2020, മേയ് 28, വ്യാഴാഴ്‌ച

തണ്ടൊടിഞ്ഞ താമര.....

ഞാനിങ്ങനെ മേല്പോട്ട് നോക്കി നിൽക്കുമ്പോൾ നിങ്ങൾ വിചാരിക്കും അടുത്ത വ്യോമാക്രമണത്തിന് റഡാറിനെ പറ്റിക്കാൻ മേഘങ്ങളെ നിരീക്ഷിക്കുകയാണെന്ന്......

അല്ലാന്ന് പറഞ്ഞാൽ പിന്നെ നിങ്ങളു പറയും  തലയിൽ വീഴാൻ പാകത്തിന്  ഇടിത്തീ വരുന്നോന്ന് നോക്കുകയാണോന്ന്....

നോ..... നെവർ...... ( ചുമ്മാ പറഞ്ഞതാ..... വല്ല ഇടിത്തീം വന്നാലോ)

മൈ ഡിയേഴ്സ് ആന്റ് ഡിയറീസ്, ഇറ്റീസ് എ സ്റ്റോറി......

കഴിഞ്ഞ കുറച്ചു വർഷങ്ങളായി ഏപ്രിൽ, മെയ്, ജൂൺ മാസങ്ങൾ എന്റെ ജീവിതത്തിന്റെ ഗതി അടിപടലെ മാറ്റും വിധത്തിൽ എന്തെങ്കിലും സംഭവങ്ങൾ സ്പോൺസർ ചെയ്യും.....  സംഭവം ഉൽക്കപോലെ വന്നു പതിച്ചാൽ,  നാടൻ പട്ടിക്ക് ഏറു കൊണ്ട കണക്കാണ്....  മോങ്ങിക്കൊണ്ടൊന്നു കറങ്ങി, കിളിപോയി ഒരു പോക്കാണ് ....  റുട്ട് മാപ്പോ, ഗൂഗിൾ മാപ്പോ ഇല്ലാത്തതിനാൽ കുറച്ചൊരു പാച്ചിൽ നടത്തിയിട്ടേ ....... ആക്ച്വലി എന്താണ് സംഭവിച്ചത് എന്നാലോചിക്കാറുള്ളൂ......

നിനച്ചിരിക്കാത്ത നേരത്ത് ചിലത് വന്നെത്തുന്നത് പല രൂപത്തിൽ ആണ്...
കഴിഞ്ഞ വർഷം രണ്ടു വിമാനയാത്രേം കഴിഞ്ഞ്  ജീവിതത്തിൽ പെണ്ണുമ്പിള്ളയും  പണവുമായുള്ള അന്തർധാര സജീവമാക്കിയില്ലെങ്കിൽ വചനവും, സുവിശേഷവുമല്ല  നല്ല കീർത്തനങ്ങൾ കേൾക്കാൻ സാദ്ധ്യതയുണ്ടെന്ന്  നിരീക്ഷണങ്ങളിൽ നിന്നും കണ്ടുപിടിച്ച സമയം.....

ഞാനുമൊരു ശാസ്ത്രഞ്ജനാണ് ..... നാസയിൽ വിളിച്ചതാ പോയില്ല....
കാരണം....

"അറിയാത്തവരുടെ നാട്ടിൽ 
പെരുമാളാകുന്നതിലും നല്ലത്
സ്വന്തം നാട്ടിൽ ,തെണ്ടിക്കൂട്ടത്തിൽ
ഒരാളാവുകയല്ലേ നല്ലൂ"

കവിവചനം..... കവിവചനം......അദ്ദാണ്.....

അപ്പോൾ പറഞ്ഞു വന്നത്.....

മേലോട്ട് നോക്കി നിക്കണത് ചുമ്മാതല്ല..... മുകളിൽ കുറച്ചു കശ്മലന്മാർ ജോലി ചെയ്യുന്നുണ്ട്.....  
ഒരുപാട് അപകടങ്ങൾ പതിയിരിക്കുന്ന തൊഴിലാണിത് , പ്രത്യേകിച്ച് മുകളിൽ വർക്ക് ചെയ്യുമ്പോൾ..... ആ സമയത്ത് ജോലി പറഞ്ഞു ചെയ്യിപ്പിക്കുന്നതിനൊപ്പം അപകടം ഇല്ലാതെ ചെയ്യിക്കുക എന്നൊരു ഉത്തരവാദിത്വം കൂടിയുണ്ട്....

ഈ ഗുരുത്വാകർഷണ ബലം എന്ന് പറയുന്നത് , മുകളിൽ നിന്ന് താഴേക്ക് വീഴ്ത്തുന്നതാണെന്ന്, മേലെ ജോലി ചെയ്യുമ്പോൾ ആൾക്കാർ മറന്നു പോകും....
അത് ആത്മവിശ്വാസം ആണ്..... പക്ഷേ ചില നേരങ്ങളിൽ കഴുകനേ പോലെ അപകടം നമ്മേ കൊത്തിപ്പറിക്കും..... അപകടം എത്തുന്നവരേക്കും നമുക്ക്  നമ്മേ വിശ്വാസം ആയിരിക്കും

കഴിഞ്ഞ വർഷം ഇതേ ദിവസമാണ്  എന്നിലേക്കൊരു അഗ്നി പാശം പോലെ 
ദുർവിധി എത്തിയത്....

2018 മെയ് 28.....

ഒരുപൈപ്പ് ലൈൻ വാൽവ് തേടിപൊയ ഞാൻ മുകളിൽ നിന്ന്  താഴേക്ക് വീണു.....

നട്ടെല്ലിന്റെ രണ്ടു കശേരുക്കളും , വലത്തെ ഇടുപ്പെല്ലും  തകർന്നു.....
അന്ന് വരെയുണ്ടായിരുന്ന ജീവിതം തകർന്നു... സ്വപ്നം തകർന്നു....

ഇപ്പോഴും എന്റെ ഉറക്കത്തെ ആ വീഴ്ച, ഞെട്ടി ഉണർത്താറുണ്ട്.....

കാലുകളിലൂടെ ഒരു വിറയൽ നട്ടെല്ലിലൂടെ കയറി തലച്ചോറിലെത്തും .....
തൊണ്ടയിൽ ഒരു തീകമ്പും കൊണ്ട് കരച്ചിലെത്തും 
കണ്ണിൽ നിന്നാദ്യത്തേ നീരുറവ  ചാലു കീറുമ്പോഴേക്കും  ഞെട്ടിയുണരും....
ഇന്നും വേദന പടർത്തുന്ന ഇടുപ്പെല്ലിലൂടെ ഒരു തീനാമ്പ് നട്ടെല്ലിലേക്ക് ഉരുണ്ടു കയറി, തകർന്ന കശേരുക്കളിൽ നോവിൻറെ വിഷപല്ലാഴ്ത്തുന്നതറിയും ..... 
ഒന്നു തൊട്ടാൽ തിരിച്ചറിയാതെയുള്ള ഇടുപ്പെല്ലിൻറെ തുടക്കത്തിലേ മരവിപ്പ് മനസ്സിലേക്ക് മെല്ലെ ഇരുളു പരത്തും.....
വേദന ഒരു നെടുവീർപ്പായ് തീരുന്നതു വരെ ശ്വാസം പിടിച്ചു നിർത്താൻ ശ്രമിക്കും.....
ചിലപ്പോൾ മാത്രം ഒരിറ്റു കണ്ണീർ വികൃതശബ്ദത്തിനൊപ്പം പുറത്ത് വന്നു പോകും......

നട്ടെല്ലിനെ തകർത്ത് കൊണ്ടരപകടം ജീവിതത്തിൽ പ്രതീക്ഷിച്ചിരുന്നില്ല ഞാൻ..... അതുകൊണ്ട് തന്നെയാവണം കുറച്ചേറെ തളർന്നു പോയതും....

ചേർത്ത് പിടിച്ചു എന്നെ സ്വന്തം കാലിൽ നിൽക്കാൻ സഹായിച്ചവർ ഏറെയാണ്......
സ്വന്തം വിയർപ്പ് കൊണ്ടുണ്ടാക്കിയ സമ്പാദ്യത്തിൽ നിന്ന് ഒരു മടിയും കൂടാതെ ഒരു പങ്കെനിക്ക് തന്നവർ.....
പകരം വയ്കാനില്ലാത്ത സ്നേഹത്തിന് എന്തു വിളിക്കണമെന്നറിയില്ല....
ഇനിയും നേരിൽ കാണാൻ കഴിയാത്ത സ്നേഹസൗധങ്ങൾ......

കുട്ടത്തിനാവുമെന്ന് കൂടെ ചേർത്ത് പിടിച്ചവർ......
വേദനയുണ്ടെന്ന് പറഞ്ഞപ്പോൾ പൊട്ടിക്കരഞ്ഞവൻ.....

ഇന്നും മെസ്സേജിനും, ഫോൺ കോളിനുപ്പുറത്ത് സ്നേഹംകൊണ്ട് കാത്തിരിക്കുന്ന കുറച്ചു പേർ........ 
എന്റെ മനസ്സിന്റെ വേറാരും എത്താത്ത ചില്ല് കൂട്ടിലാണ് നിങ്ങളുടെ സ്ഥാനം

12 അഭിപ്രായങ്ങൾ:

  1. ഈ ദിവസം ഒന്നുമെഴുതാൻ കഴിയാതെ.... മനസ്സ് വിങ്ങി നിന്നപ്പോൾ മുഖപുസ്തകത്തിൽ കഴിഞ്ഞ വർഷം കുറിച്ചത് തിരിച്ചു തന്നത് ഇവിടെ പോസ്റ്റുന്നു.....

    മറുപടിഇല്ലാതാക്കൂ
  2. കുട്ടത്തേ... മറക്കുവാനാവില്ലെന്നറിയാം ആ ദുർദ്ദിനം... എങ്കിലും മറക്കുവാൻ ശ്രമിക്കുക... ശക്തിയുടെ കവി ഇടശ്ശേരി പാടിയത് മനസ്സിലുരുവിടുക എപ്പോഴും..

    എനിക്ക് രസമീ നിമ്നോന്നതമാം
    വഴിക്ക് തേരുരുൾ പായിക്കാൻ...
    ഇതേതിരുൾക്കുഴി മേലുരുളട്ടെ
    വിടില്ല ഞാനീ രശ്മികളെ...

    നിറസ്നേഹത്തോടെ...

    മറുപടിഇല്ലാതാക്കൂ
  3. ചേട്ടന് എന്തോ അപകടം പറ്റിയിട്ടുണ്ട് എന്ന് മറ്റ് കുറിപ്പുകളിൽ നിന്ന് മനസ്സിലായിരുന്നു. പക്ഷെ, അത് ഇത്രേം വലിയ അപകടമാണെന്ന് അറിഞ്ഞിരുന്നില്ല. ഇപ്പോഴും നോവായി അവശേഷിക്കുന്ന മാനസികവും ശാരീരികവുമായ വിഷമതകളെ അതിജീവിക്കുവാൻ വിനോദേട്ടന് കഴിയട്ടെ.

    മറുപടിഇല്ലാതാക്കൂ
  4. എന്തായാലും വീണിടത്തുനിന്നും എഴുന്നേൽക്കാനും എഴുതാനും സാധിക്കുന്നുണ്ടല്ലോ.. ആ ആശ്വാസത്തിൽ സമാധാനിക്കുക..ആരോഗ്യത്തിനും സുഖത്തിനും പ്രാർത്ഥിക്കുന്നു..

    മറുപടിഇല്ലാതാക്കൂ
  5. അയ്യോ, ഇത്രയ്ക്കൊക്കെ സംഭവിച്ചിരുന്നോ? ഇപ്പോൾ ആണ് അറിയുന്നത്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്തേട്ടാ കുറേ നാളായല്ലോ കണ്ടിട്ട്....

      അങ്ങനെ പല ദുർദിനങ്ങൾ കഴിഞ്ഞു പോയി....
      സ്നേഹം

      ഇല്ലാതാക്കൂ
  6. njanum sudhiyude commentil ninnarinjirunnu apakatam pattiyath, ippol ingane nilkkunna photo kanumbolum pazhaya pole postukal idunnathu kanumbozhum valara santhosham thonnunnu

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്നേഹം ഷാജിത......

      ഇങ്ങനെ രണ്ടു വാക്ക് എന്നെ ഓർത്തിരുന്നു കുറിച്ചല്ലോ.... അതിൽ തന്നെ സന്തോഷം.....

      എല്ലാം ശരിയാവും... ഇല്ലെങ്കിൽ ശരിയാക്കാം രാജാവേ....

      സ്നേഹം

      ഇല്ലാതാക്കൂ
  7. അപകടങ്ങൾ തരണം ചെയ്യുവാൻ ഏറ്റവും വേണ്ടത് അതിൽ നിന്നും ഉയർത്തെഴുന്നേൽക്കുവാനുള്ള മനസ്സുറപ്പാണ് ഭായ്.
    അത് വിനോദ് ഭായിക്കുണ്ട് ...!
    പിന്നെ ശരീരത്തിന്റെ ഈ വയസ്സാം കാലത്ത്
    കോളേജ് പഠനവും മറ്റു തിരക്കുകളും കാരണം മുടങ്ങിപ്പോയ വായനകൾ മുഴുവൻ ഇപ്പോഴാണ് തിരിച്ചു പിടിച്ചുകൊണ്ടിരിക്കുന്നത് കേട്ടോ ഭായ്

    മറുപടിഇല്ലാതാക്കൂ

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...