ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ്
ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക് കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക്കുന്നു.
മൈസൂരിലെ ഒരു ടി എം റ്റി കമ്പനിയിലേക്ക് തമിഴ് നാട്ടിൽ നിന്നും ജോലിക്ക് വന്നൊരു രാജ പിന്നെ മൈസൂരിൽ സ്ഥിരതാമസമാക്കി ഒരു കുഞ്ഞു കുടുംബം കെട്ടിപ്പടുത്ത കഥയാണിത് .
ഇളയ സഹോദരങ്ങൾ എല്ലാവരും നല്ല രീതിയിൽ പഠിച്ചു തമിഴ്നാട് ഗവൺമെന്റിലെ ഉദ്യോഗസ്ഥന്മാർ ആയപ്പോഴേക്കും മൂത്തവനായ രാജ, പഠിപ്പില്ലാത്തവൻ ടി എം റ്റി കമ്പനിയിലെ ഡൈമേക്കറുടെ ഹെൽപ്പറുടെ റോളിൽ മൂത്ത മേശിരിയുടെ തലയിലെ കൊട്ടു വാങ്ങുകയായിരുന്നു.
"അറിവില്ലാത്ത മുണ്ടോം.... ,വിളാങ്കാതവൻ...., വെട്ടിച്ചോറ്....." തുടങ്ങിയവ ആയിരുന്നു രാജയുടെ വിശേഷങ്ങൾ.
കാലം പോക്കിൽ ഇളയ സഹോദരങ്ങളിലൊരാളുടെ കല്യണത്തിന് വന്ന കൂട്ടത്തിൽ നിന്നൊരു ഈർക്കിലി പെണ്ണ് രാജയുമായി കണ്ണിൽ കണ്ണിൽ കഥ പറഞ്ഞു. ഒരാളുടെ മുന്നിലും വിലയില്ലാത്ത വിളാങ്കാതവൻ വെളുത്തു മെലിഞ്ഞ ശെൽവിക്ക് കാതൽരാജ ആയി.
വലിയ കോളിളക്കങ്ങൾ ഇല്ലാതെ തന്നെ രാജയും ശെൽവിയും വിവാഹിതരായി. ശെൽവിയുടെ വീട്ടുകാർക്ക് ബാധ്യത ഒഴിവാക്കലും,രാജയുടെ വീട്ടുകാർക്ക് കടമ തീർക്കലും ആയപ്പോൾ ജീവിതത്തിന് രണ്ടു കൂട്ടരിലും നിന്ന് തണലുണ്ടാവില്ലെന്ന തിരിച്ചറിവിൽ നിന്നും മൈസൂരിൽ കിട്ടിയ ഡൈമേക്കറുടെ ഹെൽപ്പറായി കിട്ടിയ ജോലിക്ക് രാജ കയറി.
ആദ്യം കിട്ടിയ ശമ്പളത്തിൽ നിന്നും ഒറ്റ മുറി വാടകയ്ക്ക് എടുത്തിട്ടു ശെൽവിയെ കൊണ്ട് വന്നു. ആരാരും വിരുന്നു വരാത്ത വീട്ടിലെ സന്തോഷത്തിലേക്ക് ആദ്യത്തെ അഥിതിയായി പുത്രൻ വന്നു കയറി. ദുരിതങ്ങളുടെ വരണ്ടകാലത്തിൽ വഴി തെറ്റി വന്ന വസന്തമായിരുന്നു ആ പുത്രൻ ഹരിയും ഹരനും തുണച്ചതിനാൽ പിറന്തവന് ഹരിഹരൻ എന്നു വിളിച്ചവർ.
രണ്ടു വർഷം കഴിഞ്ഞപ്പോൾ രണ്ടാമത്തെ പുത്രനും എത്തി. ഹരിനാരായണൻ.
രണ്ടാമത്തെ പ്രസവത്തോടെ ശെൽവിയെ അസുഖങ്ങൾ വിടാതെ പിടികൂടി. ആശുപത്രിയിയും വീടും മക്കളുമായി രാജ ജീവിതം കൈ വിടാതെ അള്ളിപ്പിടിച്ചു വച്ചു. ആദ്യം ഭാര്യയ്ക്ക് വേണ്ടത്ര പരിചരണം നൽകി കൊണ്ട് വീട്ടു ജോലികൾ മുഴുവനും ചെയ്തു മക്കളേയു ഒരുക്കി ജോലിക്ക് പോയി തുടങ്ങി.
പിന്നെ മെല്ലെ വീട്ടുജോലികൾ തീർത്ത് മക്കൾക്കും തനിക്കുള്ള ഭക്ഷണവും ഒരുക്കി മക്കളെ സ്കൂളിൽ വിട്ടു രാജ ജോലിക്ക് പോയി. ഹെൽപ്പറിൽ നിന്നും ഡൈമേക്കറിലേക്ക് രാജ വളർന്നു തുടങ്ങി. വീട്ടിൽ ഒറ്റയ്ക്കിരുന്ന ശെൽവി മക്കളുടെ പഠിത്തത്തിൽ ശ്രദ്ധ ചെലുത്തി. അവർക്ക് വേണ്ടി പണ്ട് സ്കൂളിൽ പഠിച്ച മനപ്പാഠ വിദ്യകൾക്കായി ചാർട്ടുകൾ ഉണ്ടാക്കി. എങ്ങിനെ പഠിക്കണമെന്ന് അവരെ പഠിപ്പിച്ചു കൊണ്ടിരുന്നു.
കമ്പനിയിലെ തമിഴരുടെ കുടുംബങ്ങൾ താമസിച്ച ഒരു വട്ടാരത്തിലേക്ക് രാജ താമസം മാറി . കവേരി കലാപം പടരുന്നു കാലമായിരുന്നത്. തമിഴർ കന്നട മണ്ണിൽ നിന്നും കൂട്ടപ്പലായനം നടത്തുന്ന നാളിൽ തൻ്റെ കുടുംബത്തെ കൂട്ടിപ്പിടിച്ചു രാജ കാവലിരുന്നു. മേഘങ്ങൾ പെയ്തൊഴിഞ്ഞപ്പോൾ തൻ്റെ കൊക്കിലൊതുങ്ങില്ലെങ്കിലും മക്കളെ നല്ല സ്കൂളിലേക്ക് മാറ്റി രാജ. പുതുതായി എടുത്ത വാടക വീടിന്റെ ഭാരവും മക്കളുടെ പഠിപ്പും ചേർന്നപ്പോൾ രാജ ശ്വാസം മുട്ടി തുടങ്ങി. വീട്ടോണറുടെ ബന്ധുവിന്റെ കൈയ്യിൽ നിന്നും പലിശയ്ക്ക് എടുത്തായി രാജ രണ്ടറ്റം കൂട്ടിമുട്ടിച്ചത്. ഭർത്താവിന്റെ വേദനയിൽ സഹായിക്കാനാതെ നീറിപ്പിടഞ്ഞത് ശെൽവിയുടെ മനസ്സിനെ തളർത്തി തുടങ്ങിയപ്പോൾ വേറെന്തിലെങ്കിലും ശ്രദ്ധ ചെലുത്താൻ ഡോക്റ്റർ നിർദ്ദേശിച്ചു. അത്യാവശ്യം തയ്ക്കുമെങ്കിലും ഏറെ നേരം മിഷ്യന് മുന്നിൽ ഇരിക്കാൻ കഴിയാത്തത് വിനയായി. അതോടെ കൂടുതൽ പരീക്ഷണങ്ങൾക്ക് ശെൽവി തുനിഞ്ഞില്ല.
താൻ മൂലം ഇനിയും ഭാരം ഭർത്താവ് താങ്ങേണ്ടി വരും എന്ന് തിരിച്ചറിഞ്ഞ ശെൽവി മനസ്സിനെ വരുതിക്ക് നിർത്താൻ കോലങ്ങൾ വരച്ചു തുടങ്ങി. പെട്ടെന്ന് കോലമിട്ട് തീരാൻ അയൽപക്കത്തെ പെണ്ണുങ്ങൾ നെടുകയും കുറുകയും കുറഞ്ഞ വരകൾ കൊണ്ട് കോലം തീർക്കുമ്പോൾ, ജാഗ്രതയോടെ ചെറിയ ചെറിയ അലങ്കാരങ്ങൾ നിറഞ്ഞ ചിത്രമെഴുതി വലിയ കോലങ്ങൾ തീർത്തു. വീടൊരു ക്ഷേത്രം പോലെ പടിക്കെട്ടുകളിൽ പല നിറങ്ങൾ ചാലിച്ച കോലങ്ങൾ വിടർത്തി.
പഠിക്കുന്ന കാര്യത്തിൽ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും പ്രഗത്ഭരായ മക്കൾ സ്കൂളിന് പുകൾ നൽകിക്കൊണ്ടിരുന്നു. മക്കളുടെ മത്സരങ്ങൾക്ക് അവർ കൂട്ടു പോയി. മക്കൽ രണ്ടു പേരും മികച്ച ചിത്രകാരന്മാർ ആയിത്തുടങ്ങി. ജില്ലാതലങ്ങളിൽ വിജയികളായി. രാജ മികച്ച ഡൈമേക്കറായി . ശെൽവി മികവുറ്റ കോലങ്ങൾ ചമച്ചു.
പ്ലസ്ടു നന്നായി പാസ്സായി കോളേജിൽ മെറിറ്റിൽ തന്നെ അഡ്മിഷൻ കിട്ടിയെങ്കിലും ചിലവുകൾ രാജയുടെ കൂട്ടിപ്പിടിക്കലിനുമപ്പുറത്തായിരുന്നു. രണ്ടു മക്കളും മത്സരിച്ചു പഠിക്കുമ്പോൾ രാജ കയററ്റു പോയടുത്തെല്ലാം കാറ്റു കൊണ്ട് കൂട്ടിക്കെട്ടാൻ ശ്രമിക്കുകയായിരുന്നു.
രണ്ടാം വർഷത്തിലേക്ക് മൂത്ത മകൻ എത്തിയപ്പോഴേക്കും രാജ റിട്ടയർ ആയി. പേരിന് കിട്ടിയ പി എഫ് കൊണ്ട് അതുവരെ മക്കൾക്ക് വേണ്ടിയുണ്ടാക്കിയ കടം കൊടുത്തു തീർത്തു. മാനേജ്മെന്റിന് മുന്നിൽ അപേക്ഷയുമായെത്തിയ രാജയെ കൈവിട്ടില്ല. ദിവസവേതനക്കാരനായി രാജ ജോലി വീണ്ടും ചെയ്തു തുടങ്ങി. വീട്ടി തീർന്നതിനെക്കാൾ കടവുമായി മൂത്തമകൻ കോളേജ് മൂന്നാംവർഷത്തിലേക്ക് കടന്നു.
രാജ തൻ്റെ ജീവിതത്തിലേ മികച്ച ഡൈകളിലൊന്ന് ഉണ്ടാക്കിയ ദിവസം തന്നെ മൂത്തമകൻ ഹരിഹരൻ ക്യാമ്പസ് ഇൻറർവ്യൂ പാസായി. മകൻ്റെ കൈയ്യിൽ നിന്നും ഓഫർ ലെറ്റർ വാങ്ങി വായിച്ച രാജ വലിയ വായിൽ മകനെ ചേർത്തു പിടിച്ചു കരഞ്ഞു. ഇളയ മകൻ്റെ തോളിൽ തലചായ്ച്ചു ശെൽവി ശബ്ദമില്ലാതെ കരഞ്ഞു. ഇളയവൻ അച്ഛൻ്റെ തോളിലൂടെ കൈയ്യിട്ട് അമ്മയെ ചേർത്തു പിടിച്ചു കടലോളം കണ്ണീർ പെരുകും ഏട്ടൻ്റെ കണ്ണുകളിലേക്ക് കണ്ണീരിലൂടെ നോക്കി.
ഇന്ന് മകൻ്റെ ആദ്യത്തെ ശമ്പളം വരുന്ന ദിവസമാണ്. രാജ ഉത്സാഹത്തിലാണ്. ലെയ്ത്തിലേക്ക് ഇടയ്ക്ക് കണ്ണു തിരിക്കുമ്പോഴെല്ലാം വെൽഡിംഗ് ലൈറ്റ് കണ്ണിടലടിച്ച പോലെ വെളിച്ചം വന്ന് കണ്ണടഞ്ഞു പോകുന്നുണ്ട്. രാജ ഒന്നുമില്ലെന്ന തോന്നലോടെ തലയോന്നു വെട്ടിച്ച് കണ്ണു തിരുമ്മി ഉത്സാഹത്തെ തന്നിലേക്ക് വലിച്ചടുപ്പിച്ചു. ഇന്നു മുതൽ രണ്ടു ശമ്പളം തൻ്റെ വീട്ടിലെത്തുന്നു. താൻ മുപ്പതോളം വർഷം കൊണ്ട് നേടിയെടുത്ത മാസശമ്പളത്തേക്കാൾ കൂടുതൽ തൻ്റെ മകൻ അദ്യത്തെ മാസത്തിൽ വാങ്ങിക്കുന്നു. ഇന്നലെയും കിടക്കുമ്പോൾ
ശെൽവി പറഞ്ഞിരുന്നു മോൻ ആദ്യ മാസത്തെ ശമ്പളം എ ടി എമ്മിൽ നിന്നെടുത്ത് അച്ഛൻ്റെ കൈയ്യിൽ വയ്ക്കുമെന്ന്. വേണ്ടെന്നു പറയാൻ മനസ്സു വന്നില്ല. എത്രയോ രാത്രികളിൽ തൻ്റെ മകൻ ആദ്യശമ്പളവുമായി വരുന്നത് കണ്ണീരോടെ സ്വപ്നം കണ്ടിരിക്കുന്നു.
ചിന്തകളുടെ ആധിക്യത്താൽ ശ്രദ്ധ പാളാതിരിക്കാൻ ശ്രമിച്ചു രാജ കഴുത്തു വെട്ടിക്കുമ്പോളെല്ലാം പണ്ട് വിളാങ്കാതവൻ എന്ന് വിളിച്ച് കഴുത്തിന് പുറകിലായി തല്ലുമ്പോഴുണ്ടാവുന്ന മിന്നൽപിണർ പഞ്ഞു.
അവസാനത്തെ ത്രണ്ടിൻ്റെ ലൈൻ ശരിയാക്കി ഡൈ വച്ചപ്പോൾ ക്ലൈന്റ് അപ്രൂവർ ഷേക്ക് ഹാൻഡ് കൊടുത്തു കൊണ്ടു രാജയെ ചേർത്തു പിടിച്ചു.
അത്യാവശ്യം ടെൻഷനിൽ നിന്ന മാനേജ്മെൻറിലെ എല്ലാവരും പ്രശംസിച്ചു കൊണ്ട് ഷേക്ക് ഹാൻഡ് കൊടുത്തു. ഇൻസെന്റീവിൻ്റെ കാര്യം ജി എം രാജയേ പ്രത്യേകമായി അറിയിച്ചു.
സന്തോഷം കൊണ്ട് മിഷ്യൻ ഷോപ്പിൻ്റെ പടികളിറങ്ങുമ്പോൾ കണ്ണുകളിലേക്ക് ആരോ ലൈറ്റടിച്ചതായി രാജയ്ക്ക് തോന്നി. താഴേക്ക് പതിക്കുന്നൊരു തോന്നൽ.എവിടെ തട്ടിയെന്നു തോന്നിയ പോലെ. എന്തോ വീണു തകരുന്നത് പോലെ തോന്നി രാജയ്ക്ക്.
ശമ്പള ദിവസം നേരത്തെ ലീവ് പറഞ്ഞ് ഹരിഹരൻ എ ടി എം കയറി പണവുമെടുത്തിറങ്ങി, അച്ഛൻ വാങ്ങിച്ച നൽകിയ ബൈക്ക് സ്റ്റാർട്ടാക്കുമ്പോഴാണ് ഫോൺ വന്നത്
വീട്ടിൽ നിന്നാണ്....
ശബ്ദം നഷ്ടപ്പെട്ടു കാറ്റു പിടിച്ച പോലെ, കൂപ്പിച്ചീളുകൾ തമ്മിലുരയുന്ന തേങ്ങലുകൾക്കിടയിലൂടെ ശെൽവി മകനോട് പറഞ്ഞു.
" അപ്പാവെ ഹോസ്പിറ്റൽ ചേത്തിരുക്ക് ശീഘ്രം വാടാ... വിക്രാന്ത് ഹോസ്പിറ്റൽ താൻ..... "
ഐ സി യു വിന് മുന്നിൽ വാരിചുറ്റിയ ചേലയുമായി അനിയൻ്റെ കൈയ്യിൽ തളർന്നിരിക്കുന്ന അമ്മയേയും അനിയനേയും കടന്നു എ സി യു വിലെ വൃത്താകാരത്തിലെ സ്ഫടിക ജാലകത്തിലൂടെ അകത്തേക്ക് നോക്കി ഹരിഹരൻ.
തോളിൽ പിടിച്ചു തിരിച്ച ആരോ കണ്ണീർ തുടുച്ചുകൊടുത്തു തോളിലേക്ക് ചേർത്തു പിടിച്ചു.
രാജയുടെ കൂടെ ജോലി ചെയ്യുന്നവർ സമയത്ത് എത്തിച്ചത് കൊണ്ട് അത്യാപത്ത് ഒന്നും സംഭവിച്ചില്ല . ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഡോക്ടർ ഉറപ്പിച്ചു പറഞ്ഞപ്പോഴാണ്. മൂന്ന് ജോഡി കണ്ണുകളിൽ വെളിച്ചം വിണത്.
കമ്പനിക്കാർ ബില്ലു തീർത്ത്, ഡിസ്ചാർജ്ജ് ഷീറ്റ് ഹരഹരനെ ഏൽപ്പിച്ചു.
ഒടിഞ്ഞ കൈയ്യും , തലയിയിലെ തുന്നലുകളുമായി രണ്ടു പുത്രന്മാരുടെ തോളിൽ തൂങ്ങി പടിയിറങ്ങി യൂബർ ടാക്സിയിൽ കയറുമ്പോൾ രാജ മെല്ലെ തിരിഞ്ഞു ശെൽവിയോടായി മൊഴിഞ്ഞു
"ഇനി കൊഞ്ചം നാൾ ഏൻ പയ്യനലെ ശാപ്പ്ട്ടു റെസ്റ്റെടുക്കപ്പോറേൻ....."
ഒന്നു ഞെട്ടിയ ഇളയൻ രാജയോടായി ചോദിച്ചൂ......
"അപ്പോ ശമയ്ക്കിറത് യാര്....."
" ഇവളോ നാൾ നീ സാപ്പ്ട്ടതു താനേ.... ഇനി നീ വേലയ്ക്ക് പോർത് വരേയ്ക്കും നീ താൻ ശമയൽ....."
"നാൻ ഹെൽപ് പണ്ണേറെടാ കണ്ണാ....." ശെൽവി ചിരിയോടെ മൊഴിഞ്ഞു
മുന്നു പേരുടേയും ചിരിക്കു മുകളിൽ മുഖം കൂർപ്പിച്ച് ഹരിനാരായണൻ മുൻ സീറ്റിൽ കയറി.....