൾ അപ്രത്യക്ഷമായി. തീവണ്ടി എൻഞ്ചിൻ ഞങ്ങളെ കടന്നു പോയി.ഒരു നിമിഷം കൂടി തിരിഞ്ഞു നോക്കി ഞാനവനെ തിരഞ്ഞു. കണ്ടില്ല.അച്ചുവിനെ എടുത്തു തോളത്തിട്ട് വീണ്ടും ഞാന് മെല്ലെ ഓടിത്തുടങ്ങി.ഈ ട്രെയിൻ തന്നെ പോകണം . അടുത്ത ട്രെയിൻ നാളെയാണ്.പ്ലാറ്റ്ഫോമിന് പകുതിയിൽ വച്ച് കണ്ടു. വയസ്സായ അമ്മായിയപ്പൻ ഓടിയെത്താൻ കഷ്ടപ്പെടുന്നു. 

ലഗേജ് എല്ലാം കയറ്റി എല്ലാവരെയും സീറ്റിൽ ഇരുത്തി ദീർഘനിശ്വാസം വിടുമ്പോഴും എന്റെ മനസ്സില് നടുക്കം വിട്ടു പോയിരുന്നില്ല. ഒരിക്കൽ പോലും മറ്റാരും അറിയരുത് എന്ന് ആഗ്രഹിച്ചിരുന്ന പഴയ  കെങ്കേരി റെയിൽവേ സ്റ്റേഷനിലെ സംഭവം പ്രതി എല്ലാവരോടുമായി പറഞ്ഞു.  തീവണ്ടി പായാൻ തുടങ്ങി. പ്രതി മെല്ലെ എന്നിലേക്ക് ചാഞ്ഞു കൊണ്ട് എന്റെ ഓപ്പറേഷൻ ചെയ്ത പാടിൽ തടവി കൊണ്ട് ചോദിച്ചു "വേദനയുണ്ടോ..."  ഇല്ലെന്ന് തലയാട്ടി കൊണ്ടവളെ  ഞാൻ ചേർത്ത് പിടിച്ചു. മറ്റാരും കേൾക്കാതെ ഞാനവളോട് പറഞ്ഞു. കുറഞ്ഞത് ഒരു പത്ത് സെക്കന്റ് താമസിച്ചിരുന്നെങ്കിൽ അച്ചുവിന്റെ നമുക്ക് തിരിച്ചു കൊടുക്കാൻ കഴിയുമായിരുന്നില്ല. അവൾ ഞെട്ടിയത്  എന്റെ നെഞ്ചിലറിഞ്ഞു. ഞാനവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു മക്കളെ നോക്കി. പുറംകാഴ്ചകളുടെ  വിസ്മയങ്ങൾ കാണുന്ന രണ്ട് സൂര്യന്മാർ. ഞാൻ അച്ചുവിന്റെ നോക്കി അപ്പൂപ്പന്റെ മടിയിൽ തലയും അമ്മൂമ്മയുടെ മടിയിൽ കാലും വച്ചു ഉറങ്ങുന്നവൻ.  മനസ്സിനുള്ളിൽ ഒരു ആശ്വാസം  തോന്നുന്നുണ്ടെങ്കിലും വല്ലാത്ത ഒരു നടുക്കം എന്നിലിപ്പോഴും ബാക്കിയുണ്ട്.

      
       


2020, ഫെബ്രുവരി 22, ശനിയാഴ്‌ച

....കുറുമ്പന്മാർ....

ഓരോ ഞായറാഴ്ചയും ഇപ്പോൾ ഓട്ടപ്പാച്ചിലാണ്....

രണ്ടു മണിക്ക് ഡ്യൂട്ടി തീർന്നാൽ നാലുമണിയുടെ ട്രെയിനിൽ വീട്ടിലെത്താനുള്ള മരണപ്പാച്ചിൽ.

അപ്പുവിനെ അടുത്തു കിടത്തിയിട്ട് അവന്റെ തലയിൽ തലോടാൻ, കുഞ്ചൂനെ നെഞ്ചിൽ കിടത്തി കളിപ്പിക്കാൻ അവരറിയാതെ അവരുടെ കുസൃതികൾ കാണാൻ, അവരെപ്പറ്റിയുള്ള കുറ്റപത്രം അവരുടമ്മ പറയുമ്പോൾ ചെറുചിരിയോടെ കേട്ടിരിക്കാൻ, എന്തിനേറെ എവിടെയോ വച്ച് മറന്നു പോയ എന്റെ കുട്ടിക്കാലത്തിൻറെ ഓർമ്മപൊതി തേടാനായിട്ടുള്ള ഓട്ടപ്പാച്ചിൽ.അത്യാവശ്യം പരുക്കനായ അച്ഛനാകാൻ ഞാൻ ശ്രമിക്കാറെങ്കിലും മക്കളുടെ കാര്യത്തിൽ ഭീരുവായ അച്ഛനാണ് ഞാനെന്ന് എനിക്കറിയാം. ചില കാര്യങ്ങളിൽ മക്കളുടെ കാര്യത്തിൽ കൂടുതൽ ധൈര്യം അവരുടെയമ്മക്കാണ്.

കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ അപ്പുവിനെ അവൻറമ്മ വിട്ടാൽ എനിക്ക് ശ്വാസം മുട്ടൽ തുടങ്ങും. കണ്ണിൽ നിന്ന് മറയുന്നത് വരെ അവനറിയാതെ ഞാൻ നോക്കി നിൽക്കും. പിന്നൊരു തരം എരിപൊരി സഞ്ചാരമാണ് ഇടക്കിടെ പെണ്ണുമ്പിള്ള കാക്ക കണ്ണിട്ടു നോക്കി എന്നെ എരിവ് കേറ്റും. ഇത് കാണുമ്പോൾ എനിക്ക് കണ്ട്രോൾ തെറ്റും. (ഇതിന് വേണ്ടി തന്നെയാണോ അവളീപ്പണി കാണിക്കുന്നത് എന്നൊരു സംശയം ഇപ്പോൾ ഇല്ലാതില്ല)

"നിനക്ക് കടയിൽ പോയിക്കൂടേ ....."

എന്നൊരു ചോദ്യം എന്റെ വായീന്ന് പുറത്തോട്ടിറങ്ങേണ്ട താമസം അവളിലെ പെൺപുലി പുറത്തിറങ്ങി ചീറും....

""കുട്ടികളായാൽ പുറത്തിറങ്ങി കടയിൽ പോയി സാധനങ്ങൾ വാങ്ങിച്ചും മറ്റു കുട്ടികളുടെ കൂടെ കളിച്ചും ഒക്കെ തന്നെയാണ് വളരേണ്ടത്.അതല്ലാതെ വീട്ടിലടച്ചിട്ടല്ല.ഞങ്ങളൊക്കെ അങ്ങനെയാണ് വളർന്നത്""

ശരിയാണ്.... എനിക്ക് മക്കളെ പുറത്ത് ഒറ്റയ്ക്ക് വിടാൻ ഭയമാണ്. അവർക്ക് ഫുട്ബോൾ കളിക്കാനും,സൈക്കിളോടിക്കാനും, ക്രിക്കറ്റ് കളിക്കാനും കൂടെ ഞാനും പോകും. എന്തെങ്കിലും പറ്റിയാൽ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതെന്റെ ഭയം . എന്നാൽ അവന്മാരുടമ്മ അവന്മാരെ കളിക്കാൻ വിട്ട് മുകളിൽ നിന്നും നോക്കി നിൽക്കും.അവനമാര് വിണാലും,ഇടിച്ചാലും,മുറിഞ്ഞാലും സാധാരണമാണ് എന്നാണ് ഭാവം.നീ ശ്രദ്ധിക്കാത്തത് കൊണ്ടാണ് അപകടം ഉണ്ടായത് എന്നുപറഞ്ഞ് കലമ്പിയാൽ

"മക്കളായാൽ കളിക്കുകയും, വീഴുകയും,മുറിയുകയും ഒക്കെ ചെയ്യുന്നത് പതിവാണ്....."തുടർച്ച പിന്നാലെ വരും

"ഇല്ലെങ്കിൽ ഒരു കാര്യം ചെയ്യൂ.... നാളെ മുതൽ മക്കളുടെ കൂടെ നിന്നോ.... " അത്രയും ക്ഷമ എനിക്കില്ലെന്നറിയാവുന്ന എന്റെ സ്വന്തം ഭാര്യാവ് വജ്രായുധം പുറത്തെടുക്കും.

ഞാനൊതുങ്ങും, ചുമ്മാ ഇവളോട് പറഞ്ഞിട്ട് കാര്യമുണ്ടോ...
മിണ്ടാതിരിക്കാം... അതാ നല്ലത്.... നമ്മളുടെ പഴേ തരികിട കേട്ടാൽ ഇവരൊക്കെ ഓടിയവഴിക്ക് പുല്ല് മുളക്കില്ല. ഇങ്ങനെയൊരുത്തനെയാണല്ലോ കെട്ടിയത് എന്നറിഞ്ഞ് ഡൈവേഴ്സ് വല്ലതും തന്നാൽ അടുത്തൊരു കുരിശിനെ തേടേണ്ടത് പങ്കപ്പാടാണെന്നത് കൊണ്ട് നമ്മുടെ ഡയലോഗ് കടിച്ചമർത്തി ചെക്കന് പോയ ദിക്ക് നോക്കി ലക്ക് കെട്ട് നിൽക്കുമ്പോൾ ...

"അവനല്ലെങ്കിലും പേടിയാണ്. ഞാം പോയി നോക്കട്ടെ അച്ഛാ..."

അടിപൊളി....!!!

ഇത് ലവനാണ്...

ലവന്റെ അനിയനാണ്....
കുശനാണ്....

എന്റെ കുഞ്ചുവാണ്...

സംഭവം കടുകിൻറത്രേ ഉള്ളെങ്കിലും വായിൽ നിന്നും വരുന്നത് കുറഞ്ഞത് കടുവടത്രേം മാത്രേ പുറത്തു വരത്തൊള്ളൂ..... കൈയ്യിലിരിപ്പും അതുപോലെതന്നെ ,ലോകത്താരേം മൈൻഡ് ചെയ്യാത്ത തെരുവ് പട്ടികൾ കുഞ്ചപ്പനെ ഒന്ന് നോക്കിയേ പോകാറുള്ളൂ. ചോദ്യചിഹ്നം പോലുള്ള വാലോ, കൂർത്ത പല്ലോ അവന് വിഷയമല്ല കൈയിൽ കിട്ടിയത് വച്ച് വീക്കും കുഞ്ചു.

നാലാം വയസ്സിലെ നട്ടഭ്രാന്തിൻറെ നടപ്പിലാണ് കുഞ്ചു. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വരുന്ന വഴി ഷൂ കാലിലിട്ട് ബോറടിച്ച കുഞ്ചപ്പൻ ഒരു ചെയ്ഞ്ചിന് വേണ്ടി ഷൂ അഴിച്ച് കൈയിൽ പിടിച്ച് വെറും സോക്സ് വോക്ക് നടത്തി.

അടിപൊളി.......

ഷൂ കൈയിൽ കേറിയതിൻറെ ആവേശത്തിൽ അഞ്ചാറ് പഞ്ച് ചളുക്കോ പളുക്കോന്ന് വായുവിൽ പഞ്ചി ഹാപ്പിയായി. ഇതെല്ലാം കണ്ട് റോഡരികിൽ നിൽക്കുകയായിരുന്ന കുറുമ്പത്തി പെണ്ണ് അവളുടെ ബോറടി മാറ്റാൻ വീടിനകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

"അമ്മേ.... ഒരു ചെക്കനെന്നേ ഷൂ ഊരി തല്ലാൻ വരുന്നു,....."

കേൾക്കണ്ട താമസം കുറുമ്പത്തിയുടെ മാതാശ്രീ ശൂർപ്പണഖ ഒന്ന് പ്രത്യക്ഷപ്പെട്ടു. പ്രതിയോഗി ഒരു ശിശുവായതിനാൽ ഉടൻ തന്നെ "കെട്ടിപ്പോട്ടിടുവേൻ..." എന്നലറി....
അലർച്ച കേട്ട് താടക വേറോന്ന് പുറത്തു ചാടി ഗ്വാ.. ഗ്വാ ... തുടങ്ങി... ഇതെല്ലാം കണ്ട് എന്താണ് സംഭവിച്ചതെന്ന് പിടകിട്ടാതെ കിളിപോയി വാ പൊളിച്ചു നിൽക്കുന്ന കുഞ്ചപ്പനേം പൊക്കിയെടുത്ത് എന്റെ പാവം ഭാര്യ ഓടി തടി കയിച്ചിലാക്കി. അവസാനം ഇപ്പോൾ എളുപ്പവഴി വിട്ട് കിലോമീറ്ററു ചുറ്റി പോകാൻ തുടങ്ങി.

വെറുതെ പോകുന്ന മാരണം ഏണി വച്ചു പിടിച്ചോണ്ടു വരുന്ന കുഞ്ചൂവിനെ അപ്പൂനേ തേടാൻ വിട്ടാൽ മിക്കവാറും ഒരു പഞ്ചായത്ത് മുഴുവൻ പരാതിയുമായെത്തും എന്ന് ചിന്തിച്ചു കൊണ്ടിരിക്കേ, അപ്പു റോഡിന്റെ വളവിൽ നിന്ന് പ്രത്യക്ഷപ്പെടും.ഭയന്ന് ഭയന്നാണ് വരവ്, റോഡിന് വലത് വശം നിൽക്കുന്ന പശുവിന് നൂറ് മീറ്റർ മുമ്പേ വച്ചേ അപ്പൂട്ടൻ ഇടത് വശം ചേർന്ന് നടക്കാൻ തുടങ്ങും.ഒരു വയസ്സുള്ള കൊച്ച് ഉറക്കെ തുമ്മിയാൽ നാല് കാലും പറിച്ചോടുന്ന ഉണക്കപശു പുരികമുയർത്തി അപ്പുവിനെ നോക്കും.എന്നിട്ട് വേണോങ്കിൽ കണ്ടോടാ ലോകത്തിൽ എന്നെ പേടിക്കാനും ഒരുത്തനുണ്ടെടാ എന്ന് ഭാവത്തോടെ ചുറ്റും നോക്കും.അപ്പു പ്രാണനും കൊണ്ടോടി വീട്ടിലെത്തും.അതല്ല പശുവിന് പകരം പട്ടിയാണെങ്കിൽ അപ്പൂം പട്ടിയും മുഖത്തോട് മുഖം നോക്കി കുറച്ചു നേരം നിൽക്കും. പട്ടിക്ക് കൺഫ്യൂഷൻ എന്താണെന്നാൽ തിരിഞ്ഞോടിയാൽ എറിയുമോ നേരെ ഓടിയാൽ എറിയുമോന്നാണ്.അപ്പൂന് കൺഫ്യൂഷൻറെ പ്രശ്നമില്ല ,പട്ടി നോട്ടം മാറ്റിയാൽ തന്നെ ഓടി വീട്ടിലെത്താന്നാണ് തീരുമാനം .ഏറെ നേരത്തെ നിൽപ്പിന് ശേഷം ധൈര്യവാനായ പട്ടി ഒരു സ്റ്റെപ്പ് മുന്നോട്ട് വച്ച് അലസമായി അങ്ങോട്ടുമിങ്ങോട്ടും നോക്കും. അപ്പു അപ്പോഴേക്കും ഓൺ യുവർ മാർക്സ് പറഞ്ഞിട്ടുണ്ടാവും. ഒരു ചുവട് മുന്നോട്ട് വച്ചിട്ടും കല്ലിന് കാറ്റു പിടിച്ച പോലെ ധൈര്യവാനേ കണ്ട പട്ടിയുടെ കിളി കൂടടക്കം പറന്നു പോയതോടെ ഒരു ചുവട് കൂടി വച്ച് ഏത് വഴി ഓടാമെന്ന് ചുറ്റും നോക്കി.അപ്പു കണ്ണൊന്നു കൂർപ്പിച്ചു ചെരുപ്പിൽ കാലൊന്ന് തള്ളി തിരുകി 'സെറ്റ് ' പറഞ്ഞു കഴിഞ്ഞു.ഇനി നിന്നാൽ പന്തികേടാണെന്ന് തോന്നിയ പട്ടി ഒന്ന് മോങ്ങി കൊണ്ട് വാല് കാലിന്നടിയിലേക്ക് താഴ്ത്തി റോഡിനു വലത് വശത്ത് കൂടേ പ്രാണനും കൊണ്ട് പാഞ്ഞു. ഏതാണ്ടാ സമയം തന്നെ അപ്പു അലറി കൊണ്ട് ഇടത് വശം വഴി ഓട്ടം തുടങ്ങി കഴിഞ്ഞു. അലർച്ച കേട്ട് നല്ല ജീവൻ പോയ പട്ടി റോക്കറ്റ് വേഗത്തിൽ പൊടി പറത്തി വളവ് തിരിഞ്ഞ് കാണാതാവും.ഗേറ്റടച്ച് കിതാപ്പാറ്റി കൊണ്ട് വരുന്ന അപ്പൂട്ടനെ ഉള്ളിലെ കോപം മറച്ച് ഞാൻ നോക്കും. ബീഫ് സ്റ്റാളിൽ വച്ച ഐസ്ക്രീം പോലെ ,എനിക്കുണ്ടായ കന്നി സന്താനത്തിന് ധൈര്യം പകരാൻ എന്താ ചെയ്യേണ്ടതെന്നറിയാതെ ഞാനവന്റെ തലമുടിയിലുടെ തലോടി ചേർത്ത് പിടിക്കും.

തിളച്ചു മറിയുന്ന ദേഷ്യത്തോടെ ഭാര്യാവിനോട് ഞാൻ തട്ടിക്കയറും.
"ഇപ്പോ തന്നെ ആ പട്ടി കടിച്ചിട്ടുണ്ടാവും",
അല്ലെങ്കിൽ
"പശു കുത്തിയിട്ടുണ്ടാവുമായിരുന്നു" എന്നു പറഞ്ഞാൽ
ഉദാസീനത ഭാവത്തോടെ മറുപടി അടുക്കളയിൽ നിന്ന് പൊഴിയും
"ആ കറുത്ത പട്ടിയല്ലേ..... അതിനെ ആരും കടിക്കല്ലേന്നും പറഞ്ഞാ അത് നടക്കണത്..... അവനാ പട്ടിയെ കണ്ട് ഓടിയിട്ടുണ്ടാവും....."
അല്ലെങ്കിൽ
"ആ ചാവാലിപശുവല്ലേ..... താഴത്തെ ചെറിയ കൊച്ച് ... വാ..വാ... എന്ന് വിളിച്ചാലേ അപ്പുറം വഴി ഓടി പോകണതാ അത്, അതിനെ പേടിച്ചോടാൻ അവനോട് ഞാൻ പറഞ്ഞോ....."

വളരെ നിസ്സാരമായി ഇവളിത് പറയുന്നത് കേൾക്കുമ്പോൾ പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. ഇവൾക്കുള്ള പാതി ധൈര്യം എനിക്കില്ലേ.... ഒരു സംശയം. പലപ്പോഴും ഫോൺ ചെയ്യുമ്പോൾ ചോദിക്കും

"മക്കളെന്തിയേ...?"

"അവരവിടെ കളിക്കുന്നു...."

എന്നുത്തരം എന്നെ വല്ലാതെ അരിശം പിടിപ്പിക്കും. വീണ്ടും ഞാൻ നിർത്തി നിർത്തി ചോദിക്കും എന്താണ് ചെയ്യുന്നത് എന്ന്.... അത് നോക്കിയിട്ട് പറയാം എന്നാവും അപ്പോഴാണ് മക്കൾസ് കളിക്കുക എന്നപേരിൽ നടത്തുന്ന വിക്രസുകൾ ആളുടെ ശ്രദ്ധയിൽ പെടുക.പിന്നവിടെ ലാത്തിച്ചാർജ്, കണ്ണീർ വാതകം, ജലപീരങ്കി ...മൊത്തത്തിൽ എല്ലാരും ബിസിയാകും...

ഇതൊക്കെയാണ് മിക്കവാറും കലാപരിപാടികൾ.ഇതെല്ലാം കാണാനും, കേൾക്കാനും, അനുഭവിക്കാനും, പിന്നെ ഒറ്റക്ക് കിടക്കുമ്പോൾ ഓർത്തോർത്തു ചിരിക്കാനും,ജീവിക്കാനുള്ള കൈമുതലുകളാണ്. ഇതൊക്കെ അനുഭവിക്കാനുള്ള. ഓട്ടപ്പാച്ചിലാണ് ഞാറാഴ്ചയിലേത് .

അപ്പോൾ പറഞ്ഞു വന്നത് പറയാം.....

ഏറ്റവും ഉറക്കെ വോളിയത്തിൽ പാട്ടും വച്ച് ഇയർസെറ്റും തിരുകി, തോളിൽ ബാഗും തട്ടിക്കയറ്റി,ഇടംവലം നോക്കാതെ പരാമാധി സ്പീഡിൽ വച്ച് പിടിക്കും. മിക്കവാറും ടൈം ഷെഡ്യൂൾ വച്ചാണ് പോകുന്നതും വരുന്നതും.ഏതെങ്കിലും ഒരിടത്തും മിസ്സായാൽ എല്ലാം പാളം തെറ്റും.വിചാരിച്ച സമയത്ത് എത്താൻ കഴിയില്ല. ആയത് കൊണ്ട് തന്നെ ശ്രദ്ധ തിരിയുന്നിടത്ത് നിന്ന് കഴിവതും നോട്ടമെത്തിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്.പിന്നെ ഞാനെവിടെ പോയാലും എന്നെ തേടി എന്തെങ്കിലും ഒരു മാരണം എട്ടിന്റെ പണിയുടെ രൂപത്തിൽ എന്നെ കാത്തിരിക്കുന്നുണ്ടാവും.

നൈസ് റോഡ് വഴി കെങ്കേരി ബസ്സ്റ്റാൻഡിൽ എത്തിയപ്പോഴേ മൂന്നേമുക്കാൽ. ബാക്ക്ഗേറ്റ് വഴി നടന്നെത്തിയാൽ തന്നെ പത്ത് മിനിറ്റ് സമയമുണ്ട് ട്രെയിൻ വരാൻ.തോളിലെ ബാഗ് ശരിയാക്കി ലിബർട്ടി ഷോറൂമിന്റെ ഇടത് വശം വഴിയുള്ള റോഡിലേക്ക് തിരിയുന്നതിനിടക്കാണ് വലത് വശത്തുള്ള ഓട്ടോ സ്റ്റാൻഡിനടുത്ത് ഒരു പയ്യൻ കരഞ്ഞോണ്ട് നിൽക്കുന്നത് കണ്ടത് ഏകദേശം അപ്പുൻറെത്രയുണ്ട് പയ്യൻ.കൈയിൽ ഒരു കവറ് പിടിച്ചിട്ടുണ്ട്. മനസ്സിലൊരു മുള്ള് കോറിയെങ്കിലും ഒറ്റ നോട്ടത്തിനപ്പുറം നിന്നാൽ പണിപാളുമെന്നുറപ്പുള്ളതിനാൽ കാൽ വലിച്ച് വച്ച് തന്നെ നടന്നു.ആ പയ്യനടുത്ത് ആരേയും കണ്ടില്ലല്ലോ ഞാനോർത്തു കൊണ്ടൊരിക്കൽ തിരിഞ്ഞു നോക്കി. ഇല്ല ... ആരുമില്ല.....

ആദ്യത്തെ വളവ് തിരിഞ്ഞപ്പോൾ തന്നെ ഫോൺ റിംഗ് ചെയ്തു . ഭാര്യയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയോ എന്നറിയാൻ വിളിച്ചതാണ്.സംസാരിച്ചു കൊണ്ട് തന്നെ സ്റ്റേഷനടുത്തെത്തി.കോൾ കട്ട് ചെയ്തു റെയിൽവേ സ്റ്റേഷൻ ബാക്ക് ഗെയിറ്റിൻറെ ബാരിക്കേഡുകൾ കടക്കുമ്പോഴേ കണ്ടും നാലാമത്തെ പ്ലാറ്റ് ഫോമിൽ നിന്നും ഒന്നുരണ്ട് പേർ രണ്ടും മൂന്നും ഒന്നിച്ചുള്ള പ്ലാറ്റ്ഫോം നോക്കി സ്റ്റേഷൻറെ അങ്ങേത്തലയിലേക്ക് കൈചൂണ്ടി ഉച്ചത്തിൽ സംസാരിക്കുന്നു.ഞാനാദ്യം കരുതിയത് ആരോ ഇപ്പോൾ പോയ ട്രൈനിന് തല വച്ചെന്നാണ്.ഒറ്റ നോട്ടത്തിൽ പാളത്തിൽ ബോഡി ഒന്നും കാണാത്തത് കൊണ്ടും, പിന്നെ മരണമാണ് നടന്നെതെന്നാൽ സാധാരണ കന്നഡികരുടെ ശബ്ദം താഴുകയാണ് ചെയ്യാറ് എന്നുള്ളത് കൊണ്ടും സംഭവം തല വച്ച കേസല്ലെന്നുറപ്പായി. ഇനി കൈ വച്ച കേസാണോ.സ്ത്രീകൾ ആരുംതന്നെ വളരെ ശബ്ദത്തിൽ സംസാരിച്ചു കൊണ്ട് നിൽക്കാത്തത് കൊണ്ട് ഉണ്ട് അതല്ല ഉറപ്പായി.

പ്ലാറ്റ്ഫോമിൻറെ അവസാനത്തിൽ പേരക്കയും മറ്റും വിൽക്കുന്ന ഒരു വയസ്സായ സ്ത്രീയുണ്ട്.അവരുടെ സ്ഥിരം കസ്റ്റമർ ആണ് ഞാൻ. ആ സ്ത്രീയും കാര്യഗൗരവമായ എന്തോ ചർച്ചയിൽ മുഴുകിയതിനാൽ ഞാൻ എത്രയും പെട്ടെന്ന് ഇന്ന് പ്ലാറ്റ്ഫോമിൽ നടു ഭാഗത്തേക്ക് നടന്നു. കെങ്കേരി എന്നെഴുതിയ ബോർഡും കടന്ന് മുന്നോട്ടു പോകുമ്പോൾ ഒരു ഒരു ഗർഭിണിയായ സ്ത്രീ നിൽക്കുന്നു. തൊട്ടടുത്തുതന്നെ വേറൊരു പയ്യനും ഏകദേശം പത്തു വയസ്സിനു മുകളിൽ പ്രായമുള്ള ഒരു പയ്യൻ കയ്യിൽ ഒരു കവറും പിടിച്ചിട്ടുണ്ട്. ചുറ്റും ഒരുപാട് പേർ ഉണ്ടെങ്കിൽ തന്നെയും അവരെല്ലാം അവരവരുടേതായ ലോകത്താണ്. കുറച്ചുപേർ വട്ടം കൂടിയിരുന്നു അവരുടെ കുടുംബവിശേഷങ്ങൾ മറ്റു കൈമാറുന്നു.കുറച്ചുപേർ ഉദാസീനമാരി കടല കൊറിച്ച് ചെവിയിൽ ഹെഡ് സെറ്റും തിരുകി അവരുടെ ലോകത്താണ്. വേറെ ചിലർ പേരക്കയും തിന്നു ട്രൈനോളം ക്ഷമയറ്റ് ട്രൈനിനായ് കാത്തിരിക്കുന്നു. ഈ ലോകത്ത് തന്നെയാണ് നിറഞ്ഞ അങ്കലാപ്പുമായി ഒരു ഗർഭിണിയുംകരഞ്ഞു കൊണ്ട് ഒരു പയ്യനും നിൽക്കുന്നത്. ഒന്നോ രണ്ടോ പേർ മാത്രമാണ് അവരിൽ നിന്നും കുറെ ദൂരം വിട്ടു നിന്നു കൊണ്ട് അവരോടായി സംസാരിക്കുന്നത്.എന്തോ സംഭവിച്ചിട്ടുണ്ട്. പയ്യനേ ചൂണ്ടിക്കാട്ടി ഗർഭിണി മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നുണ്ട്.കരച്ചിലിനിടക്കും ആ പയ്യൻ മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഏങ്ങലോടെ മറുപടി പറയുന്നത് കണ്ടു.

യതൊന്നും ശ്രദ്ധിക്കാതെ കടന്ന് പോകാൻ വിവേകം പറഞ്ഞെങ്കിലും പ്രശ്നങ്ങളെ അങ്ങോട്ട് തേടി ചെല്ലാനുള്ള സഹജമായ സ്വഭാവം എന്നെ അവരുടെ അടുത്തേക്കാണ് കൂട്ടികൊണ്ട് പോയത്. ചെവിയിൽ നിന്നും ഹെഡ്സെറ്റ് എടുത്തു മാറ്റി. കരയുന്ന പയ്യൻ ഏതോ അദൃശ്യ കരം കൊണ്ട് എന്നെ അവനിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. ഒരുപക്ഷേ കുഞ്ഞുങ്ങളിൽ എല്ലാം തന്നെ എന്റെ മക്കളെ കാണാൻ കഴിയുന്നത് കൊണ്ടാവണം.എവിടെയോ എന്തോ ഒന്ന് ഹൃദയത്തിൽ കൊളുത്തി വലിക്കുന്നുണ്ട്.പക്ഷേ അതെന്താണെന്ന് തിരിച്ചറിയാൻ കഴിയാതെ ഒരു ഭാരമായി എന്നിൽ വീർപ്പുമുട്ടുന്നുണ്ട്.വേണമെങ്കിൽ എനിക്ക് ഇതെന്നെ ബാധിക്കുന്നതല്ലെന്ന് കരുതി മുന്നോട്ട് പോകാം, പക്ഷേ കഴിയുന്നില്ല. കഴിയാവുന്ന രീതിയിൽ സൗമ്യതയോടെ ഞാൻ ഗർഭിണിയോടായി കാര്യങ്ങൾ ചോദിച്ചു.

മണ്ഡ്യയിൽ നിന്നും കയറിയ രണ്ടാൺമക്കളും അമ്മയും.
തൊട്ടയൽ ഗ്രാമക്കാരായ ഗർഭിണിയും ഭർത്താവും.ട്രൈയിൻ യാത്രയുടെ വിരസച്ചൂടിനെ കൊച്ചു കുസൃതികൾ കൊണ്ട് രസകരമാക്കുന്ന രണ്ടാൺമക്കളും അവരുടെ അമ്മയുമായി ഗർഭിണിയും ഭർത്താവും സ്നേഹാത്മകമായ ആത്മബന്ധം ഉടലെടുക്കുന്നു.അങ്ങനെ മനോഹരമായ യാത്രക്ക് അവസാനം കെങ്കേരിയിൽ എല്ലാവരും ഇറങ്ങുന്നു. ഇപ്പോഴിവിടെ കരഞ്ഞ് കൊണ്ട് നിൽക്കുന്ന ഏട്ടനരികിൽ തന്നെയാണ് അനിയനും ട്രൈനിറങ്ങി നിന്നതും, ഒന്നിച്ചു പ്ലാറ്റ്ഫോമിലൂടെ നടക്കാൻ തുടങ്ങിയതും.ഏകദേശം പ്ലാറ്റ്ഫോമിൻറെ അവസാനത്തിൽ എത്തിയപ്പോഴാണ് അനിയൻ കൂടെയില്ലെന്ന് ഏട്ടൻ തിരിച്ചറിയുന്നതും, എല്ലാവരേയും അറിയിക്കുന്നതും.ഒരു നിമിഷത്തേ അന്ധാളിപ്പിനു ശേഷം എല്ലാവരും കുഞ്ഞിനേ പ്ലാറ്റ്ഫോമിൽ അങ്ങോളമിങ്ങോളം തേടിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ തകർന്ന മനസ്സോടെ മൂത്തമകനെ കെട്ടിപ്പിടിച്ചു വലിയ വായിൽ നിലവിളിച്ച് കരയുന്ന ആ പാവം അമ്മ കാണികളിൽ ആരുടെയോ വാക്കും കേട്ട് മുത്തമകനേ ഗർഭിണിയേ ഏൽപ്പിച്ചു റെയിൽവേ പോലീസിൽ പരാതിപ്പെടാൻ പോയിരിക്കുന്നു കൂടെ ഗർഭിണിയുടെ ഭർത്താവും.

ജീവിതത്തിൽ ആദ്യമായി റെയിൽവെയുടെ മൈക്കിൽ നിന്നും തീവണ്ടിയുടെ അറിയിപ്പല്ലാതെ വേറൊരു അറിയിപ്പു കേട്ടു.മണ്ഡ്യയിൽ നിന്നുള്ള എട്ടുവയസ്സുകാരൻ ഗിരിയപ്പനേ കാത്ത് അമ്മ ടിക്കറ്റ് കൗണ്ടറിനടുത്ത് നിൽക്കുന്നു എന്നായിരുന്നു അറിയിപ്പ്. വല്ലാത്തൊരു നീറ്റലോടെയാണ് അറിയിപ്പ് കേട്ടത്.അതിലെ എട്ടുവയസുകാരൻ എന്നുള്ള എന്റെ കാതിൽ വല്ലാത്തൊരു മുഴക്കത്തോടെയാണ് കേട്ടത്.
ഞാൻ കരഞ്ഞ് കൊണ്ട് നിന്ന ആ പയ്യനോട് അനിയൻ ഏത് ഡ്രസ്സാണ് ഇട്ടിരിക്കുന്നത് എന്ന് ചോദിച്ചു.നീല ജീന്സും വെള്ള ടീഷർട്ടും, എട്ട് വയസ്സ്..... സത്യത്തിൽ എന്റെ തലയിൽ ഒരു ഇടിമിന്നൽ പതിച്ചത് പോലെ തോന്നി .ആ കുട്ടി നിന്നെ മാതിരിയാണോ, കൈയ്യിൽ കവറുണ്ടോ എന്ന ചോദ്യത്തിന് അവൻ അതെയെന്നുത്തരം നൽകി. ഗർഭിണിയായ ആ സ്ത്രീയോട് ഞാനിപ്പോൾ വരാം എന്ന് പറഞ്ഞു ബാക്ക്ഗേറ്റ് ബാരിക്കേഷനടുത്തേക്ക് ഓടീ...

ബാരിക്കേഡ് താണ്ടി റോഡിറങ്ങി ഞാനോടുമ്പോൾ എന്റെ മനസ്സിൽ ഇനി വരുന്ന ട്രെയിനിൽ ഞാൻ പോകേണ്ടതാണെന്നോ, ഇത് കഴിഞ്ഞാൽ ഇനി രണ്ടു മണിക്കൂർ കഴിഞ്ഞാലെ അടുത്ത ട്രെയിൻ ഉള്ളൂ എന്നോ, എന്റെ കുടുംബം കാത്തിരുന്നു എന്നോ ഓർത്തില്ല.
എന്റെ കൺമുന്നിൽ എന്റെ അപ്പൂട്ടൻ വഴിയറിയാതെ ആരോരുമില്ലാതെ നിന്ന് കരയുന്നതായാണ് കൺമുന്നിൽ തെളിയുന്നത്. അല്ലാതെ ആ പയ്യനേ അല്ല...

ആ നിമിഷത്തെ ഞാൻ ശപിച്ചു.....

റോഡ് തിരിയുമ്പോൾ. കരഞ്ഞ് നിൽക്കുന്ന ആ ബാലനേ കണ്ടിട്ടും എന്താണെന്ന് അന്വേഷിക്കാതെ പോന്ന ആ നിമിഷത്തേ ശപിച്ചു.......

ഏകദേശം ഒരു കിലോമീറ്റർ മീറ്റർ ദൂരം തോളിലേ ബാഗിന്റെ ഭാരം, നട്ടെല്ലിൽ കൊരുത്തുച്ചേർത്ത റാഡിൻറെ കിരുകിരുപ്പ് പിൽവീസിലെ പൊട്ടിചിതറിയ എല്ലുകളിലെ വേദന ഒന്നും ഞാനറിയുന്നുണ്ടായിരുന്നില്ല.ഓടാവുന്ന അവസ്ഥയിലേക്ക് ഇനിയും എത്താനുണ്ടെന്ന് മറന്ന് പോയി അമ്പത് മീറ്ററിൽ കൂടുതൽ ഓടിയ കാലം മറന്നു. ഇതൊന്നും എനിക്ക് ഓർമ്മ വന്നില്ല വന്നത് ഒന്ന് മാത്രം ഒന്ന് എന്റെ മക്കളുടെ മുഖവും, പിന്നെ കരയുന്ന ആ പയ്യന്റെ മുഖവും.അറിയാതെയെങ്കിലും ദൈവത്തെ വിളിച്ചിരിക്കും .ആ കുട്ടി അവിടെ തന്നെ ഉണ്ടാവാൻ പ്രാർത്ഥിച്ചിട്ടുണ്ടാവാം. എന്റെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ട്.

ഓട്ടോ സ്റ്റാൻഡിന് കാണാവുന്ന ദൂരത്തിൽ എത്തിയപ്പോഴേ നെഞ്ചിൻ എന്തോ കുത്തിയിറക്കിയ പോലെ ഭാരം തോന്നി.ആ കുഞ്ഞിനെ അവിടെ കാണാനില്ല. സ്റ്റാന്റിനടുത്തേക്ക് ഓടിയെത്തുമ്പോഴേക്കും എന്റെ ഞാൻ മനസ്സും കൊണ്ടും തളർന്നിരുന്നു. ഒരടി വയ്ക്കാൻ ഭൂമിയില്ലാത്ത അവസ്ഥ. കെങ്കേരിയിലെ ഹെവി ട്രാഫിക് എന്നെ ഏശിയില്ല. കാറ്റും പോലെ റോഡ് മുറിച്ച് കടന്നു ഡിവൈഡറിൻറെ ഉയരത്തിൽ നിന്ന് ചുറ്റും നോക്കി . ഓരോ കുഞ്ഞുമുഖങ്ങളിലും ഞാൻ ആ കരഞ്ഞു നിന്നിരുന്ന വട്ടമുഖം കാണാൻ ശ്രമിച്ചു.ഒരു നിമിഷം കൈ വിട്ടു പോയാൽ എന്തായാലും തിരിച്ചു കിട്ടാത്ത കടലാണ് ബാംഗ്ലൂർ.എന്താണ് ചെയ്യേണ്ടത് എന്നൊരു തീരുമാനം എടുക്കാനാവാതെ മനസ്സ് ഉഴറി.ഞാനൊന്നു കൂടി ചുറ്റിലും നോക്കി. പ്രതീക്ഷയുടെ കിരണം പോലെ ഒരാളുടെ കൈയിൽ ഇടതു കൈ കൊണ്ട് പിടിച്ച്, വലത് കൈയ്യിൽ ഒരു കവറും പിടിച്ചു ഒരു പയ്യൻ ഇലക്ട്രോണിക് സിറ്റിയിൽ പോകാനുള്ള വഴിയിലേക്കു തിരിഞ്ഞു റോഡ് ക്രോസ് ചെയ്യുന്നു.ഞാനും അവരുമായുള്ള ദൂരം വാഹനങ്ങൾ ഒരേ സ്പീഡിൽ ഒഴുകി കൊണ്ടിരിക്കുന്ന രണ്ടു റോഡുകളാണ്.

ആ കുട്ടി തന്നെയാണുന്ന് ഉറപ്പ് പറയാൻ കഴിയാത്തത് എന്നെ കുഴക്കി. ഒരിക്കലെങ്കിലും അവൻ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ഞാനോടിയെത്തിയേനേ.ാ ആത്മാർത്ഥമായി അവനൊന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ മനസ്സിൽ വിചാരിക്കുന്ന സമയത്ത് കവറും പിടിച്ചിരിക്കുന്ന വലം കൈയുടെ പുറം ഭാഗം കൊണ്ട് കണ്ണ് തുടച്ചു. മതി..... അത് മതിയായിരുന്നു എനിക്ക്. അടുത്ത നിമിഷം റോഡ് ക്രോസ് ചെയ്തു . പിന്നിൽ ആരെക്കെയൊ വണ്ടിക്കാർ ചീത്തവിളിക്കുന്നുണ്ടായിരുന്നു.അതൊന്നിനും ചെവി കൊടുക്കാതെ ഞാനോടി രണ്ടാമത്തെ റോഡും ക്രോസ് ചെയ്തു. കുട്ടിയേയും വലിച്ച് കൊണ്ട് ധൃതിയിൽ നടന്നു പോകുന്ന അയാളുടെ ചുമലിൽ പിടിച്ചു നിർത്തി. അയാൾക്കൊപ്പം ആ കുഞ്ഞും എനിക്കഭിമുഖമായി തിരിഞ്ഞപ്പോഴാണ് ഞാനവന്റെ മുഖം കണ്ടത്. അതവനായിരുന്നു കരഞ്ഞകലങ്ങിയ കണ്ണുകളിലെ പേടി എന്നെ നോവിച്ചു.അവൻറെ നോട്ടം എന്നെ കീറിമുറിച്ചു. ഞാനവന്റെ കവർ പിടിച്ചിരുന്ന കൈയ്യിൽ പിടിച്ചു പറഞ്ഞു

"വേഗം വാ ... നിന്നെ കാണാതെയവര് വിഷമിച്ചു നിൽക്കുകയാണ്"

"ഞാനിവനേ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോവുയാണ്.... ദാ അവിടെ കരഞ്ഞ് കൊണ്ട് നിൽക്കുകയായിരുന്നു.... നിങ്ങൾ പൊയ്ക്കോ.... "അവന്റെ കൈപിടിച്ചിരുന്നയാൾ എന്നോടായി പറഞ്ഞു. ഞാനവനേ തീർത്തും അവഗണിച്ച് കൊണ്ട് കുഞ്ഞിനെ എന്നിലേക്കടുപ്പിച്ച് കൊണ്ട് പറഞ്ഞു ....

"വാ അനിയാ പോകാം...."

അതിനു മറുപടി എന്റെ കൈ തട്ടിമാറ്റി കൊണ്ട് അയാളാണ് തന്നത്.

"നിന്നോടെല്ലേ പറഞ്ഞത് ഇവനേയും കൊണ്ട് പോലീസ് സ്റ്റേഷനിൽ പോവുകയാണെന്ന്....പോടാ പോ.... "

ഒരു നിമിഷം കൊണ്ട് എന്റെ കൺട്രോൾ തെറ്റി. ഞങ്ങൾക്ക് എതിർവശത്തേക്ക് കുറച്ചു വലത്തേക്ക് മാറി കൈ ചൂണ്ടി കൊണ്ട് ഞാനവനോട് ചൂടായി.

"അവിടേയുള്ള പോലീസ് സ്റ്റേഷനിലേക്ക് നീ എന്തിനാ കുട്ടിയേയും കൊണ്ട് എതിർവശത്തേക്ക് പോകുന്നത് .... കൈവിടെടാ കുട്ടീടെ..."

റോഡിൽ പോകുന്ന രണ്ടുമൂന്നു ശ്രദ്ധിക്കാന് തുടങ്ങിയതോടെ അവന്റെ കൈ പെട്ടെന്ന് ഇത്തിരി ബലം പ്രയോഗിച്ച് തന്നെ ഞാൻ വിടുവിച്ചെടുത്തു. എന്നിട്ട് കുട്ടിയോടായി പറഞ്ഞു

"ഗിരിയപ്പാ..... നിന്റെ അമ്മയും ഏട്ടനും റെയിൽവേ സ്റ്റേഷനിൽ നിന്നേം കാത്ത് കരഞ്ഞു കൊണ്ട് നിൽക്കുന്നു .... വേഗം വാ"

പേര് വിളിച്ചതും, അവന്റെ അമ്മയേയും ഏട്ടനേയും കുറിച്ച് പറഞ്ഞതും കേട്ടപ്പോൾ കുഞ്ഞ് എന്റെ കാലിനോട് ചേർന്ന് നിന്നു. അവന്റെ നെഞ്ചിടിപ്പ് എന്നെ സങ്കടപ്പെടുത്തി. നടുക്കടലിൽ ഒറ്റപ്പെട്ടവൻറെ ഹൃദയമിടിപ്പായിരുന്നത്. കുട്ടിയുടെ കൈ പിടിച്ചവനേ ഞാൻ രൂക്ഷമായി നോക്കി നിന്നത് കണ്ടിട്ടാവണം അവനെന്തോ പുലഭ്യം പറഞ്ഞു തിരിഞ്ഞു നടന്നു. അടുത്ത നിമിഷം തന്നെ ഗിരിയപ്പനേയും കൊണ്ട് രണ്ടു മുറിച്ച് നടന്ന് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അവനേ ചേർത്ത് പിടിച്ചു നടക്കുമ്പോൾ ഞാനെന്റെ മക്കളെ ഓർത്തു. അവരേയും ഇങ്ങനെ ചേർത്ത് പിടിച്ചു നടക്കാൻ തോന്നി. ഞാനെന്റെ പോക്കറ്റിൽ നിന്നും മക്കൾക്ക് വാങ്ങിയ ചോക്ലേറ്റ് അവന് കൊടുത്തു. എന്റെ മുഖത്തേക്ക് ഒന്ന് നോക്കി അവനാ ചോക്കലേറ്റ് വാങ്ങി. അവന്റെ മനസ്സിനെ കൂടുതൽ ധൈര്യം പകരാനായി കുറച്ചുകൂടെ ചേർത്ത് പിടിച്ചു.
റെയിൽവേ സ്റ്റേഷന് കുറച്ചു ദൂരം വച്ചേ കണ്ടു. നാലഞ്ച് പേർ കാത്ത് നിന്നപോലെ ഞങ്ങളെ കൈചൂണ്ടി പ്ലാറ്റ്ഫോമിൻറെ ഭാഗത്തേക്ക് വിളിച്ചു പറയുന്നു. ബാരിക്കേഡുകൾ കയറി മുകളിലെത്തുമ്പോഴേക്കും ഗർഭിണിയുടെ അടുത്ത് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏട്ടൻ പയ്യൻ. എന്റെ കൈയിൽ പിടിച്ചു നടന്നുവരുന്ന അനിയനേ കണ്ടതും കരച്ചിലോടെ ഏട്ടനോടി വന്നു കെട്ടിപിടിച്ചു. എന്റെ കൈ വിട്ടു ഏട്ടനേ കെട്ടിപ്പിടിച്ചു കരയുന്ന അനിയനും. രണ്ടു പേരേയും സമാധാനിപ്പിച്ചു ചേർത്ത് പിടിച്ചു ഞാനവരെ ഫോൺ ചെയ്തു കൊണ്ടിരുന്ന ഗർഭിണിയായ സ്ത്രീയുടെ അടുത്തേക്ക് നടന്നു.
സ്നേഹാത്മകമായ ചിരിയോടെ അവരെനിക്ക് നന്ദി പറഞ്ഞു. പിന്നെ കുറുമ്പനെന്നും പറഞ്ഞു കണ്ണീർ തുടച്ച് കൊണ്ട് ആ പയ്യന്റെ തലയിൽ തലോടി. ഒരു കൈയിൽ തന്റെ വയറും താങ്ങി മറുകൈയ്യിൽ മറ്റോരമ്മ പെറ്റ മകനേ തലോടുമ്പോൾ സന്തോഷ കണ്ണീർ വരുന്ന മാതൃത്വം.

"ദാ... ഇവരുടെ അമ്മ വരുന്നൂ..."

ആ സ്ത്രീ കൈചൂണ്ടിയ ഭാഗത്ത് നോക്കിയപ്പോൾ,ഒരു കൈയിൽ സാരിയും വാരിപ്പിടിച്ചു.മറുകൈ ഉയർത്തി കാട്ടി എന്തോ വിളിച്ചു പറഞ്ഞു കൊണ്ട് ഒരു സ്ത്രീ ഓടി വരുന്നുണ്ട്. പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ടു അന്ന് ഓടി വരുന്ന അമ്മയെ നോക്കി നിൽക്കുന്ന മക്കൾ. എനിക്ക് പോകാനുള്ള ട്രെയിൻ വന്നു കഴിഞ്ഞു ഇനി മിനിറ്റിനുള്ളിൽ ട്രെയിൻ പുറപ്പെടും.

എന്റെ റോൾ കഴിഞ്ഞു.

ഇനി ഇവിടെ ആ അമ്മയുടേയും മക്കളുടേയും സ്പെയിസാണ്. അവരുടെ അമ്മ പാളം കടന്ന് നടുവിലെ പ്ലാറ്റ്ഫോമിലേക്ക് കയറി ഓടി വരുന്നുണ്ട്. ഗർഭിണിയോട് ചേർന്ന് കുഞ്ഞുങ്ങൾ നിൽക്കുന്നു. ആരോ വന്ന് എനിക്ക് നന്ദി പറഞ്ഞു കൈ തന്നു. ഞാൻ എന്റെ ട്രെയിനിനടുത്തേക്ക് നടന്നു. കുഞ്ഞുങ്ങൾ നിൽക്കുന്നതിന് എതിരിലുള്ള ബോഗിയിലാണ് കയറിയത്. സീറ്റില്ല നാലഞ്ച് പേർ നിൽക്കുന്നു. ബോഗിയിലെ ചെറിയൊരു ഓട്ടപ്രദക്ഷിണത്തിന് ശേഷം ഇനി ശരണം വാതിലിലേയുള്ളെന്ന് മനസ്സിൽ കരുതി വാതിലിനടുത്തേക്ക് നടന്നു . അവിടേയും ഒരുത്തൻ വട്ടമിടുന്നു. എന്റെ ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി. ഞാൻ വാതിലിനടുത്തുള്ള കൈപിടിയിൽ പിടിച്ചു പുറത്തേക്ക് തലയിട്ടു കുഞ്ഞുങ്ങളെ നോക്കി. അവിടെ ആ മക്കളെ രണ്ടുപേരേയും അടുത്തടുത്തായി നിർത്തി ആരോ ചൂണ്ടിക്കാട്ടിയതിനാൽ ആ അമ്മ എന്റെ ബോഗിക്കു നേരെ കൈകൂപ്പി തൊഴുന്നു. പെട്ടെന്നാണ് ഇത്തിരി കുഞ്ഞൻ എന്നെ കണ്ടതും അമ്മയെ വിളിച്ചു കാണിച്ചു കൊടുത്തു.അവരപ്പോൾ എന്റെ നേരെ കൈകൂപ്പി തൊഴുതു. ഞാനവർക്ക് നേരെ കൈവീശി കാണിച്ചു.അവർ എനിക്കും കൈവീശി. ട്രെയിനിന് വേഗത കൂടി. എനിക്കായി കാത്തിരിക്കുന്ന എന്റെ കുറുമ്പാമാന്മാർക്കടുത്തേക്ക് വേഗത്തിലെത്തിക്കാൻ തീവണ്ടി പുക തുപ്പി പാഞ്ഞു തുടങ്ങി.



രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...