2015, ഒക്‌ടോബർ 14, ബുധനാഴ്‌ച

മലമുകളിലെ തെളിനീര്‍ച്ചാലുകള്‍.... ഭാഗം 5

              മാമന്‍ ഇരുട്ട് വകഞ്ഞു മാറ്റി, കൈ പിടിച്ചു വലിച്ചു നടക്കുമ്പോള്‍ കൂടെയെത്താന്‍ ഞാനൊരുപാട് ബുദ്ധിമുട്ടി..,. മെയിന്‍ റോഡിലെത്തി കൈ വിട്ട മാമന്‍;ക്രമം തെറ്റിയ ശ്വാസഗതി നിയന്ത്രിക്കുന്നതിനോടൊപ്പം വന്ന തെറി ചുമച്ചു വന്ന കഫത്തിനോടൊപ്പം നീട്ടിതുപ്പി....

        കട്ടക്കറുപ്പ് പുതച്ച രാത്രിയിൽ മിന്നാമിനുങ്ങുകള്‍ ചെറുനന്മ വെളിച്ചം മിന്നിക്കുന്നു.....ദൂരെ കാഴ്ച്ചയവസാനിക്കുന്ന മെയിന്‍ റോഡിലെ ചന്തക്ക് സമീപമുള്ള വഴിവിളക്കില്‍ നിന്നും; ഇവിടെ നിനക്ക് വെളിച്ചമുണ്ടെന്ന്;അതിനപ്പുറത്തുള്ള ഇരുട്ടിനെ സാക്ഷിയാക്കി പറയുന്നു......

       മെല്ലെ ശ്വാസം നിയന്ത്രിച്ച മാമന്‍ നടന്നു തുടങ്ങി വെളിച്ചത്തിനു നേരെ..... അവിടെയാണ് ബസ്സ്റ്റോപ്പ്....... എനിക്കും മാമനുമിടയില്‍ അദൃശ്യനായി മൗനവും കൂടെ നടന്നു.....

         മനസ്സു കാറും കോളും കൊണ്ട കടലുപോലെയലറുന്നുണ്ടായിരുന്നു.... അതുകൊണ്ടാവണം കടല്‍ഛേദം വന്ന കപ്പലുപോലെ വാക്കുകള്‍ മുങ്ങി മരിച്ചത്.....

                          പുറകിൽ നിന്നുമാരോ ഓടിവരുന്ന ശബ്ദം കേട്ടപ്പോള്‍ തന്നെ ശരീരത്തിലാകമാനം വിറ പടര്‍ന്നു കയറി. ഇനിയൊരിക്കല്‍ തീര്‍ക്കാന്‍ ബാക്കി വയ്ക്കാതെ പൂനന്‍ നായരുടെ കണക്ക് ഇപ്പോള്‍ തീര്‍ത്തേക്കാന്‍ മനസ്സും ശരീരവും ഒരു നിമിഷം കൊണ്ട് ഒരുങ്ങി; മാമന് എന്നെ പിടിക്കാന്‍ കിട്ടുന്നതിന്‍റെ ഒഴിവകലം കണക്കാക്കി രണ്ടു ചുവട് മുന്നിലേക്ക് മാറി, കാലകത്തിനിന്ന്, വലതുകരം മുഷ്ടി ചുരുട്ടി മടക്കി അരക്ക് പിന്നിലേക്ക് വലിച്ചൊതുക്കി......
                 
                      ശത്രു ആക്രമിക്കുമെന്നുറപ്പുണ്ടെങ്കില്‍ അടി വാങ്ങി പിന്നെ കൊടുക്കുന്നതിനേക്കാള്‍ നല്ലത് അടിക്കുന്നതാണ് സ്റ്റാലിന്‍റെ വാക്കുകള്‍ അച്ഛൻ പറയാറുണ്ട്.... ഓടിവരുന്ന ശബ്ദം അടുത്തു വരുന്നു വെളിച്ചം തീരെയില്ലാത്തുതുകൊണ്ട് ആളെ തിരിച്ചറിയാന്‍ പറ്റുന്നില്ല...

              പക്ഷേ ഒന്നുറപ്പാണ് മുന്‍വശം മാത്രം സ്ട്രാപ്പുള്ള ചെരിപ്പാണ് ഓടി വരുന്നയാള്‍ ഉപയോഗിക്കുന്നത്.... ചുവടുകൾക്കിടയില്‍ ചെരിപ്പു വലിക്കുന്ന ശബ്ദത്തില്‍ നിന്നു മനസ്സിലായി.... പൂനന്‍ നായരുടെ ചെരിപ്പത്തരത്തിലുള്ളതാണ്... ക്രോധം കൊണ്ട് അബോധാവസ്ഥയിലെത്തിയിരുന്നു....

"മച്ചമ്പി....."

ഓടി വരുന്നയാള്‍ വിളിച്ചു.... മച്ചു ...... മച്ചുവായിരുന്നത്....... എനിക്കു വല്ലാത്ത നിരാശ തോന്നി.....

                         ചിലത് തീര്‍ക്കാന്‍ ബാക്കിയാണെന്ന തോന്നലുണ്ടായത് കൊണ്ടാവണം..... ആ വന്നത് പൂനന്‍ നായരാവണെമെന്ന് ഇനിയൊരിക്കലും ഉണ്ടാവില്ലെന്നറിഞ്ഞിട്ടും വെറുതെ ആഗ്രഹിച്ചു.....

              മച്ചു അടുത്ത് നിന്ന് എന്‍റെ തോളില്‍ ഇടംകൈയ്യിട്ടു കൊണ്ട് നിന്ന് കിതച്ചു..... വലംകൈയ്യില്‍ മച്ചുവിന്‍റെ ബാഗുണ്ടായിരുന്നു..... മച്ചു വീണ്ടും എന്നെ അമ്പരപ്പിക്കുകയായിരുന്നു..... നിമിഷാര്‍ദ്ധം കൊണ്ട് മുങ്ങല്‍ ... ഇതാ ഇപ്പോള്‍ എന്നോടൊപ്പം ഇറങ്ങി വരവ്..... എനിക്കു മനസ്സിലാവുന്നില്ല മച്ചുവിനെ..... മച്ചു മാമന്‍റെ അടുത്തേക്ക് നീങ്ങി കൊണ്ട് പറഞ്ഞു.....

"കൊച്ചച്ചാ...... ഞാനൂടെ പോവാം മച്ചമ്പീരെ കൂടെ .... തമ്പാനൂര്ന്ന് മച്ചമ്പീനെ കേറ്റി വിട്ടെ പിന്നെ ഞാം ശങ്കുമൊഖത്തിന് പോണ്..... അടുത്ത മാസം വരാം...."

ഠേ!!!!!

രാത്രിയുടെ നിശബ്ദതയില്‍ കരണം പുകയുന്ന ശബ്ദം ജന്മത്ത് പിന്നിതുവരെ കേട്ടിട്ടില്ല.... ചിവീടുകള്‍ വരെ കരച്ചില്‍ നിര്‍ത്തി..... നിശബ്ദതപോലും നിശബ്ദമായി....... അടി കിട്ടിയത് മച്ചുവിനാണെങ്കിലും ചെവിയടച്ചു പോയത് എന്‍റേതായിരുന്നു...... പതിവിലേറേ മുറുക്കത്തില്‍ മാമന്‍ പറഞ്ഞു......

"നീയ്യിനി ഇങ്ങോട്ട് വരണ്ട കേട്ടാടാ..... എന്തിന് വരണത്....."

               മാമന്‍ മക്കളില്‍ ആരെങ്കിലും അടിക്കുന്നത് ആദ്യമായി കാണുകയാണ്.... അതിനേക്കാളുപരി പരുഷമായി മക്കളോട് സംസാരിക്കുന്നതും....

പറയാതെ  എനിക്കു മനസ്സിലായി മാമന്‍റെ ദേഷ്യത്തിനു കാരണം ഞാൻ പോകുന്നതാണെന്ന്.... കുറച്ച് നേരം മൂന്നു പേരും വേരുറച്ച മരപ്പാവകളായിരുന്നു......
എന്നെയൊന്നു നോക്കി ദീര്‍ഘനിശ്വാസം വിട്ട്; മാമന്‍ മച്ചുവിന്‍റെ നേരെ തിരിഞ്ഞു..... താഴേക്ക് നോക്കി നില്‍ക്കുന്ന മച്ചുവിന്റെ താടി പിടിച്ചു ഉയര്‍ത്തി കൊണ്ട് പറഞ്ഞു.....

"അപ്പി .....നീയെന്നെ നോക്ക്..... എടാ....ആണുങ്ങള് താഴോട്ട് നോക്കി കുനിഞ്ഞു നിക്കണതയ്യം കേട്ടാ....."

          സ്വരത്തില്‍ പഴയ മുറുക്കത്തിനു പകരം വാത്സല്യവും.... വഴിക്കാട്ടലിന്‍റെ സ്നേഹവുമുണ്ടായിരുന്നു.....

"മക്കളിനി വരണത് അവളെ പെണ്ണു ചോദിക്കാനായിക്കണം.... എന്തര് കൊറവെടേയ് നിനക്ക്...."

മച്ചുവിന്‍റെ മുഖം മെല്ലെ ഉയരുന്നു..... ഇരുട്ടിലാണെങ്കിലും എനിക്കു കാണാം കാര്‍മേഘം കാറ്റാടിച്ചു മാറ്റി നിലാവു പരന്നെന്ന പോലുള്ള മച്ചുവിന്റെ മുഖത്ത് നക്ഷത്രങ്ങള്‍ പോലെ തിളങ്ങുന്ന കണ്ണുകള്‍.....

മാമനൊളിപ്പിച്ച കോപം വീണ്ടും ഉണര്‍ന്നപ്പോള്‍ വാക്കുകള്‍ അല്പം മുറുകിയിരുന്നെങ്കിലും വ്യക്തമായും മച്ചുവിന്‍റെ ഇഷ്ടത്തിനോടുള്ള പിന്‍ബലമുണ്ടായിരുന്നു......

"ആയാള്‍ പെണ്ണിനെ തന്നില്ലെങ്കീ തന്നെ..... വിളിച്ചിറക്കി കൊണ്ട് പോവാനുള്ള ചങ്കൂറ്റമൊണ്ടെങ്കീ വന്നാ മതി.... ചുമ്മാ മെനെക്കെടുത്തര് ..... കേട്ടാടേയ് നീ...."

"മാമാ...... ഞാനും പറഞ്ഞതിതാ..... വിളിച്ചാല്‍ വരുമെങ്കില്‍ കൊണ്ട് വാരാന്‍ .... ബാംഗ്ലൂരിൽ വച്ച് കല്യാണം നടത്തി കൊടുക്കാം.... അവിടെ ജീവിക്കട്ടെ.... "

പറയാതിരിക്കാന്‍ എനിക്കായില്ല..... എന്തെറിഞ്ഞാലും മാമനോട് ചോദിച്ചു അതിനൊരുറപ്പും യാഥാർത്ഥ്യവും അറിയാറുള്ളതാണ് ഞാൻ.... ഇത്രയും നാളിനിടയില്‍ സംസാരിക്കാത്ത വിഷയത്തേ കുറിച്ച് പെട്ടെന്ന് അഭിപ്രായം പറഞ്ഞതു കൊണ്ടാവണം തിരിഞ്ഞു നോക്കിയ മുഖത്ത് ചോദ്യഭാവമായിരുന്നു.....

"വൈകിട്ട് ...പൂനന്‍ നായരുമായി.....പ്രശ്നമുണ്ടായതിനു ശേഷം മച്ചമ്പി.... പറഞ്ഞപ്പോഴാണ് അറിഞ്ഞത്...."

ഇളിഭ്യച്ചിരിരിയോടൊപ്പം ഞെരിപിരിയോടെ ഞാനിതു പറയുന്നത് മാമന്‍ സകൂതം നോക്കി നിന്ന ശേഷം .... മച്ചുവിനു നേരെ തിരിഞ്ഞു....

"കേട്ടാടേയ്.... നീ... എന്‍റെ മക്കള് പറഞ്ഞത് കേട്ടാ..... ബാംഗ്ലൂരെങ്കീ അവിടെ..... ഇനി എതു മറയത്ത് പോയാലും അന്തസ്സായിട്ടു ജീവിച്ചു കാണിക്കണം...... എനി നീ വരണത് അവളെ കൊണ്ട് പോവാനായിരിക്കണം കേട്ടാ...."

മച്ചുവിന്റെ കവിളിലെ ഉണങ്ങിയ കണ്ണീര്‍പ്പാടുകളില്‍ വീണ്ടും നനവ് പടര്‍ന്നു..,. നനുത്ത വെളിച്ചത്തിലും ആ നനവ് .....മഴക്കാറു മറച്ച നിലാവത്തേ അരുവിയെ പോലെ നേര്‍ത്ത തെളിമയുണ്ടായിരുന്നു...,.

മാമന്‍റെ മുഖത്ത് നിന്ന് കണ്ണു പറിച്ചു മച്ചു ഉഴറിയ നോട്ടമോടെ ഇരുട്ടിനെ നോക്കി കഴിഞ്ഞ് അവസാനം എന്‍റെ മുഖത്ത് നോക്കി നിന്ന ശേഷം... ഉതിരാന്‍ തുടങ്ങിയ കണ്‍കണിലെ നീര്‍മണികളെ തുടച്ചു കൊണ്ട് കലുങ്കിനു മുകളിലിരുന്നു. നിറകണ്ണുകള്‍ ഇടക്കിടെ തുടച്ചു കൊണ്ട്; ചെരുപ്പിന്‍റെ പിന്നിലെ സ്ട്രാപ്പ് ഇടാന്‍ തുടങ്ങി മച്ചു....

കരഞ്ഞൊതുങ്ങുകായാണെങ്കില്‍ കരഞ്ഞു തീര്‍ത്തോരു ദൃഢ തീരുമാനത്തിലെത്താന്‍ കഴിയുമെങ്കിൽ അതാണ് നല്ലെതെന്നു തോന്നിയതു കൊണ്ടാവണം .... ആശ്വാസിപ്പിക്കാന്‍ തുനിഞ്ഞ എന്നെ മാമന്‍ തോളില്‍ കൈയ്യിട്ടു കൊണ്ട് മുന്നിലേക്ക് നടത്തി.....

ഇരുട്ടില്‍ കുനിഞ്ഞിരിരുന്നു കരയുന്ന, ജീവിത്തിന്‍റെ മുന്നിലെ ഇരുട്ടിനെ കണ്ട് പേടിക്കുന്ന; ഭയം ഇരുട്ടു പോലെ തലക്കു മുകളിൽ ചൂഴ്ന്നു നില്‍ക്കുന്ന ആ ഇരുട്ടിനെ കടന്ന് മാമന്‍റെ കൂടെ നടന്നു.....

കുറച്ച് ദൂരം കഴിഞ്ഞപ്പോള്‍ മാമന്‍ പറഞ്ഞു....

"മക്കളെ..... അവനവളേം കൊണ്ട് വന്നാ എന്തരെങ്കിലും സഹായം ചെയ്തു കൊടുക്കണേടാ..... അവരും ജീവിക്കട്ട്......"

"മാമന്‍ വിഷമിക്കണ്ടാ.... മച്ചൂ.... അവളെ വിളിച്ചിറക്കിയാല്‍ ബാക്കി കാര്യം ഞാനേറ്റൂ.... വിളിച്ചിറക്കാനുള്ള തന്‍റേടം മച്ചൂ കാണിക്കണം......"

എന്‍റെ വാക്കുകള്‍ മാമന് ആശ്വാസം പകര്‍ന്നെങ്കിലും... കോളൊതുങ്ങാത്ത കടലു പോലെ ചിന്താധീനമായിരുന്നു മാമന്‍റെ മുഖം.... പറയാതെ എനിക്കറിയാം ..... മാമന്‍റെ ചിന്തയുടെ കാരണം മച്ചുവിന്‍റെ അധൈര്യം തന്നെയാണ് ..... ഇല്ലായിരുന്നെങ്കില്‍ അവളെന്നേ മച്ചിവിന്‍റെ വീട്ടിലിരുന്നേനേ..... എന്തോ തീരുമാനിച്ച പോലെ മാമന്‍ മച്ചുവിനെ വിളിച്ചു

"മക്കളെ ബിജൂ...വാടേയ്..."

വിളി കേള്‍ക്കാനിരുന്നെന്ന പോലെ മച്ചു വേഗം ഞങ്ങള്‍ക്കടുത്തെത്തി.....ഇരു വശത്തും ഞങ്ങളെ നിര്‍ത്തി ഞങ്ങളുടെ തോളില്‍ കൈയ്യിട്ടു മാമന്‍ വെളിച്ചത്തിലേക്ക് നടത്തി കൊണ്ട് മച്ചുവിനോടായ് പറഞ്ഞു...

"നീ കേട്ടാടേയ്..... വിനു പറയണത് .... പെണ്ണിനേം വിളിച്ചോണ്ടു ചെല്ലാനാണ്.... നീയെതായാലും ബാംഗ്ലൂരീ തന്നെ പോ..... പിന്നെന്തെരെങ്കിലും പ്രശ്ശനം ഒണ്ടെങ്കില്‍ ഞാന്‍ നോക്കിക്കോളാം.... കേട്ടാ നീ.....എന്തര് ഒണ്ടാവാന്‍ ... പൂനന്‍ കെടന്ന് പള്ള് പറയും.... കൊല്ലൂലല്ല്..... നീ എന്തരന്ന് പേടിക്കണത്.... രണ്ടെണ്ണം കൊണ്ടാലും വേണ്ടൂലാ.... ഒന്നൂല്ലേലും നിന്‍റെ മാമാനല്ലേ...എന്തരായാലും നീ അവളെ വിളിക്ക്...."

പെട്ടെന്നാണ് മച്ചു മറുപടി വന്നത്....

"പേടിച്ചിട്ടൊന്നുംല്ല ഞാനത് ചെയ്യാത്തത്"

ഞെട്ടിപ്പോയി.... അത്രയും ദൃഢമായിരുന്നു മച്ചുവിന്റെ സ്വരം... ഞാനും മാമനും മുഖത്തോടു മുഖം നോക്കി

"പിന്നെന്തര്......"

മാമന്‍റെ ചോദ്യത്തിലും അമ്പരപ്പ് നിറഞ്ഞിരുന്നു.....

"കൊച്ചച്ചന്‍...... വിനൂനെ എത്ര വര്‍ഷത്തിനിപ്പറം കണണത്...."

ഞങ്ങള്‍ രണ്ടു പേരും ഒന്നും മിണ്ടിയില്ല..... കുറച്ച് നേരത്തേ ഇടവേളക്ക് ശേഷം മച്ചൂ വീണ്ടും ചോദിച്ചു.....

"കൊച്ചച്ചന്‍ പറ...... മച്ചമ്പിയെ കണ്ടിട്ട് എത്ര കാലവായി....."

ഇപ്പോളെനിക്ക് മനസ്സിലായി.... ഉച്ച തിരിഞ്ഞ് കല്യാണവീട്ടില്‍ നിന്ന് വരുമ്പോള്‍ വീട്ടിലെ രാത്രിയൂണിനു മുമ്പുള്ള മേമ്പോടിയ്ക്ക് ലേശം കരുതിയിട്ടുണ്ടായിരുന്നു..... . അത് ഞാനും മാമനും മാറി നിന്ന് സംസാരിക്കുന്ന ഗ്യാപ്പില്‍ ഓണ്‍ ദ റോക്സ് ചെലുത്തിയിരിക്കുന്നു .... ദുഷ്ടന്‍.... മാമന് തല ചൂടാവുന്നുണ്ടായിരുന്നു.....

"നീ ..... എന്തരെടേയ് പറേണത്.... ഞാനെന്തര് ചോദിച്ച് .... നീ എന്തെര് പറയണ്...."

"കൊച്ചച്ചന്‍ പറ എത്രകൊല്ലത്തിന് ശേഷം കാണണ്....."

മച്ചു ചോദ്യം വീണ്ടുമാവര്‍ത്തിച്ചതു കൊണ്ടാവണം..... ഗത്യന്തരമില്ലാതെ മാമന്‍ പറഞ്ഞു.......

"പൊടിയിലെ കണ്ടതാണ്...... പത്തിരുപത് കൊല്ലോങ്കിലും ആവും.... അല്ലെടാ മക്കളെ...."

മറുപടിക്കൊപ്പമുണ്ടായിരുന്ന ചോദ്യം എന്നോടായിരുന്നു.....ഞാൻ മാമനെ തിരുത്തി കൊണ്ട് പറഞ്ഞു.....

"ശരിയായി പറഞ്ഞാല്‍ ഇരുപത്തിരണ്ടു വര്‍ഷത്തിനുശേഷം നേരിട്ട് കാണുന്നു....."

"ശരിതന്നെ....ശരിതന്നെ..... മക്കക്ക് എട്ടു വയസ്സുള്ളപ്പ കണ്ടതാണ്......പിന്നിപ്പഴാണ് കാണണത്....."

മാമന്‍ പെട്ടെന്ന് പറഞ്ഞു....

"എന്നിട്ടും മാമന് മച്ചമ്പിയെ കാണുമ്പം.... ഭയങ്കര സ്നേഹം.... ചേഴക്കാരനോടുള്ള സ്നേഹം...... എന്നാ ...എന്‍റെ മാമനോ..... എന്നെ കണ്ടാ ദേഷ്യം.... ഈ അവസ്ഥ എന്‍റെ മക്കള്‍ക്ക് വരരുത്.... നാളെ എന്‍റെ മക്കളെ കണമ്പം.... അവരുടെ മാമന്‍ മിണ്ടാതെ പോവരുത്.....അവരുടെ അപ്പൂപ്പന്‍ അവരെ ശപിക്കരുത്..,. എല്ലാവരും വേണം.... എല്ലാവരും കൂടി കല്യാണം നടത്തിത്തരണം.... അതിനു വേണ്ടിയാണ് കാത്തിരിക്കണത്.... അല്ലായിരുന്നെങ്കീ..... എന്നെ....."

മച്ചു വാക്കുകൾ കടിച്ചു ഞെരിക്കുകയായിരുന്നു..... മുഖം വലിഞ്ഞു മുറുകി വിവര്‍ണ്ണനീയമാവുന്നത് കാണാം..... ആത്മസംയമനത്തിന്‍റെ അങ്ങേത്തലയില്‍ പൊട്ടിത്തെറിക്കു മുന്‍പുള്ള അഗ്നിപർവ്വതമായി മാറുകയായിരുന്നു മച്ചു.......

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...