"ഏയ് വിനോദേ.......
വിളി സുപരിചിതമാണ്;ഏറേകാലത്തെ ഇടവേളയ്ക്കു ശേഷം കെ.ആര്‍ പുരം റെയിൽവേ സ്റ്റേഷനില്‍ വന്നതാണ് ഞാൻ...
എട്ടൊമ്പതു വര്‍ഷത്തേ ഇടവേള....
ബാംഗ്ലൂരിൽ ഇടക്കിടെ വരാറുണ്ടെങ്കിലും ഇവിടെ വരാറില്ല.....ആ പതിവ് തെറ്റിച്ചുകൊണ്ടാണ് ഇന്നെത്തിയത്..
പഴയവര്‍ ആരുമില്ല.... ചന്ദ്രേട്ടനില്ല, അശോകേട്ടനില്ല, ഹോതാറു തോമയില്ല, ലമ്പു മണിയില്ല...ITI മണിയേട്ടന്‍ മരിച്ചു....സുഭാഷിനെ, ബിജുവിനെ കണ്ടു.....ചിലര്‍ കാലത്തിനെ അതിജീവിക്കുന്നു.... ചിലര്‍ തോറ്റ് പിന്‍വാങ്ങി ചുമര്‍ ചിത്രമാകുന്നു.....
വിളിച്ചയാളെ കണ്ടു.....
ഉണ്ണി...!!!!!കൊച്ചുണ്ണി......
ഉണ്ണി...കൊച്ചുണ്ണിയായത് അവന്‍റെ നീളം കൊണ്ടാണ്. ഉണ്ണിമാര്‍ കൂടുതലയപ്പോള്‍ ഈ ഉണ്ണി ഞങ്ങള്‍ മലയാളീസിന് കൊച്ചുണ്ണിയായി .... ഇവന്‍ കൊച്ചുണ്ണിയണെങ്കിലും കൈയ്യിലിരുപ്പ് വലിയ ഉണ്ണിയുടേതാണ്.... സ്ത്രീകൾ ഒരു ദൗര്‍ഭല്യമായിരുന്നു.....
സത്യത്തിൽ ആ ചിരിയും നടത്തവുമാണ് അത് കൊച്ചുണ്ണിയാണ് എന്ന് പറഞ്ഞുതന്നത്.അതിനുകൂടെ വല്ല കോട്ടം പറ്റിയിരുന്നെങ്കില്‍ അവന് സ്വയം പേര് പറഞ്ഞ് പരിചയപ്പെടുത്തേണ്ടി വന്നേനെ...... മീന്‍ചെതുമ്പല്‍ പോലെ തൊലി പൊളിഞ്ഞിളകുന്ന ശരീരം.നടന്നു തളര്‍ന്ന നടത്തം. മുള്ളന്‍പന്നിയെ പോലെയുള്ള മുടി കൊഴിഞ്ഞിരിക്കുന്നു....വരണ്ട ചിരി....ചുണ്ടുകള്‍ വിണ്ടുകീറി ചോര കിനിയുന്നു....
ഹൃദയത്തില്‍ ആഴത്തിലൊരു മുള്ള് വരഞ്ഞു കിറിയ നോവു കിനിയുന്ന കാഴ്ച്ചയായിരുന്നത്.....
അടുത്തു വന്നു എന്‍റെ കൈപിടിച്ചപ്പോള്‍, എപ്പോഴോ തോന്നിയ വെറുപ്പിന്‍റെ മഞ്ഞുമാറാല ഉരുകി
"സുഖമാണോ....ഉണ്ണി...."
എന്നത്തേയും പോലെ,ആ ചോദ്യത്തിന്‍റെ മറുപടി ,ചെറുചിരി മൂടിവച്ച മുഖം മെല്ലെ വലത്തോട്ട് വെട്ടിച്ചു.....
ഉണ്ണിയുടെ തോളില്‍ കൈവച്ച് അച്ചായന്‍റെ കടയുടെ സൈഡിലേക്ക് മാറി നിന്നപ്പോള്‍ ഉണ്ണി പറഞ്ഞുതുടങ്ങി....
അവനെ കുറിച്ചല്ല, മറ്റുള്ളവരെ കുറിച്ച്....രഞ്ജിത്തിന്‍റെ മരണം ....മണിയേട്ടന്‍റെ ആത്മഹത്യ... അങ്ങനെ ഓരോന്നും....
ചിലതിലൂടെ പഴയ കാലത്തിന്റെ ഓര്‍മ്മകളിലേക്ക് അവന്‍ കൈ പിടിച്ച് നടത്തിക്കുകയായിരുന്നു
വെങ്കിടേഷ് വന്ന് ജോലിക്ക് വിളിച്ചു.. പോകുമ്പോള്‍ അവന്‍ പറഞ്ഞു
"എടോ...വൈകിട്ട് കാണണം കൂടണം നമുക്ക്....ഒത്തിരി നാളായില്ലേ..."
അവന്‍ നടന്നകലുമ്പോള്‍;അവന്‍റെ രൂപം എന്നെ വേദനിപ്പിച്ചു....അത്യാവശ്യം വണ്ണമുണ്ടായിരുന്ന ഉണ്ണിയിന്ന് ഈര്‍ക്കില്‍ പരുവം....തൊലി പൊളിഞ്ഞിളകുന്ന ശരീരം.... രക്തഛവിയില്ലാതെ വിളറിയിരിക്കുന്നു.....
"വെറും വെള്ളമാ വിനോദേ..... പിന്നേ പെണ്ണും...... "
അച്ചായന്‍റെ സ്വരമാണ് എന്നെ ഉണര്‍ത്തിയത്....
പണ്ടേ ഇയാളെ എനിക്കിഷ്ടമല്ല കാരണം ഞാന്‍ മാത്രം കേമന്‍ മറ്റുള്ളവര്‍ മന്ദബുദ്ധികളെന്നാണ് വിചാരം....ആ മാതിരി വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഒരെണ്ണം പൊട്ടിച്ചാലോ എന്ന് പലവട്ടം തോന്നിയിട്ടുണ്ട്.....ചെയ്യാത്തത് അച്ഛനെ പേടിച്ചായിരുന്നു.. ..അച്ഛന്‍റെ കൂട്ടുകാരനായിരുന്നു..ഈ അച്ചായന്‍
"ഈച്ചയെപ്പൊലെയാ അവന്‍ നല്ലതും കെട്ടതും അറിയില്ല....ഏതോ പെണ്ണിന്‍റടുത്തു നിന്ന് കിട്ടിയതാ അവനീ രോഗം.....ഒരു ചായ ചോദിച്ചാ കൊടുക്കാന്‍ അറപ്പാവും...."
അച്ചായന്‍ തുടര്‍ന്ന് പറഞ്ഞു
എന്തോ പിന്നെവിടെ നില്‍ക്കാന്‍ തോന്നിയില്ല യാത്ര പറയാതെ ഇറങ്ങി നടന്നു....ചായ കടക്കാരന്‍റെ....ചാരിത്യശുദ്ധി.... പിറകിലെ മുറിയിലെ ചുമരുകള്‍ക്കറിയാം
" പറഞ്ഞത് പിടിച്ചില്ല...പോകുന്ന പോക്കു കണ്ടോ....ഭയങ്കര കൂട്ടായിരുന്നല്ലോ....."
അച്ചായന്‍റെ ഞൊടിച്ചില്‍ ചെ വിയിലെത്തി.....സാധരണത്തേ പോലെ തിരിഞ്ഞു നിന്ന് ഒന്നും പറയാൻ തോന്നിയില്ല....മനസ്സു ചത്തിരുന്നു.........
ഉണ്ണിയെ കുറിച്ചു,അവനോട് ചോദിച്ചാലുംഒന്നും വിട്ടുപറയില്ല.... ആരൊടായാലും....പിന്നെയും അവനെന്തങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അതെന്നോടാണ്.....ഏട്ടന്‍റെ ഭാര്യയും ആയിട്ടുള്ള അരുതാത്ത ബന്ധമാണ്..... ഉണ്ണിയെ കുടുബത്തില്‍ നിന്നകത്തിയത്... കള്ളം കണ്ടുപിടിക്കപ്പെട്ടപ്പോള്‍ തള്ളികളഞ്ഞ പതിനാറുകാരന്‍....ഇന്നു മുപ്പത്താറാം വയസ്സില്‍....ഗതിയില്ലാതലയുന്നു.....
കള്ള്തലക്കു മുകളിൽ പൊങ്ങി....അവനതില്‍ ഒഴുകിപ്പോവാത്ത ചുരുക്കം ചില അവസരത്തിൽ.... വല്ലപ്പോഴും ചിതറി വീണുഞ്ഞ വാക്കുകകളുടെ രത്നചുരുക്കം ....ഇതാണ്.ഇതാണവന്‍റെ ചരിത്രവും....
വല്ലപ്പോഴും അവന്‍ അവന്‍റെ കഥ പറഞ്ഞു തുടങ്ങുന്ന സമയത്ത് മുഖം വഴിതെറ്റിപ്പോയ അനാഥന്‍റേതായിരുന്നു..........
ഉണ്ണിയുമായി നല്ലൊരടുപ്പം ഉണ്ടായിരുന്നു....അവന്‍റെ പ്രത്യേകത എന്താണെന്നാല്‍ എന്തിനും റെഡിയാണ്...... "പോകാമോടാ ഉണ്ണി". എന്നു ചോദിച്ചാല്‍ വസ്ത്രം മാറേണ്ട താമസം ഉണ്ണി റെഢി....എവിടേക്ക് എന്നൊരു ചോദ്യമില്ല.....
ഹരിയാനയില്‍;ഉത്തര്‍പ്രദേശില്‍;പഞ്ചാപില്‍;ഡല്‍ഹിയിലും അവനെന്‍റെ കൂടെയുണ്ടായിരുന്നു .....അനഘ എന്‍ജിനിറിംഗ്സിന്‍റെ വര്‍ക്കായിരുന്നു ....IAF നു വേണ്ടി.....
യു .പി യിലെ ഗോരഖ് പൂരിലായിരുന്നു ആദ്യം. മറക്കാനാവാത്ത സംഭവങ്ങളുടെ തുടര്‍ച്ചകളായിരുന്നു ഗോരഖ് നാഥിന്‍റെ മണ്ണില്‍ കാത്തിരുന്നത്......
ഖുശി നഗറിലെ ക്യാപ്പില്‍ ഹോട്ടലില്‍ ഡ്രിഗ്സ് ഓവറായി ഹാള്‍ തൊട്ട് ബാത്ത്റൂം വരെ തുടര്‍ച്ചയായി ചര്‍ദ്ദിച്ച് തളര്‍ന്ന് കിടക്കുന്ന ഉണ്ണിയുടെ രൂപം ദയനീയമായിരുന്നു...
ഹരിയാനയില്‍ വച്ച് അടുപ്പിച്ച് നാലു ലീവ് കിട്ടിയപ്പോള്‍...... പോകാം നമുക്ക് കുരുക്ഷേത്രയിലേക്ക് എന്ന് പറഞ്ഞപ്പോഴേ ഉണ്ണി റെഢി......
പണ്ടത്തേ കൗരവ പാണ്ടവ യുദ്ധഭ്ഭൂമി...കുരുക്ഷേത്ര.....
.കഥകളുറങ്ങുന്ന സോനിപാത്തും കടന്ന് ചരിത്ര പ്രസിദ്ധമായ യുദ്ധങ്ങള്‍ നടന്ന പാനിപാത്തും കഴിഞ്ഞ് കുരുക്ഷേത്രയിലെത്തുമ്പോള്‍ സൂരന്‍ ശോണിമ പടര്‍ന്നിരുന്നു.....
അന്വേഷണകുതുകിയായിരുന്ന ഞാന്‍ വലുതായതെന്തോ തേടുന്ന ഭാവത്തില്‍ കുരു ക്ഷേത്രയില്‍ അലഞ്ഞപ്പോള്‍ ഒരു മടുപ്പും പറയാതെ എന്നെ അനുഗമിച്ചിരുന്നു... ഉണ്ണി....
സൈക്കിള്‍ റിക്ഷ കണ്ടപ്പോള്‍ എന്നാലിവനെ ഓടിച്ചിട്ടേയുള്ളു എന്നായി ഞാന്‍....സംഭവം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു പിന്‍ വാങ്ങുമ്പോള്‍ ഉണ്ണിയുടെ അമര്‍ത്തിയ ചിരി എന്നും ഓര്‍മ്മയിലുണ്ടാവും........
മുന്നാം ദിവസം കുരുക്ഷേത്ര വിടുമ്പോള്‍....ഞാന്‍ തേടിവന്ന കുരുക്ഷേത്ര ഇതല്ല എന്ന ബോധമാണ് ബാക്കിയായത്.......
കുറച്ച് നാളുകള്‍ക്ക് ശേഷം ഡല്‍ഹില്‍ എത്തിയപ്പോള്‍ ഉണ്ണിയിലെ ഉണ്ണി പുറത്ത് ചാടി ......ഞാനറിയാതെ ആ വിഷയത്തിലേക്കെത്താനുള്ള അവന്‍റെ അന്വേഷണം വിജയിപ്പിച്ചെടുത്തു
....ഹോട്ടലിലെ റൂബോയിമായി ചര്‍ച്ച ചെയ്ത് പദ്ധതി പ്രകാരം പുറപ്പെടുന്ന സമയത്താണ് ഞാന്‍ കണ്ടത്......മുകള്‍ നിലയിറങ്ങി താഴെ എത്തുമ്പോഴേക്കും സൈക്കിള്‍ റിക്ഷ വളവ് തിരിഞ്ഞ് പ്രധാന പാതയിലേക്കു കയറുന്നു...
പിന്നാലെ വന്ന സൈക്കിള്‍ റിക്ഷയില്‍ ഞാനും കയറി ...ആ റിക്ഷയെ പിന്‍തുടരാന്‍ പറഞ്ഞു,...ചെങ്കോട്ട ചുറ്റി...അജ്മീരി ഗേറ്റ്താണ്ടി.... ചെന്നെത്തിയത് ജി .ബി റോഢില്‍......
ജി.ബി റോഢ്.....
ഡല്‍ഹിലെ ചുവന്ന തെരുവ്,......
ഉച്ചവെയിലിന്‍റെ തീക്ഷണതപ്പോലെ കാമം കത്തിയെരിയുന്ന സ്ഥലം....
ചുണ്ടില്‍ ചായം തേച്ച് അമിതമായ മേക്കപ്പില്‍; വിലകുറഞ്ഞ കടുംവര്‍ണ്ണ കുപ്പായങ്ങള്‍ക്കുള്ളില്‍ സ്വയം വില്പനക്ക് വച്ച മനുഷ്യജന്മങ്ങള്‍.......
മനം മടുപ്പിക്കുന്ന ഗന്ധമായിരുന്നു അവിടമാകെ ....
എന്‍റെ നെഞ്ചിടിപ്പ് എനിക്കു കേള്‍ക്കാം..... പെട്ടൊന്നൊരുത്തി എന്‍റെ നേരെ തിരിഞ്ഞു വിളിച്ചു...
"ഹേ മദ്രാസി ഇധര്‍ ആവോയാര്‍....."
അടുത്ത നിമിഷം ചാടി റിക്ഷയില്‍ കയറി. തിരിച്ചുപോകാമെന്നു പറഞ്ഞരിക്കണമെന്നു തോന്നുന്നു ....ഭയന്നു പോയിരുന്നു ഞാന്‍.....
റിക്ഷ ചവിട്ടികൊണ്ട് ഇടക്കിടെ തിരിഞ്ഞു നോക്കിയിരുന്ന അയാളോട് കാരണം അന്വേഷിച്ചപ്പോള്‍ പറഞ്ഞു.... ജീവിതത്തി ആദ്യമായാണ് ഒരാള്‍ ജി. ബി റോഢില്‍ പോയിട്ട് അകത്ത് പോകാതെ വരുന്നതെന്ന്....
ഞാനാദ്യം നന്ദി പ റഞ്ഞത് അച്ഛനോടായിരുന്നു മനസ്സുകൊണ്ട്.....
എന്‍റെ ഭയം മാറിത്തുടങ്ങിയിരുന്നു
പിന്നെ ഞാന്‍ ചിരിച്ചു ...ആചിരിയില്‍ ഇത്തിരി അഹങ്കരമുണ്ടായിരുന്നു......
ആ വര്‍ക്കിനുശേഷം ഉണ്ണിയുമായി ഞാനകന്നു....പിന്നെ ഞങ്ങളൊരുമിച്ച് ഒരു സൈറ്റിലും ജോലി ചെയ്തില്ല..... കണ്ടിട്ടില്ല .....കാണാന്‍ ശ്രമിച്ചിട്ടില്ല,..അതാണ് സത്യം....
പക്ഷേ ഇന്ന് ഉണ്ണിയെ കണ്ടപ്പോള്‍..... ഒരു നോവ്....
വികൃതിക്കാരനായ ദൈവത്തിന്‍റെ ഇഷ്ടകളിപ്പാട്ടമായിരിക്കണം ഉണ്ണി......
ഇനിയും ഞാനിവിടെ വരുമായിരിക്കും....വരണം.....ഈ നഗരം ....എന്‍റെ ജന്മ നഗരം തിരിച്ചു വിളിച്ചു കൊണ്ടിരിക്കും.... ഞാന്‍ വരും...വര്‍ഷങ്ങള്‍ക്ക് ശേഷം.....
ഞാനിനി വരുമ്പോള്‍ ഉണ്ണിയുണ്ടാവുമോ....
വൈകിട്ടു കാണണം കൂടണം എന്നു പ റയുവാന്‍ ഉണ്ണിയുണ്ടാവുമോ...
ആ.....വിളറി വെളുത്ത ചെതുമ്പലുകള്‍ പൊഴിയുന്ന ശരീരവും....വെടിച്ചു കീറിയ ചുണ്ടില്‍ കിനിയുന്ന രക്തവുമുള്ള ....ആ മുഖവും എന്‍റെ നിദ്രയില്ലാ രാത്രികള്‍ക്ക് പേടിസ്വപ്നമേകും....