2015, ജൂലൈ 2, വ്യാഴാഴ്‌ച

മലമുകളിലെ തെളിനീര്‍ച്ചാലുകള്‍ ഭാഗം 3

           മായ കാഴ്ചകള്‍..... കാഴ്ചമറച്ച മനസ്സിന്‍റെ ഇരുട്ടില്‍ നിന്നും യാഥാർത്ഥ്യത്തിന്‍റെ പകല്‍ വെളിച്ചം മനസ്സിന്‍റെ നന്മയെ ഊതിയണര്‍ത്തി.

         തെറ്റും ശരിയും തിരിച്ചറിയുകയും ; തെറ്റു പറ്റിയാല്‍ മറയില്ലാതെ തിരുത്തണമെന്നതും....തെറ്റിന്‍റെ വഴിയിലെ സ്വാര്‍ത്ഥതയേക്കാള്‍ നേരിന്‍റെ വഴിയിലെ വേദനക്ക് സുഖമുണ്ടെന്ന് പഠിച്ചതും; നേര്‍വഴിക്കു നടത്തിയതും  അച്ഛനാണ്....ഒരു പ്രാവശ്യം അതോര്‍ത്താല്‍ മതി.....ഹിമാലയം വീണാലും താങ്ങി നില്‍ക്കും

തലച്ചോറിനുള്ളില്‍ വിസ്ഫോടനം നടത്തുന്ന വീരഭദ്രാധീശ്വരന്മാര്‍ എന്നെ യാഗാശ്വമായി മാറ്റുകയായിരുന്നു......

"മച്ചു ...... അവളെ കെട്ടാന്‍ സമ്മതിക്കാത്ത നിന്‍റെ മാമന്‍ കശ്മലന്‍ കംസനെ നമുക്ക് തട്ടാം...അവളേം കൊണ്ട് നമുക്ക് പോകാം...നിങ്ങളുടെ കല്യാണം ഇന്ത്യയിൽ എവിടെ വച്ചും ഞാൻ നടത്തിതരും .... എനിക്കതിനാളുണ്ട് ....വാ... മച്ചു....ഇപ്പോ തന്നെ വിളിച്ചിറക്കാം"

വയറ്റിനുള്ളിലെ വീരഭദ്രന്‍ വായിലൂടെ നിറയൊഴിച്ചു......... ഗര്‍ജ്ജിച്ചു എന്‍റെ ശബ്ദം കൊണ്ടകെട്ടി മലയുടെ മുകളില്‍ എത്താതിരിക്കാന്‍ മച്ചു എന്‍റെ വായ പൊത്തി.ചേട്ടനെന്നെ പിടിച്ചിരുത്തി

"എടേയ് എന്തര് പാടെടേയ്.....അറുമ്പാതം വരൂലല്ല്(രക്ഷയില്ലല്ലോ).....എന്തര് പൊങ്ങ് പൊങ്ങണത്... കമ്പത്തിന് (വെടിക്കെട്ട്)തീ കൊടുത്താ..."

എന്‍റെ കാഴ്ചകള്‍ക്ക് ഇരുളിമ പടര്‍ന്നിരുന്നെങ്കിലും;ഉള്ളില്‍ തിളച്ചു മറിയുന്ന വീരഭദ്രന്‍റെ കുതിരശക്തിയെ പിടിച്ചമര്‍ത്താന്‍ മച്ചുവും കന്നാസ് ചേട്ടനും വല്ലാതെ ശ്രമിച്ചു കൊണ്ടിരുന്നു.... എനിക്കു ബോധമനസ്സിനു മനസ്സിലാവാത്ത കാരണത്താലുളവായ ദേഷ്യം എന്നോട് കലഹിച്ചു കൊണ്ടിരുന്നു....

"അപ്പീ അടങ്ങ്....മക്കള് ഷെമീര്..."

ചേട്ടനെന്നെ അനുനയിപ്പിക്കാന്‍ ശ്രമിച്ചു കൊണ്ട് തുടര്‍ന്നു........

"അപ്പി ....യെവനോടുള്ള ദ്യാഷ്യം കൊണ്ടല്ല അയ്യാള് പെണ്ണിനെ കൊടുക്കൂലന്ന് പറേണത്....."

തെല്ല് നിര്‍ത്തി കൈയ്യിലിരുന്ന കന്നാസില്‍ ഒരു ഗ്ലാസ് നിറയെ ഒഴിച്ച് ഒറ്റപ്പിടി..... ആന വലിയൊരു പഴക്കുല വിഴുങ്ങിയ ലാഘത്തോടെ.... കീഴ്ത്താടികോട്ടി അര ടണ്‍ വായു വലിച്ചെടുത്ത് നല്ല അച്ചാര്‍ തൊട്ടു നക്കിയ പോലെ ഒരു ഞൊട്ടയും വിട്ടു.....അടുത്തു നിന്ന മത്തന്‍റെ ചെടിയിൽ നിന്നും ഒരു തൂമ്പ് കടിച്ചു കൊണ്ട് ആത്മാവില്‍ നിന്ന് വാക്കുകള്‍ ഇറങ്ങി വരാൻ വേണ്ടിയെന്നോണംബീഢിക്ക് തീ കൊളുത്തി ഇരുത്തി യൊരു പുക വിട്ടു കൊണ്ട് തുടര്‍ന്നു......

"വിനാദേ നീ കേള്....."

ഈ മാങ്ങാമോറന്‍ കരിഭൂതം കശ്മലന് എന്‍റെ പേരറിയാമായിരുന്നു എന്നിട്ടാണ് എന്നെ അപ്പി ചപ്പിന്നും ...എടേയ് കിടേയ്ന്നും മറ്റും വിളിച്ചത്.....ആ കന്നാസുകാരന്‍റെ ചെളുക്ക നോക്കി ഒന്നു പളുങ്കാനാണ് തോന്നിയത്....എന്‍റെ മനസ്സുവായിച്ചന്നോണം മച്ചു എന്‍റെ കൈ കടന്നു പിടിച്ചു....കന്നാസ് മെല്ലെ വിരിഞ്ഞു തുടങ്ങി.....മച്ചുവിനെ ചൂണ്ടി അയാൾ പറഞ്ഞു.....

"കൂടെയിരുത്തി കൊണ്ട് പറയണതല്ല കേട്ടാ.....യെവന്‍ നിന്‍റെ മച്ചമ്പി ഇന്നു വരെ ഒരുത്തനേ ഇച്ചിപ്പോ എന്നു പറഞ്ഞിട്ടുമില്ല ; ഇന്നുവരെ പറയിപ്പിച്ചിട്ടുമില്ല..... നല്ല തങ്കപ്പെട്ട സുബായിതം(സ്വഭാവം).... എന്തര് പറഞ്ഞാലും വെളുക്കേ ചിരിച്ചോണ്ടിരിക്കും...... നല്ല ജ്വാലിയുണ്ട് (ജോലി)....രണ്ടു പൈസയുണ്ടാക്കുന്നുമുണ്ട് ..... പിന്നേം അയാള് യെവന് പെണ്ണിനെ കൊടുക്കാതിരിക്കാന്‍ കാരണവുണ്ട്.....അതൊരു കഥയാണ്....."

എന്‍റെ കൈയ്യില്‍ തെരുപ്പിടിച്ചു കൊണ്ടിരിക്കയാണെങ്കിലും; മച്ചുവിന്‍റെ നോട്ടം നിലത്തായിരുന്നു ......ഇപ്പോള്‍ നടക്കുന്ന ചര്‍ച്ച തന്നെ കുറിച്ചല്ല വേറെയാരെയൊ..... സംബന്ധിച്ചുള്ളതാണ് എന്ന ഭാവം വീണ്ടും അരിശം കയറ്റി . എന്തെക്കൊയൊ പറയാൻ നാവു തരിച്ച എന്നെ കന്നാസുചേട്ടന്‍റെ മൂക്കടഞ്ഞ ശബ്ദം തരിപ്പ് ഇറക്കി..... വീരഭദ്രന്‍റെ വീര്യം കെട്ടുപൊട്ടിച്ച് നിലത്തിറങ്ങുകയായിരുന്നു..... അതുകൊണ്ട് തന്നെ പറയുന്നതിനേക്കാള്‍ സുഖം കേള്‍ക്കാനായിരുന്നു.....

"എടേയ് അപ്പീ..... യെവന്‍റെ അച്ഛനും മാമനും പയങ്കര കൂട്ടുകാറായിരുന്ന് കേട്ടാ.... രണ്ടാളായിരുന്നെങ്കിലും ഒരുയിരാരുന്ന്.... എന്തര് പ്രശ്നങ്ങള് വന്നാലും രണ്ടുപേരും മീശത്തിന് മാറൂല്ല...ഇവരുടെ അടുത്തൂന്ന് എത്ര നാടാന്മാര് അടി വാങ്ങിച്ച് കെട്ടിയിട്ടുണ്ടെന്നറിയാമോ....... ഒന്നുപറഞ്ഞ് രണ്ടിന് ചവിട്ടികേറ്റി കൊടുക്കും..... ഇതൊക്കെ കണ്ട് പൊറുതിമുട്ടി കാളിപ്പന്‍നാടാരും പിന്നെ കൊറേ നാടാപ്പയ്യന്മരു ചേന്ന്... ചന്ത ദെവസം ആറുകാണീ ചന്തേല് വച്ച് അടിയൊണ്ടാക്കി....രണ്ടുപേരും ചേന്ന് മൂന്നെണ്ണത്തിനെയാ വെട്ടിമലത്തിയത് ....."

"ആഹാ!! മൂന്നും ചത്തോ????"

ഞാൻ പരിഹാസശരം തൊടുത്തു.... കാരണം ഒറ്റ പിടിക്ക് താഴെ പോയ ഒരാളോട് പരിഹാസമല്ലാതെ മറ്റെന്താണ് തോന്നുക.....അയാൾ  നേരത്തെ ആ പറഞ്ഞ ഒറ്റവാക്ക് അതെന്നില്‍ കോപം പടര്‍ത്തികൊണ്ടിരുന്നു..... എന്‍റെ പരിഹാസം കന്നാസിനു ശുണ്ഡി വരുത്തുന്നതായിരുന്നു... വല്ലാത്ത ഭാവത്തോടെ എന്നെ നോക്കിയ ശേഷം അര ഗ്ലാസ് വീരഭദ്രനെ വിഴുങ്ങി വായു വലിച്ച് ഞൊട്ട വിട്ടു....അതിലും വലിയ പരിഹാസത്തോടെ വര്‍ദ്ദിത വീര്യത്തോടെ എന്നെ ആക്രമിച്ചു.....

                                                                       "എടേയ് നിനക്കെന്തരറിയാം..നീയല്ലാം കൊച്ച്...... അതിനു ശേഷവാണ് നായന്മാര് പെണ്ണുങ്ങക്ക് മരിയാദിക്ക് വഴി നടക്കാനായത്... അതുവരെ നാടാന്മാര് എന്തര് പൊളപ്പ് പൊളച്ചത് ....അറിയാമോ... കൂക്കുവിളിയും.... അര്‍ത്ഥം വച്ചു പറച്ചിലും.....അതുകൊണ്ടന്തര് ഇപ്പഴായാലും... ഒരലോഗിയവും(ഒരലോഹ്യവും) ഇല്ല കേട്ടാ...."

ബീഢിയൊരണ്ണം എടുത്ത് ചുണ്ടിന്‍റെ വലതു കോണില്‍ വച്ച് കലാപരമായി തീകൊടുത്ത് ഇരുത്തി നാലഞ്ചു പുകയെടുത്ത് കഥ പറഞ്ഞ് തുടങ്ങുമ്പോള്‍ വായില്‍ നിന്ന് നീരാവി പോലെ പുക വരുന്നുണ്ടായിരുന്നു കറ പിടിച്ച വായിലൂടെ വരുന്ന വാക്കുകളില്‍ കറയേതുമില്ലെന്ന് അയാളുടെ മുഖം പറയുന്നുണ്ടായിരുന്നു..... ഈ കഥകളെല്ലാം കേട്ടു തഴമ്പിച്ചതു കൊണ്ടാവണം നിസ്സംഗതാ മനോഭാവമായിരുന്നു മച്ചുവിന്‍റെ മുഖത്ത്....എങ്കിലും... എന്തോ പറയുവന്‍ വെമ്പുന്ന ചുണ്ടില്‍ വാക്കുകള്‍ പറ്റിപ്പിടിച്ചിരിക്കുന്നത് എനിക്കു കാണാം....വീരഭദ്രേശ്വരന്‍റെ ശബ്ദമാണ് ഉണര്‍ത്തിയത്.... ആക്രമണത്തിന്‍റെ മൂര്‍ച്ച കുറഞ്ഞിരുന്നു.....

"ചേഴക്കാരാ കേട്ടാടേയ്.....ജയിലീന്ന് പുഷ്പം പോലെ എറങ്ങി വന്നപ്പ നാട്ടുകര്‍ക്ക് എന്തര് ബഹുമാനങ്ങള് അറിയാമോ??... നാട്ടിലാണെങ്കീ...പയങ്കര സമാധാനങ്ങളും.....പിന്നെ നീ കേട്ട പോലെ മൂന്നും ചത്തില്ല കേട്ട ജീവനോടെ ഒണ്ടായിര്ന്ന്... കഴിഞ്ഞ കൊല്ലം ഒരെണ്ണത്തിനെ കാലന്‍ കൊണ്ട് പോയികളഞ്ഞ്...."

തെല്ലിട നിര്‍ത്തി ബീഢിയുടെ അവസാനപുക ആസ്വദിച്ചെടുത്ത് കുറ്റി തെറ്റിയെറിഞ്ഞ് തുടര്‍ന്നു

" രണ്ടുപേരും വേറെയാവണ വരെ ആറുകാണീല് നല്ല ജീവനുള്ളവനാരും കുഴിതുരുമ്പ്  (തരികിട)കാണിച്ചിട്ടില്ല....."

കാര്യം പറയാതെ കാടു കേറിപോകുന്ന പടുപിശാചിന്‍റെ തലക്കൊരെണ്ണം കൊടുത്താലോന്നു പലവട്ടം ആലോചിച്ചതാ..... പിന്നെ കൈയ്യിലിരിക്കുന്ന കന്നാസ്സിലാണ് നമ്മുടെ ഹൃദയം എന്നുള്ളതു കൊണ്ടാണ്‌ ക്ഷമിച്ചത്....പക്ഷേ അതിനേക്കള്‍ ശക്തമായ രീതിയിൽ ഒരു ചോദ്യം എന്നെ മദിച്ചു കൊണ്ടിരുന്നു....സഹജമായ സംശയത്തോടെ അത് പുറത്ത് ചാടി....

"വേറെയായെന്നോ....എന്തിന്"

"അതുതന്നെടേയ് അപ്പി പറഞ്ഞോണ്ടു വരണത്....ആ കാരണം തന്നെയാണ് ഇവനെ കൊണ്ട് ആ പെണ്ണിനെ കെട്ടിക്കാന്‍ പൂനന്നായര് സമ്മദിക്കത്തേന്‍റെ കാരണോം...."

കഥനിര്‍ത്തി കന്നാസു പൊക്കിയപ്പോഴേ ഞാൻ പറഞ്ഞു ......

"ഒഴിക്ക് ചേട്ടാ മുപ്പതിനെനിക്കും...ഈ കഥയൊക്കെ കേട്ടിട്ട് എന്‍റെ തലയാ ചൂടാവുന്നത്....."

ഒരു ചെറു ചിരിയോടെ ഗ്ലാസ്സിലേക്ക് കന്നാസ്സു കമ്ഴത്തുമ്പോള്‍....ലോകം നിന്നെക്കാളേറെ കണ്ടവനാ ഞാൻ എന്നൊരു ഭാവം മുഖത്തുണ്ടായിരുന്നു..... എനിക്കൊഴിച്ച സാധനം എനിക്ക് മുമ്പ് മച്ചു വാങ്ങി വിഴുങ്ങി ......... വീരന്‍ അന്നനാളംവഴി ചെറു കുടലിലേക്ക് റൂട്ട് മാര്‍ച്ച് നടത്തുന്നതിന്‍റെ തത്സമയ സംപ്രേഷണം മുഖം തന്നു കൊണ്ടിരിന്നതു കൊണ്ട് സാധനം മുന്നത്തേതിലും സ്വയമ്പനാണെന്ന അറിവില്‍ പുളകിതനായി..... ഞാനും ഒന്ന് പുളകിതനായി.... കന്നാസ്സുകാരന്‍ സ്വയം ഒന്നു പുളകിതനാക്കിയ ശേഷം ..... കീഴ്ത്താടി കോട്ടി ..... വായു വലിച്ചു......ഞൊട്ടവിട്ടു.,.

"യെവന്‍റെ അച്ഛൻ ജപ്പാനായിരുന്നു... പെണ്ണു വിഷയത്തില്‍ ....ഏത് ..ജാതി കുലം.... അങ്ങനെ ഒന്നുമില്ല....കണ്ട കാണിക്കറടത്തൊക്കെ കേറിയെറങ്ങും.... വളക്കാന്‍ ഇന്നതൊന്നുമില്ല ..... കാശെങ്കീകാശ്.....പ്രേമൊങ്കീ പ്രേമം...ബാലല്‍ കാര്യം നേടണോങ്കീ അതും......ആരും ചോദിക്കാന്‍ ചെല്ലൂല്ല....ഒന്ന് വലിയ ജമ്മികള്.... കുടുമ്മക്കാര്(കുടുംബം).... പിന്നെ അതും പോരാതെ ആറുകാണീലെ ചട്ടമ്പികള്..... അങ്ങേരും പൂനന്‍ നായരും കശപിശ ഒണ്ടാവുന്നതിന്‍റെ കാരണം ഇതായിരുന്ന്......പൂനന്‍ നായര്‍ക്ക് ഈ ഏര്‍പ്പാട് ഇഷ്ടമല്ല.... അതുകൊണ്ടാണ് വക്കാണം ഒണ്ടായതും.... ആ അങ്ങേരൊപ്പമാണ് സ്വന്തം ഒടപ്രന്നോള് (കൂടെ പിറന്നവള്‍,സഹോദരി) യെവന്‍റെ അമ്മ ....യെവന്‍റെ അച്ഛന്‍റെ കൂടെ എറങ്ങിപ്പോയത്."

കഥ ഇത്രയും ആയപ്പോഴെ മച്ചു എണീറ്റു.... ബാക്കി കഥ ഞാൻ പറയാം ചേട്ടാ....കാശും കൊടുത്ത് റോഡിലിറങ്ങി പതിവിനെതിര്‍ ഭാഗത്തേക്ക് കാളി മല ഭാഗത്തേക്ക് മച്ചു നടന്നു..... മച്ചുവിന്‍റെ അച്ഛനും മാമനും കൂടി ഭരിച്ചിരുന്ന ആറുകാണി ചന്ത കഴിഞ്ഞു കാളി മല കയറ്റം വരെയും മച്ചു മൗനമായിരുന്നു.... നടത്തം നിര്‍ത്തി മച്ചു എന്‍റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി കൊണ്ട് ചോദിച്ചു..

"മച്ചമ്പിക്കെന്നോട് .....ദേഷ്യമുണ്ടോ"

"എന്തിന്" ഞാൻ "

എന്‍റെ അച്ഛന്‍റെ കഥകള് കേട്ടിട്ട്"

"ഒരിക്കലുമില്ല.... കാരണം നിന്‍റെ അച്ഛനിലെ ആ പഴയ മനുഷ്യൻ എന്നേ മരിച്ചു പോയിരിക്കുന്നു.... അതിലെ ഏറ്റവും വലിയ തെളിവാണ് നീ മച്ചു... നിന്‍റെ ജോലി ....ജീവിതം ...സ്വഭാവം.... ഇതൊക്കെ ശരിയായ ദിശയിൽ ക്രിയാത്മകമായി അദ്ദേഹം നയിച്ചതിന്‍റേതാണ്...."

മച്ചുവിന്‍റെ മുഖത്ത് ഉരുണ്ടു കൂടിയ കാര്‍മേഘം മാറി ...ചെറു പുഞ്ചിരി എത്തി.....തലയാട്ടി കൊണ്ട് മച്ചമ്പി പറഞ്ഞു....

"വെറുതെയല്ല കൊച്ചച്ചന്‍ പറേണത്..... മച്ചമ്പിക്ക് മര്‍മ്മം നോക്കി അടിക്കാനറിയുമെന്ന്..."

"മാമനങ്ങനെ പറഞ്ഞോ....."

"മച്ചമ്പീരാ അച്ഛന്‍റെ സ്വഭാവമാണ് മച്ചമ്പിക്ക് കിട്ടിയതെന്ന്.....നാക്കും കൈയ്യും ഒരുപോലെയാണെന്ന്"

"ഏയ് അങ്ങനൊന്നുമില്ല..... നേരത്തെ മുന്‍കൂട്ടി കണ്ട് ഒന്നും ചെയ്യാറില്ല....പെട്ടെന്ന് തോന്നുന്നത് ചെയ്യും അത്രതന്നെ ..."ഞാൻ പറഞ്ഞു

"എന്നിട്ടാണോ എന്‍റെ മാമനേ തട്ടിയിട്ടത്..... അങ്ങേരുടെ മുമ്പില്‍ നിന്ന് ഇന്നു വരെയാരും ഛീ പ്പോ എന്ന് പറഞ്ഞിട്ടില്ല"

എന്‍റെ തല ചൂടായി

"അതിന്‍റെ കുറവാണ് ഞാൻ തീര്‍ത്തത്....മച്ചു അതു വിട് നമ്മുടെ പ്രശ്നം പിന്നെ പറയാം ...ഇപ്പോള്‍ ബാക്കി പറയൂ....അതറിഞ്ഞാലേ മുന്നോട്ടുള്ള വഴി കാണാനാവുകയുള്ളു"

മച്ചു ഒതുങ്ങി...സഹായത്തിന് ഞാനുണ്ടാവുമെന്ന ഉറപ്പുള്ളതു കൊണ്ടാവണം...... കുറച്ച് സമയം ആലോചിച്ചു പറഞ്ഞു തുടങ്ങി.....

"മച്ചു ഈ സാഹസങ്ങളൊക്കെ കാണിക്കുമ്പോഴും അച്ഛന് ഒരു പെണ്ണിനെ ഇഷ്ടമായിരുന്നു.... ആത്മാര്‍ത്ഥമായി സ്നേഹിച്ചിരുന്നു.... വളക്കാന്‍ ആവുന്നത്ര നോക്കി ചരിത്രം അറിയാവുന്ന പെണ്ണ് വളഞ്ഞില്ല......പലപ്പോഴും തലനരിഴക്കാണ് പെണ്ണ് രക്ഷപെട്ടത്...."

കുറച്ച് നിര്‍ത്തി പറഞ്ഞ് കേട്ട ഓര്‍മ്മയില്‍ നിന്ന് മറന്നു പോയ ചിലത് ഓര്‍ത്തെടുക്കാനെന്നോണം ദീര്‍ഘ നിശ്വാസം വിട്ട് മച്ചു തുടര്‍ന്നു.....

"ഒരു ദിവസം ചുള്ളിയൊടിക്കാന്‍ കൊണ്ടകെട്ടി മലയുടെ ചെറിയ പാറയിലെത്തിയ പെണ്‍കുട്ടി ചെന്ന് പെട്ടത് അച്ഛന്‍റെ മുന്നില്‍..ഏറെ നാള്‍ കൊണ്ട് നടന്ന ആഗ്രഹത്തിന്‍മേലാവണം. പുള്ളി കേറി ബലമായിട്ടു പിടിച്ചു....പല്ലും നഖവും ഉപയോഗിച്ച് പിടിച്ചു നില്‍ക്കാന്‍ പെണ്ണു പരമാവധി നോക്കി...രക്ഷയില്ലാതെ വന്നപ്പോള്‍ പെണ്ണ് വെട്ടുകത്തിയെടുത്ത് വെട്ടി.... അപ്രതീക്ഷിതമായതിനാല്‍ അച്ഛൻ വീണു പോയി....പെണ്ണു വിട്ടില്ല....അരിശം തീരാത്തതിനാല്‍ ഒന്നുകൂടെ വെട്ടിയിട്ടേ ഓടിപോയുള്ളൂ..... നിലവിളി കേട്ട് ഓടിവന്നവരാണ് ആശുപത്രിയില്‍ കൊണ്ട് പോയത്....ഇവിടെയങ്ങും എടുക്കാത്തതു കൊണ്ട് മെഡിക്കൽ കോളേജിലാണ് കൊണ്ട് പോയത്..... പെണ്ണ് വെട്ടിയ വിവരം നാട്ടില്‍ പലരും അറിഞ്ഞതുകൊണ്ട് മാമന്‍ കാണാൻ പോയില്ല..പക്ഷേ മാമന്‍റെ സഹോദരി ....എന്‍റെ അമ്മ പോയി....മാമനും വീട്ടുകാരും എതിര്‍ത്തിട്ടും അമ്മ പോയി.... മെഡിക്കൽ കോളേജിന്‍റെ മുന്നിലിട്ട് മാമന്‍ അമ്മയെ മുടി ചുറ്റിപ്പിടിച്ചു തല്ലിയപ്പോള്‍  അമ്മ മാമന്‍റെ    മുഖത്ത് തുപ്പികൊണ്ടാണ് മാമനെ ആട്ടിയത്....മൂന്നു മാസം കിടന്നതിനു ശേഷമാണ് അച്ഛന്‍ എണീറ്റിരുന്നത്.....എല്ലാവരും പറഞ്ഞ് കേട്ടിട്ടുണ്ട് അമ്മയാണ് അച്ഛന് ജീവനും ജീവിതവും കൊടുത്തതെന്ന്.....പക്ഷേ അമ്മക്കിന്നും അച്ഛന്റെ വാക്കാണ് വലുത്....ആശുപത്രി വിട്ടതിനു ശേഷമാണ്... അമ്മയെ അച്ഛൻ വിവാഹം കഴിക്കുന്നത്....ഇവിടുള്ളതെല്ലാം വിറ്റാണ് ശംഖുമുഖത്തേക്ക് മാറിയത്...."

കുറഞ്ഞ വാക്കുകളില്‍ വലിയ സംഭവങ്ങൾ ചുരുക്കുകയായിരുന്നു മച്ചു....വളരെ അനായാസമായി പറഞ്ഞുവെങ്കിലും മച്ചുവിന്‍റെ മുഖം ചുവന്നിരുന്നു..... ഞങ്ങള്‍ തിരിച്ച് നടന്നു തുടങ്ങി.... മലയുടെ മുകളിൽ ഇരുട്ട് വീണു.... കഥയില്‍ നിന്നിറങ്ങി വരാത്തതു കൊണ്ടാവണം മച്ചു മിണ്ടാതെ നടക്കുന്നു......

ഇരുള്‍ കൂടൊരുക്കി തുടങ്ങിയ ഈ ഭൂമികയില്‍ ഞാനും കഥയിലായതു കൊണ്ടാവണം എന്‍റെ കണ്‍ മുമ്പില്‍ കഥാപാത്രങ്ങൾ ...ആളിപ്പടരുന്ന അഗ്നിക്കുമപ്പുറം തെളിവാര്‍ന്ന കാഴ്ച്ചയൊരുക്കി ആടിതുടങ്ങി.....

എനിക്കു കാണാം.... ബലിഷ്ഠനായ ഇരുപത്തിരണ്ടുകാരന്‍ ഒരിളം പെണ്ണിനെ ചുട്ടുപ്പഴുത്ത പാറയില്‍ ചേര്‍ത്തമര്‍ത്തി കാമം ഇറക്കി വയ്ക്കാന്‍ ശ്രമിക്കുന്നത്..... ഞാൻ കാണുന്നു മല്‍പ്പിടുത്തത്തിനയില്‍ അവിടെവിടെ കീറിയ പാവാടയും ബ്ലൗസ്സുമായി മാനംരക്ഷിക്കാന്‍ അങ്കം നടത്തി പരാജയപ്പെട്ടു ആയുധമെടുക്കുന്ന പെണ്ണിനേയും....

എനിക്കെത്ര തെളിമയോടെ കണ്ടിട്ടും മനസ്സിലാവുന്നില്ല....എതോ ഒരു പെണ്ണ് വെട്ടിക്കീറിയ ശരീരവുമായി ആശുപത്രിയിൽ കിടക്കുന്ന ഒരാളെ നാലഞ്ചു മാസം കൂട്ടിരിരുന്നു പരിപാലിച്ച് .....പണത്തിനാവശ്യം വന്നപ്പോള്‍ തന്‍റെ ആഭരണങ്ങൾ അഴിച്ച് വിറ്റും ശുശ്രൂഷിച്ച്.... സാധാരണ ജീവിതത്തിലേക്ക് കൂട്ടികൊണ്ട് വന്ന് അയാളെ വിവാഹം കഴിച്ച് ....അയാളുടെ മക്കളെ പ്രസവിച്ച് വളര്‍ത്തിയ.....സ്ത്രീയെ പകല്‍ വെളിച്ചത്തിലെന്ന പോല്‍ കണ്ടിട്ടും.....ഇഴ പിരിച്ചെടുക്കുവാനാത്ത വല പോലെ മായിക കാഴ്ചയാവുന്നു....    

..........................തുടരും............,

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...