2020, ഏപ്രിൽ 17, വെള്ളിയാഴ്‌ച

അപ്പു..... നിനക്കായ്


ഏപ്രിൽ 18  2011 

എന്റെ ജീവിതത്തിന് പുതിയ അർത്ഥം കൈവന്നു ദിവസം.  ഈ കോവിഡിന്റ കാലത്തും  കുടുംബത്തോടൊപ്പമില്ലെന്നത്  വേവലാതികൾ ഏറെയുണ്ടാക്കുന്നുണ്ട്.  ദാ... വീണ്ടും ഒരു ഏപ്രിൽ വരുമ്പോൾ  മൂത്ത മകൻ അപ്പുവിൻറെ അടുത്ത് ഇല്ലാത്തത് എന്നെ ഏറേ വേദനിപ്പിക്കുന്നുണ്ട്.അപ്പു ...നിനക്കറിയോ..... നിന്നെ അച്ഛന് ഒരുപാടിഷ്ടമാണ് . എനിക്കറിയാം  എന്നിലെ  അച്ഛന് ബാല്യമാണിപ്പോഴും. എന്നിലെ അച്ഛൻ ജനിച്ചതും കരഞ്ഞും നിലത്ത് നീന്തിയും മുട്ടുകുത്തി നടന്നതും നിന്നതും നടന്നതും വളരുന്നതും നിന്നിലൂടെയാണ്. വെയിലേറ്റ് കരിഞ്ഞ ജീവിതത്തിലേക്ക് വന്ന വസന്തമാണ് നീ. ആരോടും പങ്കു വയ്കാത്ത ഇഷ്ടമാണ് നീ.കന്നഡത്തിൽ ഒരു ചൊല്ലുണ്ട്
            നോഡി തിലീ ബേക്കൂ
            മാഡി കലീ ബേക്കൂ
നോക്കി പഠിക്കുക, ചെയ്തു പഠിക്കുക  എന്നർത്ഥം
എന്റെ അച്ഛനിൽ നിന്നും ഒരച്ഛൻ എങ്ങനെയാവണമെന്ന്  കണ്ട് പഠിച്ചപ്പോൾ, കൊച്ചു കൊച്ചു തിരുത്തലോടെ നിയെന്നെ ഒരച്ഛൻ എങ്ങിനെ ആവണമെന്ന് ചെയ്തു പഠിപ്പിക്കുകയാണ്.അമിത പ്രതീക്ഷ ഭാരമില്ലാത്ത ബാല്യം നിനക്ക്  തരാനായെന്ന് ഞാൻ കരുതുന്നു.കൗമാരം കാണാവുന്ന അകലത്തിൽ എത്തി നിൽക്കുന്ന ഈ വേളയിൽ,  അപ്പൂ ....  നീയെന്നെ കെട്ടി പിടിച്ചു മറിയുമ്പോഴും എന്റെ കൈയിൽ തല വച്ചെന്നെ കെട്ടി പിടിച്ചു കിടക്കുമ്പോഴും  ഇതെല്ലാം പറയണമെന്ന് തോന്നാറുണ്ട്. എന്നാൽ ചില കാര്യങ്ങളിൽ നിന്നോപ്പം ഞാൻ വളരാത്തത് കൊണ്ടാവണം ഇതൊന്നും പറയാൻ ആവാറില്ല. ഇത് നിന്നോടാരും പറഞ്ഞു തരാൻ വഴിയില്ല.നീയെന്നെങ്കിലും മലയാളം പഠിക്കുന്നയന്ന് വായിക്കാൻ വേണ്ടി അച്ഛനിതൊരടുത്ത് സൂക്ഷിക്കും. 
       

           എങ്ങിനെ തുടങ്ങണമെന്ന് അറിയാത്ത അവസ്ഥയാണ്. ചിലപ്പോഴൊക്കെ ഇത്തരം സന്ദർഭങ്ങളിൽ വല്ലാതെ വിഷമം തോന്നാറുണ്ട്. പലപ്പോഴും സാഹചര്യങ്ങൾക്കനുസരിച്ച്  മനസ്സിനെ മാറ്റിയെടുക്കാൻ സാധിക്കാത്ത സമയങ്ങളിലാണ് പിടി വിടാതെ നമ്മളിലേക്ക്  നിരാശ വന്നു കയറുക. ഇതിലും വലിയ സന്ദർഭങ്ങളെ ചുമ്മാ പുല്ല് പോലെ നേരിട്ടിട്ട്   ഇവിടെ എത്തിയിട്ടു അന്ധാളിച്ചു എന്നുള്ളത്  ഒരു കുറവാകുന്നു. ഏതായാലും ഒരു കാര്യം ഉറപ്പാണ് ഈ കാലവും കടന്ന് പോകും. 

    അപ്പോ പിന്നെ മാറ്ററിലേക്ക് വരാം. അങ്ങനെ മുപ്പത്  കഴിഞ്ഞ് മൂക്കിൽ പല്ലു വരാൻ തുടങ്ങിയ കാലത്താണ് ഞാനും പെണ്ണ് കെട്ടിയത്. ഏതായാലും പെണ്ണ് കെട്ടിയ സമയം വളരെ ബെസ്റ്റ് ആയതുകൊണ്ട് തന്നെ നട്ടംതിരിഞ്ഞു തെണ്ടലിന് അല്ലലില്ലാത്ത അവസ്ഥയായിരുന്നു.  ഏതായാലും റിസപ്ഷൻ കഴിഞ്ഞു വന്നതിന്റെ  പിറ്റേന്ന് നമ്മൾ തൊഴിലാളി ജീവിതത്തിന്  വീണ്ടും തിരി നീട്ടി തന്നെ കൊളുത്തി. ജീവിതത്തിന്  പുതിയ തലങ്ങളിലേക്ക് വഴിതെളിയുന്ന സമയം. കാര്യം കുറേക്കാലം നമ്മൾ ഊരുതെണ്ടി ജോലി ചെയ്തെങ്കിലും ആരോടെന്നില്ലാത്ത ദേഷ്യം അല്ലാതെ വേറൊന്നും സമ്പാദ്യം ഇല്ല. കല്ല്യാണത്തിന് മുമ്പ് വീട്ടിലുള്ളവർ ചുമ്മ ചിമിട്ടാൻ വന്നാൽ, ഒന്ന് പറഞ്ഞു രണ്ടാമത്തേതിന് ബാഗെടുത്ത് തോളത്തിട്ടു പീച്ഛേ മൂഡ് അടിച്ചൊരു പോക്കാണ്. അവസാനം വീട്ടുകാര് പൊന്നേ പൂവേ കരളേ എന്നുപറഞ്ഞ് വിളിക്കുമ്പോൾ അഞ്ചാറു മാസം കഴിയുമ്പോൾ പല്ലിളിച്ചു തിരിച്ചുവരും.
      
       എന്നാൽ കല്യാണം കഴിഞ്ഞതോടെ കഥമാറി മാറി.  എന്നെ കാത്തിരിക്കുന്ന പെണ്ണൊരുത്തി ബിരിയാണിയും ഉണ്ടാക്കി (അവൾ കഞ്ഞി വെച്ചാലും അത് ബിരിയാണി തന്നെയാണ്. അത് എനിക്ക് മാത്രമല്ല ഏത്  പെണ്ണ് കെട്ടിയവനും ആദ്യം അങ്ങനെ തന്നെയാണ്) കാത്തിരിക്കുമ്പോൾ വീട്ടുകാര് മോണക്കിട്ടു കുത്തി  ദേഷ്യം പിടിച്ചാലും ചുമ്മാ ചിരിച്ചു കൊണ്ടിരിക്കും. ചുരുക്കത്തിൽ  ദേഷ്യം പുറത്ത് റോഡിൽ വച്ചിട്ടാണ് വീട്ടിലോട്ട് കയറുക. ബിരിയാണി കിട്ടാതിരിക്കരുതല്ലോ. വീരപുരുഷൻറെ അങ്കപ്പാടിൻറെ അടയാളമായ കോപം അണ്ടർവെയർ വള്ളിപോലെ കൂട്ടിക്കെട്ടി ഉള്ളിൽ തിരുകിയാണ് വീടിന്റെ പടി കയറുക. പുരുസിങ്കത്തിൽ കോപതാപത്തിൻറെ ഡിഗ്രി  കുറയുന്നത്  ലോകത്തിൽ ആദ്യം കണ്ടുപിടിക്കുന്നത് സ്വന്തം ഭാര്യയുടെ അമ്മായിഅമ്മ ആയിരിക്കും. അതായത് സ്വന്തം അമ്മ തന്നെ.ഉടൻ തന്നെ മാതാശ്രീ അതിർത്തി കടന്ന്  ബോംബാണോ മിസൈലാണോന്ന് തിരിച്ചറിയാത്ത വിധത്തിൽ പൊട്ടിക്കും 'ചെക്കന്റ
 ദേഷ്യത്തിന് കുറവുണ്ട്'

     കാര്യങ്ങൾ ഇങ്ങനെ ചെറു തോതിൽ കൊച്ചുകൊച്ചു രസവും രസക്കേടുകളുമായി  ജീവിതം മുന്നോട്ടു പോകുമ്പോൾ.രണ്ടു മൂന്ന് മാസം കഴിയുമ്പോൾ ചുറ്റിയവരുടേയും പറ്റിയവരുടെ നോട്ടം പെണ്ണിന്റെ കണ്ണിലും മുഖത്തുമാവും.രാത്രി കെട്ടിപ്പിടിച്ചുറങ്ങിയ ക്ഷീണത്തിൽ രാവിലെ പാല് വാങ്ങാൻ പോകുമ്പോൾ ഒരു കാര്യവുമില്ലാതെ ഒരു ചോദ്യം വരും "എന്താ ഒരു ക്ഷീണം" ഞാൻ  കൂടെയുള്ളപ്പോഴാണ്  ഈ ചോദ്യം വരുന്നതെങ്കിൽ  ഞാൻ അവളുടെ മുഖത്തേക്ക് നോക്കും. ദാണ്ടെ ഇപ്പം വരെ വെടിചില്ലുമാതിരി നിന്നവൾക്ക്  എന്താണ് ക്ഷീണമെന്ന സന്ദേഹത്തിലാവും ഞാൻ.ഉടൻ തന്നെ ഉത്തരവാദിത്വമുള്ള കെട്ടിയോനായി വേവലാതിയോടെ  ക്ഷീണമുണ്ടോന്നു ചോദിക്കുമ്പോഴേക്കും നാണം കൊണ്ട് ചുവന്ന മുഖവും കുനിച്ചവൾ നടക്കാൻ തുടങ്ങും. പിന്നാലെ ചെന്നു കൈക്ക് പിടിച്ച് നിർത്തി ക്ഷീണമുണ്ടോന്ന് ചോദിക്കുമ്പോഴാണ് അവര് ചോദിച്ചതിൻറെ  അർത്ഥം വേറെയാണെന്ന് എന്റെ  മണ്ടക്ക് കൊട്ടി ലവള് പറേണത്.
വണ്ടിയിറക്കിയതേയുള്ളു ലോഡ് കേറ്റിയോന്നറിയാനാ ആൾക്കാർക്ക് ധൃതി. ഐക്യരാഷ്ട്രസഭയുടെ തലവന്റെ പേരും, പ്രകാശവർഷത്തിൻറെ കണക്കും, തമോഗർത്തത്തിൻറെ  മാസ്പിണ്ഡവും, ഉസൈൻ ബോൾട്ടിൻറെ സ്പോൺസർമാരുടെ പേര് വരേയ്ക്കും അറിയുന്ന ഞാൻ ഇവളുടെ ലോകപരിചയത്തിൻറെ മുന്നിൽ തോറ്റമ്പും.

അഞ്ചാറ് മാസം കൈയ്യും മെയ്യും മറന്നുള്ള പ്രയത്നം ഫലം കാണാതെ  ചെറിയൊരു വിഷമാവസ്ഥയിലൂടെ കടന്ന് പോകുമ്പോൾ, ക്ഷീണം കാണാൻ മുഖത്ത് നോക്കിയവരുടെ നോട്ടം പാവം പെണ്ണിന്റെ വയറിലെത്തും. പെണ്ണൊന്നു മിനുങ്ങി എന്നല്ലാതെ വേറൊരു മാറ്റം ഇല്ലെന്ന് കണ്ടാൽ ആവലോടെ ആരായും വിശേഷമൊന്നുമില്ലേന്ന് .വിശേഷമുണ്ടായി കാണാൻ ധൃതി ഉള്ളവരേക്കാൾ ധൃതിയാണ്, വീശേഷമുണ്ടായാലും അശേഷം വിശേഷമില്ലാത്ത നാട്ടാർക്ക്.പിന്നൊരു മൂന്നു മാസം കഴിഞ്ഞിട്ടും  പ്രത്യേകിച്ച് ഒരു വിശേഷവും കാണാനില്ല എന്നുള്ള അവസ്ഥ ആകുമ്പോൾ ചോദ്യം നേരിട്ടാവും,  ചിലപ്പോൾ അപ്പോൾ അച്ഛനമ്മമാരുടെ മുന്നിൽ വച്ചു ചോദിക്കും വിശേഷമൊന്നുമില്ലേന്ന്. തെളിഞ്ഞു സുന്ദരമായി കിടന്ന് നീലാകാശം മെല്ലെ കറുക്കാൻ  തുടങ്ങും. കല്യാണിച്ച ഉടനെ മകൻറെ കുഞ്ഞിനെ വാരിയെടുക്കാൻ വെമ്പൽകൊണ്ടു നിൽക്കുന്ന അമ്മായിയമ്മ അമ്മ  ഇത് കേൾക്കുമ്പോൾ എരിപൊരി കേറും. ഒരാവശ്യവുമില്ലാതെ എവിടെയോ കിടക്കുന്ന ചന്ദ്രീകേടെ  മകൻ കെട്ടി രണ്ടാമാസത്തിൽ   ഭാര്യയെ ഗർഭിണിയാക്കിയ കഥ അടക്കത്തിൽ അടുക്കളയിലിരുന്ന്  ചുമ്മ നാട്ടുവർത്താനം   വായിക്കാൻ വന്ന റീഡർ കുശലിക്കും. ഇതെല്ലാം കേട്ട്  കൊമ്പിൽ കയറിയ പെറ്റ തള്ള നെടുവീർപ്പിട്ടു  ചെറിയോരു ബിഡി പടക്കം പൊട്ടിക്കും. "ചന്ദ്രികേടെ ഭാഗ്യം" ഇത് കേട്ട് കെറുവിച്ച് മരുമോള് അരച്ചോണ്ടിരുന്ന മിക്സി നിർത്തി രണ്ടു പച്ചമുളക് കൂടുതലിട്ടരക്കും. ഇതെല്ലാം കണ്ട് ആനന്ദഭൈരവി രാഗത്തിൽ ന്യൂസ് റീഡർ ഇറങ്ങി നടക്കും. വൈകുന്നേരം വീട്ടിൽ ചെന്നു കയറുമ്പോൾ  മൊത്തം ഭീകരതയാണ്.ഇപ്പോ പൊട്ടും മുല്ലപ്പെരിയാർ ഈ മട്ടിൽ പെണ്ണുമ്പിള്ള. ബീഡിപടക്കമെറിഞ്ഞു  ഗ്രൈനേഡ് പൊട്ടിച്ച അമ്മ ഞാനൊന്നുമറിഞ്ഞില്ല എന്ന ഭാവത്തിൽ റ്റി വി കാണുന്നു. ഞാൻ ശാന്തി തീരം തേടി യാത്രയായി.l
         
       എനിവേ കാലം അതിന്റെ സൈക്കിളോടിച്ച് പോകുന്ന കൂട്ടത്തിൽ ഞങ്ങളും ലിഫ്റ്റടിച്ച് കേറി പോകുമ്പോൾ രണ്ടായിരത്തിപത്ത് ജനുവരിയിൽ പിതാജി വക കോളൊന്ന് എന്റെ ഫോണിൽ മുട്ടി വിളിച്ചു.  അമ്മ ചിക്കൻഗുനിയ പിടിപെട്ടു അഡ്മിറ്റാണെന്ന്. ബാംഗ്ലൂർ റ്റൂ വയനാട് ഫ്ലൈറ്റ് സർവീസ് അത്യാവശ്യമാണെന്ന് പ്രധാൻമന്ത്രിക്ക് കത്തെഴുതാൻ തീരുമാനിച്ചു കൊണ്ട് പച്ച വണ്ടി കേറി അമ്മയുടെ സവിധത്തിൽ വിത്ത് ഭാര്യയോടെ എത്തി.മെല്ലെ മെല്ലെ ചിക്കൻ ഗുനിയാ കാലത്തിൽ നിന്നും ചിക്കൻ കബാബ് കാലത്തിലേക്ക് അമ്മ എത്തി. അതിനിടയിൽ കുഞ്ഞൊരു ജോലിയുമായി കേരളത്തിലൊതുങ്ങാനുള്ള ശ്രമവും ഒരു മാതിരി വിജയിച്ചു.ഒളിഞ്ഞും തെളിഞ്ഞും വീണ്ടും വിശേഷമില്ലേ എന്ന ചോദ്യം തലപൊക്കി തുടങ്ങുന്ന കാലം. ചെറിയൊരു കുസൃതി ഒളിപ്പിച്ച നാണത്താൽ ഭാര്യാവ് ചെറു സംശയ തുമ്പ് നീട്ടിതന്നു. ഉള്ളിലൊരു കടലിളകി തുടങ്ങിയെങ്കിലും  ഉറപ്പിക്കാനാവാതെ മനസ്സ് കുഴങ്ങി. എന്റെ സ്റ്റേഷൻ വിട്ട തിരിഞ്ഞുകളി കണ്ടാവണം.  വഴി സ്വന്തം ഭാര്യ നൂലിൽ കെട്ടി എന്റെ മണ്ടത്തലയിൽ ഇറക്കി തന്നു. ഇവൾക്ക് ഇതിനു മാത്രം ബുദ്ധിയോ എന്നതിശയപ്പെട്ടു നേരെ മീനങ്ങാടിക്ക് വച്ചു പിടിച്ചു,     സംഭവം വാങ്ങി തിരിച്ചു വന്നു. പ്രഗ്നൻസി ചെക്കിംഗ് സ്ടിപ്പിൽ  തെളിയാൻ തുടങ്ങിയ രണ്ടാം വര എന്നെ ആഹ്ലാദത്തിന്റെ കൊടുമുടി  കേറ്റി.  ജീവിതത്തിൽ ആദ്യമായി അവളുടെ ശരീരം ഇളക്കാതെ കെട്ടിപ്പിടിച്ചു, മനസ്സ് കൊണ്ട് ഇറുകെ പുണർന്നു. 

                    ആദ്യം തന്നെ അടുക്കളയിൽ ചന്തയിൽ നിന്ന് കൊണ്ടു വന്ന മീനിൻറെ ചന്തം നോക്കിയരിക്കുന്ന  അമ്മയോടായി പരാക്രമം. ആശുപത്രിയിൽ പോയി കാര്യം സ്ഥിതീകരിക്കാതെ തന്റെ ഭാര്യ ഗർഭിണിയാണെന്ന് പറയുന്ന മകനെ പാണ്ടി ലോറി തട്ടി നട്ടിളകിയോ എന്ന സംശയത്തിൽ നോക്കി. മീൻ വാങ്ങാൻ മീനങ്ങാടിക്ക് പോയവൻ  വട്ടായോ എന്നായി ആശങ്ക. അച്ഛനെ പുത്രനായ ഞാൻ പിതാവാകാൻ പോകുന്ന വാർത്ത ഒരു ചളിപ്പുമില്ലാതെ അവതരിപ്പിച്ചു. തുടർന്ന് അമ്മായിയപ്പൻ/അമ്മ എന്റെ സ്വന്തം പെങ്ങൾ/അളിയൻ തുടങ്ങിയവർക്ക് കോളുകൾ പറത്തി. ബ്രേക്ക് പൊട്ടിയ വണ്ടി ചുരമിറങ്ങിയ അവസ്ഥായായിരുന്നു എന്റേത്. അന്നടിച്ച കള്ളിന്റെ ലഹരി ഇന്നും വിട്ടിട്ടില്ല. ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത നിമിഷങ്ങൾ. എന്റെ പ്രിയതമയെ  ഇന്നലെ വരെ കണ്ടതിനേക്കാൾ സ്നേഹം  പിന്നെബഹുമാനം പിന്നെന്തെക്കയോ പറഞ്ഞറിയിക്കാൻ കഴിയാത്ത കഴിയാത്ത എന്തോ ഒന്ന് അവളെ ഇന്ന് കാണുമ്പോൾ തോന്നുന്നു. 
            കാലത്തിന് അതിവേഗ ചക്രങ്ങളായിരുന്നു. മാസങ്ങൾ തോറുമുള്ള ചെക്കപ്പ്. കാത്തിരിപ്പിന്റെ വശ്യത. ഇത്രമാത്രം മനോഹരമായ കാത്തിരിപ്പ് വേറൊന്നില്ല. അവളുടെ ഓരോ ചുവടിലും കണ്ണെത്താൻ വേണ്ടി അങ്ങേയറ്റം ശ്രദ്ധിച്ചു. ഓരോ ചെക്കപ്പിനും കൂടെയെത്താനും ശ്രമിച്ചു.
 
അങ്ങനെ ഏപ്രിൽ പതിനേഴ് രണ്ടായിരത്തി പതിനൊന്ന്.
ഇനിയും തന്നിരിക്കുന്ന ഡേറ്റിലേക്ക് പത്ത് ദിവസത്തെ ദൂരം. പതിനെട്ടിനുള്ള ചെക്കപ്പിന് വീട്ടിൽ നിന്ന് ആരെങ്കിലും കൂട്ടി പോകൂ എന്ന് ശട്ടം കെട്ടി ഡേറ്റിന് രണ്ടു ദിവസം മുമ്പെത്താമെന്നും പറഞ്ഞു തിരിച്ചു പോകാൻ ഒരുങ്ങി കൊണ്ടിരിക്കുമ്പോഴേ പെണ്ണുമ്പിള്ള പൊട്ടാൻ പാകാത്തിനുള്ള മുല്ലപ്പെരിയാറും കൊണ്ട് നിൽക്കുന്നു. കാര്യം കടിഞ്ഞൂലാണെങ്കിലും നമ്മളിലൂടെയാവണം കാര്യങ്ങൾ എന്നൊരു ആഗ്രഹമുള്ളത് കൊണ്ട് ഒരാഴ്ച കാലത്തെ ജോലി മുന്നിൽ കണ്ടായിരുന്നു പോക്ക്. പക്ഷേ പെണ്ണ് ചിണുങ്ങി നിൽക്കുമ്പോൾ പോകാൻ കഴിയാതെ ചഞ്ചലനായി ഞാനും. അവസാനം നാളത്തെ ടെസ്റ്റിന് ശേഷം പോകാമെന്ന സമാധാന കരാറിൽ ഒപ്പ് വച്ച ശേഷം ഡ്രസ്സഴിച്ചു വച്ചു. 


ഏപ്രിൽ പതിനെട്ട് രണ്ടായിരത്തി പതിനൊന്ന്

രാവിലെ എന്നത്തേയും പോലെ അയാൾക്ക് മുന്നേ എണീറ്റ് റെഡിയായി കാത്തിരുന്നു. പതിവിലും വൈകി എണീറ്റ  ചങ്ങാതി മുഖം തരാതെ ബാത്ത് റൂമിലേക്ക് നടന്നു. അത്യാവശ്യം കാറും കോളും കൊണ്ട അന്തരീക്ഷമാണ്.അതിന് വേണ്ടി ഞാനൊന്നും ഇന്നലെ രാത്രി പറഞ്ഞതായി ഓർക്കുന്നില്ല.അവസാനം ഞാനിന്നു പോകുന്നതിന്റെ  എഫക്റ്റാണെന്ന് കരുതി സമാധാനിച്ചു. സാധാരണയേക്കാൾ സമയമെടുത്താണ് കുളിച്ചതും, ഒരുങ്ങിയതും, കഴിച്ചതുമെല്ലാം. ടെസ്റ്റ് കഴിഞ്ഞ് കൊണ്ടവന്നാക്കിയിട്ട് പുറപ്പെടേണ്ട ഞാൻ ക്ഷമയുടെ നെല്ലിപ്പലക കണ്ടുതുടങ്ങി. എങ്കിലും എന്നാലാവുന്ന ശാന്തതയിൽ ഞാൻ അടുത്തിരുത്തി കുറച്ചു കഴിപ്പിച്ചു.ഏകദേശം പതിനൊന്നു മണി കഴിഞ്ഞു രണ്ടാളും കൂടി ഇറങ്ങി. ഇ എസ്സ് ഐ ഹോസ്പിറ്റലിലേക്ക് നടക്കാവുന്ന ദൂരമേ ഉള്ളൂ എങ്കിലും ഞാൻ ഓട്ടോ വിളിക്കാൻ തുടങ്ങിയപ്പോൾ തടഞ്ഞു കൊണ്ട് പ്രതി പറഞ്ഞു. വേണ്ട വിന്വേട്ടാ നടക്കാമെന്ന്. ഡോക്ടറും പറഞ്ഞതാണ്  നടക്കണമെന്നത് എന്നവൾ പറഞ്ഞപ്പോൾ അപ്പോൾ കൂടുതൽ തർക്കിക്കാൻ നിന്നില്ല. എൻറെ കയ്യിൽ കൈകോർത്ത് പിടിച്ചു കൊണ്ട്  ചേർന്നു നടന്നു. കൂടുതൽ സംസാരിക്കാറുള്ള പ്രതി മൂകമായി നടക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഞാൻ കൂടുതൽ സംസാരിച്ചു കൊണ്ടിരുന്നു. 


         ഹോസ്പിറ്റൽ കാണാവുന്ന ദൂരത്തിൽ എത്തിയപ്പോഴാണ് പ്രതി പറയുന്നത് രാവിലെ മുതൽ വെള്ളം പോലെ പോയിത്തുടങ്ങിയിട്ടുണ്ടെന്ന്. 
..........നിന്ന നിൽപ്പിൽ തലയിൽ ശക്തമായ അടി കിട്ടിയത് പോലെ തോന്നി ........
കണ്ണിൽ ഒരു നിമിഷം ഇരുട്ട് കേറി. ഞാൻ ചുറ്റും നോക്കി ഞങ്ങൾ രണ്ടാളുമല്ലാതെ കണ്ണെത്തും ദൂരത്ത് വേറാരുമില്ല.പകച്ച് പോയ നിമിഷം. എനിക്കറിയാം ആമ്നിയോട്ടിക്ക്  വാട്ടർ ലീക്കായി കൂടുതൽ കോംപ്ലിക്കേഡായി പിറന്ന കുട്ടിയാണ് ഞാൻ. അച്ഛൻ പറഞ്ഞ അറിവുകളാണ്  കൂടുതൽ. ഒരു നിമിഷം കൊണ്ട്  കാര്യഗൗരവം തിരിച്ചറിഞ്ഞു. ഇതാ ഈ നിമിഷത്തിലും ഞാനൊറ്റയാണ് നേരിട്ടേ പറ്റൂ.   കാറു കൊണ്ട മോന്തയും താങ്ങി നിൽക്കുന്നവളെ കണ്ടപ്പോൾ കത്തിക്കയറിയ ദേഷ്യം പരമാവധി മറച്ച് പിടിച്ചു ശ്രമിച്ചു തോറ്റു കൊണ്ടവളോട് ചോദിച്ചു .... 'നിൻറെ പെറ്റമ്മ തന്നെയല്ലേ അവര്.... വരുമ്പോഴെങ്കിലും അവരോട് ഒന്ന് പറഞ്ഞു കൂടെ ഇങ്ങനാണെന്ന്'.... സഹായത്തിനു ആരേ വിളിക്കണമെന്നറിയാതെ എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങി. ഒരു സെക്കന്റിന് ശേഷം ദൈവത്തിന് തന്നെ ഫോൺ ചെയ്തു. ഫോണെടുത്ത അച്ഛൻ കാര്യങ്ങൾ അന്വേഷിച്ച ശേഷം എന്തുചെയ്യണമെന്ന് വടി വ്യക്തമാക്കി തന്നു. അവസാനം ഒറ്റ വാക്കും ഡോക്ടർ എന്തു പറയുന്നുവോ അതനുസരിക്കുക നിന്റെ സംഭാവന വേണ്ടാന്ന്..... അടി പൊളി തന്ത.... മകനേ അപ്പോഴും കൊട്ടി ഒരു കൊട്ട്..... എവിടെയോ പോയിരുന്ന ധൈര്യം തിരിച്ചു വന്നു കേറി. വഴികാട്ടാൻ അച്ഛനുണ്ടെന്നത് ആത്മവിശ്വാസം കേറ്റി. ഏറെ വർഷം മുമ്പ് അച്ഛൻ നേരിട്ട സാഹചര്യം അച്ഛന്റെ ബലത്തിൽ മകൻ നേരിടുന്നു.അച്ഛൻ ദൈവമാകുന്നത് തൊട്ടറിഞ്ഞ നിമിഷം. പിന്നൊരാൾക്കും ഫോൺ ചെയ്തില്ല. 

     ഹോസ്പിറ്റലിൽ ഡോക്റ്റുടെ ചെക്കിംഗിന് ശേഷം ഒരു ലിസ്റ്റുമായി ഡോക്ടർ വെളിയിൽ വന്നു പറഞ്ഞു. സിസേറിയൻ വേണം ഈ മരുന്നുകൾ വേഗം വേണം.  ചിറകുകൾ മുളച്ച വേഗം. മരുന്നെത്തിച്ചു. രജിസ്ട്രേഷൻ ചെയ്തു. ഡോക്ടറുടെ നിർദേശങ്ങൾക്ക് ചെവിയെത്തിച്ചു. ഒറ്റക്കായ പടയാളിയെ പോലെ പൊരുതാനുള്ള ആവേശം കടിഞ്ഞാണില്ലാത്ത കുതിരയെ പോലെ പറപ്പിക്കുകയായിരുന്നു ബ്ലഡിനുള്ള ഏർപ്പാട് ചെയ്തു തിരിച്ചു വരുമ്പോൾ പ്രസവ വാർഡിന് മുമ്പിൽ കട്ടിളയിൽ പിടിച്ചു മൊത്തം പച്ചയിൽ പൊതിഞ്ഞ കാർമേഘം നിറഞ്ഞ മുഖവും,പൊട്ടിവീഴാൻ തുളുമ്പുന്ന കണ്ണുമായി നിൽക്കുന്നു.മഴയിൽ കുതിർന്ന് വിറക്കുന്ന പക്ഷിക്കുഞ്ഞ്.ഹോസ്പിറ്റൽ ആണെന്നോ വരാന്തയാണെന്നോ നോക്കിയില്ല കെട്ടിപ്പിടിച്ചു. മെല്ലെ മെല്ലെ ധൈര്യം പകർന്നു. വീൽ ചെയറും കൊണ്ട് അറ്റൻൻറർ വന്നപ്പോൾ പ്രതിയെ  വളരെ മെല്ലെ പിടിച്ചു അതിലിരുത്തി വീൽചെയർ തള്ളാൻ തുടങ്ങിയ അവരെ മാറ്റി ഞാൻ തന്നെ തള്ളി ഓപ്പറേഷൻ തീയ്യറ്ററിന് അടുത്ത് എത്തിച്ചു.  പിന്നെ അവളുടെ കാതിൽ പറഞ്ഞു നീ വരും വരെ ഞാനിവിടെ തന്നെ കാണും.....

       ഓപ്പറേഷൻ തീയറ്ററിൻറെ വാതിലടഞ്ഞു. അവളുടെ വീട്ടിൽ നിന്നും അവരിപ്പോഴെത്തും. ഒരു ഗർഭകാലം അവൾ വയറ്റിലും ഞാൻ മനസ്സിലും ചുമന്നതിൻറെ അവസാനരംഗമാണിത്. മനസ്സിൽ അച്ഛനെയോർത്തു. അദ്ദേഹം മനസാന്നിദ്ധ്യത്തോടെയാവണം ഇതിനേക്കാൾ വലിയ സാഹചര്യം നേരിട്ടിട്ടുള്ളത്.  പ്രതിയെ കുറിച്ചോർത്തു. കൂടെ ഈ സമയത്ത് ഞാനുണ്ടാവാൻ കാരണമായ അവളുടെ  പരിഭവത്തേ ഓർത്തു. സിസേറിയനുള്ള സമ്മതപത്രം ഒപ്പിടുമ്പോഴും മനസ്സ് കൈവിട്ടു പോകാതിരിക്കാൻ കാരണം. പ്രതിസന്ധികളിൽ പതറാത്ത മനോധൈര്യം തന്നെയായിരുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് എന്താണ് സംഭവിക്കുന്നത് എന്ന് മനസ്സിലാക്കിയെടുക്കാൻ  പാടുപെട്ടു.

"പ്രതിമയുടെ  ഭർത്താവാണോ...."
മുന്നിലൂടെ കടന്നു പോയ മനുഷ്യൻ ഒന്ന് നിന്ന് എന്നോട് ചോദിച്ചു.അതെയെന്ന് തലയാട്ടി ഞാൻ.  പേടിക്കേണ്ട സിസേറിയൻ കഴിഞ്ഞു അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു . സമയം 12:22. ആൺകുട്ടി.പറഞ്ഞ വാക്കുകൾ ശരിക്കും മനസ്സിലാവാതെ മന്ദബുദ്ധിയേ പോലെ ഞാൻ ചിരിച്ചു. ഡോക്റ്റർക്ക് നന്ദി പറഞ്ഞു. വേറെന്തെങ്കിലും ചോദിക്കും മുമ്പേ അയാൾ പോയിരുന്നു. അമ്മായിയപ്പനും മറ്റും വന്ന് ചോദിച്ചതിന് ആ ഡോക്ടർ പറഞ്ഞത് പോലെ തന്നെ ഇവരോടും പറഞ്ഞു. തീയേറ്ററിൻറെ വാതിൽ തുറന്നു തുണിയിൽ പൊതിഞ്ഞ കുഞ്ഞുമായി നേഴ്സ് വന്നു. വന്നപാടെ കുഞ്ഞിനെ അമ്മായിയമ്മ വാങ്ങി. തൊട്ടു പിന്നാലെ  പ്രതിയേയും കൊണ്ട് വന്നു . ഞാനവളുടെ അടുത്ത് ചെന്ന് കൈ പിടിച്ചു.  കൺ തുറന്നെന്നെ നോക്കി അനസ്തേഷ്യയുടെ  മയക്കത്തിൽ സ്പഷ്ടമല്ലാതെ പറഞ്ഞു. ആൺകുട്ടിയാണ് വിന്വേട്ടാ.... ഞാനവളുടെ മുഖത്ത് തലോടി കൊണ്ട് ചോദിച്ചു നീ കണ്ടോ.... കണ്ടെന്ന് മൂളി കൊണ്ട് തലയാട്ടി. പിന്നെ എന്നോട് ചോദിച്ചു വിന്വേട്ടൻ കണ്ടോന്ന്. അവിടെ ഒരു സീനുണ്ടാക്കാനുള്ള അവസ്ഥയല്ലാത്തതിനാൽ  മിണ്ടിയില്ല ഞാൻ കണ്ടോളാമെന്നു പറഞ്ഞു. പ്രതിയെ വാർഡിലേക്ക് കൊണ്ട് പോയപ്പോൾ ഞാൻ മെല്ലെ അവനടുത്തേക്ക് നടന്നു. എന്റെ മകനടുത്തേക്ക്.....

          ഇതാ .... ഇവിടെ നിന്നും പുതിയ അധ്യായം തുടങ്ങുകയാണ്. മനസ്സ് കൊണ്ട് ഏറേ കാത്തിരുന്നു കിട്ടിയതാണിവനേ. കൈയ്യിലെടുക്കുമ്പോൾ ഉണ്ടായ വികാരത്തെ ഇന്നും വാക്കുകൾ കൊണ്ട് വരയ്ക്കാനാവില്ല. കണ്ണുകളടച്ച്  ചുണ്ടുകൾ കൂട്ടി വച്ചുറങ്ങുന്ന സൈഡിലേക്ക് ചരിഞ്ഞിരിക്കുന്ന മുഖം  വല്ലാതെ സംശയിപ്പിച്ചു. മെല്ലെ തുണിയൊന്നു നീക്കി ആ മുഖമൊന്നു ശരിക്കു കണ്ടപ്പോൾ സംശയമില്ലാതെ തെളിഞ്ഞത് ക്ലീൻഷേവ് ചെയ്ത അച്ഛന്റെ മുഖമാണ്. വിനൂ നക്ഷത്രം ചിത്തിരയാണ് അമ്മയിയച്ഛൻ പറഞ്ഞു. അത് ഗംഭീരം.... എന്റെ അച്ഛനും ചിത്തിരയാണ്.ഒരു കാത്തിരിപ്പിനൊടുവിൽ കിട്ടിയ സമ്മാനമാണിത്.സമ്മാനം ഇരട്ടി മധുരത്തോടെ കിട്ടി. ഞാനവൻറെ ചെവിയിൽ ആരും കേൾക്കാതെ പറഞ്ഞു

.......താങ്ക്സ് അപ്പൂ......

25 അഭിപ്രായങ്ങൾ:

  1. ഒരുപാട് നന്ദിയുണ്ട് നീ എനിക്ക് മകനായി പിറന്നതിൽ.
    നീ തന്ന മുത്തങ്ങൾ മതി ഈ മണ്ണിൽ നിന്നും അടരാതെ പിടിച്ചു നിൽക്കാൻ

    മറുപടിഇല്ലാതാക്കൂ
  2. നടന്നതൊക്കെയും അതേ തീവ്രതയോടെ അനുഭവിപ്പിച്ച എഴുത്ത്.. മനോഹരം...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്നേഹം രാജി....
      ഒരുപാട് സ്നേഹിക്കാനും .... ഒരുപാട് വഴക്കുണ്ടാക്കാനും നമുക്കൊരു കുടുംബമേയുള്ളല്ലോ.... നമുക്ക് ആഘോഷിക്കാം ഈ ജീവിതം ഇങ്ങനെ തന്നെ....
      സ്നേഹം....

      ഇല്ലാതാക്കൂ
  3. ഞങ്ങടെ അപ്പൂന് എല്ലാ ആശംസകളും...
    പ്രതിക്കും കുട്ടത്തിനും ആശംസകൾ..
    ആദ്യമായി അച്ഛനും അമ്മയും ആയതിന്റെ ആശംസകൾ..
    നിന്റെ മൊരടത്തരം ഒന്നും പിള്ളേരോടും പ്രതിയോടും കാണിച്ചിട്ട് ഒരു കാര്യവും ഇല്ല...
    ഒത്തിരി സ്നേഹം ട്ടോ...അവിടെ നടന്ന കാര്യങ്ങൾ എല്ലാം ഭംഗിയായും ഹൃദയത്തിൽ തട്ടും വിധം പറഞ്ഞു ട്ടോ..
    ഡാ പഹയാ നിനക്ക് എഴുത്തിന്റെ അസുഖം ഇത്തിരി അല്ല കേട്ടാ ഒത്തിരി ഉണ്ട്..
    ഇടക്കിടെ നല്ല നല്ല പോസ്റ്റുകൾ ഇട്ടോളണം..
    സ്നേഹം ഡാ പഹയാ...
    ഒത്തിരി ഒത്തിരി കാലം നിങ്ങൾ നാലും സുഖമായിരിക്കട്ടെ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വക്കീലേ.... നിങ്ങളെന്നെ ആവേശത്തിന്റെ ഹിമാലയം കേറ്റും... ഒരു കാര്യം പറയാം എനിക്കീ സന്യാസത്തിൻറെ സൂക്കേടുണ്ട്.... ഇനി ഹിമാലയം കേറ്റിയാൽ ഞാനവിടെ അങ്ങ് കൂടും.... ഹല്ല പിന്നെ...


      വക്കീലേ .... നിറയെ സ്നേഹം....

      ഇല്ലാതാക്കൂ
  4. അപ്പുക്കുട്ടന് എന്റേം വക ഹാപ്പി ബർത്ത്ഡേ 💓 പുത്രവാത്സല്യം മുഴുവൻ എഴുത്തിലുണ്ട് കുട്ടത്തു ചേട്ടാ 😍It was so touching 💓💓

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കാത്തിരുന്നു കിട്ടിയ കനിയാണവൻ അതോണ്ട് സ്നേഹം ഇത്തിരി കൂടുതലാണവനോട്......
      സ്നേഹം സൂര്യ...

      ഇല്ലാതാക്കൂ
  5. പ്രസവവേദന നന്നായി അനുഭവിച്ച പ്രതിമയുടെ ഭർത്താവ്...!
    അപ്പൂന്റഛൻ കുട്ടേട്ടൻ...!
    എന്തെല്ലാം സ്ഥാനമാനങ്ങളാ....ല്ലേ..

    പിറന്നാൾ ആശംസകൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അശോകേട്ടാ....
      മാനമില്ലെങ്കിലും സ്ഥാനത്തിന് കുറവില്ലേ.... ഇടക്കിടെ തോന്നാറുണ്ട് മൊത്തം അസ്ഥാനത്തല്ലേന്ന്....
      എനിവേ.... അശോകേട്ടോ.... നിഞ്ഞ സ്നേഹം.,.

      ഇല്ലാതാക്കൂ
  6. ഹൃദയസ്പർശിയായ എഴുത്ത്! ഒരു ഭർത്താവിന്റെയും അച്ഛന്റെയും ഹൃദയവികാരങ്ങൾ മുഴുവൻ പ്രതിഫലിച്ചു. അപ്പൂന് പിറന്നാൾ ആശംസകൾ!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊച്ചൂന് കാര്ങ്ങൾ പിടികിട്ടി.... അതാണ്.... നോട്ട് ദി പോയിന്റ്...

      സ്നേഹം കൊച്ചൂ.... സ്നേഹം

      ഇല്ലാതാക്കൂ
  7. നാളെ ഒരിക്കൽ മലയാളം വായിക്കാൻ പഠിച്ചിട്ട് മകനിതു കാണുമ്പോൾ വായിച്ചു കഴിയുമ്പോൾ എന്റെ പൊന്നച്ഛൻ ന്നും പറഞ്ഞോണ്ട് ഒരുമ്മ തരും ട്ടോ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അതെ ... ഉമേ....
      ഒരു ദിവസം അവനറിയും അച്ഛൻ പറയാൻ ബാക്കി വെച്ച സ്നേഹത്തിന് പറഞ്ഞതിനേക്കാൾ മധുരമുണ്ടെന്ന്...

      ഇല്ലാതാക്കൂ
  8. അസ്സൽ അനുഭാവാവിഷ്‌കാരങ്ങളിലൂടെ
    ഒരു അച്ഛന്റെ മകന് പ്രതിയെ കിട്ടിയതു
    മുതൽ ഒരു അച്ഛന് മകനെ കിട്ടിയത് വരെയുള്ള
    - ഏത് മാതാപിതാക്കളും നേരിട്ടനുഭവിക്കുന്ന ഒരു
    സമ്പൂർണ്ണ കുടുംബ പുരാണം ...

    'അമ്മ കുഞ്ഞിനെ വയറ്റിൽ ചുമക്കുമ്പോൾ
    അച്ഛൻ കുഞ്ഞിനെ മനസ്സിൽ ചുമക്കുമെന്നാണ് പറയുക ..!

    പിന്നെ അപ്പുവിന് പിറന്നാൾ മംഗളങ്ങൾ ...
    അവൻ അച്ഛനെ മാതൃകയാക്കി തന്നെ വളരട്ടെ വിനു ഭായ്

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളിയേട്ടാ.... പോസ്റ്റല്ല .... മുരളിയേട്ടൻറെ കമന്റാണ് പെട സാധനം.
      നിറഞ്ഞ സ്നേഹം മുരളിയേട്ടാ.....നല്ല വാക്കുകൾക്ക്, സ്നേഹത്തിന് നന്ദി മുരളിയേട്ടാ.....

      അച്ഛനെ മാതൃകയാക്കണോ.... അത് വേണ്ട വേറെ നല്ല മാതൃകകൾ അവൻ കണ്ടെത്തട്ടേ....

      ഇല്ലാതാക്കൂ
  9. അപ്പൂന് ജന്മദിനാശംസകൾ ഒരായിരം.. അപ്പൂന്റെ അച്ഛനോട് സ്നേഹം മാത്രം...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിനുവേട്ടാ.... നന്മവാക്കുകൾക്ക് ഒരായിരം നന്ദി.....
      സ്നേഹം വിനുവേട്ടാ.....

      ഇല്ലാതാക്കൂ
  10. ഇത് ഞാൻ നേരത്തെ നോക്കിയപ്പോൾ കണ്ടില്ല ... അതെന്താണാവോ ??????

    അപ്പു ഒരു നാൾ ഇത് വായിക്കട്ടെ ..!!!

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാൻ പതിനെട്ടാം തീയതി രാവിലെ തന്നെ ഇട്ടു...... ഇനി അടുത്തത് മെയ് ഇരുപത്തിയൊന്ന്.....


      അതെ ഒരു നാൾ വായിക്കട്ടെ...,.
      ദിവ്യേ.... സ്നേഹം....

      ഇല്ലാതാക്കൂ
  11. വിനോദ് ..ക്ഷമിക്കണം,,സുഖമുള്ളപ്പോഴേ ഇവിടെയോക്കെയുള്ളൂ,,,അധികവും വരണമെന്നുണ്ട് ,,
    അച്ചൂനു അച്ഛനില്‍ നിന്നും തിരിച്ചും പഠിക്കാനുണ്ട് ,,

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സാരമില്ല ഇക്കാ....
      ഇപ്പോൾ ആരോഗ്യം സുഖമിണെന്ന് കരുതുന്നു....

      സ്നേഹം.....

      ഇല്ലാതാക്കൂ
  12. ഓരോ വരിയും അതീവ ഹൃദസ്പർശിയായി കുറിച്ചിരുന്നു. ഉള്ളിലെ വാത്സല്യത്തിന്റെ തീവ്രത അറിയാൻ ഒരു പേരഗ്രാഫ് മാത്രം മതി..അടച്ചിട്ട ലേബർ റൂമിന്റെ മുന്നിലെ നിൽപ്പു പോലും അതിന്റെ തീവ്രതയോടെ പകർത്തി..ഒരു ഗർഭകാലം അവൾ വയറ്റിലും ഞാൻ മനസ്സിലും ചുമന്നതിൻറെ അവസാനരംഗമാണിത്.. വാക്കുകൾ എത്ര അളന്നുമുറിച്ചാണ് പ്രയോഗിച്ചിരിക്കുന്നത്! ആശംസകൾ..അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇക്കാ... സ്നേഹം വാരി വലിച്ച് എഴുതിയെങ്കിലും അന്തസത്ത അത്രയേ ഉള്ളൂ....
      സ്നേഹം...

      ഇല്ലാതാക്കൂ
  13. ഞാനിത്തിരി വൈകി പോയി... എന്നാലും പിറന്നാളാശംസകൾ

    സ്നേഹത്തോടെ
     രൂപ

    മറുപടിഇല്ലാതാക്കൂ

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...