2020, ഫെബ്രുവരി 22, ശനിയാഴ്‌ച

....കുറുമ്പന്മാർ....

ഓരോ ഞായറാഴ്ചയും ഇപ്പോൾ ഓട്ടപ്പാച്ചിലാണ്....

രണ്ടു മണിക്ക് ഡ്യൂട്ടി തീർന്നാൽ നാലുമണിയുടെ ട്രെയിനിൽ വീട്ടിലെത്താനുള്ള മരണപ്പാച്ചിൽ.

അപ്പുവിനെ അടുത്തു കിടത്തിയിട്ട് അവന്റെ തലയിൽ തലോടാൻ, കുഞ്ചൂനെ നെഞ്ചിൽ കിടത്തി കളിപ്പിക്കാൻ അവരറിയാതെ അവരുടെ കുസൃതികൾ കാണാൻ, അവരെപ്പറ്റിയുള്ള കുറ്റപത്രം അവരുടമ്മ പറയുമ്പോൾ ചെറുചിരിയോടെ കേട്ടിരിക്കാൻ, എന്തിനേറെ എവിടെയോ വച്ച് മറന്നു പോയ എന്റെ കുട്ടിക്കാലത്തിൻറെ ഓർമ്മപൊതി തേടാനായിട്ടുള്ള ഓട്ടപ്പാച്ചിൽ.അത്യാവശ്യം പരുക്കനായ അച്ഛനാകാൻ ഞാൻ ശ്രമിക്കാറെങ്കിലും മക്കളുടെ കാര്യത്തിൽ ഭീരുവായ അച്ഛനാണ് ഞാനെന്ന് എനിക്കറിയാം. ചില കാര്യങ്ങളിൽ മക്കളുടെ കാര്യത്തിൽ കൂടുതൽ ധൈര്യം അവരുടെയമ്മക്കാണ്.

കടയിൽ പോയി സാധനങ്ങൾ വാങ്ങാൻ അപ്പുവിനെ അവൻറമ്മ വിട്ടാൽ എനിക്ക് ശ്വാസം മുട്ടൽ തുടങ്ങും. കണ്ണിൽ നിന്ന് മറയുന്നത് വരെ അവനറിയാതെ ഞാൻ നോക്കി നിൽക്കും. പിന്നൊരു തരം എരിപൊരി സഞ്ചാരമാണ് ഇടക്കിടെ പെണ്ണുമ്പിള്ള കാക്ക കണ്ണിട്ടു നോക്കി എന്നെ എരിവ് കേറ്റും. ഇത് കാണുമ്പോൾ എനിക്ക് കണ്ട്രോൾ തെറ്റും. (ഇതിന് വേണ്ടി തന്നെയാണോ അവളീപ്പണി കാണിക്കുന്നത് എന്നൊരു സംശയം ഇപ്പോൾ ഇല്ലാതില്ല)

"നിനക്ക് കടയിൽ പോയിക്കൂടേ ....."

എന്നൊരു ചോദ്യം എന്റെ വായീന്ന് പുറത്തോട്ടിറങ്ങേണ്ട താമസം അവളിലെ പെൺപുലി പുറത്തിറങ്ങി ചീറും....

""കുട്ടികളായാൽ പുറത്തിറങ്ങി കടയിൽ പോയി സാധനങ്ങൾ വാങ്ങിച്ചും മറ്റു കുട്ടികളുടെ കൂടെ കളിച്ചും ഒക്കെ തന്നെയാണ് വളരേണ്ടത്.അതല്ലാതെ വീട്ടിലടച്ചിട്ടല്ല.ഞങ്ങളൊക്കെ അങ്ങനെയാണ് വളർന്നത്""

ശരിയാണ്.... എനിക്ക് മക്കളെ പുറത്ത് ഒറ്റയ്ക്ക് വിടാൻ ഭയമാണ്. അവർക്ക് ഫുട്ബോൾ കളിക്കാനും,സൈക്കിളോടിക്കാനും, ക്രിക്കറ്റ് കളിക്കാനും കൂടെ ഞാനും പോകും. എന്തെങ്കിലും പറ്റിയാൽ പറഞ്ഞിട്ട് കാര്യമില്ലല്ലോ. അതെന്റെ ഭയം . എന്നാൽ അവന്മാരുടമ്മ അവന്മാരെ കളിക്കാൻ വിട്ട് മുകളിൽ നിന്നും നോക്കി നിൽക്കും.അവനമാര് വിണാലും,ഇടിച്ചാലും,മുറിഞ്ഞാലും സാധാരണമാണ് എന്നാണ് ഭാവം.നീ ശ്രദ്ധിക്കാത്തത് കൊണ്ടാണ് അപകടം ഉണ്ടായത് എന്നുപറഞ്ഞ് കലമ്പിയാൽ

"മക്കളായാൽ കളിക്കുകയും, വീഴുകയും,മുറിയുകയും ഒക്കെ ചെയ്യുന്നത് പതിവാണ്....."തുടർച്ച പിന്നാലെ വരും

"ഇല്ലെങ്കിൽ ഒരു കാര്യം ചെയ്യൂ.... നാളെ മുതൽ മക്കളുടെ കൂടെ നിന്നോ.... " അത്രയും ക്ഷമ എനിക്കില്ലെന്നറിയാവുന്ന എന്റെ സ്വന്തം ഭാര്യാവ് വജ്രായുധം പുറത്തെടുക്കും.

ഞാനൊതുങ്ങും, ചുമ്മാ ഇവളോട് പറഞ്ഞിട്ട് കാര്യമുണ്ടോ...
മിണ്ടാതിരിക്കാം... അതാ നല്ലത്.... നമ്മളുടെ പഴേ തരികിട കേട്ടാൽ ഇവരൊക്കെ ഓടിയവഴിക്ക് പുല്ല് മുളക്കില്ല. ഇങ്ങനെയൊരുത്തനെയാണല്ലോ കെട്ടിയത് എന്നറിഞ്ഞ് ഡൈവേഴ്സ് വല്ലതും തന്നാൽ അടുത്തൊരു കുരിശിനെ തേടേണ്ടത് പങ്കപ്പാടാണെന്നത് കൊണ്ട് നമ്മുടെ ഡയലോഗ് കടിച്ചമർത്തി ചെക്കന് പോയ ദിക്ക് നോക്കി ലക്ക് കെട്ട് നിൽക്കുമ്പോൾ ...

"അവനല്ലെങ്കിലും പേടിയാണ്. ഞാം പോയി നോക്കട്ടെ അച്ഛാ..."

അടിപൊളി....!!!

ഇത് ലവനാണ്...

ലവന്റെ അനിയനാണ്....
കുശനാണ്....

എന്റെ കുഞ്ചുവാണ്...

സംഭവം കടുകിൻറത്രേ ഉള്ളെങ്കിലും വായിൽ നിന്നും വരുന്നത് കുറഞ്ഞത് കടുവടത്രേം മാത്രേ പുറത്തു വരത്തൊള്ളൂ..... കൈയ്യിലിരിപ്പും അതുപോലെതന്നെ ,ലോകത്താരേം മൈൻഡ് ചെയ്യാത്ത തെരുവ് പട്ടികൾ കുഞ്ചപ്പനെ ഒന്ന് നോക്കിയേ പോകാറുള്ളൂ. ചോദ്യചിഹ്നം പോലുള്ള വാലോ, കൂർത്ത പല്ലോ അവന് വിഷയമല്ല കൈയിൽ കിട്ടിയത് വച്ച് വീക്കും കുഞ്ചു.

നാലാം വയസ്സിലെ നട്ടഭ്രാന്തിൻറെ നടപ്പിലാണ് കുഞ്ചു. കഴിഞ്ഞ ദിവസം സ്കൂൾ വിട്ട് വരുന്ന വഴി ഷൂ കാലിലിട്ട് ബോറടിച്ച കുഞ്ചപ്പൻ ഒരു ചെയ്ഞ്ചിന് വേണ്ടി ഷൂ അഴിച്ച് കൈയിൽ പിടിച്ച് വെറും സോക്സ് വോക്ക് നടത്തി.

അടിപൊളി.......

ഷൂ കൈയിൽ കേറിയതിൻറെ ആവേശത്തിൽ അഞ്ചാറ് പഞ്ച് ചളുക്കോ പളുക്കോന്ന് വായുവിൽ പഞ്ചി ഹാപ്പിയായി. ഇതെല്ലാം കണ്ട് റോഡരികിൽ നിൽക്കുകയായിരുന്ന കുറുമ്പത്തി പെണ്ണ് അവളുടെ ബോറടി മാറ്റാൻ വീടിനകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.

"അമ്മേ.... ഒരു ചെക്കനെന്നേ ഷൂ ഊരി തല്ലാൻ വരുന്നു,....."

കേൾക്കണ്ട താമസം കുറുമ്പത്തിയുടെ മാതാശ്രീ ശൂർപ്പണഖ ഒന്ന് പ്രത്യക്ഷപ്പെട്ടു. പ്രതിയോഗി ഒരു ശിശുവായതിനാൽ ഉടൻ തന്നെ "കെട്ടിപ്പോട്ടിടുവേൻ..." എന്നലറി....
അലർച്ച കേട്ട് താടക വേറോന്ന് പുറത്തു ചാടി ഗ്വാ.. ഗ്വാ ... തുടങ്ങി... ഇതെല്ലാം കണ്ട് എന്താണ് സംഭവിച്ചതെന്ന് പിടകിട്ടാതെ കിളിപോയി വാ പൊളിച്ചു നിൽക്കുന്ന കുഞ്ചപ്പനേം പൊക്കിയെടുത്ത് എന്റെ പാവം ഭാര്യ ഓടി തടി കയിച്ചിലാക്കി. അവസാനം ഇപ്പോൾ എളുപ്പവഴി വിട്ട് കിലോമീറ്ററു ചുറ്റി പോകാൻ തുടങ്ങി.

വെറുതെ പോകുന്ന മാരണം ഏണി വച്ചു പിടിച്ചോണ്ടു വരുന്ന കുഞ്ചൂവിനെ അപ്പൂനേ തേടാൻ വിട്ടാൽ മിക്കവാറും ഒരു പഞ്ചായത്ത് മുഴുവൻ പരാതിയുമായെത്തും എന്ന് ചിന്തിച്ചു കൊണ്ടിരിക്കേ, അപ്പു റോഡിന്റെ വളവിൽ നിന്ന് പ്രത്യക്ഷപ്പെടും.ഭയന്ന് ഭയന്നാണ് വരവ്, റോഡിന് വലത് വശം നിൽക്കുന്ന പശുവിന് നൂറ് മീറ്റർ മുമ്പേ വച്ചേ അപ്പൂട്ടൻ ഇടത് വശം ചേർന്ന് നടക്കാൻ തുടങ്ങും.ഒരു വയസ്സുള്ള കൊച്ച് ഉറക്കെ തുമ്മിയാൽ നാല് കാലും പറിച്ചോടുന്ന ഉണക്കപശു പുരികമുയർത്തി അപ്പുവിനെ നോക്കും.എന്നിട്ട് വേണോങ്കിൽ കണ്ടോടാ ലോകത്തിൽ എന്നെ പേടിക്കാനും ഒരുത്തനുണ്ടെടാ എന്ന് ഭാവത്തോടെ ചുറ്റും നോക്കും.അപ്പു പ്രാണനും കൊണ്ടോടി വീട്ടിലെത്തും.അതല്ല പശുവിന് പകരം പട്ടിയാണെങ്കിൽ അപ്പൂം പട്ടിയും മുഖത്തോട് മുഖം നോക്കി കുറച്ചു നേരം നിൽക്കും. പട്ടിക്ക് കൺഫ്യൂഷൻ എന്താണെന്നാൽ തിരിഞ്ഞോടിയാൽ എറിയുമോ നേരെ ഓടിയാൽ എറിയുമോന്നാണ്.അപ്പൂന് കൺഫ്യൂഷൻറെ പ്രശ്നമില്ല ,പട്ടി നോട്ടം മാറ്റിയാൽ തന്നെ ഓടി വീട്ടിലെത്താന്നാണ് തീരുമാനം .ഏറെ നേരത്തെ നിൽപ്പിന് ശേഷം ധൈര്യവാനായ പട്ടി ഒരു സ്റ്റെപ്പ് മുന്നോട്ട് വച്ച് അലസമായി അങ്ങോട്ടുമിങ്ങോട്ടും നോക്കും. അപ്പു അപ്പോഴേക്കും ഓൺ യുവർ മാർക്സ് പറഞ്ഞിട്ടുണ്ടാവും. ഒരു ചുവട് മുന്നോട്ട് വച്ചിട്ടും കല്ലിന് കാറ്റു പിടിച്ച പോലെ ധൈര്യവാനേ കണ്ട പട്ടിയുടെ കിളി കൂടടക്കം പറന്നു പോയതോടെ ഒരു ചുവട് കൂടി വച്ച് ഏത് വഴി ഓടാമെന്ന് ചുറ്റും നോക്കി.അപ്പു കണ്ണൊന്നു കൂർപ്പിച്ചു ചെരുപ്പിൽ കാലൊന്ന് തള്ളി തിരുകി 'സെറ്റ് ' പറഞ്ഞു കഴിഞ്ഞു.ഇനി നിന്നാൽ പന്തികേടാണെന്ന് തോന്നിയ പട്ടി ഒന്ന് മോങ്ങി കൊണ്ട് വാല് കാലിന്നടിയിലേക്ക് താഴ്ത്തി റോഡിനു വലത് വശത്ത് കൂടേ പ്രാണനും കൊണ്ട് പാഞ്ഞു. ഏതാണ്ടാ സമയം തന്നെ അപ്പു അലറി കൊണ്ട് ഇടത് വശം വഴി ഓട്ടം തുടങ്ങി കഴിഞ്ഞു. അലർച്ച കേട്ട് നല്ല ജീവൻ പോയ പട്ടി റോക്കറ്റ് വേഗത്തിൽ പൊടി പറത്തി വളവ് തിരിഞ്ഞ് കാണാതാവും.ഗേറ്റടച്ച് കിതാപ്പാറ്റി കൊണ്ട് വരുന്ന അപ്പൂട്ടനെ ഉള്ളിലെ കോപം മറച്ച് ഞാൻ നോക്കും. ബീഫ് സ്റ്റാളിൽ വച്ച ഐസ്ക്രീം പോലെ ,എനിക്കുണ്ടായ കന്നി സന്താനത്തിന് ധൈര്യം പകരാൻ എന്താ ചെയ്യേണ്ടതെന്നറിയാതെ ഞാനവന്റെ തലമുടിയിലുടെ തലോടി ചേർത്ത് പിടിക്കും.

തിളച്ചു മറിയുന്ന ദേഷ്യത്തോടെ ഭാര്യാവിനോട് ഞാൻ തട്ടിക്കയറും.
"ഇപ്പോ തന്നെ ആ പട്ടി കടിച്ചിട്ടുണ്ടാവും",
അല്ലെങ്കിൽ
"പശു കുത്തിയിട്ടുണ്ടാവുമായിരുന്നു" എന്നു പറഞ്ഞാൽ
ഉദാസീനത ഭാവത്തോടെ മറുപടി അടുക്കളയിൽ നിന്ന് പൊഴിയും
"ആ കറുത്ത പട്ടിയല്ലേ..... അതിനെ ആരും കടിക്കല്ലേന്നും പറഞ്ഞാ അത് നടക്കണത്..... അവനാ പട്ടിയെ കണ്ട് ഓടിയിട്ടുണ്ടാവും....."
അല്ലെങ്കിൽ
"ആ ചാവാലിപശുവല്ലേ..... താഴത്തെ ചെറിയ കൊച്ച് ... വാ..വാ... എന്ന് വിളിച്ചാലേ അപ്പുറം വഴി ഓടി പോകണതാ അത്, അതിനെ പേടിച്ചോടാൻ അവനോട് ഞാൻ പറഞ്ഞോ....."

വളരെ നിസ്സാരമായി ഇവളിത് പറയുന്നത് കേൾക്കുമ്പോൾ പലപ്പോഴും അത്ഭുതം തോന്നിയിട്ടുണ്ട്. ഇവൾക്കുള്ള പാതി ധൈര്യം എനിക്കില്ലേ.... ഒരു സംശയം. പലപ്പോഴും ഫോൺ ചെയ്യുമ്പോൾ ചോദിക്കും

"മക്കളെന്തിയേ...?"

"അവരവിടെ കളിക്കുന്നു...."

എന്നുത്തരം എന്നെ വല്ലാതെ അരിശം പിടിപ്പിക്കും. വീണ്ടും ഞാൻ നിർത്തി നിർത്തി ചോദിക്കും എന്താണ് ചെയ്യുന്നത് എന്ന്.... അത് നോക്കിയിട്ട് പറയാം എന്നാവും അപ്പോഴാണ് മക്കൾസ് കളിക്കുക എന്നപേരിൽ നടത്തുന്ന വിക്രസുകൾ ആളുടെ ശ്രദ്ധയിൽ പെടുക.പിന്നവിടെ ലാത്തിച്ചാർജ്, കണ്ണീർ വാതകം, ജലപീരങ്കി ...മൊത്തത്തിൽ എല്ലാരും ബിസിയാകും...

ഇതൊക്കെയാണ് മിക്കവാറും കലാപരിപാടികൾ.ഇതെല്ലാം കാണാനും, കേൾക്കാനും, അനുഭവിക്കാനും, പിന്നെ ഒറ്റക്ക് കിടക്കുമ്പോൾ ഓർത്തോർത്തു ചിരിക്കാനും,ജീവിക്കാനുള്ള കൈമുതലുകളാണ്. ഇതൊക്കെ അനുഭവിക്കാനുള്ള. ഓട്ടപ്പാച്ചിലാണ് ഞാറാഴ്ചയിലേത് .

അപ്പോൾ പറഞ്ഞു വന്നത് പറയാം.....

ഏറ്റവും ഉറക്കെ വോളിയത്തിൽ പാട്ടും വച്ച് ഇയർസെറ്റും തിരുകി, തോളിൽ ബാഗും തട്ടിക്കയറ്റി,ഇടംവലം നോക്കാതെ പരാമാധി സ്പീഡിൽ വച്ച് പിടിക്കും. മിക്കവാറും ടൈം ഷെഡ്യൂൾ വച്ചാണ് പോകുന്നതും വരുന്നതും.ഏതെങ്കിലും ഒരിടത്തും മിസ്സായാൽ എല്ലാം പാളം തെറ്റും.വിചാരിച്ച സമയത്ത് എത്താൻ കഴിയില്ല. ആയത് കൊണ്ട് തന്നെ ശ്രദ്ധ തിരിയുന്നിടത്ത് നിന്ന് കഴിവതും നോട്ടമെത്തിക്കാതിരിക്കാൻ ശ്രമിക്കാറുണ്ട്.പിന്നെ ഞാനെവിടെ പോയാലും എന്നെ തേടി എന്തെങ്കിലും ഒരു മാരണം എട്ടിന്റെ പണിയുടെ രൂപത്തിൽ എന്നെ കാത്തിരിക്കുന്നുണ്ടാവും.

നൈസ് റോഡ് വഴി കെങ്കേരി ബസ്സ്റ്റാൻഡിൽ എത്തിയപ്പോഴേ മൂന്നേമുക്കാൽ. ബാക്ക്ഗേറ്റ് വഴി നടന്നെത്തിയാൽ തന്നെ പത്ത് മിനിറ്റ് സമയമുണ്ട് ട്രെയിൻ വരാൻ.തോളിലെ ബാഗ് ശരിയാക്കി ലിബർട്ടി ഷോറൂമിന്റെ ഇടത് വശം വഴിയുള്ള റോഡിലേക്ക് തിരിയുന്നതിനിടക്കാണ് വലത് വശത്തുള്ള ഓട്ടോ സ്റ്റാൻഡിനടുത്ത് ഒരു പയ്യൻ കരഞ്ഞോണ്ട് നിൽക്കുന്നത് കണ്ടത് ഏകദേശം അപ്പുൻറെത്രയുണ്ട് പയ്യൻ.കൈയിൽ ഒരു കവറ് പിടിച്ചിട്ടുണ്ട്. മനസ്സിലൊരു മുള്ള് കോറിയെങ്കിലും ഒറ്റ നോട്ടത്തിനപ്പുറം നിന്നാൽ പണിപാളുമെന്നുറപ്പുള്ളതിനാൽ കാൽ വലിച്ച് വച്ച് തന്നെ നടന്നു.ആ പയ്യനടുത്ത് ആരേയും കണ്ടില്ലല്ലോ ഞാനോർത്തു കൊണ്ടൊരിക്കൽ തിരിഞ്ഞു നോക്കി. ഇല്ല ... ആരുമില്ല.....

ആദ്യത്തെ വളവ് തിരിഞ്ഞപ്പോൾ തന്നെ ഫോൺ റിംഗ് ചെയ്തു . ഭാര്യയാണ് റെയിൽവേ സ്റ്റേഷനിൽ എത്തിയോ എന്നറിയാൻ വിളിച്ചതാണ്.സംസാരിച്ചു കൊണ്ട് തന്നെ സ്റ്റേഷനടുത്തെത്തി.കോൾ കട്ട് ചെയ്തു റെയിൽവേ സ്റ്റേഷൻ ബാക്ക് ഗെയിറ്റിൻറെ ബാരിക്കേഡുകൾ കടക്കുമ്പോഴേ കണ്ടും നാലാമത്തെ പ്ലാറ്റ് ഫോമിൽ നിന്നും ഒന്നുരണ്ട് പേർ രണ്ടും മൂന്നും ഒന്നിച്ചുള്ള പ്ലാറ്റ്ഫോം നോക്കി സ്റ്റേഷൻറെ അങ്ങേത്തലയിലേക്ക് കൈചൂണ്ടി ഉച്ചത്തിൽ സംസാരിക്കുന്നു.ഞാനാദ്യം കരുതിയത് ആരോ ഇപ്പോൾ പോയ ട്രൈനിന് തല വച്ചെന്നാണ്.ഒറ്റ നോട്ടത്തിൽ പാളത്തിൽ ബോഡി ഒന്നും കാണാത്തത് കൊണ്ടും, പിന്നെ മരണമാണ് നടന്നെതെന്നാൽ സാധാരണ കന്നഡികരുടെ ശബ്ദം താഴുകയാണ് ചെയ്യാറ് എന്നുള്ളത് കൊണ്ടും സംഭവം തല വച്ച കേസല്ലെന്നുറപ്പായി. ഇനി കൈ വച്ച കേസാണോ.സ്ത്രീകൾ ആരുംതന്നെ വളരെ ശബ്ദത്തിൽ സംസാരിച്ചു കൊണ്ട് നിൽക്കാത്തത് കൊണ്ട് ഉണ്ട് അതല്ല ഉറപ്പായി.

പ്ലാറ്റ്ഫോമിൻറെ അവസാനത്തിൽ പേരക്കയും മറ്റും വിൽക്കുന്ന ഒരു വയസ്സായ സ്ത്രീയുണ്ട്.അവരുടെ സ്ഥിരം കസ്റ്റമർ ആണ് ഞാൻ. ആ സ്ത്രീയും കാര്യഗൗരവമായ എന്തോ ചർച്ചയിൽ മുഴുകിയതിനാൽ ഞാൻ എത്രയും പെട്ടെന്ന് ഇന്ന് പ്ലാറ്റ്ഫോമിൽ നടു ഭാഗത്തേക്ക് നടന്നു. കെങ്കേരി എന്നെഴുതിയ ബോർഡും കടന്ന് മുന്നോട്ടു പോകുമ്പോൾ ഒരു ഒരു ഗർഭിണിയായ സ്ത്രീ നിൽക്കുന്നു. തൊട്ടടുത്തുതന്നെ വേറൊരു പയ്യനും ഏകദേശം പത്തു വയസ്സിനു മുകളിൽ പ്രായമുള്ള ഒരു പയ്യൻ കയ്യിൽ ഒരു കവറും പിടിച്ചിട്ടുണ്ട്. ചുറ്റും ഒരുപാട് പേർ ഉണ്ടെങ്കിൽ തന്നെയും അവരെല്ലാം അവരവരുടേതായ ലോകത്താണ്. കുറച്ചുപേർ വട്ടം കൂടിയിരുന്നു അവരുടെ കുടുംബവിശേഷങ്ങൾ മറ്റു കൈമാറുന്നു.കുറച്ചുപേർ ഉദാസീനമാരി കടല കൊറിച്ച് ചെവിയിൽ ഹെഡ് സെറ്റും തിരുകി അവരുടെ ലോകത്താണ്. വേറെ ചിലർ പേരക്കയും തിന്നു ട്രൈനോളം ക്ഷമയറ്റ് ട്രൈനിനായ് കാത്തിരിക്കുന്നു. ഈ ലോകത്ത് തന്നെയാണ് നിറഞ്ഞ അങ്കലാപ്പുമായി ഒരു ഗർഭിണിയുംകരഞ്ഞു കൊണ്ട് ഒരു പയ്യനും നിൽക്കുന്നത്. ഒന്നോ രണ്ടോ പേർ മാത്രമാണ് അവരിൽ നിന്നും കുറെ ദൂരം വിട്ടു നിന്നു കൊണ്ട് അവരോടായി സംസാരിക്കുന്നത്.എന്തോ സംഭവിച്ചിട്ടുണ്ട്. പയ്യനേ ചൂണ്ടിക്കാട്ടി ഗർഭിണി മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുന്നുണ്ട്.കരച്ചിലിനിടക്കും ആ പയ്യൻ മറ്റുള്ളവരുടെ ചോദ്യങ്ങൾക്ക് ഏങ്ങലോടെ മറുപടി പറയുന്നത് കണ്ടു.

യതൊന്നും ശ്രദ്ധിക്കാതെ കടന്ന് പോകാൻ വിവേകം പറഞ്ഞെങ്കിലും പ്രശ്നങ്ങളെ അങ്ങോട്ട് തേടി ചെല്ലാനുള്ള സഹജമായ സ്വഭാവം എന്നെ അവരുടെ അടുത്തേക്കാണ് കൂട്ടികൊണ്ട് പോയത്. ചെവിയിൽ നിന്നും ഹെഡ്സെറ്റ് എടുത്തു മാറ്റി. കരയുന്ന പയ്യൻ ഏതോ അദൃശ്യ കരം കൊണ്ട് എന്നെ അവനിലേക്ക് വലിച്ചടുപ്പിക്കുകയായിരുന്നു. ഒരുപക്ഷേ കുഞ്ഞുങ്ങളിൽ എല്ലാം തന്നെ എന്റെ മക്കളെ കാണാൻ കഴിയുന്നത് കൊണ്ടാവണം.എവിടെയോ എന്തോ ഒന്ന് ഹൃദയത്തിൽ കൊളുത്തി വലിക്കുന്നുണ്ട്.പക്ഷേ അതെന്താണെന്ന് തിരിച്ചറിയാൻ കഴിയാതെ ഒരു ഭാരമായി എന്നിൽ വീർപ്പുമുട്ടുന്നുണ്ട്.വേണമെങ്കിൽ എനിക്ക് ഇതെന്നെ ബാധിക്കുന്നതല്ലെന്ന് കരുതി മുന്നോട്ട് പോകാം, പക്ഷേ കഴിയുന്നില്ല. കഴിയാവുന്ന രീതിയിൽ സൗമ്യതയോടെ ഞാൻ ഗർഭിണിയോടായി കാര്യങ്ങൾ ചോദിച്ചു.

മണ്ഡ്യയിൽ നിന്നും കയറിയ രണ്ടാൺമക്കളും അമ്മയും.
തൊട്ടയൽ ഗ്രാമക്കാരായ ഗർഭിണിയും ഭർത്താവും.ട്രൈയിൻ യാത്രയുടെ വിരസച്ചൂടിനെ കൊച്ചു കുസൃതികൾ കൊണ്ട് രസകരമാക്കുന്ന രണ്ടാൺമക്കളും അവരുടെ അമ്മയുമായി ഗർഭിണിയും ഭർത്താവും സ്നേഹാത്മകമായ ആത്മബന്ധം ഉടലെടുക്കുന്നു.അങ്ങനെ മനോഹരമായ യാത്രക്ക് അവസാനം കെങ്കേരിയിൽ എല്ലാവരും ഇറങ്ങുന്നു. ഇപ്പോഴിവിടെ കരഞ്ഞ് കൊണ്ട് നിൽക്കുന്ന ഏട്ടനരികിൽ തന്നെയാണ് അനിയനും ട്രൈനിറങ്ങി നിന്നതും, ഒന്നിച്ചു പ്ലാറ്റ്ഫോമിലൂടെ നടക്കാൻ തുടങ്ങിയതും.ഏകദേശം പ്ലാറ്റ്ഫോമിൻറെ അവസാനത്തിൽ എത്തിയപ്പോഴാണ് അനിയൻ കൂടെയില്ലെന്ന് ഏട്ടൻ തിരിച്ചറിയുന്നതും, എല്ലാവരേയും അറിയിക്കുന്നതും.ഒരു നിമിഷത്തേ അന്ധാളിപ്പിനു ശേഷം എല്ലാവരും കുഞ്ഞിനേ പ്ലാറ്റ്ഫോമിൽ അങ്ങോളമിങ്ങോളം തേടിയെങ്കിലും കണ്ടെത്താനായില്ല. ഒടുവിൽ തകർന്ന മനസ്സോടെ മൂത്തമകനെ കെട്ടിപ്പിടിച്ചു വലിയ വായിൽ നിലവിളിച്ച് കരയുന്ന ആ പാവം അമ്മ കാണികളിൽ ആരുടെയോ വാക്കും കേട്ട് മുത്തമകനേ ഗർഭിണിയേ ഏൽപ്പിച്ചു റെയിൽവേ പോലീസിൽ പരാതിപ്പെടാൻ പോയിരിക്കുന്നു കൂടെ ഗർഭിണിയുടെ ഭർത്താവും.

ജീവിതത്തിൽ ആദ്യമായി റെയിൽവെയുടെ മൈക്കിൽ നിന്നും തീവണ്ടിയുടെ അറിയിപ്പല്ലാതെ വേറൊരു അറിയിപ്പു കേട്ടു.മണ്ഡ്യയിൽ നിന്നുള്ള എട്ടുവയസ്സുകാരൻ ഗിരിയപ്പനേ കാത്ത് അമ്മ ടിക്കറ്റ് കൗണ്ടറിനടുത്ത് നിൽക്കുന്നു എന്നായിരുന്നു അറിയിപ്പ്. വല്ലാത്തൊരു നീറ്റലോടെയാണ് അറിയിപ്പ് കേട്ടത്.അതിലെ എട്ടുവയസുകാരൻ എന്നുള്ള എന്റെ കാതിൽ വല്ലാത്തൊരു മുഴക്കത്തോടെയാണ് കേട്ടത്.
ഞാൻ കരഞ്ഞ് കൊണ്ട് നിന്ന ആ പയ്യനോട് അനിയൻ ഏത് ഡ്രസ്സാണ് ഇട്ടിരിക്കുന്നത് എന്ന് ചോദിച്ചു.നീല ജീന്സും വെള്ള ടീഷർട്ടും, എട്ട് വയസ്സ്..... സത്യത്തിൽ എന്റെ തലയിൽ ഒരു ഇടിമിന്നൽ പതിച്ചത് പോലെ തോന്നി .ആ കുട്ടി നിന്നെ മാതിരിയാണോ, കൈയ്യിൽ കവറുണ്ടോ എന്ന ചോദ്യത്തിന് അവൻ അതെയെന്നുത്തരം നൽകി. ഗർഭിണിയായ ആ സ്ത്രീയോട് ഞാനിപ്പോൾ വരാം എന്ന് പറഞ്ഞു ബാക്ക്ഗേറ്റ് ബാരിക്കേഷനടുത്തേക്ക് ഓടീ...

ബാരിക്കേഡ് താണ്ടി റോഡിറങ്ങി ഞാനോടുമ്പോൾ എന്റെ മനസ്സിൽ ഇനി വരുന്ന ട്രെയിനിൽ ഞാൻ പോകേണ്ടതാണെന്നോ, ഇത് കഴിഞ്ഞാൽ ഇനി രണ്ടു മണിക്കൂർ കഴിഞ്ഞാലെ അടുത്ത ട്രെയിൻ ഉള്ളൂ എന്നോ, എന്റെ കുടുംബം കാത്തിരുന്നു എന്നോ ഓർത്തില്ല.
എന്റെ കൺമുന്നിൽ എന്റെ അപ്പൂട്ടൻ വഴിയറിയാതെ ആരോരുമില്ലാതെ നിന്ന് കരയുന്നതായാണ് കൺമുന്നിൽ തെളിയുന്നത്. അല്ലാതെ ആ പയ്യനേ അല്ല...

ആ നിമിഷത്തെ ഞാൻ ശപിച്ചു.....

റോഡ് തിരിയുമ്പോൾ. കരഞ്ഞ് നിൽക്കുന്ന ആ ബാലനേ കണ്ടിട്ടും എന്താണെന്ന് അന്വേഷിക്കാതെ പോന്ന ആ നിമിഷത്തേ ശപിച്ചു.......

ഏകദേശം ഒരു കിലോമീറ്റർ മീറ്റർ ദൂരം തോളിലേ ബാഗിന്റെ ഭാരം, നട്ടെല്ലിൽ കൊരുത്തുച്ചേർത്ത റാഡിൻറെ കിരുകിരുപ്പ് പിൽവീസിലെ പൊട്ടിചിതറിയ എല്ലുകളിലെ വേദന ഒന്നും ഞാനറിയുന്നുണ്ടായിരുന്നില്ല.ഓടാവുന്ന അവസ്ഥയിലേക്ക് ഇനിയും എത്താനുണ്ടെന്ന് മറന്ന് പോയി അമ്പത് മീറ്ററിൽ കൂടുതൽ ഓടിയ കാലം മറന്നു. ഇതൊന്നും എനിക്ക് ഓർമ്മ വന്നില്ല വന്നത് ഒന്ന് മാത്രം ഒന്ന് എന്റെ മക്കളുടെ മുഖവും, പിന്നെ കരയുന്ന ആ പയ്യന്റെ മുഖവും.അറിയാതെയെങ്കിലും ദൈവത്തെ വിളിച്ചിരിക്കും .ആ കുട്ടി അവിടെ തന്നെ ഉണ്ടാവാൻ പ്രാർത്ഥിച്ചിട്ടുണ്ടാവാം. എന്റെ കണ്ണുകൾ അറിയാതെ നിറയുന്നുണ്ട്.

ഓട്ടോ സ്റ്റാൻഡിന് കാണാവുന്ന ദൂരത്തിൽ എത്തിയപ്പോഴേ നെഞ്ചിൻ എന്തോ കുത്തിയിറക്കിയ പോലെ ഭാരം തോന്നി.ആ കുഞ്ഞിനെ അവിടെ കാണാനില്ല. സ്റ്റാന്റിനടുത്തേക്ക് ഓടിയെത്തുമ്പോഴേക്കും എന്റെ ഞാൻ മനസ്സും കൊണ്ടും തളർന്നിരുന്നു. ഒരടി വയ്ക്കാൻ ഭൂമിയില്ലാത്ത അവസ്ഥ. കെങ്കേരിയിലെ ഹെവി ട്രാഫിക് എന്നെ ഏശിയില്ല. കാറ്റും പോലെ റോഡ് മുറിച്ച് കടന്നു ഡിവൈഡറിൻറെ ഉയരത്തിൽ നിന്ന് ചുറ്റും നോക്കി . ഓരോ കുഞ്ഞുമുഖങ്ങളിലും ഞാൻ ആ കരഞ്ഞു നിന്നിരുന്ന വട്ടമുഖം കാണാൻ ശ്രമിച്ചു.ഒരു നിമിഷം കൈ വിട്ടു പോയാൽ എന്തായാലും തിരിച്ചു കിട്ടാത്ത കടലാണ് ബാംഗ്ലൂർ.എന്താണ് ചെയ്യേണ്ടത് എന്നൊരു തീരുമാനം എടുക്കാനാവാതെ മനസ്സ് ഉഴറി.ഞാനൊന്നു കൂടി ചുറ്റിലും നോക്കി. പ്രതീക്ഷയുടെ കിരണം പോലെ ഒരാളുടെ കൈയിൽ ഇടതു കൈ കൊണ്ട് പിടിച്ച്, വലത് കൈയ്യിൽ ഒരു കവറും പിടിച്ചു ഒരു പയ്യൻ ഇലക്ട്രോണിക് സിറ്റിയിൽ പോകാനുള്ള വഴിയിലേക്കു തിരിഞ്ഞു റോഡ് ക്രോസ് ചെയ്യുന്നു.ഞാനും അവരുമായുള്ള ദൂരം വാഹനങ്ങൾ ഒരേ സ്പീഡിൽ ഒഴുകി കൊണ്ടിരിക്കുന്ന രണ്ടു റോഡുകളാണ്.

ആ കുട്ടി തന്നെയാണുന്ന് ഉറപ്പ് പറയാൻ കഴിയാത്തത് എന്നെ കുഴക്കി. ഒരിക്കലെങ്കിലും അവൻ തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ ഞാനോടിയെത്തിയേനേ.ാ ആത്മാർത്ഥമായി അവനൊന്നു തിരിഞ്ഞു നോക്കിയിരുന്നെങ്കിൽ മനസ്സിൽ വിചാരിക്കുന്ന സമയത്ത് കവറും പിടിച്ചിരിക്കുന്ന വലം കൈയുടെ പുറം ഭാഗം കൊണ്ട് കണ്ണ് തുടച്ചു. മതി..... അത് മതിയായിരുന്നു എനിക്ക്. അടുത്ത നിമിഷം റോഡ് ക്രോസ് ചെയ്തു . പിന്നിൽ ആരെക്കെയൊ വണ്ടിക്കാർ ചീത്തവിളിക്കുന്നുണ്ടായിരുന്നു.അതൊന്നിനും ചെവി കൊടുക്കാതെ ഞാനോടി രണ്ടാമത്തെ റോഡും ക്രോസ് ചെയ്തു. കുട്ടിയേയും വലിച്ച് കൊണ്ട് ധൃതിയിൽ നടന്നു പോകുന്ന അയാളുടെ ചുമലിൽ പിടിച്ചു നിർത്തി. അയാൾക്കൊപ്പം ആ കുഞ്ഞും എനിക്കഭിമുഖമായി തിരിഞ്ഞപ്പോഴാണ് ഞാനവന്റെ മുഖം കണ്ടത്. അതവനായിരുന്നു കരഞ്ഞകലങ്ങിയ കണ്ണുകളിലെ പേടി എന്നെ നോവിച്ചു.അവൻറെ നോട്ടം എന്നെ കീറിമുറിച്ചു. ഞാനവന്റെ കവർ പിടിച്ചിരുന്ന കൈയ്യിൽ പിടിച്ചു പറഞ്ഞു

"വേഗം വാ ... നിന്നെ കാണാതെയവര് വിഷമിച്ചു നിൽക്കുകയാണ്"

"ഞാനിവനേ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോവുയാണ്.... ദാ അവിടെ കരഞ്ഞ് കൊണ്ട് നിൽക്കുകയായിരുന്നു.... നിങ്ങൾ പൊയ്ക്കോ.... "അവന്റെ കൈപിടിച്ചിരുന്നയാൾ എന്നോടായി പറഞ്ഞു. ഞാനവനേ തീർത്തും അവഗണിച്ച് കൊണ്ട് കുഞ്ഞിനെ എന്നിലേക്കടുപ്പിച്ച് കൊണ്ട് പറഞ്ഞു ....

"വാ അനിയാ പോകാം...."

അതിനു മറുപടി എന്റെ കൈ തട്ടിമാറ്റി കൊണ്ട് അയാളാണ് തന്നത്.

"നിന്നോടെല്ലേ പറഞ്ഞത് ഇവനേയും കൊണ്ട് പോലീസ് സ്റ്റേഷനിൽ പോവുകയാണെന്ന്....പോടാ പോ.... "

ഒരു നിമിഷം കൊണ്ട് എന്റെ കൺട്രോൾ തെറ്റി. ഞങ്ങൾക്ക് എതിർവശത്തേക്ക് കുറച്ചു വലത്തേക്ക് മാറി കൈ ചൂണ്ടി കൊണ്ട് ഞാനവനോട് ചൂടായി.

"അവിടേയുള്ള പോലീസ് സ്റ്റേഷനിലേക്ക് നീ എന്തിനാ കുട്ടിയേയും കൊണ്ട് എതിർവശത്തേക്ക് പോകുന്നത് .... കൈവിടെടാ കുട്ടീടെ..."

റോഡിൽ പോകുന്ന രണ്ടുമൂന്നു ശ്രദ്ധിക്കാന് തുടങ്ങിയതോടെ അവന്റെ കൈ പെട്ടെന്ന് ഇത്തിരി ബലം പ്രയോഗിച്ച് തന്നെ ഞാൻ വിടുവിച്ചെടുത്തു. എന്നിട്ട് കുട്ടിയോടായി പറഞ്ഞു

"ഗിരിയപ്പാ..... നിന്റെ അമ്മയും ഏട്ടനും റെയിൽവേ സ്റ്റേഷനിൽ നിന്നേം കാത്ത് കരഞ്ഞു കൊണ്ട് നിൽക്കുന്നു .... വേഗം വാ"

പേര് വിളിച്ചതും, അവന്റെ അമ്മയേയും ഏട്ടനേയും കുറിച്ച് പറഞ്ഞതും കേട്ടപ്പോൾ കുഞ്ഞ് എന്റെ കാലിനോട് ചേർന്ന് നിന്നു. അവന്റെ നെഞ്ചിടിപ്പ് എന്നെ സങ്കടപ്പെടുത്തി. നടുക്കടലിൽ ഒറ്റപ്പെട്ടവൻറെ ഹൃദയമിടിപ്പായിരുന്നത്. കുട്ടിയുടെ കൈ പിടിച്ചവനേ ഞാൻ രൂക്ഷമായി നോക്കി നിന്നത് കണ്ടിട്ടാവണം അവനെന്തോ പുലഭ്യം പറഞ്ഞു തിരിഞ്ഞു നടന്നു. അടുത്ത നിമിഷം തന്നെ ഗിരിയപ്പനേയും കൊണ്ട് രണ്ടു മുറിച്ച് നടന്ന് റെയിൽവേ സ്റ്റേഷനിലേക്ക് നടന്നു. അവനേ ചേർത്ത് പിടിച്ചു നടക്കുമ്പോൾ ഞാനെന്റെ മക്കളെ ഓർത്തു. അവരേയും ഇങ്ങനെ ചേർത്ത് പിടിച്ചു നടക്കാൻ തോന്നി. ഞാനെന്റെ പോക്കറ്റിൽ നിന്നും മക്കൾക്ക് വാങ്ങിയ ചോക്ലേറ്റ് അവന് കൊടുത്തു. എന്റെ മുഖത്തേക്ക് ഒന്ന് നോക്കി അവനാ ചോക്കലേറ്റ് വാങ്ങി. അവന്റെ മനസ്സിനെ കൂടുതൽ ധൈര്യം പകരാനായി കുറച്ചുകൂടെ ചേർത്ത് പിടിച്ചു.
റെയിൽവേ സ്റ്റേഷന് കുറച്ചു ദൂരം വച്ചേ കണ്ടു. നാലഞ്ച് പേർ കാത്ത് നിന്നപോലെ ഞങ്ങളെ കൈചൂണ്ടി പ്ലാറ്റ്ഫോമിൻറെ ഭാഗത്തേക്ക് വിളിച്ചു പറയുന്നു. ബാരിക്കേഡുകൾ കയറി മുകളിലെത്തുമ്പോഴേക്കും ഗർഭിണിയുടെ അടുത്ത് ആകാംക്ഷയോടെ കാത്തിരിക്കുന്ന ഏട്ടൻ പയ്യൻ. എന്റെ കൈയിൽ പിടിച്ചു നടന്നുവരുന്ന അനിയനേ കണ്ടതും കരച്ചിലോടെ ഏട്ടനോടി വന്നു കെട്ടിപിടിച്ചു. എന്റെ കൈ വിട്ടു ഏട്ടനേ കെട്ടിപ്പിടിച്ചു കരയുന്ന അനിയനും. രണ്ടു പേരേയും സമാധാനിപ്പിച്ചു ചേർത്ത് പിടിച്ചു ഞാനവരെ ഫോൺ ചെയ്തു കൊണ്ടിരുന്ന ഗർഭിണിയായ സ്ത്രീയുടെ അടുത്തേക്ക് നടന്നു.
സ്നേഹാത്മകമായ ചിരിയോടെ അവരെനിക്ക് നന്ദി പറഞ്ഞു. പിന്നെ കുറുമ്പനെന്നും പറഞ്ഞു കണ്ണീർ തുടച്ച് കൊണ്ട് ആ പയ്യന്റെ തലയിൽ തലോടി. ഒരു കൈയിൽ തന്റെ വയറും താങ്ങി മറുകൈയ്യിൽ മറ്റോരമ്മ പെറ്റ മകനേ തലോടുമ്പോൾ സന്തോഷ കണ്ണീർ വരുന്ന മാതൃത്വം.

"ദാ... ഇവരുടെ അമ്മ വരുന്നൂ..."

ആ സ്ത്രീ കൈചൂണ്ടിയ ഭാഗത്ത് നോക്കിയപ്പോൾ,ഒരു കൈയിൽ സാരിയും വാരിപ്പിടിച്ചു.മറുകൈ ഉയർത്തി കാട്ടി എന്തോ വിളിച്ചു പറഞ്ഞു കൊണ്ട് ഒരു സ്ത്രീ ഓടി വരുന്നുണ്ട്. പരസ്പരം കെട്ടിപ്പിടിച്ചു കൊണ്ടു അന്ന് ഓടി വരുന്ന അമ്മയെ നോക്കി നിൽക്കുന്ന മക്കൾ. എനിക്ക് പോകാനുള്ള ട്രെയിൻ വന്നു കഴിഞ്ഞു ഇനി മിനിറ്റിനുള്ളിൽ ട്രെയിൻ പുറപ്പെടും.

എന്റെ റോൾ കഴിഞ്ഞു.

ഇനി ഇവിടെ ആ അമ്മയുടേയും മക്കളുടേയും സ്പെയിസാണ്. അവരുടെ അമ്മ പാളം കടന്ന് നടുവിലെ പ്ലാറ്റ്ഫോമിലേക്ക് കയറി ഓടി വരുന്നുണ്ട്. ഗർഭിണിയോട് ചേർന്ന് കുഞ്ഞുങ്ങൾ നിൽക്കുന്നു. ആരോ വന്ന് എനിക്ക് നന്ദി പറഞ്ഞു കൈ തന്നു. ഞാൻ എന്റെ ട്രെയിനിനടുത്തേക്ക് നടന്നു. കുഞ്ഞുങ്ങൾ നിൽക്കുന്നതിന് എതിരിലുള്ള ബോഗിയിലാണ് കയറിയത്. സീറ്റില്ല നാലഞ്ച് പേർ നിൽക്കുന്നു. ബോഗിയിലെ ചെറിയൊരു ഓട്ടപ്രദക്ഷിണത്തിന് ശേഷം ഇനി ശരണം വാതിലിലേയുള്ളെന്ന് മനസ്സിൽ കരുതി വാതിലിനടുത്തേക്ക് നടന്നു . അവിടേയും ഒരുത്തൻ വട്ടമിടുന്നു. എന്റെ ട്രെയിൻ മെല്ലെ നീങ്ങി തുടങ്ങി. ഞാൻ വാതിലിനടുത്തുള്ള കൈപിടിയിൽ പിടിച്ചു പുറത്തേക്ക് തലയിട്ടു കുഞ്ഞുങ്ങളെ നോക്കി. അവിടെ ആ മക്കളെ രണ്ടുപേരേയും അടുത്തടുത്തായി നിർത്തി ആരോ ചൂണ്ടിക്കാട്ടിയതിനാൽ ആ അമ്മ എന്റെ ബോഗിക്കു നേരെ കൈകൂപ്പി തൊഴുന്നു. പെട്ടെന്നാണ് ഇത്തിരി കുഞ്ഞൻ എന്നെ കണ്ടതും അമ്മയെ വിളിച്ചു കാണിച്ചു കൊടുത്തു.അവരപ്പോൾ എന്റെ നേരെ കൈകൂപ്പി തൊഴുതു. ഞാനവർക്ക് നേരെ കൈവീശി കാണിച്ചു.അവർ എനിക്കും കൈവീശി. ട്രെയിനിന് വേഗത കൂടി. എനിക്കായി കാത്തിരിക്കുന്ന എന്റെ കുറുമ്പാമാന്മാർക്കടുത്തേക്ക് വേഗത്തിലെത്തിക്കാൻ തീവണ്ടി പുക തുപ്പി പാഞ്ഞു തുടങ്ങി.



44 അഭിപ്രായങ്ങൾ:

  1. വായിക്കുന്നവരോട്.......

    ഞാൻ എന്റെ ട്രെയിനിൽ കയറി പോയിക്കഴിഞ്ഞു.നിങ്ങളിപ്പോഴും ആ പ്ലാറ്റ്ഫോമിൽ നിൽക്കുകയാണ്. നിങ്ങളുടെ വിരൽത്തുമ്പിൽ തൂങ്ങി നിങ്ങളുടെ കുഞ്ഞും. ഒരു നിമിഷത്തെ ശ്രദ്ധ കുഞ്ഞിൽ നിന്ന് തിരിയുന്നതാണ് നമ്മൾ യാത്ര ചെയ്യുമ്പോൾ കാണാറുള്ള പല ബാലഭിക്ഷാടകരും, പിന്നെ കാശുള്ളവന്മാരുടെ പല ആന്തരാവയവവും..... ഓർക്കുക


    സംഭവം തീർന്നിട്ടില്ല ഇത് സ്വന്തം കുടുംബത്തിൽ വന്നതിന്റെ കഥ അടുത്ത ലക്കത്തിൽ......

    മറുപടിഇല്ലാതാക്കൂ
  2. നന്നായി എഴുതി വിനോദ് . അമ്മമാരുടെ ധൈര്യം ഒന്ന് വേറെ തന്നെ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉദയപ്രഭൻ ചേട്ടാ... സ്നേഹം
      തീർച്ചയായും അമ്മമാരുടെ ധൈര്യം അപാരം തന്നെ.... സമ്മതിക്കണം

      ഇല്ലാതാക്കൂ
  3. മക്കളെ കാണാതാവുമ്പോൾ ഉള്ള ശ്വാസം മുട്ടൽ ശരിക്കും അറിയാം. അത്തരത്തിലുള്ള സ്വപ്നം ഇടയ്ക്കുണ്ടാകുമായിരുന്നു. ഉണരും വരെ ഒരാന്തലാണ്... കഥയോ ജീവിതമോ ആവട്ടെ, ആ കുഞ്ഞിനെ കണ്ടെത്താനായല്ലോ.... ❤️ കുഞ്ഞുങ്ങളുടെ കാര്യത്തിൽ ഒരല്പം ശ്രദ്ധ കൂടുതൽ കാണിക്കുന്നതിൽ തെറ്റൊന്നുമില്ല... ലോകം അത്രമേൽ കലുഷിതമാണ്. ശ്രദ്ധയോടെ ജീവിക്കുക എന്നത് മാത്രമാണ് ഒരേയൊരു പ്രതിരോധം. ഒത്തിരി സന്തോഷം ഈ കുറിപ്പ് വായിക്കുമ്പോൾ...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഞാനും പലരാത്രികളിലും ഞെട്ടിയെണിക്കാറുണ്ട് ഫോണെടുത്ത് നമ്പറെടുത്തിട്ടും ഡയൽ ചെയ്യാതെ ചുമരും നോക്കി ചിന്തിച്ചിരിക്കാറുണ്ട്. കാരണം അന്നേരത്ത് ഞാൻ ഫോൺ ചെയ്ത് അവരുടെ മനസമാധാനം കൂടി കളയണോ എന്നാലോചിക്കും.

      എന്നും കുഞ്ഞുങ്ങളെ കൂടുതൽ ശ്രദ്ധികേണ്ട സമയത്തിലൂടെയാണ് നാമിപ്പോൾ കടന്നുപോയി കൊണ്ടിരിക്കുന്നത്.
      എന്തൊക്കെ മറന്നാലും അവന്റെ കണ്ണീരും അവന്റെ ചിരിയും ഒരിക്കലും മറക്കില്ല

      ഇല്ലാതാക്കൂ
  4. ശ്വാസം പിടിച്ചിരുന്നാ വായിച്ചത്. മക്കളെ കാണാതാകുമ്പോൾ അമ്മമാർക്കുണ്ടാകുന്ന പേടി പറഞ്ഞറിയിക്കാൻ പറ്റില്ല. പിന്നെ കുട്ടത്തിന്റെ അല്ലേ മക്കൾ വികൃതി കാട്ടിയില്ലെങ്കിലെ അത്ഭുതപ്പെടാനുള്ളൂ 😊

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. പ്രവാഹിനി .... സ്നേഹം....
      കൊച്ച് കുട്ടത്തുക്കളും പൊളിച്ചടുക്കട്ടേ... ജീവിതം കുറച്ചല്ലേയുള്ളൂ....
      എല്ലാ മാതാപിതാക്കളുടെ മക്കളെ കുറിച്ചുള്ള ആകുലതകൾ വരച്ചിടാൻ ശ്രമിച്ചന്നേയുള്ളൂ...

      ഇല്ലാതാക്കൂ
  5. കുട്ടത്തേ വായിച്ചിട്ട് നെഞ്ചു കലങ്ങി..ഒരു സെക്കന്റ് മമതി കുട്ടികൾ കൈ വിട്ട് പോകാൻ. ഞാൻ ഒരു പേടിത്തൊണ്ടി അമ്മയാണ്. എന്നാലും അവളെ ഒറ്റക്ക് വിടും. എന്നിട്ട് എരി പൊരി സഞ്ചാരം കൊണ്ടിരിക്കും.നമ്മൾക്ക് ചില നിയോഗങ്ങൾ ഉണ്ട്.. അതു കൊണ്ട് ആണ് ആ നിയോഗം കുട്ടത്തിന്റെ കയ്യിൽ തന്നെ വന്ന് ചേർന്നത്. അടുത്തത് കുടുംബത്തിൽ വന്ന് ചേർന്ന അവസ്ഥ എഴുത് ട്ടോ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വക്കീലേ.... സ്നേഹം...

      ഈ മുടിഞ്ഞ പേടി കൊണ്ട് തന്നെ അവന്മാർക്ക് കിട്ടുന്ന പല നല്ല സാഹചര്യങ്ങൾക്കും വിലങ്ങ് തടിയാവാറുണ്ട് ഞാൻ. അതൊരു നല്ല പ്രവണതയല്ല എന്ന തിരിച്ചറിവുണ്ടെങ്കിലും സ്വയം തിരുത്താനാവുന്നില്ല എന്നത് സത്യം തന്നെയാണ്.കാലക്രമേണ എന്നിലെ പേടിത്തൊണ്ടനായ അച്ഛനിൽ നിന്നും ഒരു ധൈര്യവാനായ അച്ഛനാക്കി എന്റെ മക്കൾ എന്നെ വളർത്തുമെന്ന് പ്രത്യാശിക്കുന്നു.

      ഇല്ലാതാക്കൂ
  6. ഗൗരിചേച്ചി പറഞ്ഞത് പോലെ ആകെ ഉള്ള ഒന്നിനെ ഇടയ്ക്കിടെ അലയാൻ വിട്ട് എരിപൊരി സഞ്ചാരത്തോടെ ഞാനും ഇരിക്കാറുണ്ട്... കുഞ്ഞുങ്ങളെ എന്നെങ്കിലും കൊത്തിപ്പിരിക്കാൻ വിധിക്കപ്പെട്ട തള്ളക്കോഴികളാണല്ലോ നമ്മൾ.. സ്വയം തീറ്റ തേടാൻ അവർ പഠിച്ചില്ലെങ്കിൽ അത് നമ്മുടെ പരാജയമാവില്ലേ... അതോർത്തു മാത്രം ഈ തീ അപ്പടി വിഴുങ്ങുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സൂര്യ..
      അധൈര്യത്തിന് മുന്നിൽ ശിരസ്സു കുനിക്കുന്നു.ഓരോ മക്കളേയും സ്വന്തം കാലിൽ നിർത്താനുള്ള പ്രയത്നം വളരെ വലുതാണ്.

      സ്നേഹം......

      ഇല്ലാതാക്കൂ
  7. കുട്ടേട്ടൻ ഹൃദയം പിടിച്ചൊന്നു കുലുക്കി, കണ്ണിലൂടെ ഊറിയെടുത്തു ഒരു തുള്ളി നനവ്....!
    പക്വതയാർന്ന ഒരെഴുത്തുകാരന്റെ കൈയ്യൊപ്പ് ചാർത്തിയ എഴുത്തിന് അഭിനന്ദനങ്ങൾ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്നേഹം..... അശോകേട്ടാ
      സ്വയം വിലയിരുത്തുമ്പോൾ പോരാ..... നന്നായില്ല എന്ന് മാത്ത്രമേ കുറച്ച് അഹങ്കാരത്തോടെ പറയാനാകൂ.,...

      ഇല്ലാതാക്കൂ
  8. ഒന്നും പറയാനില്ല.ഇൻട്രോ വല്ലാതെ നീണ്ടപ്പോൾ തോന്നി കനമുള്ളതെന്തോ വരാനുണ്ടെന്ന്. എത്ര വലിയ അപകടമാണ് ഒഴിവായത്. ഡിവൈഡറിൽ നിന്നു നോക്കാൻ ഞാനും ഒപ്പമുണ്ടായിരുന്നു.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. രാജ് സ്നേഹം.....
      ആ ഡിവൈഡറിനെ ഒരിക്കലും മറക്കാനാകില്ല. എന്റെ കൂടെയുണ്ടായിരുന്ന രാജിന്റെ നല്ല മനസ്സിന് ഒരിക്കൽ കൂടി സ്നേഹം....

      ഇല്ലാതാക്കൂ
  9. ടാ ആ മോനെ അലയാൻ വിട്ടിട്ട് പോന്ന നിന്റെ തലമണ്ടക്ക് മടല് വെച്ച് തല്ലാനാ തോന്നിയെ ട്ടാ മരമാക്കാനെ.എന്നാലും ലാസ്റ്റ് നീ ബാക്കിയുള്ളവരെ തീ തീറ്റിച്ചിട്ടാണെങ്കിലും തകർത്തു.കൈവിട്ട് പോകാൻ അനന്ത സാധ്യതയുള്ള ക്ളൈമാക്സിൽ നീ ബുദ്ധിപൂർവ്വം ഒരു സംഘട്ടന രംഗം ഒഴിവാക്കി എഴുതി.നിന്റെ കൊന്ന തെങ്ങു പോലുള്ള ആ ശരീരത്തിനുള്ളിൽ ആകാശത്തോളം പോന്ന ഒരു മനസ് കണ്ട് നിറഞ്ഞ് സന്തോഷിക്കുന്നു.
    പിന്നേയ് നിന്റെ കുറുമ്പൂസിനെക്കുറിച്ച് എഴുതിയത് ഒക്കേം കിടുവായി ട്ടാ.ആ പശൂനേം പട്ടിയേം വരെ നീ എഴുതി സ്റ്റാറാക്കി...ലപ് യൂ ടാ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ടാ വഴീ ആ പട്ടീം പശൂം ഇന്നും സ്റ്റാറാടാ.....
      ഈ ചെക്കന്റെ പേടി എന്നു മാറുമെന്നോരു പിടീം കിട്ടണില്ല.
      എന്നാ ഈ പുത്രൻ റോഡിൽ ഓടണ പോലെ സ്കൂൾ മൈതാനത്ത് ഓടിയ മെഡലെങ്കിലും കിട്ടിയേനെ..... ഒന്നും പറയണ്ട്രാ ചങ്ങാതി വല്ലാത്ത പെടലായി ഇത്.

      ടാ അടിച്ചാൽ അവന് തിരിച്ചടിക്കും. നട്ടെല്ല് കമ്പിയിൽ കോർത്ത നമ്മള് ഇപ്പോ നാവു കൊണ്ടാ പിടിച്ചു നിക്കണത്....

      ♥️♥️♥️♥️♥️♥️♥️

      ഇല്ലാതാക്കൂ
  10. ഉദ്വേഗഭരിതമായ മനസോടെയാണ് സംഭവങ്ങൾ വായിക്കുകയും, ഒപ്പം കൂടെ നടക്കുകയും ചെയ്തത്. അവസാനം മനസ് കുളിർക്കുകയും ചെയ്തു. രക്ഷകർത്താക്കൾ പേടിച്ചുക്കഴിയേണ്ട ഇന്നത്തെ കാലത്തെ ഒപ്പിയെടുത്ത രചനാനുഭവം മനോഹരം!
    ആശംസകൾ

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. തങ്കപ്പൻ സാർ.... സ്നേഹം..
      വളരെ മോശപ്പെട്ട അവസ്ഥയിലൂടെയാണ് ഇന്ന് ലോകം കടന്നു പോയിക്കൊണ്ടിരിക്കുന്നു എന്നത് സത്യമാണ് . നാം നമ്മളെ സൂക്ഷിക്കുക എന്നത് മാത്രമാണ് പ്രതിവിധി.

      ഇല്ലാതാക്കൂ
  11. ഞങ്ങളാ സ്റ്റേഷനിൽ തന്നെ നിൽക്കുന്നു

    നന്നായി എഴുതി.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്റ്റേഷനിൽ മനസ്സ് കൂർപ്പിച്ചു ബിപിൻ സാർ നിൽക്കുന്നത് എനിക്ക് കാണാം..... സ്നേഹം

      ഇല്ലാതാക്കൂ
  12. വായിച്ചു . മനസ്സ് നിറഞ്ഞു . മക്കൾ അതാണാ യാലും പെണ്ണായാലും മാതാപിതാക്കൾക്ക് ആധി തന്നെ പുറത്തുപോയി തിരിച്ചു വീട്ടിൽ എത്തും വരെ . ആ കുഞ്ഞിനെ അവന്റെ അമ്മയെ ഏൽപ്പിക്കാൻ കഴിഞ്ഞതിന്റെ സംതൃപ്തിയോടെ സ്വന്തം മക്കൾക്കരികിലേക്കു യാത്ര . അല്ലായിരുന്നെങ്കിൽ അതൊരു അസ്വസ്ഥത ആയി മനസ്സിൽ കിടന്നിങ്ങനെ വിങ്ങും . അല്ലേ . നന്മയുള്ള മനസ്സുള്ളവർക്കേ ഇങ്ങനെയൊക്കെ ആവാൻ കഴിയൂ . ഈ സംഭവവും. പിന്നെ വീട്ടിലെ കുട്ടിക്കുറുമ്പന്മാരുടെ കുസൃതികളും രസകരമായി പകർത്തി . ആശംസകൾ വിനോദ് .

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സ്നേഹം ഗീതേച്ചി.....
      നമ്മടെ മനസ്സെപ്പോഴും മക്കളുടെ കൂടെയാണ്. അത് കൊണ്ട് തന്നെ ആ പ്രായത്തിൽ ഉള്ളവരെ കാണുമ്പോൾ കുറച്ച് കൂടുതൽ ശ്രദ്ധിക്കും. വലുതല്ലാത്ത ജീവിതത്തിൽ ഓർമ്മിക്കാൻ ചിലത്.....

      ഇല്ലാതാക്കൂ
  13. രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.

    മറുപടിഇല്ലാതാക്കൂ
  14. കരയിപ്പിച്ചല്ലോ... മനുഷ്യാ... first half comedy second half sentiments... ആ ചെക്കൻ അവിടെ കരഞ്ഞുകൊണ്ട് നിന്നപ്പോഴേ നിങ്ങൾ നോക്കാതെ പോയത് എന്താണെന്നു ഞാൻ നെറ്റി ചുളിച്ചു .. അങ്ങനെ വരാൻ വഴിയില്ലല്ലോ... പിന്നെ മനസ്സിലായി അത് നിങ്ങൾക്കുള്ള പണിയായിരുന്നു എന്ന്... ��. വരാൻ വച്ചത് അപ്പോൾ വന്ന ട്രെയിൻ കേറിയൊന്നും പോകില്ല വിനോദേട്ടാ...��. കുട്ടിയെ നേരിട്ടു പോയി കൂട്ടിക്കൊണ്ടുവരാൻ കാണിച്ച നല്ല മനസ്സിന് നന്ദി.!! ഇല്ലെങ്കിൽ ഒരു പക്ഷേ അവനെ അവർക്ക് നഷ്ടപ്പെടുമായിരുന്നു...
    എഴുത്ത് കുറച്ചും കൂടി നന്നാക്കാമായിരുന്നു എന്നെനിക്ക് അഭിപ്രായം ഉണ്ട്... ഉം.... അടുത്ത പ്രാവശ്യം ശ്രദ്ധിച്ചാൽ മതി..... ��
    കുഞ്ഞുങ്ങളെ സ്വയം പര്യാപ്തരായി തന്നെ വളർത്തണം.. ഒരു കണ്ണ് അവരുടെ മേൽ വേണമെന്നേയുള്ളു... ചേച്ചി ചെയ്യുന്നത് ശരിയായ കാര്യമാണ്.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. കുഞ്ഞുങ്ങളെ സ്വയം പര്യാപ്തമാക്കി വളർത്തണമെങ്കിൽ കടുത്ത ചങ്കൂറ്റം വേണം ചങ്ങാതി. അത് നമ്മൾക്കില്ല. അത് കൊണ്ട് തന്നെ ഞാൻ കുറച്ചു മാറിനിൽക്കാൻ തീരുമാനിച്ചത്.എല്ലാം ചിലതിന് കാരണമാകുന്നു അത്ര തന്നെ....

      എഴുതിയത് എനിക്കും തീരെ ഇഷ്ടപ്പെട്ടില്ല.... അന്ന് തന്നെ പോസ്റ്റാൻ വേണ്ടിയുള്ള തന്ത്രപ്പാടായിരുന്നു. അത് കൊണ്ട് തന്നെ പിടിവിട്ടു പോയി.

      ഇല്ലാതാക്കൂ
  15. ഉൽക്കണ്ഠ യോടെയാണ് വായിച്ചു തീർത്തത്.. എന്താണ്ടൊക്കെ സമാനമായ അനുഭവങ്ങൾ ഇല്ലാത്ത മാതാപിതാക്കൾ കുറവായിരിക്കും..ഉള്ളവർക്കെ അതിന്റെ ആധി അയവിരക്കാണാവൂ..നന്നായി അവതരിപ്പിച്ചു..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുഹമ്മദ്ക്കാ.... സ്നേഹം
      ആധിയും വ്യാധിയുമില്ലാതെ മക്കളെ വളർത്താനാവില്ല അതൊരു സത്യമാണ്. സ്നേഹം....

      ഇല്ലാതാക്കൂ
  16. കുറുമ്പന്മാരെ നേരിൽ കണ്ട ഞാൻ കരുതി പോസ്റ്റ് മുഴുവൻ അവരുടെ വീരചരിതങ്ങൾ തന്നെയാകും എന്ന്. ബട്ട്, സംഗതി ആകെ മാറി. ആ കുട്ടിയെ രക്ഷിച്ചപ്പോഴും അവനെ കൊണ്ടു പോയ ആളെ രണ്ടെണ്ണം പൊട്ടിക്കാതെ വിട്ട കുട്ടത്തിന്റെ മനസ്സിന് കൂപ്പുകൈ.

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മാഷേ സ്നേഹം.....
      കുറുമ്പാരെ കുറിച്ചെഴുതാനാവും എന്നെ ഇവിടെ ബാക്കി വച്ചതെന്ന സംശയമുണ്ട്.
      അവനെ അവിടുന്ന് പൊട്ടിച്ചാൽ കഥ മാറിലേ മാഷേ..... അവന് പ്ലേറ്റ് തിരിച്ചിട്ടു ഞാനാണ് കുട്ടിയെ കൊണ്ട് വന്നവൻ എന്ന് വിളിച്ച് പറഞ്ഞാൻ അടി രണ്ടു റൗണ്ടു തന്നു കഴിഞ്ഞേ കാര്യം അന്വേഷിക്കത്തു ജനങ്ങൾ. അവിടെ തടി കേടാവാതെ കൊച്ചിനെ കൊണ്ടു പോകാൻ അടിയേക്കാൾ അടവാണ് നല്ലത്..... സ്നേഹം

      ഇല്ലാതാക്കൂ
  17. നെഞ്ചിടിപ്പോടെ മാത്രമേ വായിച്ചു തീർക്കാൻ കഴിയുക ഉള്ളു.. നല്ല എഴുത്ത്.. ആശംസകൾ

    മറുപടിഇല്ലാതാക്കൂ
  18. സമയം നിന്നുപോകുന്നുണ്ടായിരുന്നു, ആകാംക്ഷ കൊണ്ട്.

    റെയിൽവേ സ്റ്റേഷൻ ബസ് സ്റ്റാൻ്റ് തുടങ്ങിയ ആൾക്കൂട്ട കേന്ദ്രങ്ങളെല്ലാം സാധാരണക്കാരൻ്റെ ലോകങ്ങളാണ്. അവരുടെ സന്തോഷങ്ങളും സങ്കടങ്ങളും അവിടെ കാണാനാകും. എന്നാൽ അതിൻ്റെ ഒരു ഭാഗമാവുക, അത് ഇത്രയും ഹൃദയസ്പൃക്കായി എഴുതിവെയ്ക്കുക...

    മനസ്സൊന്ന് കിടുക്കീട്ടാ എഴുത്തുകാരാ..

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. സമാന്തരങ്ങളില്ലാത്ത സമാന്തരന് സ്നേഹം....
      നമ്മളറിയാതെ അതെ നമുക്ക് മേൽ മേൽ കരിനിഴൽ വീഴ്ത്താൻ വേണ്ടി കഴുകന്മാർ കാത്തിരിക്കുന്നു. അതുകൊണ്ടുതന്നെ നമ്മൾ വളരെ സൂക്ഷിക്കേണ്ടിയിരിക്കുന്നു
      നല്ല വാക്കിന് ഹൃദയം കൊണ്ട് നന്ദി പറയുന്നു

      ഇല്ലാതാക്കൂ
  19. നല്ല, അതേസമയം പേടിപ്പിക്കുന്ന അനുഭവം. ഇൻട്രോ മാത്രം വേറെ രണ്ട് പോസ്റ്റ് ആയി എഴുതാനുള്ളതുണ്ട്. വായിച്ചിട്ടും വായിച്ചിട്ടും അങ്ങോട്ട് എത്തുന്നില്ല എന്ന് തോന്നി

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. ഉട്ടോപ്പിയൻ എൻ സ്നേഹം

      ഇനിയുള്ള പോസ്റ്റുകൾ ചെറുതാക്കാൻ ശ്രമിക്കാം. വന്നതിനും, അഭിപ്രായം പറഞ്ഞതിനും,സ്നേഹത്തിനും ഒരുപാട് നന്ദി

      ഇല്ലാതാക്കൂ
  20. നന്നായി എഴുതി. അഭിനന്ദനങ്ങൾ

    മറുപടിഇല്ലാതാക്കൂ
  21. മക്കളെ കുറിച്ച് സ്വന്തം അച്ഛന്റെ
    വിരഹ / വിഹലതകളിൽ തുടങ്ങി
    ആൾക്കൂട്ടകേന്ദ്രങ്ങളിൽ നിന്നും കാണാതാവുന്ന
    കുട്ടികളുടേയും, അവരുടെ ബന്ധുജനങ്ങളുടെയും
    കഥ - അനുഭാവാവിഷ്കാരത്തിൽ കൂടി വളരെ ഉദ്വേഗഭരിതമായി , ഒരു കഥാപാത്രമായി നിറഞ്ഞാടി അവതരിപ്പിച്ചിരിക്കുകയാണ് വിനോദ് ഭായ് ....
    അഭിനന്ദനങ്ങൾ....  

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. മുരളിയേട്ടാ സ്നേഹം......

      നമ്മളറിയാതെ എത്തിപ്പെടുന്ന ചില ഇടങ്ങൾ......


      മുരളിയേട്ടൻറെ സ്നേഹവാക്കുകൾക്ക് നന്ദി......

      ഇല്ലാതാക്കൂ
  22. കുട്ടത്തേ... ഒന്ന് കെട്ടിപ്പിടിച്ചോട്ടെ...?

    സ്നേഹം, അനുതാപം... ഇതൊന്നും ഇല്ലെങ്കിൽ പിന്നെ എന്ത് മാനവികത...? ഏതോ മാഫിയയുടെ കരാളഹസ്തങ്ങളിൽ പെട്ട് എന്നെന്നേക്കുമായി നഷ്ടപ്പെടുമായിരുന്ന ആ എട്ടു വയസ്സുകാരനെ രക്ഷിച്ച കുട്ടത്താണ് ഞങ്ങളുടെ ഹീറോ... എന്നെ സംബന്ധിച്ചിടത്തോളം ഇവിടെ ദൈവത്തിന്റെ സ്ഥാനം ചവറ്റുകുട്ടയിലാണ്... ദൈവത്തിന്റെ കരങ്ങൾ കുട്ടത്തിലൂടെ പ്രവർത്തിച്ചു എന്നൊക്കെ ന്യായീകരിക്കുന്നത് വെറും മുടന്തൻ ന്യായമാണ്...

    കുട്ടത്ത് എന്ന മനുഷ്യസ്നേഹിയ്ക്ക് നൽകാൻ എന്റെ പക്കൽ സ്നേഹം മാത്രം...

    മറുപടിഇല്ലാതാക്കൂ
    മറുപടികൾ
    1. വിനുവേട്ടാ.....
      നിങ്ങളെന്നെ മലർത്തിയടിച്ചു.....

      വലുതായി ഒന്നും ചെയ്തില്ല എന്നോർമ്മിക്കുമ്പോഴും ഇവിടെ വലിയ തോതിൽ തന്നെ കുഞ്ഞുങ്ങളെ കാണാതാവുന്നുണ്ട്. കേരളം പോലെ മറ്റു സംസ്ഥാനങ്ങളിൽ ഉണ്ടെങ്കിലും വാർത്താ പ്രാധാന്യം വേണ്ടത്ര രീതിയിൽ ഉണ്ടാവുന്നില്ല .

      സംശയം വേണ്ട വലിയൊരു മാഫിയ ഇതിനു പിന്നിലുണ്ട് ... പഴയ പോലെ കൈയ്യും കാലും തല്ലിയൊടിച്ചു ചൂടുവച്യും മറ്റും ബാലഭിക്ഷാടക സംഘമല്ല,.... അതിലും വലുത്.....


      നന്മവാക്കുകൾക്ക് സ്നേഹം വിനുവേട്ടാ.....

      ഇല്ലാതാക്കൂ

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...