2021, ജൂൺ 27, ഞായറാഴ്‌ച

ഉത്തരം തേടുന്നവർ

             സ്ഥിരവരുമാനമില്ലാതെ  ജീവിതം തള്ളിനീക്കുന്ന സലീം വിവാഹിതനായി. സ്വന്തം നാട്ടിൽ നിന്നും കുറച്ചു ദൂരത്തായാണ് വധുവിനെ കണ്ടെത്തിയത്. അത്യാവശ്യം സ്ത്രീധനം വാങ്ങി ആഡംബരത്തോടെയാണ് വിവാഹം നടത്തിയത്.  മുന്ന് പെൺകുട്ടികൾകളുടെ കൂടെ പിതാവായ സലീമിന്റെ ബാപ്പക്ക്, മൂത്തവനായ സലീമിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു.  സലീമിനെ കുറിച്ചുള്ള മറ്റൊരു പ്രതീക്ഷയിലാണ് മകന് വിവാഹം നടത്താനുള്ള തീരുമാനത്തിൽ സലീമിന്റെ ബാപ്പ എത്തിയത്. അങ്ങനെയെങ്കിലും കല്യാണ പ്രായമായ പെൺമക്കളുടെ വിവാഹത്തിന് നീക്കുപോക്കുണ്ടാക്കാനും, സലീമിൻ്റെ ജീവിതത്തിന് ലക്ഷ്യമുണ്ടാക്കാനുമായി വിവാഹം നടത്തിച്ചത്. പക്ഷേ കാലം കാത്തു വച്ചത് മറ്റൊരു വിധി ആയിരുന്നു. മധുവിധു നാളുകളിൽ തന്നെ പെണ്ണിന്റെ സ്വർണ്ണത്തിന്റെ അളവ് കുറഞ്ഞു കുറഞ്ഞു വന്നു. വീട്ടുകാർ തന്ന സ്വർണ്ണത്തിൽ പലപ്പോഴായി   കൈ വയ്ക്കുമ്പോഴെല്ലാം സലീമിനോട് ഭാര്യ പ്രതിഷേധിച്ചു.  ഭാര്യയുടെ പ്രതിഷേധത്തെ  യാതൊരു മടിയും കൂടാതെ തല്ലിയൊതുക്കാറുണ്ടായിരുന്നു.  വിവാഹം കഴിഞ്ഞ് ഒരു വർഷത്തിനുള്ളിൽ തന്നെ മകളുടെ ജീവിതത്തിന്റെ  അവസ്ഥ മോശപ്പെട്ടു എന്നു കണ്ട മാതാപിതാക്കൾ അവളെ തിരിച്ചു വിളിച്ചു കൊണ്ട് പോയി.   സലീം എടുത്ത് ധാരാളി കളിച്ച സ്ത്രീധനമായി  നൽകിയ സ്വർണ്ണത്തിനും പണത്തിനുമായി പലതവണ വഴക്കുകൾ നടന്നു.  അത്യാവശ്യത്തിന് കൈയൂക്കും കാര്യപ്രാപ്തിയുമുള്ള പെൺവീട്ടുകാരുടെ കൈയ്യിൽ പെടാതെ വയനാട്ടിലെ പുൽപ്പള്ളിയിലേക്ക്  സലീം കടന്നു കളഞ്ഞു. സലീം മുങ്ങിയതോടെ  നാട്ടിൽ വച്ച് നടന്ന മുഴുവൻ വഴക്കുകൾക്കും മധ്യസ്ഥതയ്ക്കും സലീമിന്റെ പിതാവിനെയാണ് പെൺവീട്ടുകാർ വിസ്താരം നടത്തിയിരുന്നത്. കെട്ടു പ്രായത്തിലുള്ള മുന്ന് പെൺമക്കളുടെ പിതാവിന്  മൂത്ത പുത്രൻ്റെ തെറ്റിന് കണ്ണീരു  കൊണ്ട് കൈമലർത്താനെ കഴിയുമായിരുന്നുള്ളൂ.

           ഉമ്മയുടെ മരണവുമറിഞ്ഞ് നാട്ടിലെത്തിയ  സലീമിനെ പെൺവീട്ടുകർ പിടികൂടി. മധ്യസ്ഥതക്ക് ശ്രമിച്ചവരുടെ വാക്കുകൾ കേൾക്കാതെ അവർ അപ്പോൾ തന്നെ പോലീസിൽ ഏൽപ്പിച്ചു. സ്റ്റേഷനിൽ വച്ച് നടന്ന ഒത്തുതീർപ്പ് പ്രകാരം പണവും സ്വർണവും തിരിച്ചു നൽകാൻ ഒരു വർഷത്തെ സമയം സലീം ചോദിച്ചു. ന്യായമായ ആവശ്യം ആയതിനാൽ തന്നെ പെൺവീട്ടുകാർക്കും അംഗീകരിക്കേണ്ടി വന്നു. അവിടെ വച്ച് തന്നെ വിവാഹ മോചനത്തിന് വേണ്ട പേപ്പറുകളിൽ ഒപ്പ് ഇടുവിച്ചതിന്  ശേഷമാണ്  സലീമിനെ വിട്ടത്. വിവാഹ മോചനത്തിന് വേണ്ട പേപ്പറുകളിൽ ഒപ്പ് ഇടുവിച്ചെങ്കിലും അതുമായവർ മുന്നോട്ട് പോയിരുന്നില്ല.നാട്ടിൽ നിന്നും കുറച്ചു നാളുകൾക്ക് ശേഷം വയനാട്ടിലെത്തിയ  സലിം ജോലിക്ക് പോയി തുടങ്ങി. സലീം താമസിച്ചിരുന്ന സ്ഥലത്തിനടുത്തുള്ള   വിധവയായ ആയിഷാത്തയുടെ മകൾ  റംലയെ വിവാഹം കഴിച്ചു. ആൺതുണയില്ലാത്ത വീട്ടിൽ നിന്നും  സലീം കെട്ടിയത്  ആയിഷാത്തയുടെ പത്തു സെൻ്റിൽ കണ്ണും വച്ചായിരുന്നു. ബാവലി  പുഴയ്ക്കക്കരയുള്ള  കർണ്ണാടകത്തിൽ  കൂടുതൽ സ്ഥലം കിട്ടുമെന്ന് പറഞ്ഞ് പലപ്പോഴും ഈ പത്ത് സെന്റ് വിൽക്കാൻ പ്രേരിപ്പിക്കാറുണ്ടായിരുന്നു. 

         ഒരു വർഷം  പെട്ടെന്ന് കടന്ന് പോയി. റംല ഇതിനകം തന്നെ ഒരു പെൺകുഞ്ഞിന് ജന്മം നൽകിയിരുന്നു.സലീം അന്ന് വന്നതിന് ശേഷം നാട്ടിലേക്ക് പോയിട്ടില്ല.നാട്ടിലെ ഒത്തുതീർപ്പിൻ പ്രകാരം ഒരു വർഷമായിട്ടും സ്ത്രീധനമായി നൽകിയ തുകകിട്ടാത്തതിനാൽ ആദ്യത്തെ പെൺവീട്ടുകാർ  സലീമിന്റെ വീട്ടിൽ ചെന്ന് ബഹളമുണ്ടാക്കി. സലീം നൽകിയ മേൽവിലാസം സലീമിന്റെ ബാപ്പ അവർക്ക് നൽകി. വയനാട്ടിൽ വന്നെങ്കിലും മേൽവിലാസം വ്യാജമായതിനാൽ കണ്ടെത്താൻ കഴിയാതെ മടങ്ങിപ്പോയി. പിന്നെയും പലവട്ടം നടത്തിയ അന്വേഷണത്തിന് അവസാനം സലീമിനെ കണ്ടെത്തി. വീണ്ടും  വിവാഹിതനാണെന്നറിഞ്ഞ് കുപിതരായ അവർ വന്ന  വാഹനത്തിൽ സലീമുമായി നാട്ടിലേക്ക് തിരിച്ചു. സ്റ്റേഷനിൽ എത്തുന്നതിന് മുമ്പും പിമ്പുമായി അത്യാവശ്യം ദേഹോപദ്രവം ഏറ്റിരുന്നു സലീമിന്. ഇത്തവണ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിൽ ഒരു അവധി കൂടീ നൽകാൻ തീരുമാനിച്ചു. ആറുമാസത്തിനപ്പുറമുള്ള  ഡിസംബർ ഇരുപത്താറിന് ആണ് അവസാന തീയതിയായി തീരുമാനിച്ചു. മഹല്ല് കമ്മിറ്റിയുടെ മുമ്പിൽ വച്ച് സ്ത്രീധനമായി വാങ്ങിയ പണവും പിന്നെ വാങ്ങിയ അത്രയും സ്വർണ്ണത്തിന്റെ  തുകയും ചേർത്ത്  നൽകണം അഥവാ അതിന് കഴിയാത്ത പക്ഷം സലീമിന്റെ പിതാവിന്റെ പേരിലുള്ള വീടും സ്ഥലവും  എഴുതി നൽകേണ്ടി വരും. അതായിരുന്നു വ്യവസ്ഥ. അതിന് സമ്മതമാണെന്ന്  സലീം സമ്മതമാണെന്ന് ഒപ്പിട്ടു കൊടുത്തു.  മകൻ ചെയ്തു കൂട്ടിയതിൻ്റെ പേരിൽ ആരും തന്റെ പക്ഷം പറയാനില്ലാതെ വന്നപ്പോൾ സലീമിന്റെ ബാപ്പക്കും ഒപ്പിട്ടു നൽകേണ്ടി വന്നു. ആ വ്യവസ്ഥ പോലീസ് സ്റ്റേഷനിൽ വച്ചും ആവർത്തിക്കപ്പെടുകയും സലീമിനും ബാപ്പക്കും സമ്മതിക്കേണ്ടി വരികയും ചെയ്തു.

പിറ്റേദിവസം വയനാട്ടിലേക്ക് പോകാനിറങ്ങിയ സലീമിനോട് ബാപ്പ പറഞ്ഞു.   "....യ്യ് നശിപ്പിച്ചത് ഇയ്യന്നെ തിരിച്ചു കൊടുത്താളാ..... ഞാൻ നയിച്ചുണ്ടാക്കിയ മണ്ണിൽ നിന്നും ഇറങ്ങേണ്ടി വന്നാൽ ഞാനെൻ്റെ പെൺമക്കളേയും കൊന്ന് ഈ പുരക്ക് തീ വയ്ക്കും...." ഒന്നും മിണ്ടാതെ സലീം അവിടുന്നിറങ്ങി.  വയനാട്ടിലെ ഭാര്യയുടെ മാതാവിന്റെ സ്ഥലം വിറ്റു കടം വീടാനെത്തിയ സലീമിനെ റംലയും  മാതാവും സുഖകരമായല്ല സ്വീകരിച്ചത്. മുമ്പ് വിവാഹിതനാണെന്ന് മറച്ചു വച്ചതിൻ്റെ ദേഷ്യം വന്നപ്പോൾ തന്നെ സലീമിന് വേണ്ടുവോളം രണ്ടുപേരും നൽകി.തനിക്കും മകൾക്കും തുണയാകുമെന്ന് കരുതിയവൻ മറ്റൊരു തട്ടിപ്പുകാരനാണെന്നറിഞ്ഞപ്പോൾ ആയിഷാത്ത തകർന്നു പോയി. അതിൻ്റെ കൂടെ സ്ഥലം വിറ്റു പണം നൽകണമെന്ന് ആവശ്യപ്പെട്ടതും  കേട്ടപ്പോൾ ആയിഷാത്തക്ക് കലികയറി.ആയിഷാത്ത നിർദ്ദാക്ഷിണ്യം  സലീമിനോട് വീട്ടിൽ നിന്നും ഇറങ്ങി പോകാൻ ആവശ്യപ്പെട്ടു . അവസാനകാലത്ത് കേറിക്കിടക്കാൻ വേണ്ടി ഭർത്താവ് ബാക്കി വച്ച മണ്ണും വീടും വിൽക്കില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു. വഴക്കുകൾ അതിരു കടന്നപ്പോൾ നാട്ടുകാർ പലരും ഇടപെട്ടു.അവർ ആയിഷാത്തയുടെ ഒപ്പം നിന്നു.  സലീമിന് അവിടെ നിന്നും ഇറങ്ങേണ്ടി വന്നു. സലീമിനൊപ്പം റംലയും കുഞ്ഞും ആയിഷാത്തായെ വിട്ടു സലീമിന്റെ കൂടെ പോകാൻ തയ്യാറായി. എൻ്റെ കുഞ്ഞിന്റെ ബാപ്പയല്ലേ എന്ന ന്യായമാണ് സ്വന്തം മാതാവിനോട് റംല പറഞ്ഞത്. അതിനെ ചൊല്ലിയും വഴക്കുണ്ടായി. റംല തന്റെ ഭർത്താവിനൊപ്പം പോകാൻ തന്നെ തീരുമാനിച്ചു. ഹൃദയം പറിച്ചെടുക്കുന്ന വേദനയോടെ താൻ വളർത്തിയ മകളും പേരക്കുട്ടിയും പോകുന്നത് ആയിഷാത്ത നോക്കിനിന്നു.

   ബാംഗ്ലൂരിലെ ബൊമ്മനഹള്ളിയിലെ സുഹൃത്തിനടുത്താണ്  സലീം കുടുംബത്തേയും കൂട്ടി എത്തിയത്.സുഹൃത്തിൻ്റേയും കൂട്ടുകരുടേയും കൊണ്ട് പിടിച്ച ശ്രമത്തിൻ്റെ ഫലമായി അവർക്കൊരു ജീവിതോപാധി രണ്ടു ദിവസം കൊണ്ട് ഉണ്ടാക്കിയെടുത്തു.  റംലയുടെ കഴുത്തിലെ ആയിഷാത്ത ഉണ്ടാക്കി കൊടുത്ത  മാല വിറ്റു കൂടൽഗേറ്റിൽ ഒരു ചെറിയ ഒറ്റമുറി ഹോട്ടലിന് അഡ്വാൻസ് കൊടുത്തു.തൊട്ടു പിറകിൽ താമസിക്കാനായൊരു ഷീറ്റ് മേഞ്ഞ റൂം പിന്നീട് അഡ്വാൻസ് കൊടുത്താൽ മതി എന്ന വ്യവസ്ഥയിലും എടുത്തു. റംലയുടെ അധ്വാനവും സലീം വാക്ചാതുര്യവും കൂടി ആയപ്പോൾ അത്യാവശ്യം ജീവിക്കാനുള്ള വക ഹോട്ടലിൽ നിന്ന് കിട്ടിത്തുടങ്ങി. ഒരു വയസ്സിനടുത്ത് പ്രായമുള്ള ആ കുട്ടി ബെഞ്ചിൽ പിടിച്ചു എണീക്കാനും,പിച്ചവയ്ക്കാനും തുടങ്ങിയത് റംലയെ സന്തോഷവതിയാക്കിയിരുന്നു. ജീവിതത്തിന്റെ നിറമുള്ള നാളുകൾക്ക് വേണ്ടി അധ്വാനിക്കാനുള്ള അവളുടെ മനസ്സാണ്  സലീമിൻ്റെ ജീവിതത്തിന്  കാരണമായത്.

***************       *****************       ***************      **********     **********
************""""""""""*****†********"""”""*"***********""""""""********""""""*******"""""
**********""*‡*******‡****‡*******†*******†*****†****†**†*****†*****†*****†*****†

     കുറച്ചു കാലത്തെ അമ്പാലയിലെ  ജോലിക്ക് ശേഷം ബാംഗ്ലൂരിലേക്ക് ഞാൻ തിരിച്ചെത്തിയ കാലം. താമസം കൂടൽ ഗേറ്റിൽ. ബാച്ചിലർ ലൈഫിൻ്റെ സുവർണ്ണ ദിനങ്ങൾ.മധുവും സുദർശനൻ ചേട്ടനും, മനോജും അടങ്ങുന്ന സംഘം. ഗന്ധർവനും, മന്ത്രവാവാദിയും, രാജവെമ്പാലയുമായി മാറുന്ന അസാമാന്യ കഴിവുള്ള സഹമുറിയന്മാർ. രാത്രിയിലെ  മദ്യപാനത്തിന് ശേഷം ആഹാരത്തിനായി പുതിയതായി തുറന്ന സലീമിൻ്റെ ഹോട്ടലിലേക്ക് പോകും. അത്യാവശ്യം നല്ല രീതിയിൽ ആഹാരം കിട്ടുമിയിരുന്നു.    സലീമിൻ്റെ കേരള ഭക്ഷണം കിട്ടുന്ന കടയിലെ പറ്റുകാരാണ് ഞങ്ങൾ.മലയാളി എന്ന നിലയിൽ ഹോട്ടലിന് ഞങ്ങളും പ്രചാരണം കൊടുത്തു. വയനാട്ടിൽ നിന്നും വന്ന് മാന്യമായി ആധ്വാനിച്ചു ജീവിക്കുന്ന കുടുംബത്തിന് നമ്മളാൽ കഴിയുന്ന പിന്തുണ നൽകുക. അത്രയേ ഞങ്ങളും കരുതിയുള്ളൂ. സലീമിന്റെ  കടയിലേക്ക് ഞങ്ങളു കാരണം  ഞങ്ങളുടെ ബാർമേറ്റ്സായ മലയാളികൾ പലരും വന്ന് തുടങ്ങി.ആ കൂട്ടത്തിൽ അച്ചായനും എത്തി. രാവിലെ ഇൻഷേർട്ട് ചെയ്തു ബുൾഗാൻ താടിയിൽ വിരിയുന്ന അച്ചായൻ വൈകുന്നേരം മദ്യത്തിൽ വാടി അവസാനിപ്പിക്കും. അച്ചായൻ വൈകുന്നേരം ആഹാരം കഴിക്കാൻ തുടങ്ങിയത് സലീമിന്റെ കടയിലേക്ക് ഞങ്ങൾ കൂട്ടി കൊണ്ട് പോയ ശേഷമാണ്. ബുധനാഴ്ചകളിലെ ബീഫുള്ള ചില ആഴ്ചകൾ ഷട്ടർ താഴ്ത്തി അച്ചായനും ഞങ്ങളും സലീമിൻ്റെ കടയിൽ  കൂടും. ആ സമയം ഒരു ബിയറടിക്കാൻ സലീമും ഉണ്ടാവും.

       ആഘോഷങ്ങൾക്ക് കാരണം വേണ്ടാത്ത ബാച്ചിലർ ലൈഫിൽ ക്രിസ്മസ് കൂടി വന്നാലോ.... സലാമിൻ്റെ കടയിലെ ബിഫും മദ്യവുമായി ക്രിസ്മസ് ഭൂമിയിലേക്ക് ഇറങ്ങി വന്നു. ആഘോഷത്തിൻ്റെ അവസാനത്തെ പടക്കത്തിന് തിരി കൊളുത്തി ബാറിൽ നിന്നിറങ്ങുമ്പോൾ അച്ചായൻ പെട്ടെന്ന് ഭൂമിയിലേക്ക് അവതരിച്ചു. ബാർ അടയ്ക്കുന്ന സമയം ആയതിനാൽ പാഴ്സലായി ഫുൾ ബോട്ടിൽ ഒരെണ്ണം വാങ്ങി. അച്ചായൻ വാങ്ങിയ ഫുൾ ബോട്ടിൽ പൊട്ടിച്ച് ഒഴിച്ചത് സലീമിന്റെ വീടിന്  മുമ്പിൽ റോഡ് സൈഡിൽ വച്ചാണ്. സലീമിൻ്റെ വീട്ടിലെ അച്ചാറും തൊട്ടു നക്കി കുപ്പി കാലിയാക്കി ഉപചാരം ചൊല്ലി പിരിയുമ്പോൾ ഒരുമണി കഴിഞ്ഞിരുന്നു. നക്ഷത്രങ്ങൾ ഉറങ്ങാതെ കാവൽ നിൽക്കുകയായിരുന്നു. റൂമിൽ ചെന്ന് ഊണു കഴിഞ്ഞ് ഉറക്കത്തിലേക്ക്  മൂക്കും കുത്തി വീഴുമ്പോഴാണ് റംല നിലവിളിയോടെ ഞങ്ങളുടെ വാതിലിൽ ഇടിക്കുന്ന ശബ്ദം കേട്ടത്. വാതിൽ തുറന്നപ്പോൾ നിലവിളിച്ച് കൊണ്ട് റംല പറഞ്ഞു.

സലീംക്ക എന്തോ കാട്ടീക്കണ് വീട് മൊത്തം കുലുങ്ങണുന്ന്.

കള്ള് മൂത്തതിൻ്റെ ആവും കുറച്ചു മോരെടത്ത് കൊടുക്കാൻ പറഞ്ഞു

ഞാൻ. അതല്ല ചേട്ടാ.... എന്നെ അടിച്ച് പുറത്താക്കീട്ട് കുഞ്ഞിനേം കൊണ്ട് സലീംക്കാ ഉള്ളിൽ കേറി കതകടച്ച് എന്തോ കാട്ടീക്കണ് വീട് മൊത്തം കുലുങ്ങണണ്ട്.....

പെട്ടെന്ന് തന്നെ എന്തോ അപകടം മണത്തു. ഞാനോടി എനിക്ക് പിന്നിൽ മധു അതിന് പിന്നിൽ സുദർശനൻ പിന്നെ മനോജും . ഓടിയെത്തിയ ഞാൻ വാതിൽ ശക്തിയായ തള്ളി നോക്കി.  തുറക്കാൻ കഴിഞ്ഞില്ല.ഉള്ളിൽ ലൈറ്റ് കത്തുന്നുണ്ട്. വെയിലേറ്റ് വളഞ്ഞ വാതിലിനിടയിൽ കൂടി വെളിച്ചം വരുന്നുണ്ട്. പക്ഷേ അതിലൂടെ നോക്കിയാൽ ഒന്നും കാണാനാവുന്നില്ല.പലതവണ ഞാൻ തള്ളി വാതിലിൽ തള്ളി നോക്കി. മധു വാതിലിന് കുറച്ചുമാറി ഭയന്ന് നിൽക്കുന്നു. സുദർശനനും, മനോജും,റംലയും റോഡിൽ നിൽക്കുന്നു. മറ്റൊരു വഴിയും കാണാതെ താക്കോൽ ദ്വാരത്തിലൂടെ നോക്കിയ ഞാൻ ഞെട്ടി പോയി. കുറച്ചു മുമ്പ് വരെ ഞങ്ങളോടൊപ്പം ആഘോഷിച്ചിരുന്ന സലീം ചലനമറ്റ് തൂങ്ങി നിൽക്കുന്നു.

എനിക്ക് പിന്നാലെ മധുവും താക്കോൽ പഴുതിലൂടെ ആ കാഴ്ച നോക്കികണ്ടു. വിറച്ച് കൊണ്ട് നിൽക്കുന്ന മധുവിന്റെ കൈയ്യിൽ ഞാൻ പിടിച്ചു.മധു തളർന്ന് നിലത്തിരുന്നു.  മനോജിനോട് റംലയെ മാറ്റി നിർത്താൻ പറഞ്ഞു.  സുധർശനൻ ചേട്ടൻ  വാതിൽ ചവിട്ടി പൊളിക്കാൻ പറഞ്ഞപ്പോൾ  ഞാനെതിർത്തു. രക്ഷപ്പെടുത്താൻ ചെറിയൊരു സാദ്ധ്യത പോലുമില്ലത്ത വിധം അനക്കമറ്റ് തൂങ്ങി നിൽക്കുകയായിരുന്നു. പിന്നൊരു കാര്യം കുഞ്ഞിൻ്റെ കരച്ചിൽ കേൾക്കുന്നുണ്ട്. പക്ഷേ മുറിയുടെ ഏത് ഭാഗത്ത് നിന്നാണെന്ന് അറിയാൻ കഴിയില്ലായിരുന്നു. അളവിനധികം കഴിച്ചിരുന്ന മദ്യം ആവിയായി പോയിരുന്നു.  കാഴ്ചക്കാരായി അയൽവാസികൾ പലരും എത്തി നോക്കി തുടങ്ങി.പെട്ടെന്ന്  പോലീസിന് ഫോൺ ചെയ്തു. ഹോയ്സാല അഞ്ചു മിനിറ്റിനുള്ളിൽ എത്തി. ഞങ്ങളോടും റംലയോടും കാര്യങ്ങൾ ചോദിച്ചു. റംല മലയത്തിൽ പറഞ്ഞത് ഞാനവർക്ക് കന്നഡയിൽ പറഞ്ഞു കൊടുത്തു . വാതിൽ തുറക്കാൻ വേണ്ടി അവരും അഞ്ഞുതള്ളി പരിശ്രമിച്ചു നോക്കി. പെട്ടെന്നാണ് അജാനബഹു ആയ മനുഷ്യൻ കൈയ്യിലോരു അഗ്രം പരന്ന കമ്പനിയുമായി  പോലീസ് ജീപ്പിൻ്റെ മുൻവശത്ത് നിന്നിറങ്ങി വന്നത്. കട്ടിളയുടേയും വാതിലിൻ്റേയും വിടവിലേക്ക് പരന്ന അഗ്രഭാഗം തിരുകി കയറ്റി വേറൊരു പോലീസുകാരനെ കൊണ്ട് പിടിപ്പിച്ചിട്ട് വാതിലിൽ ആഞ്ഞ് ചവിട്ടി.

"അള്ളോ.... എൻ്റെ മോൾ...." എന്നോരു അലർച്ച ഞാൻ കേട്ടു.

മധുവും,, സുദർശനനും 'അയ്യോന്ന് ' നിലവിളിച്ചു.മനോജും ഞാനും നടുങ്ങി നിന്നു.

        ഒറ്റചവിട്ടിന് തുറന്ന വാതിൽ ഭിത്തിയിൽ പോയിടിച്ച് പിന്നെയും അടഞ്ഞപ്പോൾ ആ പോലീസുകാർ വീണ്ടും ചവിട്ടി തുറന്നു. പാൻ്റസും ബനിയനുമിട്ട് റംലയുടെ ഷാളിൽ തുങ്ങി നിന്നാടുന്ന സലീം.കഴുത്തൊടിഞ്ഞ് നെഞ്ചിലേക്ക് തൂങ്ങിയിരിക്കുന്നു.
സലീമിൻ്റെ കാലിൽ കെട്ടിപ്പിടിച്ച് നിന്ന് കരയുന്ന കുഞ്ഞ്. രക്തം മരവിപ്പിക്കുന്ന കാഴ്ച. കുഞ്ഞിനെ ഓടി ചെന്നെടുത്ത പോലീസുകാരൻ റംല റംലക്ക് കൈ മാറി. കുഞ്ഞിനെ വാരിയെടുത്ത റംല അലറി കരഞ്ഞു. സുദർശനൻ ചേട്ടൻ റംലയെ കുറച്ചപ്പുറത്തേക്ക് മാറ്റി നിർത്തി. സുദർശനൻ ചേട്ടൻ റംലയെ സമാധാനിപ്പിക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.സലീമിൻ്റെ പോക്കറ്റിൽ നിന്നെടുത്ത നമ്പറിൽ നിന്നും ബൊമ്മനഹള്ളിയിലെ സുഹൃത്തുക്കളെ വിളിച്ചു. അവരും കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ എത്തി. അവരുടെ കൂട്ടത്തിലെ സ്ത്രീകൾ റംലയേയും കുഞ്ഞിനേയും കൊണ്ട് പ്പോയി.


ഇരുട്ടിലേക്ക് നോക്കി കരഞ്ഞു കൊണ്ട്, കരയുന്ന തൻ്റെ മകൾക്ക് മുലയൂട്ടുന്ന റംല. കളിപ്പാവയെ വലിച്ചെറിഞ്ഞു ഷാളിൽ തൂങ്ങിയാടുന്ന സലീമിന്റെ കാലിൽ കെട്ടിപ്പിടിച്ചു കരഞ്ഞു കൊണ്ട് നിൽക്കുന്ന ആ പിഞ്ച് കുഞ്ഞ്. കണ്ണിന് മുന്നിൽ മാറി മാറി തെളിയുന്ന  മായാത്ത കാഴ്ചയായി നിൽക്കുന്നു. എൻ്റെ കാഴ്ചകൾ കണ്ണീരു മറച്ചു. ഞാൻ ആ റൂമിന് പുറത്തേക്കിറങ്ങി.നക്ഷത്രങ്ങൾ  കരഞ്ഞലിഞ്ഞില്ലാതായ ആകാശത്തിൽ ഇരുട്ടിൻ്റെ ജഡം തൂങ്ങിയാടുന്നുണ്ടായിരുന്നു. ബോഡി അഴിച്ചിറക്കാൻ സഹായത്തിനു പോലീസുകാർ വിളിച്ചു. കണ്ണോന്നു അടച്ചു തുറക്കുമ്പോൾ റംലയുടെ ചുവന്ന ഷാളിൽ തൂങ്ങി കഴുത്തൊടിഞ്ഞു തല നെഞ്ചിലേക്ക് തൂങ്ങിയ സലീമും. കളിപ്പാവയെ കളഞ്ഞ് സലീമിന്റെ കാലിൽ കെട്ടിപ്പിടിച്ച്  നിന്ന് കരയുന്ന കുഞ്ഞിനെയാണ് കാണുന്നത്.  തലയൊന്ന് കുടഞ്ഞു കാഴ്ചകളിൽ നിന്ന് രക്ഷപ്പെടുവാൻ ശ്രമിച്ചു. ഹൃദയത്തിൽ ഒരു തീക്കൊള്ളി വച്ചു വരഞ്ഞ പോലെ ആ കുട്ടിയുടെ കരച്ചിൽ ചെവിയിൽ നീറിപൊള്ളിച്ചു കൊണ്ട് വീണ്ടും വീണ്ടും കേട്ടു. എനിക്ക് സലീമിനോട് വെറുപ്പാണ് തോന്നിയത്.മധുവും സുദർശനനും മനോജും പിന്നിൽ നിന്നും വിളിച്ചു. വിളിച്ചത് കേൾക്കാത്തത് പോലെ ഇരുട്ടിലൂടെ ഞാൻ റൂമിലേക്ക് നടന്നു. നെഞ്ച് നീറി ഇറങ്ങി വരുന്ന എന്നെ ഇരുട്ട് കെട്ടിപ്പിടിച്ചു

4 അഭിപ്രായങ്ങൾ:


  1. വർഷങ്ങൾ പതിനഞ്ചോളം കഴിഞ്ഞിട്ടും  ഹൃദയം നുറുങ്ങുന്ന വേദനയോടെ മാത്രമേ  ആ കാഴ്ച ഓർക്കാനാവൂ....  മരണത്തിന് പിറ്റേ ദിവസം  മലപ്പുറത്ത് നിന്നും വന്ന ആ മെല്ലിച്ച മനുഷ്യൻ സ്വന്തം മകൻ്റെ  ശവശരീരം പോസ്റ്റ് മാർട്ടം ചെയ്തു കിട്ടുന്നതിന് വേണ്ടി കാത്തിരിക്കുമ്പോൾ ആണ് മകൻ ചെയ്തു കൂട്ടിയതും ,തൻ്റെ പ്രതീക്ഷകൾ നഷ്ടപ്പെട്ടതും, ഡിസംബർ ഇരുപത്താറ് എന്ന ഈ ദിവസം  സ്ഥലം എഴുതി കൊടുക്കാതിരിക്കാൻ  മകൻ പണവുമായി വരുന്നത് കാത്തിരുന്നതും  പതം പറഞ്ഞു കരഞ്ഞത്. ഞങ്ങളുടെ റൂമിൽ നിന്ന് കരഞ്ഞു കൊണ്ട് ഇറങ്ങിപ്പോയ  ആ മനുഷ്യനേയും ഓർക്കാറുണ്ട്.

    മറുപടിഇല്ലാതാക്കൂ
  2. ithoru kadhayalla, nadanna karyamenennorkkumbol kadutha vedana thonnunnu. valare nannayi ezhuthi

    മറുപടിഇല്ലാതാക്കൂ
  3. മനസ്സിനെ തളർത്തുന്ന അനുഭവങ്ങൾ.. എഴുത്ത് ഹൃദ്യം..

    മറുപടിഇല്ലാതാക്കൂ
  4. വളരെ തന്മയത്വമായി അവതരിപ്പിച്ചിരിക്കുന്ന
    നൊമ്പരമുണർത്തുന്ന ഒരു യാഥർത്ഥ ജീവിത കഥ ...!

    ചില ജീവിതങ്ങൾ ഇങ്ങനെയാണ് വിനോദ് ഭായ് .
    സലീമിന്റെ മോളും ,ഭാര്യ റംലയും, ബാപ്പയും പെങ്ങമ്മാരുമൊക്കെ പിന്നീട് അനുഭവിച്ച യാതനകൾ ആരും അറിയാതെ പോകുന്ന ഇത്തരം നൊമ്പരമുണർത്തുന്ന ജീവിതങ്ങളായി ഒരു പക്ഷെ പരിണമിച്ചുട്ടുണ്ടാകാം ...!

    ഇവിടെ അഭയാർത്ഥികളായി
    എത്തിപ്പെടുന്നവരുടെ ജീവിത കഥകൾ ഇതിലും
    ദയനീയമാണ് ഭായ് ,ജന്മനാടും വീടും വീട്ടുകാരുമൊക്കെ നഷ്ടപ്പെട്ടവർ ...!

    മറുപടിഇല്ലാതാക്കൂ

രാജ ആവുന്നവർ

ഇതൊരു കുഞ്ഞു കുടുംബത്തിൻ്റ കഥയാണ് ക്ലീഷേ ഉണ്ട്. വിധി കാണിക്കുന്ന ക്ലീഷേയ്ക്ക്  കഥാകാരനായ എനിക്കിതിൽ യാതൊരു പങ്കുമില്ലെന്ന കാര്യം ഓർമ്മിപ്പിക...