2020, മാർച്ച് 25, ബുധനാഴ്‌ച

ഒരിക്കൽ കൂടി

അച്ചുവും, അപ്പുവും,കുഞ്ചുവും


കൺപോളകളിൽ പാടകെട്ടിയ ഉറക്കത്തിന്റെ ഉടുമുണ്ട് വലിച്ചുകീറി സൂര്യന് മുന്നിൽ നഗ്നനായി നിർത്തിയത്  സ്വന്തം  ഭാര്യാവിൻറെ പ്രഭാതഭേരിയായിരുന്നു. രണ്ടുമൂന്നു ദിവസം ഉറക്കമില്ലാത്ത യാത്രയുടെ അവസാനത്തിൽ ക്ഷീണം താരാട്ട് പാടി ഉറക്കിയതായിരുന്നു.കുറഞ്ഞത് ഒരാഴ്ച കാലം നീണ്ടുനിൽക്കുന്ന തിന്നുക ഉറങ്ങുക, ഉറങ്ങുക തിന്നുക പരിപാടിയിലൂടെ ക്ഷീണം തീർത്തു തടി വെടിപ്പാക്കി എടുക്കാനുള്ള ഭഗീരഥ പ്രയത്നം. ആ ഉറക്കത്തേയാണ് സ്വന്തം ഭാര്യ ഉപ്പൂറ്റി വിണ്ടുകീറിയ ചിരവ നാക്ക് പോലുള്ള കാലാൽ ചവിട്ടിപ്പായിച്ചത്.ഭേരി അടുത്ത വീട്ടിലെ അക്കയോടാണ്. ദൈവത്തിന്റെ മഹത്വമാണ് പ്രഘോഷണ വിഷയം.ബെസ്റ്റ് വിഷയം....

            കണ്ണ് മെല്ലെ തുറന്നു. ജനലൽ തുറന്നിട്ടിരുന്നു.ആ വഴിയാണ് സൂര്യൻ കേറി വിലസുന്നത്.ദിഗംമ്പര വേഷത്തിലുള്ള ഞാനെണീറ്റു മൂരി നിവർത്തി. ഇത്രയും പ്രായമായിട്ടും ഈ ചെക്കന് നാണം വന്നില്ലല്ലോന്നോർത്ത് സൂര്യൻ  മേഘങ്ങളിൽ മുഖം മറച്ചു. ഉടുമുണ്ട്  തപ്പിയെടുത്ത് തട്ടിക്കുടഞ്ഞുടുത്തു.  വയറ് കിടന്ന് പൈക്കീഞ്ചോ അടിക്കുന്നുണ്ട്.പല്ല് തേച്ചാൽ ഇരട്ടിയാവുന്ന വിശപ്പിനെ കുറിച്ച് ആലോചിച്ചപ്പോൾ അവളേയും ദൈവത്തേയും വലിച്ച് വാരി നിലത്തടിക്കാൻ തോന്നി.കാരണം ഭേരി മാത്രമേ കാണൂ. അടുക്കളയിൽ ഒന്നും ഉണ്ടാവില്ല.യാത്ര പോകുന്നതിനു മുമ്പ് സ്റ്റൗ കത്തിച്ചതാണ്. വിശക്കുന്നവന് മുമ്പിൽ അപ്പമായി ദൈവം പ്രത്യക്ഷപ്പെടുമെന്ന ബൈബിൾ വചനം ഞാൻ വെറുതെ ഓർത്തു. ചുമ്മാ.... ഒരു രസത്തിന്... 

ജോലി റിസൈൻ ചെയ്തു, ഇനിയെന്ത് എന്ന മട്ടിൽ ഫാനും നോക്കി കിടക്കുമ്പോൾ.  ചിന്തകൾ കാലു വെന്ത നായയെ പോലെ അന്തമില്ലാതെ പായുന്ന നേരം. ഫാൻ കറങ്ങുന്നതിനേക്കാൾ മൂളിച്ചയിൽ തലക്കുള്ളിലൊരു വണ്ട് മുരണ്ടു പറക്കുന്നുണ്ട്. ചിന്തകൾ കാടും കയറി നിബിഡ വനങ്ങളായി.വനത്തിനുള്ളിൽ നിന്നും വാടക,ലോൺ തുടങ്ങിയ സിംഹങ്ങൾ വന്ന് അലറി.അടിവയറ്റിൽ നിന്നും  ഹോമകുണ്ഡത്തിൽ നിന്നും തെള്ളിപ്പൊടി വാരിയെറിഞ്ഞ പോലെ ആളിക്കത്തി.മൂട്ടില് മുള വച്ച് കുത്തിയ പോലെ അറിയാതെ കസേരേന്ന് രണ്ടു പ്രാവശ്യം പൊങ്ങി ചാടി. അത്യാവശ്യം രണ്ടു മൂന്നാസനങ്ങൾ സ്കൂളു വഴി പഠിപ്പിച്ചത് കാണിച്ചു ആസനപ്പായ എന്നെ കൊണ്ട് വാങ്ങിപ്പിച്ച മൂത്ത പുത്രൻ ഞാൻ കസേരയിൽ ഇരുന്നു കാണിച്ച ആസനക്രിയ്യ കണ്ട് സകൂതം നോക്കി.കൊള്ളാമല്ലോ അച്ഛന്റെ  കസേരാസനമെന്ന് അത്ഭുതത്തോടെ വാ പിളർത്തി നിന്നു. 

                         ഇങ്ങനെ ജീവിതം മരുഭൂമിയിലെ ചൂട് പോലെ വളരെ സുഖ സമ്പൂർണ്ണമായി മുന്നോട്ട് പോകുന്ന  കാലത്താണ്, പെണ്ണുമ്പിള്ള വഴി ബന്ധുക്കാരൻറെ ഫാര്യവ് വക ഫോൺ കോളൊന്ന് മിന്നൽ പോലെ പറന്നിറങ്ങിയത്.  ടിയാത്തിയുടെ കത്തിയും കുശലവും കഴിഞ്ഞു ടിയാത്തി അവരുടെ സ്വന്തം ടിയാന്  ബാറ്റൺ കൈമാറി. അപ്പോഴാണ് ഇപ്പോൾ തന്നെ ലവര്  സ്നേഹം മൂത്ത് വിളിച്ചതിന്റെ കാര്യം തിരിഞ്ഞത്. പത്തഞ്ഞൂറ് കിലോമീറ്റർ അകലെയുള്ള ക്ഷേത്രദർശനം നടത്താൻ പോകുന്നു. ടിയാനും ടിയാന്റെ സ്വന്തം ഭാര്യയും മക്കളെയുപേക്ഷിച്ച്, മൈസൂരും ചുറ്റുവട്ട ജില്ലകളിലുള്ള സകല ദൈവങ്ങളുമായുള്ള കണക്ഷൻ കട്ടാക്കി അഞ്ഞൂറ് കിലോമീറ്റർ ദൂരത്തുള്ള ദൈവവുമായി പുതിയ കണക്ഷൻ സ്ഥാപിക്കാനുള്ള ആപ്ലിക്കേഷൻ കൊടുക്കാൻ പോകുന്നു,..... കൂടെ വരണം പോലും. അടിപൊളി.... പണിയില്ലാത്തവന്  പുലിപ്പാലിൽ കിട്ടിയ പണി.

കണവനായ എന്റെ എല്ലൊടിഞ്ഞതും,എല്ലൊടിഞ്ഞിട്ടും തീരാത്ത അഹങ്കാരത്തിൻ പുറത്ത് ജോലി രാജിവെച്ച് ഫാനും നോക്കി കിടക്കുന്നതും, പണ്ടേപ്പോലെ വിളിച്ചാൽ വിളിപ്പുറത്തുള്ള, ചുറ്റി നിൽക്കുന്ന അമ്പലങ്ങളിലെ ദൈവങ്ങളുടെ പവറ് കമ്മിയായോ എന്ന്  പ്രതിമ എന്നു പേരുള്ള  എന്റെ സ്വന്തം ഭാര്യ പ്രതി, പ്രതിമ പോലെ  ചിന്തിച്ചു കൊണ്ടിരിക്കുന്ന സമയത്താണ്  ഈ ഫോൺ കോൾ ഇടിത്തീയായി വന്നതെന്ന് എനിക്ക് മനസ്സിലായി. ദൈവവിളിയായി ഇതിനെ കാണണമെന്നും ദൈവം തന്നെയാണ് അവരെ കൊണ്ട് വിളിപ്പിച്ചതെന്നും, അല്ലെങ്കിൽ ഇത്രയും കാലം ഇല്ലാതെ അവർ ഇപ്പോൾ തന്നെ അമ്പലത്തിൽ പോകാൻ വിളിക്കേണ്ട കാര്യമില്ലെന്നും, അത് കൊണ്ട് ദൈവം അവരെ കൊണ്ട് വിളിപ്പിച്ചതാണെന്നും  ഫോൺ കട്ട് ചെയ്തു പെണ്ണൊരുത്തി കട്ടായം മൊഴിഞ്ഞു. കാശില്ലാത്തതാവുമ്പോൾ അപ്പോഴപ്പോൾ കരുതൽ ധനമെടുക്കാൻ സ്വന്തം റിസർവ് ബാങ്ക് ഇല്ലാത്തതിനാൽ, കളസം കീറീ നിൽക്കുമ്പോൾ  സ്വന്തം ഭാര്യക്ക് വന്ന ഈ ദൈവവിളി ഞാനും ദൈവവും തമ്മിലുള്ള ശത്രുത വീണ്ടും കൂട്ടി.

ദൈവം പോലുമറിയാതെ  ഞാൻ ഭാര്യാവുമായി നയതന്ത്ര ചർച്ച നടത്തി നോക്കി.പത്തഞ്ഞൂറു കിലോമീറ്റർ ചുറ്റി പോയി ആ ദൈവത്തേ കാണുന്നതിനേക്കാൾ നമ്മുടെ ചുറ്റുവട്ടത്തുള്ള ടോപ്പ് ദൈവങ്ങളുമായി ഒരു കൂടികാഴ്ച നടത്തുന്നത് നന്നായിരിക്കും. അത് മാത്രമല്ല ബുധൻ വ്യാഴത്തിന്റെ മേലെ വന്നതിനാലും, ശുക്രനിൽ ശനിയുടെ അപഹാരമുള്ളതിനാലും ശനിയുടെ മൂലസ്ഥാനം പോക്കറ്റിലേക്ക് മാറിയതിനാലും ഇപ്പോൽ മൈസൂരിലെ ദൈവങ്ങളുടെ പവ്വർ കഴിഞ്ഞ മാസത്തേക്കാൾ  ഇരട്ടി ആയതിനാൽ ദർശനം ഇവിടം ഉത്തമം.

കേട്ടതിൽ തത്ക്ഷണം പെമ്പിള ചീറി......

."ഇത്രയൊക്കെ ആയിട്ടും സകല ദൈവങ്ങളേയും  ചീത്ത വിളിക്കുന്ന സ്വഭാവം നിർത്താറായില്ലേ മനുഷ്യാ.... ഈ മനുഷ്യൻ എന്ന് നന്നാവും ദൈവമേ..... "

ഇനി എന്തെങ്കിലും പറയാൻ നിന്നാൽ 'കഥ കന്തലാവും' എന്ന തമിഴ് മൊഴിയോർത്തു കൊണ്ട്  കൂടുതൽ പറയാൻ നിൽക്കാതെ ദൈവത്തെ കാണാനുള്ള ബഡ്ജറ്റും ഇട്ട്  പാസാക്കുകയും ചെയ്തു. ഉടനടി അടിയന്തര സാഹചര്യം കണക്കിലെടുത്ത് പുത്രന്മാക്ക് മൂന്നുദിവസം സ്കൂളിൽ പോകുന്നതിന്  അവധി പ്രഖ്യാപിച്ചു.പ്രഖ്യാപനം കേട്ട് സ്കൂൾ വിരോധികളായ എന്റെ രണ്ട് സന്താനങ്ങൾ തുള്ളിച്ചാടി ആർപ്പുവിളിച്ചു. അവധി പ്രഖ്യാപനം നടത്തിയ അമ്മക്ക് നന്ദിയോടെ സ്നേഹത്തോടെ 'കീ ജയ് 'വിളിച്ചു. തന്തയെന്ന പരിഗണനയിലും, സമാധാനമായി കേട്ടു നിന്നതിനാലും രണ്ടു 'കീ ജയ് 'എനിക്കും കിട്ടി.

      ഭാണ്ഡം മുറുക്കി പുറപ്പെടാൻ നിൽക്കുമ്പോൾ  ദാണ്ടേ വരുന്നു വേറൊരു കുരിശ്. അമ്മായിയപ്പനും അമ്മായി അമ്മയും കൂടെ വരുന്നെന്ന്. അടുത്ത ജംഗ്ഷനിൽ മുറുക്കാൻ വാങ്ങാൻ പോകണമെങ്കിലും ഓട്ടോ വിളിക്കാൻ പറയുന്ന അമ്മായിയമ്മയും അമ്മായിയപ്പനും. ഒരോട്ടോയിൽ അമ്മായിയമ്മ കയറിയാൽ പാവം തോട്ടി പോലുള്ള അമ്മായിയച്ചൻ ചുരുണ്ടു മടങ്ങി കയറിയിരുന്നാൽ പിന്നാർക്കുമില്ല സ്ഥലം,അതാണവരുടെ ഭൂമിശാസ്ത്രം. ഇവരുടെ വരവ് തീരുമാനമായതോടെ നൂറിൽ പിടിക്കാൻ ഉറപ്പിച്ചിരുന്ന സ്പീഡ് പൂജ്യം വെട്ടിക്കുറച്ചു പത്തിലേക്ക് മാറ്റി.ഇട്ട ബഡ്ജറ്റ് കമ്മി ബഡ്ജറ്റായി. മൊത്തത്തിൽ വെരി ഹാപ്പിയായി. അടിയന്തരമായി  ഞാനും പെണ്ണുമ്പിള്ളേം മീറ്റിങ്ങ് കൂടി രണ്ടു മൂന്ന് കാര്യങ്ങൾ പാസാക്കി.ഒന്ന്,ഒന്നോ രണ്ടോ ദിവസത്തേക്കുള്ള  പഴം, പച്ചക്കറി, ചപ്പാത്തി  തുടങ്ങിയവ കരുതുക. 

 യാത്ര പുറപ്പെടുന്നതിൻറെ തലേദിവസം രാത്രിയാണ് അടുത്ത ബോംബ് പൊട്ടിയത്. ശ്രീമതിയുടെ അനിയത്തിയുടെ മൂത്ത പുത്രനും കൂടെ വരുന്നുണ്ടെന്ന്. പേര് അച്ചു. ഓൾറെഡി രണ്ട് ന്യൂക്ലിയർ ബോംബ് കൊണ്ടു നടക്കുന്നവന് ഒരു ഹൈഡ്രജൻ ബോംബ് ഫ്രീ കിട്ടിയ അവസ്ഥയായി എന്റേത്.

എന്തായാലും വലിയ കുഴപ്പമില്ലാതെ സിഗന്ദൂരെത്തി കുളി കഴിഞ്ഞ് ദൈവത്തേ കാണാനുള്ള ക്യൂവിൽ എന്റെ രണ്ടേണ്ണത്തിനെ അണ്ടർ കസ്റ്റഡിയിലൊതുക്കി നിൽക്കുമ്പോഴാണ് ചില സംശയങ്ങൾ മുള പൊട്ടിയത്.അതേറയും  ഈ ദൈവത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും അറിയാനുള്ള അടക്കാനാവാത്ത അഭിവാജ്ഞയുടെ പുറത്താണെങ്കിൽ എന്റെ പെണ്ണുമ്പിള്ളക്ക് ശുദ്ധ പോക്രിത്തരമായാണ്  തോന്നിയത്. അവളെന്നോട് പലപ്പോഴും കണ്ണുരുട്ടി കാണിച്ചു.എന്നിട്ടും അനിർഗ്ഗളം പ്രവഹിച്ച സംശയസരണി അവൾ നുള്ളി നിർത്തി.

      അവസാനം ദൈവത്തിന് മുന്നിൽ പെണ്ണുമ്പിള്ള കണ്ണടച്ച് പ്രാർത്ഥിക്കുന്നതിന് കാവലായി കവചമായി നിന്ന് കൊണ്ട് മുന്നിൽ നിന്ന രണ്ട് കൊച്ചു സൂര്യന്മാരെ  വായുവിൽ നിർത്തി ദൈവത്തിന് അവരെ കാണാൻ അവസരമുണ്ടാക്കി കൊടുത്തു.അതിനിടക്ക് കിട്ടിയ ഗ്യാപ്പിൽ ഞങ്ങൾക്ക് മുന്നിൽ  ദൈവവുമായിട്ട് ഡയറക്റ്റ് കോൺടാക്റ്റ് വരത്തക്കവണ്ണം എന്റെ രണ്ടു സൂര്യന്മാരേ ഞാൻ  നിർത്തി. അതിന് ശേഷം ദൈവത്തിന്റെ കാന്തിയെ പറ്റി പോക്കറ്റിൽ രണ്ടു കൈയ്യുമിട്ട് ഒരു വിഹക വീക്ഷണം നടത്തവേ, തൊഴുതു നിന്ന ശ്രീമതി ഇടങ്കണ്ണിട്ട് എന്നെയൊന്നു നോക്കി. ഇവിടെ വന്നിട്ടെങ്കിലും കൈകൂപ്പി പ്രാർത്ഥിക്ക് മനുഷ്യാന്നും പറഞ്ഞു ആറടി ഉയരത്തിലുള്ള  എന്നെ നാലരയടി ഉയരത്തിലുള്ള ലവള് മുട്ടുകൈ വച്ച് പൊക്കിളിന് താഴെ ഒറ്റത്തട്ട്....

നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു.... കണ്ണിൽ
നക്ഷത്ര ദീപങ്ങൾ തെളിഞ്ഞു...... മുന്നിൽ 
നവരാത്രി കൽമണ്ഡപമൊരുങ്ങി.....

ദൈവമേ....... ദൈവത്തിന് നല്ല ബുദ്ധി വരണേന്ന് അപ്പോ തന്നെ പ്രാർത്ഥിച്ചു..... ആരായാലും പ്രാർത്ഥിക്കും, അതായിരുന്നു പ്രയോഗം.

  ക്ഷേത്രദർശനം കഴിഞ്ഞ് കഴിഞ്ഞ തിരിച്ചു പുറപ്പെടാൻ നിൽക്കുമ്പോഴാണ് വേറൊരു ബോർഡ് പെണ്ണുമ്പിള്ള യുടെ ശ്രദ്ധയിൽപ്പെട്ടത് മൂകാംബിക 55 കിലോമീറ്റർ മീറ്റർ. ഉടനേ ബന്ധുക്കളെല്ലാം ചേർന്നു അടിയന്തര യോഗം കൂടി തീരുമാനമെടുക്കുകയും റൂട്ട് മാപ്പ് തിരുത്തി യാത്ര മൂകാംബിക വഴി കൂടി ആക്കുകയും ചെയ്തു. മോങ്ങാനിരുന്ന പട്ടിയുടെ  തലയിൽ തേങ്ങാ വീണ സ്ഥിതിയായി. മൂകാംബികയോട് എനിക്കുള്ള സോഫ്റ്റ്‌ കോർണർ കൂടി മനസ്സിലാക്കിയാണ് സ്വന്തം ഭാര്യാവ് ഈ പദ്ധതി ആവിഷ്കരിച്ചത്.( ആ കഥ പിന്നെ പറയാം)

സൗപർണികയിലെ കുളിയും മൂകാംബിക ദർശനം കഴിഞ്ഞു യാത്ര ഹട്ടിയങ്കഡി  വഴി പോകണം എന്ന് കരുതിയെങ്കിലും സമയക്കുറവുമൂലം വെട്ടിക്കുറച്ചു. ട്രെയിൻ സമയത്തിന് തൊട്ടു മുമ്പാണ് കുന്താപുരം  റെയിൽവേ സ്റ്റേഷനിൽ എത്തിയത്.  മൈസൂരിലേക്കുള്ള ടിക്കറ്റെടുക്കുമ്പോൾ കശപിശ തന്നെ നടന്നൂ.  ഒരു കൺഫ്യൂഷനിലാൽ ഉണ്ടായ  വാക്ക് തർക്കത്തേ കുറിച്ച് സംസാരിച്ചു കൊണ്ട് ഞാനും ഭാര്യയും ലഗേജുമായി മുന്നോട്ടു നടന്നു. ഞങ്ങൾക്ക് മുന്നേ കൈകോർത്തു പിടിച്ചു കൊണ്ട് അപ്പുവും കുഞ്ചുവും. ഞങ്ങൾക്ക് പിന്നിലായി പ്രതിയുടെ ബന്ധുക്കളായ ദമ്പതികളും. അവർക്ക് പിന്നിലായി പ്രതിയുടെ അച്ഛനുമമ്മയും നടന്നുവരുന്നുണ്ട്. അനാവശ്യമായി റെയിൽവേ ഉദ്യോഗസ്ഥരുമായി ഉണ്ടായ കശപിശ ഒരുതരം മരവിപ്പാണ് മനസ്സിൽ ഉണ്ടാക്കിയത് അതുകൊണ്ടുതന്നെ ഞാനും പ്രതിയും സംഭവത്തെക്കുറിച്ച് സംസാരിച്ചുകൊണ്ട്  റെയിൽവേ സ്റ്റേഷൻ അങ്ങേയറ്റത്തെക്ക് ഞങ്ങൾ നടന്നെത്തി. ഞങ്ങൾക്ക് പിന്നിൽ മറ്റുള്ളവരും.ട്രെയിൻ ഏതാനും നിമിഷങ്ങൾക്കുള്ളിൽ വരുമെന്ന് എന്ന അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ കേട്ടൂ.

എല്ലാവരുടെയും ബാഗ് ഒരിടത്തേക്ക് ഒതുക്കിവെച്ച്  മക്കളോട് രണ്ടാളും ട്രെയിനിലേക്ക് വളരെ പെട്ടെന്ന് കയറാനും, കൂടെ തന്നെ നിൽക്കണം എന്ന് പറയുകയും ചെയ്തു. അതിനുശേഷമാണ് ആണ് ഞാൻ അച്ചുവിനോട് ഇതുതന്നെ പറയാൻ വേണ്ടി തിരിഞ്ഞത്.
ഒറ്റ നോട്ടത്തിൽ കാണാത്തതിനാൽ കുറച്ചു മാറി നിൽക്കുന്ന അമ്മായിയപ്പനും അമ്മായിയപ്പനുമടുത്തേക്കും നോക്കി  കണ്ടില്ല. കണ്ണെത്തുന്ന ദൂരേയ്ക്ക് അച്ചുവിനെ കണ്ടില്ല. ഒരാന്തലോടെ ഞാൻ എല്ലാവരോടുമായി ഉറക്കെ ചോദിച്ചു  '"അച്ചു എവിടേന്ന്"'......   ഒരു ഞെട്ടലോടെ ഞാൻ തിരിച്ചറിഞ്ഞു ഇപ്രാവശ്യം മിസ്സിംഗ്  എന്റെ കൈക്കുമ്പിളിൽ നിന്നാണെന്ന്.

ബാഗവിടെയിട്ട് അപ്പോൾതന്നെ ഞാൻ ടിക്കറ്റ് കൗണ്ടറിനടുത്തേക്ക് ഓടാൻ തുടങ്ങി. ഓട്ടോയിൽ നിന്നും അവന്റെ കൈ പിടിച്ചിറക്കിയത് ഞാനാണ്. എനിക്ക് നല്ല ഓർമ്മയുണ്ട്.  പിന്നെ കൗണ്ടറിന് അടുത്തേക്ക്  നടന്നുവന്ന  അവനെ അമ്മായിയമ്മ  പിടിച്ചു മാറ്റുന്നതും നല്ല ഓർമ്മയുണ്ട്.  അതിനുശേഷം കൗണ്ടറിൽ നടന്ന കശപിശക്ക് ശേഷം ഞങ്ങൾ  അതേപ്പറ്റി സംസാരിച്ചു നടന്നു വരികയാണുണ്ടായത്. ഞാൻ കരുതിയത് എപ്പോഴും പോലെ അമ്മൂമ്മയും അപ്പൂപ്പനും അവനെ നോക്കുന്നുണ്ടെന്നാണ്. പിന്നീട് അവനെ ഞാൻ  അന്വേഷിക്കുന്നത് പ്ലാറ്റ്ഫോമിന് അങ്ങേത്തലയിൽ ചെന്നാണ്.

 കാരണങ്ങൾ പലതുണ്ട്. ഒന്ന് എന്റെ മക്കൾ ആയതു കൊണ്ടാവണം എന്റെ വീട്ടിലും ഭാര്യയുടെ വീട്ടിലും എന്റെ മക്കൾ രണ്ടാം സ്ഥാനക്കാരായിരുന്നു. പലപ്പോഴും അത് നേരിട്ട് കാണുമ്പോഴും കഴിയുന്നത്ര ക്ഷമിച്ചിരിക്കുന്നു അതുകൊണ്ട് തന്നെയാണ് ആരുടെ കൂടെയും എൻറെ മക്കളെ ഞാനെവിടേയും വിടാത്തത്. 
ഈ യാത്രയിലും പലവുരു ഇതുണ്ടായെങ്കിലും  സൗപർണികയിൽ വച്ച് നടന്ന സംഭവത്തോട്  ഞാൻ പൂർണ്ണമായും കുറച്ചു ദൂരത്തേക്ക് മാറി. അതുകൊണ്ട് തന്നെയാണ് കൂടുതൽ അച്ചുവിനെ ശ്രദ്ധിക്കാതിരുന്നതിനുള്ള കാരണം. വേണ്ടതിൽ കൂടുതൽ അളവിൽ അപ്പൂപ്പനും അമ്മൂമ്മയും ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പക്ഷേ ഈ സമയത്ത്  എൻറെ മനസ്സിൽ അതൊന്നും അല്ലായിരുന്നു. എന്റെ കുഞ്ഞിനെ കാണാതായ  വേവലാതിയോടെ  ഞാനോടിയത്. തീവണ്ടി വളവു തിരിഞ്ഞു വരുന്നത് ഞാൻ കാണുന്നുണ്ടായിരുന്നു. എൻറെ മനസ്സ് വല്ലാതെ നിലവിളിക്കുണ്ടായിരുന്നു.അവനെ ശ്രദ്ധിക്കാതിരുന്ന നിമിഷത്തെ ശപിച്ചു. എന്റെ ചിറകിനടിയിൽ നിന്നും  ഞാനറിയാതെ അവൻ   ഉതിർന്നു വീണത് എന്നെ ചുട്ടു നീറ്റി. എന്റെ ദേഹമാസകലം പുകയുന്നത് പോലെ,എന്നെ നാലുപാടും നിന്ന് എന്തോ കൂർത്ത നഖങ്ങൾ കൊണ്ട് മാന്തിപ്പൊളിക്കുന്നത് പോലെ തോന്നി.

എൻട്രൻസിനടുത്തേക്ക്  ഞനോടി എത്തുമ്പോൾ അച്ചുവിന്റെ   കൈപിടിച്ച്  ആരോ ഒരാൾ പുറത്തേക്ക് നടക്കുന്നു. യാതൊരു ഭാവഭേദവുമില്ലാതെ,കരച്ചിലില്ലാതെ അങ്കലാപ്പില്ലാതെ അവൻ അയാളോടൊപ്പം പോകുന്നു.  ആ പോക്ക് കണ്ടതും അന്നേരം വരെ എന്റെ മനസ്സിൽ തോന്നിയതിന് നേരെ എതിരാണ് തോന്നിയത്. സങ്കടത്തിനു പകരം കോപമാണ് ഇരച്ചുകയറിയത്. കൈ നിവർത്തി ചെക്കന്റെ ചന്തിക്ക് ഒറ്റ പെട കൊടുത്തു. ഇടതുകൈകൊണ്ട് ചന്തി തടവി നിൽക്കുന്ന അവനെ ചെവിയിൽ പിടിച്ചു എന്നിലേക്ക്  അടുപ്പിച്ചു. ഈ സമയം കൊണ്ട് തന്നെ അവനെ പുറത്തേക്ക് കൊണ്ടു പോയ ആൾ അപ്രത്യക്ഷമായി. തീവണ്ടി എൻഞ്ചിൻ ഞങ്ങളെ കടന്നു പോയി.ഒരു നിമിഷം കൂടി തിരിഞ്ഞു നോക്കി ഞാനവനെ തിരഞ്ഞു. കണ്ടില്ല.അച്ചുവിനെ എടുത്തു തോളത്തിട്ട് വീണ്ടും ഞാന് മെല്ലെ ഓടിത്തുടങ്ങി.ഈ ട്രെയിൻ തന്നെ പോകണം . അടുത്ത ട്രെയിൻ നാളെയാണ്.പ്ലാറ്റ്ഫോമിന് പകുതിയിൽ വച്ച് കണ്ടു. വയസ്സായ അമ്മായിയപ്പൻ ഓടിയെത്താൻ കഷ്ടപ്പെടുന്നു. 

ലഗേജ് എല്ലാം കയറ്റി എല്ലാവരെയും സീറ്റിൽ ഇരുത്തി ദീർഘനിശ്വാസം വിടുമ്പോഴും എന്റെ മനസ്സില് നടുക്കം വിട്ടു പോയിരുന്നില്ല. ഒരിക്കൽ പോലും മറ്റാരും അറിയരുത് എന്ന് ആഗ്രഹിച്ചിരുന്ന പഴയ  കെങ്കേരി റെയിൽവേ സ്റ്റേഷനിലെ സംഭവം പ്രതി എല്ലാവരോടുമായി പറഞ്ഞു.  തീവണ്ടി പായാൻ തുടങ്ങി. പ്രതി മെല്ലെ എന്നിലേക്ക് ചാഞ്ഞു കൊണ്ട് എന്റെ ഓപ്പറേഷൻ ചെയ്ത പാടിൽ തടവി കൊണ്ട് ചോദിച്ചു "വേദനയുണ്ടോ..."  ഇല്ലെന്ന് തലയാട്ടി കൊണ്ടവളെ  ഞാൻ ചേർത്ത് പിടിച്ചു. മറ്റാരും കേൾക്കാതെ ഞാനവളോട് പറഞ്ഞു. കുറഞ്ഞത് ഒരു പത്ത് സെക്കന്റ് താമസിച്ചിരുന്നെങ്കിൽ അച്ചുവിന്റെ നമുക്ക് തിരിച്ചു കൊടുക്കാൻ കഴിയുമായിരുന്നില്ല. അവൾ ഞെട്ടിയത്  എന്റെ നെഞ്ചിലറിഞ്ഞു. ഞാനവളെ ഒന്ന് കൂടി ചേർത്ത് പിടിച്ചു മക്കളെ നോക്കി. പുറംകാഴ്ചകളുടെ  വിസ്മയങ്ങൾ കാണുന്ന രണ്ട് സൂര്യന്മാർ. ഞാൻ അച്ചുവിന്റെ നോക്കി അപ്പൂപ്പന്റെ മടിയിൽ തലയും അമ്മൂമ്മയുടെ മടിയിൽ കാലും വച്ചു ഉറങ്ങുന്നവൻ.  മനസ്സിനുള്ളിൽ ഒരു ആശ്വാസം  തോന്നുന്നുണ്ടെങ്കിലും വല്ലാത്ത ഒരു നടുക്കം എന്നിലിപ്പോഴും ബാക്കിയുണ്ട്.

      
       


47 അഭിപ്രായങ്ങൾ:

  1. പലപ്പോഴും ഞാൻ ആലോചിക്കാറുണ്ട്. ഓരോന്ന് എനിക്ക് മാത്രമായിട്ട് എന്താണ് സംഭവിക്കുന്നതെന്ന്. എന്തായാലും വരുന്നതെന്തായാലും നെടു നീളത്തിൽ പായയിട്ട് കിടക്കാനുള്ള അത്രയും സ്ഥലമുള്ള നെഞ്ചാണ് കിട്ടിയത്.

    മറുപടിഇല്ലാതാക്കൂ
  2. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  3. ന്യൂക്ലിയർ ബോംബ് കൊണ്ടു നടക്കുന്നവന് ഒരു ഹൈഡ്രജൻ ബോംബ് ഫ്രീ കൊടുത്ത അവസ്ഥയായി എന്റേത്.
    കുട്ടത്തെ ഇത് കലക്കൻ ഉപമയായി.
    നീ എന്ത് കൊണ്ടാണ് ഇത്ര ടെൻഷൻ എടുക്കുന്നത് എന്ന് എനിക്ക് മനസ്സിലായി.. ഇതൊക്കെ കണ്ട ഒരാൾക്ക് ഇങ്ങനെ ടെൻഷൻ അടിക്കാതെ വയ്യ.
    എങ്കിലും ഒരു സെക്കൻഡ് കൊണ്ട് ഇങ്ങനെ മിസ്സാകുന്ന കുട്ടികളുടെ കയ്യിൽ കേറി പിടിക്കാൻ ആളുണ്ടാവുന്നത് ഞെട്ടിക്കുന്നു
    പേടിപ്പിക്കുന്നു.
    ജാഗ്രതയോടെ കാക്കണം കുഞ്ഞുങ്ങളെ എന്ന് ഈ അനുഭവങ്ങൾ വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നു
    സ്നേഹം ഡോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വക്കീലേ ... സ്നേഹം

      നമ്മളറിയാതെ കഴുകന്മാർ നമ്മുട കുഞ്ഞുങ്ങൾക്ക് മുകളിൽ വട്ടമിട്ടു പറക്കുന്നുണ്ട് വളരെ വളരെ ശ്രദ്ധിക്കണം....

      ഇല്ലാതാക്കൂ
  4. ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് അല്പം െടെൻഷൻ പിടിപ്പിച്ച എഴുത്ത്.
    നന്നായിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്നേഹം ഉദയേട്ടാ....
      മുടും കുത്തി വീണപ്പോൾ മണ്ടയിലെ നട്ട് രണ്ടു പിരി തെറ്റിയതിനാൽ വന്നതാണ് ജീവീതത്തെ വളരെ ലാഘവത്തോടെ കാണുക എന്നത് അതിന്റെ ഭാഗമായി വരുന്നതാണിത്....

      ഇല്ലാതാക്കൂ
  5. യാത്ര പുറപ്പെടുന്നതിൻറെ തലേദിവസം രാത്രിയാണ് അടുത്ത ബോംബ് പൊട്ടിയത്. ശ്രീമതിയുടെ അനിയത്തിയുടെ പുത്രൻ കൂടെ വരുന്നുണ്ടെന്ന്. പേര് അച്ചു. ഓൾറെഡി രണ്ട് ന്യൂക്ലിയർ ബോംബ് കൊണ്ടു നടക്കുന്നവന് ഒരു ഹൈഡ്രജൻ ബോംബ് ഫ്രീ കൊടുത്ത അവസ്ഥയായി എന്റേത്.
    പതിവുപ്പോലെ രസകരമായി എഴുതി.അച്ചുവിനെ കൈയിൽ കിട്ടിയപ്പോഴാണ് എൻ്റേയും ശ്വാസം നേരേ വീണത്. അല്ലെങ്കിലെന്താ കഥ! അല്ലേ!!?
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തങ്കപ്പൻ സാർ സ്നേഹം....
      നല്ല വാക്കിന് നന്ദി പറയുന്നു....
      ആ കുട്ടി മിസ്സായിരുന്നെങ്കിൽ ജീവിതം കുഴഞ്ഞു പോകുമായിരുന്നു....

      ഇല്ലാതാക്കൂ
  6. കുട്ടത്തേ... വായനക്കാരനെ മുൾമുനയിൽ നിർത്താൻ നിങ്ങൾ മിടുക്കനാണ്. ഇനിയെന്താവുമെന്ന് ആകാംക്ഷയും ആധിയും പെരുത്താണ് വായന നീങ്ങുക. ഒഴുക്കുള്ള എഴുത്തായതിനാൽ അതിൽ പെട്ടു പോകും. കൂട്ടിന് ഓരോ കുത്തു പണികളും .

    കുട്ടികെളെ എന്നല്ല, ആരെയും , നമ്മളെത്തന്നെയും നഷ്ടപ്പെട്ടു പോകും , ഉള്ളിൽ മറ്റൊന്ന് കയറിക്കൂടിയാൽ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സമാന്തരാ സ്നേഹം.....

      കുത്തു പണി പണ്ട് കയറികൂടിയതാ...ംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംംം
      നല്ല വാക്കിന് മനസ്സ് നിറഞ്ഞ് നന്ദി പറയുന്നു

      ഇല്ലാതാക്കൂ
  7. ഹോ.. ചങ്കു പെടച്ചുപോയി...! ഒരു നിമിഷ നേരത്തെ അശ്രദ്ധ... അത് ഒളിച്ചു വച്ചത് ശരിയായില്ല. അശ്രദ്ധ കാട്ടിയവരുടെ കണ്ണു തുറപ്പിക്കാൻ പരസ്യമാക്കേണ്ടതായിരുന്നു.എന്നാലല്ലേ ഇനിയുള്ള യാത്രകളിൽ അവർക്ക് കൂടുതൽ ശ്രദ്ധ ചെലുത്താനാവൂ....

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അത് ഒളിപ്പിച്ചു വച്ചതല്ലാ....
      അതങ്ങനെ സംഭവിച്ചു പോയതാണ്.... കൂടുതൽ പറഞ്ഞാലും വിശേഷമില്ലെങ്കിൽ പറയാതിരിക്കുന്നതാണ് നല്ലതെന്ന് തോന്നി.....

      സ്നേഹം അശോകേട്ടാ....

      ഇല്ലാതാക്കൂ
  8. കുട്ടികളെ കാണാതാവുന്ന ആ ഒരു നിമിഷം മതി, അതുവരെയുള്ള യാത്രയുടെ സന്തോഷം പോകാനും, പിന്നീട് കുറെ നാളത്തേക്ക് ഇടയ്ക്കിടെ ഉള്ളം കിടുങ്ങാനും! പേടിപ്പിക്കുന്ന അനുഭവം. നല്ല എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കൊച്ചൂ.... കുറേ നാളത്തേക്കല്ല.... ആജീവനാന്തം ഓർക്കാനും പേടിക്കാനും ഇത് തന്നെ ധാരാളം....ഇന്നും വിട്ട് മാറാത്ത നടുക്കവും....
      സ്നേഹം കൊച്ചൂ.....

      ഇല്ലാതാക്കൂ
  9. എന്താ വിനോദ് .. ഇതാണ് എഴുത്ത് . ഹാസ്യത്തിന്റെ മേമ്പൊടി ചേർത്ത് ഓരോ സംഭവങ്ങളും വിവരിച്ച് അവസാനം ടെൻഷൻ അടിച്ചു പിന്നെ ആശ്വാസം . എഴുത്തു മനോഹരമാക്കി . ആശംസകൾ .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഗീതേച്ചി..... സ്നേഹം...
      ഈ സ്നേഹമാണ് എന്തെങ്കിലും എഴുതാനുള്ള ഊർജ്ജം.....

      ഇല്ലാതാക്കൂ
  10. എനിക്ക് മാത്രമായിട്ട് എന്നുള്ള കാര്യം കള.
    പലർക്കും പല രീതിയിൽ. ഇതിലും മോശം ചിലർക്ക്.
    ഏതായാലും മോനെ കിട്ടിയല്ലോ. ആശ്വസിക്കാം.
    എഴുത്ത് നന്നായി.
    എഴുതുക. ഗൗരവത്തോടെ. അതൊരു relief. മാത്രമല്ല കഴിവ് പ്രകടിപ്പിക്കുകയും

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ബിപിൻ സാർ.... സ്നേഹം...
      പലപ്പോഴും പലരും പറയുന്നത് കേട്ടു മനസ് മടുത്തു പോകാറുണ്ട് നല്ലത് ചെയ്തിട്ടു കെട്ടത് കേൾക്കുമ്പോൾ ഒരു സങ്കടം തോന്നാറുണ്ട്....

      മനസ്സ്ന് ശക്തി പകരുന്ന വാക്കുകൾക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നു.... സ്നേഹം

      ഇല്ലാതാക്കൂ
  11. തമാശകഥയെന്നു തുടക്കത്തിൽ തോന്നിയെങ്കിലും ഒടുക്കം ടെൻഷൻ അടിപ്പിച്ചു കളഞ്ഞല്ലോ. ശുഭപര്യവസായി ആയതുകൊണ്ട് സമാധാനം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തമാശയിൽ ചേർത്തെഴുതാൻ ശ്രമിച്ചു എന്നേയുള്ളൂ.... അതല്ലാതെ വേറൊന്നുമില്ല....
      നല്ല വാക്കിന്.... നിറഞ്ഞ സ്നേഹം....

      ഇല്ലാതാക്കൂ
  12. കുട്ടത്തേ... കെങ്കേരിയിലെ സംഭവം ഒരിക്കൽ കൂടി...? ഇതെന്താ ഇങ്ങനെ അടുപ്പിച്ച് അടുപ്പിച്ച്...?

    വീണ്ടും രക്ഷകനായ കുട്ടത്തിനോട് സ്നേഹം മാത്രം... കരുതലിന്റെ കരങ്ങൾ ഒരുക്കേണ്ടത് മറ്റാരുമല്ല നാം തന്നെ എന്ന് ഒരിക്കൽക്കൂടി തെളിയിച്ചിരിക്കുന്നു...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എനിക്ക് അറിയില്ല വിനുവേട്ടാ.....
      രണ്ടു പ്രാവശ്യം ഒരേ സംഭവം രണ്ടു വ്യത്യസ്ത സ്ഥലത്ത് ....എനിക്കറില്ല
      ഒന്നറിയാം പറഞ്ഞാൽ വിശ്വസിക്കാൻ പ്രയാസമാണ്....

      ഒന്നും ചെയ്യാനില്ല.... ഇതിൽ പറയാത്ത വേറൊരു സംഭവം കൂടിയുണ്ട്

      വിനുവേട്ടാ.... സ്നേഹം

      ഇല്ലാതാക്കൂ
  13. ശക്തമായൊരു ഓർമ്മപ്പെടുത്തലാണ് ഈ കുറിപ്പ്. കുഞ്ഞുങ്ങൾ നമ്മുടെ ജീവൻ തന്നെയല്ലേ. അശ്രദ്ധയുടെ നിമിഷങ്ങൾ ഉണ്ടാകാതിരിക്കട്ടെ ആരുടെ ജീവിതത്തിലും. ഈ എഴുത്തിനു സ്നേഹം.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീർച്ചയായും രാജി കുഞ്ഞുങ്ങൾ നമുക്ക് ജീവൻ തന്നെയാണ് കൈവിട്ടു പോകാതിരിക്കാൻ കണ്ണുചിമ്മാതെ കാത്തിരിക്കാം....

      സ്നേഹം ...രാജി

      ഇല്ലാതാക്കൂ
  14. കുട്ടികളുടെ കാര്യത്തിൽ 'കെയർ'
    തെറ്റിയാൽ 'ഫിയർ' വരുമെന്ന് - അനുഭവത്തിലൂടെ
    നർമ്മവും ആകാംക്ഷയും ചേരും പടി ചേർത്തുള്ള അസ്സൽ
    വർണ്ണനകളാൽ നല്ലൊരു ബോധവൽക്കരണ കുറിപ്പുകളാണ്
    വിനോദ് ഭായ് ഇവിടെ കാഴ്ച്ചവെച്ചിരിക്കുന്നത്... 

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അദ്ദാണ് മുരളിയേട്ടൻ ഞാൻ പത്തായം പോലെ പറഞ്ഞ കാര്യം നാഴിയിൽ അളന്നു തീർത്തു. കെയറും ഫിയറും കൊണ്ടൊരു മാജിക്ക്.... ഗ്രേറ്റ് മുരളിയേട്ടാ സ്നേഹം....

      ഇല്ലാതാക്കൂ
  15. പൂരത്തിന്റെ തിരക്കിനിടയിൽ അച്ഛന്റെ കൈവിട്ട് അപരിചിതർ ആയ ആൾക്കൂട്ടത്തിന്റെ നടുവിൽ ഒറ്റയ്ക്കാവുമ്പോൾ നെഞ്ച് കാളുന്ന ഫീൽ നെ ഒരു നിമിഷം ഓർമിപ്പിക്കുന്നു. വിനോദ് ബ്രോ ടെ കേസിൽ കുട്ടിക്ക് പകരം അച്ഛൻ ആണ് അത് അനുഭവിച്ചത് എന്ന് മാത്രം

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉട്ടോ.... സംഭവം നമ്മളെ എത്ര മാത്രം ഭയപ്പെടുത്തുന്ന ഒന്നാണെന്ന് വാക്കുകൾ കൊണ്ട് വർണ്ണിക്കാനാവില്ല....

      ആർക്കും വരാതിരിക്കട്ടെ...
      സ്നേഹം

      ഇല്ലാതാക്കൂ
  16. ഞാനും ഇത്തരത്തിൽ ഒരു അനുഭവത്തിലൂടെ കടന്നു പോയിട്ടുണ്ട്.. ഒരു മാളിൽ വെച്ച് ഇളയമകൾ ടോയ് ഷോപ്പിൽ ഞാൻ അറിയാതെ മുങ്ങി..അന്ന് അനുഭവിച്ച ടെൻഷൻ ഈ പോസ്റ്റ്‌ വായിച്ചപ്പോൾ വീണ്ടും അനുഭവിച്ചു.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തീർച്ചയായും നമ്മൾ അറിയാതെ വന്നു പെടുന്ന സന്ദർഭങ്ങളിൽ സമചിത്തത കൈവിട്ടാൽ പിന്നെ കാര്യങ്ങൾ നമ്മുടെ കൈയ്യിൽ കിട്ടില്ല

      പുനലൂരാൻ ചേട്ടാ സ്നേഹം

      ഇല്ലാതാക്കൂ
  17. എനിക്കുമറിയാം ആ ആന്തൽ.. ഒരിക്കൽ ഒരേ ഒരു നിമിഷം ഞാനും ആ വിങ്ങലിലൂടെ കടന്നു പോയിട്ടുണ്ട്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഇനി ആ വിങ്ങൽ സൂര്യയുടെ ജീവിതത്തിന്റെ അടുത്തു കൂടെ പോകാതിരിക്കട്ടേ....

      സൂര്യ.... സ്നേഹം

      ഇല്ലാതാക്കൂ
  18. സത്യം പറഞ്ഞാൽ സ്വന്തം അച്ഛനമ്മമാർ കൂടെയില്ലാതെ കുഞ്ഞു മക്കളെ കൊണ്ട് പോകുക എന്നത് ഡബിൾ risk ഉള്ള കാര്യമാണ്. ഞാൻ സാധൂനെ ആരുടെ കൂടെയും വിടില്ല. ഇനി വിട്ടാൽ തന്നെ ഭയങ്കര ടെൻഷൻ ആണ്.

    പക്ഷഭേദം കാണിക്കുന്ന അപ്പൂപ്പൻമാരും അമ്മൂമ്മമാരും ഇനി എന്ന് നേരാവാനാണ് ????

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പക്ഷഭേദക്കാര് നന്നാവും എന്ന് കരുതി അമ്പലം കയറിയിറങ്ങണ്ട. ഉള്ള നേരം നമ്മുടെ ചിറകിന്നടിയിൽ കുറച്ചു കൂടി മക്കളെ ചേർത്ത് വയ്ക്കുക.
      നമുക്ക് നോക്കാവുന്നതേയുള്ളൂ മക്കളേ... ഒരാളുടെ അടുത്തും മക്കളെ വിടണ്ട....

      ദിവ്യ ... സ്നേഹം

      ഇല്ലാതാക്കൂ
  19. അര നിമിഷത്തെ അശ്രദ്ധ മതി ജീവിതകാലം മുഴുവൻ ചുട്ടുനീറാൻ. എന്തായാലും അങ്ങനെ ഒന്നും സംഭവിച്ചില്ലല്ലോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. അജിത്തേട്ടാ.... കുറേ നാളായി കണ്ടിട്ട്...

      അര നിമിഷം കൊണ്ട് അഞ്ച് കൊല്ലത്തെ ആയുസ്സ് കുറഞ്ഞു

      അജിത്തേട്ടാ സ്നേഹം...

      ഇല്ലാതാക്കൂ
  20. കുട്ടൂ സലാം ട്ടാ.നിന്റെ ഉള്ളിലെ കരുതല് അത്രക്കുണ്ട്.ഇത്തിരി വൈകിപ്പോയാൽ എന്താകും.ആരുടെ ഒക്കെ ജീവിതമാണ് ഇരുളടഞ്ഞ് പോവുക..ഓർക്കാൻ വയ്യ.നീ അതിഗംഭീരമായി ഹാസ്യം പൂശുന്നുണ്ട് ട്ടാ..നല്ല ഇഷ്ടായി ടാ എഴുത്ത്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. എന്റെ ഡാ...... ഞാനിപ്പോഴും ആലോചിക്കാറുണ്ട് .... ആലോചിക്കുമ്പോൾ കിടുങ്ങാറുണ്ട്....

      വഴീ സ്നേഹം ഡോ.....

      ഇല്ലാതാക്കൂ
  21. വിനോദ് ഭായ്… പോസ്റ്റിന്റെ തുടക്കം അടിപൊളി പ്രയോഗങ്ങളാൽ സമ്പന്നം ; വായിച്ചു ചിരിച്ചു … "ദൈവമേ....... ദൈവത്തിന് നല്ല ബുദ്ധി വരണേന്ന് അപ്പോ തന്നെ പ്രാർത്ഥിച്ചു" … !! ഇതൊക്കെ എങ്ങനെ ഒപ്പിക്കുന്നു ഭായി !!!!! :D പോസ്റ്റിന്റെ അവസാനമായപ്പോൾ ഉള്ളിൽ ഭീതി പടർന്നു … !! എന്തായാലും വലിയ അപകടം പറ്റാതെ മോനെ തിരിച്ചു കിട്ടിയതിൽ വളരെ വളരെ സന്തോഷം ….

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഷഹീം ഭായ്..... നിങ്ങള് പൊളിയാണ് ഭായ്
      നിങ്ങളുടെ നർമ്മത്തിന് മുന്നിൽ ഇത് പോരാ.....
      നല്ല വാക്കിന്..... സ്നേഹത്തിന് നന്ദി.....

      ഷഹിം ഭായ്.. സ്നേഹം.... .ംംം

      ഇല്ലാതാക്കൂ
  22. സംഭ‌വം സാധാരണ കുടുംബ ചർച്ചകളിൽ തുടങ്ങിയെങ്കിലും അവസാനം വല്ലാതെ വീർപ്പു മുട്ടിച്ച്..‌ ഹോ.. വായനയ്ക്കിടയിൽ അങ്ങിങ്ങ് തെളിഞ്ഞു കാണുന്ന മിന്നുന്ന ചില പ്രയോഗങ്ങൾ. നിങ്ങളുടെ ഉൾക്കരുത്ത് വാക്കുകളിൽ നിറയുന്നു. ആശംസകൾ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാൻ ആദ്യംഒരു തേങ്ങാ ഉടച്ചിരുന്നു. അത് അബദ്ധത്തിൽ ഡിലീറ്റ് ചെയ്തു. പറ്റിപ്പോയി.. 🙏😖😖

      ഇല്ലാതാക്കൂ
    2. സ്നേഹം രാജ് ... നല്ല വാക്കുകൾക്ക് ഹൃദയത്തിന്റെ ഭാഷയിൽ നന്ദി അറിയിക്കുന്നു....
      സ്നേഹം....

      ഇല്ലാതാക്കൂ
  23. വിനോദേട്ടൻ......


    മാരകപ്രയോഗങ്ങളാൽ സമ്പന്നമായ തുടക്ക മധ്യഭാഗങ്ങൾ എന്നെ കോരിത്തരിപ്പിച്ചു .കൂട്ടത്തിന്റെ ബ്ലോഗ് വണ്ടി ഓടിത്തുടങ്ങിയിരിക്കുന്നു എന്നത് എന്നെ ഭയങ്കരമായി സന്തോഷിപ്പിച്ചു.

    അവസാനഭാഗം ഉൾക്കിടിലത്തോടെയാണ് വായിച്ചുതീർത്തത് . തകർന്നു പോയി. ഞങ്ങൾ നടത്തുന്ന യാത്രകൾ . വേണ്ട. ഒന്നും പറയുന്നില്ല.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സുധി... കുറച്ചു കാലം ഷെഡിൽ കയറ്റിയത് ഒന്നെടുത്ത് ഓടിച്ചു നോക്കുന്നു എന്ന് മാത്രം....

      എവിടെ യാത്ര പോയാലും കുഞ്ഞിനെ കൂടുതൽ ശ്രദ്ധിക്കണം.... അത് മാത്രം അടിവരയിട്ടു പറയുന്നു.....

      നന്മകൾ നേരുന്നു.... സ്നേഹം

      ഇല്ലാതാക്കൂ

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...