2019, ഡിസംബർ 3, ചൊവ്വാഴ്ച

കൈ തൊഴാം........

ഹൗ ൻറപ്പോ...!!!!

 ന്തായിരുന്നാക്രാന്തം ന്നാ.....????

മൂട്ടില് വെടികൊണ്ട പന്നീൻറെ ചേൽക്കൊരു പാച്ചില്...

സഡൻ ബ്രേക്ക് ചറുപറാന്ന് നാലെഞ്ചെണ്ണം ഇട്ടത്കൊണ്ട് കൗണ്ടറിടിച്ചു പൊളിച്ചതിറപ്പുറമുള്ള ഷെൽഫിൽ പടമാവാതെ കയിച്ചിലായി..... 

കവലയിൽ നിര്യാതനായി എന്ന ഫ്ലെക്സിൽ കേറിയിരുന്നു ചിരിച്ചേനെ......

കൗണ്ടറിൽ കൈത്താങ്ങി തല മുന്നോട്ടാഞ്ഞു നയനമനോഹരമായ നയാഗ്ര വെള്ളച്ചാട്ടം കാണുന്ന ഉന്മാദത്തോടെ നോക്കി നിന്നു..... !!!!

ആ കാഴ്ചയുടെ കൗതുകം, മെല്ലെമെല്ലെ  ഷക്കീലപ്പടം കണ്ട പതിനാറുകാരനെ പോലെ പല പോസിൽ കുനിഞ്ഞും ചരിഞ്ഞും ഷെൽഫിലേക്ക് നോക്കി വികാരതരളിതനായി കോൾമയിർ കൊണ്ടു......

വിവേകം,  വേണ്ടാ.... വേണ്ടെന്ന് പറഞ്ഞെങ്കിലും വികാരത്തിനടിമപ്പെടുകയായിരുന്നു......മനുഷ്യനല്ലേ സഹജം.... സ്വാഭാവികം.....

സുതാര്യതയിൽ കൂടി കാണുന്ന വളവുകൾ നിറയുന്ന അളവുകളുടെ ആഴങ്ങളിലേക്ക് കണ്ണുകൾ ആണ്ടിറങ്ങി.....

 നിർലജ്ജം തുറിച്ചു നോക്കി......

ഇരുണ്ട നിറത്തേക്കാളും തെളിഞ്ഞ കാട്ടുതേനിൻറെ നിറം ആവേശം കോരിനിറച്ചു.......

എഴുപതുകളിലെ ടി.ജി രവിയെ പോലെ ഹൃദയം ചുര മാന്തി.... 

അഴകൊത്ത കഴുത്തിന്  താഴേക്ക്  കണ്ണെത്തുമ്പോൾ ആർത്തി മൂത്ത്  കേറുന്നുണ്ടായിരുന്നു......

ചെറിയ ചെറിയ അളവുകളിൽ നിന്നും കണ്ണുകൾ വലുതിലെത്തുമ്പോൾ  ചുവപ്പ് കണ്ട കാളക്കൂറ്റനെ പോലെ  മുക്രയിട്ട് ആവേശം സിരകളിൽ പടർന്നു. അളവുകൾക്കും നിറങ്ങൾക്കുമപ്പുറം ഓരോരൊ പേരുകളും ഹൃദയത്തിൽ കോരത്തരിപ്പ് പടർത്തി... വരും നിമിഷങ്ങളിൽ പടരുന്ന അനിർവചനീയമായ ആനന്ദത്തിന് കാതോർത്തു ഹൃദയം അതിദ്രുതമിടിച്ചു..... 

"""ഒരു കോട്ടറ്....... സോവനീർ  ബ്രാൻഡി ...."""

വെളുത്ത ടെട്ട്രാപാക്കിലെ അമൃത്,  നീളൻ ചില്ല് ഗ്ലാസ്സിൽ വീത്തുമ്പം തന്നെ പടക്കം പോലെ സോഡ പൊട്ടി.....  സുരയും സോഡയും ചേർന്നൊരുക്കിയ കുമിളയുടെ മായാപ്രപഞ്ചം നോക്കി നിൽക്കുമ്പോൾ, കൈ തൊടാവുന്നകലത്തിൽ സ്വർഗ്ഗകവടത്തിലെത്തി നിൽക്കുന്നതറിയാം....

     തൊണ്ണൂറിൻറെ പതപ്പ് ഒറ്റ വലിക്ക് പിടിപ്പിച്ചു ഗ്ലാസ് താഴ്ത്തിയപ്പോഴെ  അടിവയറ്റിൽ നിന്ന്  കിളി രണ്ടെണ്ണം ചിൽ ചില്ലെന്ന്  ചെന്നി വഴി പറന്നു പോയി.... 

ചെവിയിൽ ചൂളം മുഴക്കി തീവണ്ടി അന്നനാളത്തിലൂടെ പോയി....

എതിലെയോ വന്ന വാളിനെ ഒരു പിടി മിക്ചർ വാരിയിട്ടരച്ചൊതുക്കി..... പഴശ്ശിയുടെ യുദ്ധം കമ്പനി കാണാൻ കിടക്കുന്നതേയുള്ളൂ..... നമ്മളോടാ കളി.... 

നിൽപ്പനാ സുഖം ...... ട്വൻറി ട്വന്റി  ക്രിക്കറ്റ്  പോലെയാണ്. പെട്ടെന്ന്  റിസൾട്ട്  അടിച്ചു  കൈയിൽ  തരും.പിന്നെ  നിൽപ്പനാവുമ്പോൾ ഏതു  പൊസിഷനിലും മാറാം....കളിക്കാം....ഇരുന്നടി  ടെസ്റ്റ് ക്രിക്കറ്റ് പോലെയാണ്.... വെറുതെ  കുറെ നേരം  ഇരുന്നു  അടിക്കും .....അവസാനം  സമനിലയിൽ പിരിയും,ഓവറും തീർന്നു  ജയിക്കാനും പറ്റീലെന്ന മട്ടിൽ. കാശും തീർന്നു ഫിറ്റാവാതെ മാനം നോക്കി  മണ്ടക്കു തല്ലാനേ ഇരുന്നടി  കൊണ്ട്  നടക്കൂ...... 

              സങ്കടങ്ങളെ ശൂന്യാകാശത്തേക്കയക്കാൻ വയറ്റിൽ ഇന്ധനം ശേഖരിക്കുന്ന കന്നഡത്തുകാരന് സ്നേഹത്താൽ പൊതിഞ്ഞൊരു ചിരി കൊടുത്തു കൊണ്ടൊരു സിഗരറ്റിന് തീ കൊളുത്തി...... 

വയറ്റിൽ......ഒരെരിച്ചിൽ....ആഹാ,
പുകച്ചിൽ ...... ആഹഹാ......

ചന്ദ്രയാൻ മെല്ലെ പൊങ്ങാൻ തുടങ്ങി.ചന്ദ്രയാൻ ഇച്ചിരി സ്ലോ മോഷനിലാ പൊങ്ങിയതെങ്കിലും, തേനീച്ച പോലെ മൂളി തലക്ക് രണ്ടു റൗണ്ടും ചുറ്റി ഒറ്റ പോക്കായിരുന്നു......

               പോയിട്ടെന്തോ അത്യാവശ്യം ഉള്ളത് കൊണ്ട് രണ്ടാമത്തെ തൊണ്ണൂറു  ഒഴിച്ചു പിന്നാലെ സോഡയും. ബ്രാൻഡിയും സോഡയുമായി ഇഴുകി ചേർന്ന് കുമിളകൾ വിട്ടു..... വിടും.... കുമിള വിടും ..... എനിക്ക് പണ്ടേ അറിയായിരുന്നു..... സോഡ ആള് ശെരിയല്ലെന്ന്  !!!!

ഈ തൊണ്ണൂറ്.....  

വിക്ഷേപണത്തിൻറെ രണ്ടു ഘട്ടങ്ങളിലൂടെ കടന്നു പോയി..... തലയൊന്നു കുടഞ്ഞ് അടുത്ത് നിന്ന കന്നഡത്തുകാരന് ഒരു പുളിച്ച ചിരി കൊടുക്കാൻ വേണ്ടി കഴുത്ത് തിരിച്ചു....

ങ്ഹെ!!!! 

ഞെട്ടിപ്പോയി.... ലാണ്ടവിടെ നിൽക്കുന്നു ഒരു ഹിന്ദിക്കാരൻ..... !!!!!

നിന്ന നിൽപ്പിൽ സംസ്ഥാനം  മാറിപ്പോയതു പോലുമറിഞ്ഞില്ല..... 

അടിപൊളി..... 

വാ പിളർത്തി ബിയറൊഴിച്ച് വിഴുങ്ങി അവനൊരു കാവി ചിരി തന്നു..... അവന് തിരിച്ചു കൊടുക്കാൻ  ഞാനൊരു ചുവപ്പൻ ചിരി തപ്പി... കിട്ടിയില്ല......... ആ ക്ഷീണം മാറ്റാൻ അവനോടായി അലറി

""എനിക്കുമുണ്ട്രാ പിടി ഡൽഹിയിൽ"""

  ഹിന്ദിക്കാരൻറ നോട്ടത്തിൽ  ഇന്ത്യയിൽ മുഴുവനുമുണ്ട് പിടി എന്ന ഭാവം...    

ഞാൻ   പിടി വിട്ടു.....(ഹിന്ദിക്കാരൻ..... പോട്ടെ പുല്ല്.... വെറുതെ  എന്തിനാ  അവൻറെ കൈയിൽ നിന്നും വല്ലതും   വാങ്ങുന്നത് )

ബോജ്പുരി കടിച്ചു കുടഞ്ഞു ബിയറിൽ മൂക്കും കുത്തി വടക്കോട്ട് പോയി അവൻ.....(അതോണ്ടു  നന്നായി.....ഇല്ലെങ്കീ ഇവിടൊരു ലോഡ്  ശവം വീണേനെ....)
 
പെരടിക്കൊന്നമർത്തി തിരുമ്മി;കണ്ണൊന്നു തിരുമ്മി  ഭ്രമണപഥം ലക്ഷ്യമാക്കി ഞാനും  പ്രയാണം തുടങ്ങി..... 

മൊത്തത്തിൽ ഒരു സുഖം.... നല്ല റോഡിൽ ടോപ് ഗിയറിൽ പോകുന്ന ഫീൽ.വണ്ടി നമ്മളേയും കൊണ്ട് പായുന്നു.....മൊത്തത്തിൽ ഒരു  ഗുമ്മുണ്ട്.....

മൂന്നാമത്തെ തൊണ്ണൂറു ഇപ്പോഴത്തെ ജലക്ഷാമം പരിഗണിച്ച് കുറച്ചു സോഡ മാത്രം ചേർത്ത്  തൊണ്ട തൊടാതെ വിഴുങ്ങി..... കണ്ണു തള്ളിച്ചു കൊണ്ട് തീയുണ്ടയൊന്ന്  വയറ്റിൽ കലാപം തീർത്തു.എരിച്ചിൽ, പുകച്ചിൽ.....

ആഹാ... ആഹഹാ.... ലോകത്തോട് മൊത്തം പുച്ഛം തോന്നി...... അടിപൊളി ...... ഇപ്പോഴാണ് ട്രാക്കിൽ വന്നത്.....

 അടുത്ത് നിൽക്കുന്നവൻ മറ്റവനോട് പറയുന്നത് ശരിയല്ല.അവനെ രൂക്ഷമായി ഞാൻ നോക്കി. 
അവനെന്നെ പോടാ എന്ന്  നോക്കി...
ഞാനവനേ വാടാ എന്ന്  നോക്കി......  

സൂപ്പർ... 

ഇപ്പോഴാണ് റങ്കായത്... 

കൗണ്ടർ ഒന്ന് ചരിഞ്ഞോ.... ????
ഇല്ല.!!!

ചുമരൊന്നിളകിയോ .....????
ഏയില്ല...!!!

കണ്ണിനാണോ തലക്കാണോ ഭാരം. 

 തല പൊക്കി നോക്കിയപ്പോഴാണ് അറിയുന്നത് ബാക്കി മൊത്തം ചുറ്റും കറങ്ങികൊണ്ടിരിക്കുകയാണെന്ന്..... 

ഇനിയും ഒരു തൊണ്ണൂറിനപ്പുറമാണ് പഴയ ഭ്രമണപഥം.  

കണ്ണുകളിൽ മൂടൽ മഞ്ഞിറങ്ങി. കറങ്ങുന്ന പ്രപഞ്ചത്തിൽ നിന്നൊരു കസേര പിടിച്ചു വച്ച് അതിലേക്ക് ഞാനെന്നെ പ്രതിഷ്ഠിച്ചു .....

കറങ്ങുന്ന ലോകത്തിൽ കറങ്ങാത്തത് ഞാൻ മാത്രം....
മെല്ലെ മെല്ലെ ഭൂമിയുടെ കറക്കം നിൽക്കുകയും ഞാൻ കറങ്ങാൻ തുടങ്ങുകയും ചെയ്തു.

വളരെ പതുക്കെ ശബ്ദയാനമായ നിശബ്ദതയിലേക്ക് തല ചെരിച്ചു കാലും നീട്ടിയിരുന്നു.

പിരി വെട്ടിയ അടപ്പ് മാതിരി തല കഴുത്തിൽ കിടന്നു കറങ്ങി.
------++++----+++++++++-------++++++-----++++++-----+±+--

""""അപ്പൂ... കുഞ്ചു .....എണീക്കടാ.....ഏഴു മണിയായി""""

സ്വന്തം ഭാര്യയുടെ കളഗർജ്ജനം കേട്ട് ചാടിയെണീറ്റു പോയി....

നല്ലൊരു സ്വപ്നം വീണുടഞ്ഞു നറുനാശമായി. 

യാഥാർത്ഥ്യത്തിലേക്ക് തിരിച്ചു വന്നെങ്കിലും കുറച്ചു നേരം അങ്ങിനിരിക്കാൻ തോന്നി..... 

         അഞ്ഞൂറ് കോടിയുടെ ലോട്ടറി അടിച്ചിട്ട്, അത് വാങ്ങാൻ പോകുമ്പോൾ ഹെലികോപ്റ്റർ തകർന്നു മരിച്ചവൻറെ അവസ്ഥ.....

 ഞെട്ടിയുണർന്നപ്പോൾ  സങ്കടം തോന്നി.....

വെറുതെ കലണ്ടറിൽ നോക്കിയപ്പോൾ കിളിപോയി. അടിപൊളി..... ജീവിതത്തിൽ നിന്നും മദ്യം വിട പറഞ്ഞിട്ട് പതിനാല് മാസം പൂർത്തിയാക്കിയ ദിവസം......

ഈ നിമിഷവും മനസ്സിൽ നിന്നുള്ള വിറയൽ മാറിയില്ല.... 

ഇനിയൊരു തിരിച്ചു പോക്കില്ലന്ന് ഒരിക്കൽ കൂടി മനസ്സിലെഴുതി ചേർത്തു.....

2019, നവംബർ 1, വെള്ളിയാഴ്‌ച

കണക്കും ഞാനും

കണക്ക് പിഴച്ചതെപ്പോൾ-
ജീവിതമെന്നോട് ചോദിച്ചു......?????

ഉത്തരമില്ലാത്ത ചോദ്യമാണല്ലോ ഞാൻ......!!!!

കണക്ക് പിഴച്ചതെപ്പോൾ-
ഞാൻ കണക്കിനോട് ചോദിച്ചു.......?????

ചുണ്ടൊന്ന് കോട്ടി;
ഭൂതത്തിലേക്ക് നോക്കി-
പുച്ഛചിരിയാലൊന്നളന്ന്;
ജീവിതത്തിൻറെ തോളിൽ-
കൈയ്യിട്ട് ;

കണക്കും ജീവിതവും
ഭാവിയിലേക്ക് നടന്നു......

മന്ദിച്ച തലയും;
മന്തുള്ള കാലും വലിച്ചു ഞാന-
വർക്കൊപ്പമെത്താൻ
വലിഞ്ഞു നടക്കുന്നു........

2019, ഒക്‌ടോബർ 30, ബുധനാഴ്‌ച

ജീവിതം

ഉച്ചി തിളക്കുന്ന
ഉച്ചവെയിലില്‍
പച്ചനോട്ടിനായ്
ഇച്ഛയില്ലാതെ
മ്ലേച്ഛനായ്
പച്ചിരിമ്പിനോടു
കൊമ്പുകോര്‍ക്കുന്നു ഞാൻ......,

#   ജീവിതം #
-----------------------------

2019, മാർച്ച് 24, ഞായറാഴ്‌ച

ഭാവങ്ങൾ

മധുരമാണ് ജീവിതം
ചിലപ്പോള്‍ സ്വപ്നം പോലെ.....

കയ്പ്പാണ് ജീവിതം
യാഥാര്‍ദ്ധ്യം പോലെ.......

സ്നേഹമാണ് ജീവിതം
ദൂരം കൂടും പോലെ.....

വിരസമാണ് ജീവിതം
സ്നേഹമനസ്സുകളുടെ ദൂരം പോലെ....

സരസ്സമാണ് ജീവിതം
സൗഹൃദം അരങ്ങിലുയരുന്ന പോലെ....

ആടി തീര്‍ക്കേണ്ട മനുഷ്യജന്മത്തില്‍
നിരവധി ഭാവങ്ങള്‍......

2019, മാർച്ച് 4, തിങ്കളാഴ്‌ച

കുരുതി

മല കയറിയെത്തുന്ന
യക്ഷിക്കു മുന്നില്‍
കുരുതികളത്തില്‍
ചുവപ്പില്‍  മുക്കി
എന്നെ ഇരുത്തിയിരിക്കുന്നു

ഒന്നു കുതറിപ്പിടയുവനാവാതെ
എന്നെ ആമത്തില്‍
ബന്ധിച്ചിരക്കുന്നു

ഇനിയെന്‍റെ ഗളഛേദം

നിന്‍റെ  മധുപാര്‍ക്കം

നീലരാശി പടര്‍ന്ന
കരിഞ്ചുവപ്പധരങ്ങള്‍ക്കിടയിലെ
ക്രൂര ദൃംഷ്ട്രങ്ങളില്‍
നിന്നിറ്റു വീഴുന്നതെന്‍
ജീവ രക്തം........

ഞാനെന്‍റെ ഹൃദയം ചേര്‍ത്തുറക്കുന്ന
എന്‍ സ്വന്തം മഹാവൃക്ഷത്തിന്‍റെ
ജീവ രക്തം.....

അതെന്‍റെ തായ് വേരാണ്......
അതെന്‍റെ സ്വത്വമാണ്.....
അതുതന്നെയാണു ഞാൻ......

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...